അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണത്തെച്ചൊല്ലി സാമൂഹികമാധ്യമ ചർച്ചകൾ ചൂടേറുമ്പോൾ വിശന്ന വയറുമായി ഭക്ഷണപ്പൊതി കാത്തിരിക്കുന്നത് ആയിരങ്ങൾ. സേവാഭാരതിയും ഡി.വൈ.എഫ്.ഐ.യും സി.എച്ച്. സെന്ററുമാണ് മുടങ്ങാതെ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നത്. നിത്യേന മൂവായിരത്തിനടുത്ത് ആളുകൾക്ക് ഇവർ ഭക്ഷണം നൽകുന്നുണ്ട്.

To advertise here,

ഭക്ഷണവിതരണത്തിനെതിരേ ജി. സുധാകരൻ എം.എൽ.എ. നടത്തിയ പരാമർശത്തോടെയാണ് വിഷയം ചർച്ചയായത്. ഇടതുപക്ഷ സൈബറിടങ്ങൾ ഇത് സുധാകരനെതിരേ രാഷ്ട്രീയ ആയുധമാക്കി. പ്രസംഗം തത്പരകക്ഷികൾ വളച്ചൊടിച്ചതാണെന്ന് സുധാകരൻ തിരുത്തിയതോടെ വിവാദം തത്കാലം അടങ്ങിയെങ്കിലും സൈബറിടം വിഷയം വിട്ടിട്ടില്ല.

കിടത്തിച്ചികിത്സ തേടുന്ന രോഗികളും കൂട്ടിരിപ്പുകാരുമായി മൂവായിരത്തിനു മുകളിൽ ആളുകൾ പതിവായി ആശുപത്രിയിലുണ്ടാകും. നിത്യേന രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാളുകളാണ് ഒ.പി. പരിശോധനയ്ക്കെത്തുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനായി സമീപസ്ഥലങ്ങളിലെ നിർധനരായ ആളുകളും വിതരണസമയത്ത് ആശുപത്രിയിലെത്താറുണ്ട്.

സേവാഭാരതിയുടെ കഞ്ഞിവിതരണം 19-ാം വർഷത്തിലേക്ക്

2008-ൽ തുടങ്ങിയ സേവാഭാരതിയുടെ കഞ്ഞിവിതരണം 19-ാം വർഷത്തിലേക്കു കടക്കുകയാണ്. രാവിലെ 11-നും വൈകുന്നേരം ആറിനുമായി ദിവസം 1,000 പേർക്കാണ് കഞ്ഞിയും പയറും അച്ചാറും വിതരണം ചെയ്യുന്നത്. ആശുപത്രി പരിസരത്തുതന്നെയാണിത് പാകം ചെയ്യുന്നത്.

രോഗികളും കൂട്ടിരിപ്പുകാരും പാത്രവുമായി വരണം. പാത്രമില്ലാത്തവർക്ക് അവിടെവെച്ച് കഴിക്കാൻ പാത്രം നൽകും. കഴിക്കുന്നവർ പാത്രം വൃത്തിയാക്കി തിരികെ നൽകണം. തിരുവോണനാളിൽ സേവാഭാരതി, എത്തുന്ന മുഴുവൻപേർക്കും വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പും.

ഡി.വൈ.എഫ്.ഐ.യുടെ പൊതിച്ചോർ പത്താം വർഷത്തിലേക്ക്

ജില്ലയിലെ മേഖലാ കമ്മിറ്റികൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന പൊതിച്ചോറാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആശുപത്രിയിൽ വിതരണം ചെയ്യുന്നത്. നിത്യേന രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ ആളുകൾക്ക് ഇതു നൽകുന്നുണ്ട്. ഇലപ്പൊതികളിൽ കൊണ്ടുവരുന്ന ആഹാരം രോഗികളും കൂട്ടിരിപ്പുകാരും പാത്രങ്ങളിൽ വാങ്ങണം.

പുറത്തിരുന്ന് കഴിക്കുന്നവർ പൊതികൾ അതതിടങ്ങളിലെ ബക്കറ്റുകളിൽ നിക്ഷേപിക്കണം. ആഹാരമെത്തിക്കുന്ന മേഖലാ കമ്മിറ്റികൾ പൊതിയും മാലിന്യവും വാഹനത്തിൽ തിരികെക്കൊണ്ടുപോയി നശിപ്പിക്കും. പൊതിച്ചോർ വിതരണം ഒൻപതുകൊല്ലവും 40 ദിവസവും പിന്നിട്ടു.

ചപ്പാത്തിയും കറിയുമായി സി.എച്ച്. സെന്റർ

മുസ്‌ലിം ലീഗിനു കീഴിലുള്ള സി.എച്ച്. സെന്റർ 15 കൊല്ലമായി വൈകുന്നേരം 400 പേർക്ക് ചപ്പാത്തിയും കറിയും നൽകുന്നു. നോമ്പുകാലത്ത് നോമ്പുതുറ വിഭവങ്ങളും പെരുന്നാളിനെത്തുന്ന മുഴുവൻപേർക്കും ബിരിയാണിയും നൽകുന്നുണ്ട്.