നീലേശ്വരം: നിറമുള്ള സ്വപ്‌നങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ, നീലേശ്വരത്തേക്കുള്ള ആ വരവിനെ അലൻ സ്വയം ശപിക്കുന്നു. പൊള്ളലേറ്റു വീർത്ത ഇരുകൈപ്പത്തിയും അവന്റെ മനസ്സിനെ തളർത്തുന്നു. അമ്മവാത്സല്യത്തിന്റെ ചോറുരളയിലാണ് വിശപ്പടക്കുന്നത്. അഞ്ചുമാസം പിന്നിടുന്ന സങ്കടക്കാഴ്ച. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് കളിയാട്ടത്തിലെ വെടിക്കെട്ടപകടത്തിൽ 45 ശതമാനം പൊള്ളലേറ്റ ചോറ്റാനിക്കരയിലെ അലൻ നിനോയ്, നേടിയെടുക്കാൻ തീരുമാനിച്ചിരുന്ന ആഗ്രഹങ്ങൾ ഓരോന്ന് പറഞ്ഞ് വിതുമ്പുന്നു.

To advertise here,

മംഗളൂരുവിൽ എംഎസ്ഡബ്ല്യു അവസാനവർഷ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു പോകാനിരിക്കെ, സുഹൃത്തുക്കൾക്കൊപ്പം അതിലൊരാളുടെ നീലേശ്വരത്തെ വീട്ടിലെത്തിയതായിരുന്നു അലൻ. ഇവിടെയെത്തിയപ്പോൾ തെയ്യം കാണാനും ആഗ്രഹം. എല്ലാവരും കൂടി വീരർക്കാവിലെത്തി. കൊട്ടിക്കയറുന്ന മേളപ്പെരുക്കത്തിനിടെ വെടിപ്പുരയിലെ ഉഗ്രശബ്ദവും തീഗോളവും മാത്രമേ അലന് ഓർമ്മയുള്ളൂ. ആസ്പത്രിക്കിടക്കയിൽനിന്ന് ഉണർന്നപ്പോൾ, ഇരുകൈയും മുഖവും ശരീരത്തിന്റെ പുറംഭാഗവും കഴുത്തുമെല്ലാം പൊള്ളിയിരിക്കുന്നു.

മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ 35 ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അതിനിടെ പ്ലാസ്റ്റിക് സർജറിക്കും വിധേയനായി. ചികിത്സച്ചെലവ് സർക്കാർ വഹിച്ചിരുന്നു. ഒരുലക്ഷം രൂപ ക്ഷേത്രക്കമ്മിറ്റിയിൽനിന്നും ലഭിച്ചു. ജനുവരി 25-ന് ആസ്പത്രിയിൽനിന്ന്‌ ഡിസ്ചാർജ് ആയി എറണാകുളത്തെ വീട്ടിലെത്തി. കൈപ്പത്തികളിൽ മാംസം വളർന്ന് വികൃതമായിരിക്കുന്നു. രണ്ടു കൈപ്പത്തികൊണ്ടും ഒന്നും ചെയ്യാനാകില്ല. മടക്കാനോ ഒരു നുള്ള് ചോറ് വാരിക്കഴിക്കാനോ കഴിയാത്ത സ്ഥിതി.

പരീക്ഷാക്കാലത്തും അതിനു മുൻപും അയച്ച അപേക്ഷകളിന്മേൽ പലതിലും മറുപടി വരുന്നുണ്ട്. ജോലിവാഗ്ദാനങ്ങൾ അറിയിച്ചുകൊണ്ടുള്ള അറിയിപ്പാണ് മിക്കതിലും. അതു പൂർണമായും വായിക്കാൻ പോലുമാകുന്നില്ല ഈ 25-കാരന്. സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുകയാണ് അലന്റെ പിതാവ് നിനോയ് പി. മത്തായി. ‘അവനൊരു ജോലി കിട്ടിയിട്ടു വേണം എനിക്ക് വിശ്രമിക്കാൻ’- പിതാവും കണ്ണീർ വാർക്കുന്നു.

കൈകൾ നേരെയാകണമെങ്കിൽ ഇനിയും ശസ്ത്രക്രിയകൾ വേണം. കത്തിയമർന്ന സ്വപ്‌നങ്ങൾ തളിർക്കണം. അതിന് അവനും കുടുംബത്തിനുമൊപ്പം സ്നേഹത്തിന്റെ കൈകൾ പതിയണം. തുടർചികിത്സയുടെ കാര്യങ്ങൾ ക്ഷേത്രക്കമ്മിറ്റിയെ ധരിപ്പിച്ചതായും അവർ കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു. ആറുമാസത്തെ തുടർചികിത്സയ്ക്ക് സർക്കാർ സഹായം നൽകണമെന്ന് കളക്ടർ ശുപാർശ ചെയ്തിരുന്നെങ്കിലും രണ്ടുമാസത്തേക്ക് മാത്രമാണ് അനുവദിച്ചത്.