
കലവൂർ: കാറിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ ഏഴാംക്ലാസ് വിദ്യാർഥി അനൂപിന്റെ ജീവൻ പൊലിഞ്ഞത് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ. അപകടശേഷം ഡ്രൈവർ അതേ കാറിൽത്തന്നെ അനൂപിനെ എടുത്തുകൊണ്ടുപോയെങ്കിലും നേരേ ആശുപത്രിയിലേക്കല്ല പോയതെന്നു ബന്ധുക്കൾ ആരോപിക്കുന്നു.
ഇടിച്ചകാർ ആൾപ്പെരുമാറ്റമില്ലാത്ത പുരയിടത്തിൽ ഒളിപ്പിച്ചശേഷം മറ്റൊരു കാർ വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. അപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കറങ്ങിനടന്ന് തക്കസമയത്തു ചികിത്സ ലഭ്യമാക്കാതെ പന്ത്രണ്ടുകാരന്റെ ജീവൻ നഷ്ടപ്പെടുത്തിയതിന്റെ അമർഷത്തിലാണു നാട്ടുകാരും ബന്ധുക്കളും.
രക്തക്കറയുമായി ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽക്കണ്ട് ദുരൂഹത തോന്നിയ നാട്ടുകാർ മണ്ണഞ്ചേരി പോലീസിൽ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. അപകടത്തിനിടയാക്കിയ കാറിന്റെ നമ്പർ പ്ലേറ്റ് നാട്ടുകാർക്ക് അപകടസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. ഇതു പോലീസിനു കൈമാറുകയും ചെയ്തു. ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടില്ലെന്നും കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്.എച്ച്.ഒ. ജെ. നിസാമുദ്ദീൻ പറഞ്ഞു. കുങ്ഫു ക്ലാസിനായി അനൂപ് സൈക്കിളിൽ പോകുമ്പോൾ കലവൂർ-വളവനാട് എ.എസ്. കനാൽ റോഡിൽ ഞായറാഴ്ച രണ്ടു മണിയോടെയായിരുന്നു അപകടം.
കാർ ഇടിച്ച് സ്കൂൾ വിദ്യാർഥിയുടെ മരണം: നഷ്ടപ്പെട്ടത് ഏക മകനെ
കലവൂർ: ദിവ്യമോളുടെ നിലവിളി മരണവീട്ടിൽ തിങ്ങിനിറഞ്ഞു നിന്നിരുന്നവരെ കരയിപ്പിച്ചു. അമ്മൂമ്മ ഭാസുരയുടെ പതംപറഞ്ഞുള്ള കരച്ചിലും ആർക്കും താങ്ങാനാവുന്നതായിരുന്നില്ല. കലവൂർ മുണ്ടുപറമ്പിൽ വീട്ടുമുറ്റത്ത് ഏകമകൻ അനൂപിന്റെ ജീവനറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ചു വിലപിച്ച ഷൈനെയും ദിവ്യമോളെയും പിടിച്ചുമാറ്റാൻ ബന്ധുക്കൾ നന്നേ വിഷമിച്ചു.
ഞായറാഴ്ച ആയതിനാൽ അമ്മവീട്ടിലായിരുന്നു അനൂപ്. അവിടെനിന്ന് സൈക്കിളിൽ കുങ്ഫൂ ക്ലാസിലേക്കു പോകുന്നവഴി കലവൂർ-വളവനാട് എ.എസ്. കനാൽ റോഡിൽ കാറിടിച്ചാണ് അനൂപ് മരിച്ചത്.
കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ അനൂപിനെ അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർഥികളും അധ്യാപകരും നേരത്തേതന്നെ എത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആദ്യം കലവൂർ ബ്ലോക്ക് ജങ്ഷനു കിഴക്കുള്ള അമ്മയുടെ വീട്ടിലാണ് എത്തിച്ചത്. പഠനത്തിലും മിടുക്കനായിരുന്നു അനൂപ്. കുങ്ഫൂവിൽ ഗ്രീൻ ബെൽറ്റ് നേടിയിരുന്നു.
Content Highlights: alappuzha kalavoor road accident 7th standard boy anoop death
Published: 10 Oct 2023, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented