കൊച്ചി: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി കേരളത്തിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ അനുവദിച്ചിട്ടുള്ള എന്‍.ഒ.സികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ.കെ.എഫ്.പി.ടി) മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരിക്കുന്നത്.
പല പമ്പുകള്‍ക്കും അനുമതി ലഭിച്ചിരിക്കുന്നത് നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നാണ് എ.കെ.എഫ്.പി.ടി ആരോപിക്കുന്നത്. എന്‍.ഒ.സി. അനുവദിക്കുന്നതില്‍ എ.ഡി.എമ്മുമാരും വ്യാപക അഴിമതി നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. സത്യസന്ധനായ നവീന്‍ ബാബുവും ഈ കാരണത്താലായിരിക്കാം ആരോപണ വിധേയന്‍ ആയതെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പെട്രോള്‍ പമ്പുടമകള്‍ പറയുന്നുണ്ട്.
പെട്രോള്‍ പമ്പുകളുടെ അനുമതിക്കാവശ്യമായ പല നിബന്ധനകളും കാറ്റില്‍ പറത്തിയാണ് പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നത്. കേരളത്തില്‍ ലാഭകരമായി ഒരു പമ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ 170 കിലോലിറ്റര്‍ വില്‍പ്പന നടന്നിരിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, 50 കിലോ ലിറ്റര്‍ മാത്രം വില്‍പ്പനയുള്ള പമ്പുകള്‍ക്ക് അരികില്‍ പോലും മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതിയ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കാറുണ്ടെന്ന് കത്തില്‍ പറയുന്നു.
2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കേരളത്തില്‍ പുതുതായി 700-ല്‍ അധികം പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കിയിട്ടുണ്ട്. എന്‍.ഒ.സി. ലഭിച്ചിട്ടും നിര്‍മാണം തുടങ്ങാത്തതും എന്‍.ഒ.സിക്കായി കാത്തിരിക്കുന്നതുമായി 400 കേസുകള്‍ വേറെയുമുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ക്ക് പുതുതായി നല്‍കിയ എന്‍.ഒ.സികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണോയെന്ന കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകണമെന്നാണ് എ.കെ.എഫ്.പി.ടി. ആവശ്യപ്പെടുന്നത്.
Content Highlights: AKFPT has filed a complaint to Chief Minister alleging corruption in granting NOCs to petrol pumps
Published: 16 Oct 2024, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented