ഇരുചക്രവാഹന യാത്രക്കാരും ബസ്, ടാക്‌സി തുടങ്ങിയ വാടക വാഹനങ്ങളിലെ യാത്രക്കാരും ഇന്ധനം നിറയ്ക്കുമ്പോള് പുറത്തിറങ്ങി നില്ക്കണം.

ആലപ്പുഴ: പമ്പുകളിൽ ഇന്ധനമടിക്കുമ്പോൾ വണ്ടി ഓഫാക്കണോ? വേണമെന്നാണു നിയമം. എൻജിൻ ഓഫാക്കാതെ ഇന്ധനമടിക്കുന്നതു കുറ്റകരമാണെന്നു മിക്കവർക്കുമറിയില്ല. പമ്പിന്റെ പരിസരത്തു മൊബൈൽ ഫോണിൽ സംസാരിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. റേഡിയോ തരംഗങ്ങളും സ്റ്റാറ്റിക് വൈദ്യുതിയും തീപ്പിടിത്തത്തിനു കാരണമാകുമെന്നതിനാലാണിത്. നിയമം പാലിക്കാത്തവർക്ക് ഇന്ധനം നിഷേധിക്കാൻ പമ്പു ജീവനക്കാർക്ക് അധികാരവുമുണ്ട്.
ഇരുചക്രവാഹന യാത്രക്കാരും ബസ്, ടാക്‌സി തുടങ്ങിയ വാടക വാഹനങ്ങളിലെ യാത്രക്കാരും ഇന്ധനം നിറയ്ക്കുമ്പോൾ പുറത്തിറങ്ങി നിൽക്കണം. കാറിലുള്ളവർ ഇറങ്ങണമെന്നു നിർബന്ധമില്ല. എന്നാൽ, പുകവലിക്കരുതെന്നും ലൈറ്റർ, തീപ്പെട്ടി എന്നിവ ഉപയോഗിക്കരുതെന്നും മാത്രമാണ് ഭൂരിഭാഗം പേർക്കും അറിയാവുന്ന 'പമ്പു നിയമം'.
കഴിഞ്ഞദിവസം ആലപ്പുഴ കളർകോട് പക്കി ജങ്ഷനിലെ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഡ്രൈവർ കാർ മുന്നോട്ടെടുത്തതിനെത്തുടർന്ന് പമ്പു ജീവനക്കാരനു ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിന്റെ ടാങ്കിൽ നോസിൽ കുടുങ്ങുകയും തുടർന്നു വലിഞ്ഞ ഹോസ് കാലിൽ കുരുങ്ങി ജീവനക്കാരൻ തെറിച്ചുവീഴുകയുമായിരുന്നു. ഹോസ് ഡിസ്‌പെൻസറിൽനിന്നു വേർപെടുകയും ചെയ്തു.
ലംഘിച്ചാൽ തടവെന്നു നിയമം
പെട്രോളിയം ആക്ട് (1934), പെട്രോളിയം റൂൾസ് (2002) എന്നിവ അടിസ്ഥാനമാക്കിയാണ് പമ്പിലെ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കുക. പ്രാഥമിക നിയമലംഘനങ്ങൾക്ക് ഒരുമാസം വരെ തടവോ ആയിരംവരെ രൂപ പിഴയോ കിട്ടാം. തെറ്റാവർത്തിച്ചാൽ ശിക്ഷ മൂന്നുമാസം തടവും 5,000 വരെ രൂപ പിഴയായും കൂടും. അശ്രദ്ധമൂലം അപകടമോ തീപ്പിടിത്തമോ ഉണ്ടായാൽ ജാമ്യമില്ലാവകുപ്പു ചുമത്തി കേസെടുക്കും.
പരിശോധനയ്ക്കു സംവിധാനമില്ല
- പമ്പുകളിലെ നിയമലംഘനങ്ങൾ പരിശോധിക്കാനോ തടയാനോ കൃത്യമായ സംവിധാനമോ നിരീക്ഷണമോ ഇല്ലാത്തത് നിയമലംഘനങ്ങൾക്കു കാരണമാകുന്നുണ്ട്.
- അഗ്‌നിരക്ഷാസേനയും അളവുതൂക്ക വിഭാഗവും വല്ലപ്പോഴും നടത്തുന്ന പരിശോധനയ്ക്കപ്പുറം സ്ഥിരം സംവിധാനങ്ങളില്ല. നിയമലംഘനം തടയാൻ ജീവനക്കാർ ശ്രമിച്ചാൽ പലപ്പോഴുമത് തർക്കത്തിലും അക്രമത്തിലും കലാശിക്കുകയാണു പതിവ്.
തർക്കം വേണ്ടാ
സുരക്ഷാനിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്ന പമ്പു ജീവനക്കാരോടു തർക്കിക്കുകയോ അക്രമത്തിനു മുതിരുകയോ ചെയ്യുന്നതു ക്രിമിനൽ കുറ്റമാണ്. ജാമ്യമില്ലാവകുപ്പു ചുമത്തി ജയിലിലടയ്ക്കാം. പമ്പുകളിലെ ക്യാമറദൃശ്യങ്ങൾ പോലീസ് തെളിവായി സ്വീകരിക്കും. തൊഴിലുടമയ്‌ക്കോ ജീവനക്കാർക്കു വ്യക്തിപരമായോ പരാതിപ്പെടാം.
Content Highlights: Turning off the engine while refueling is legally mandatory under the Petroleum Rules., Using mobile phones near fuel stations is strictly prohibited due to fire hazards., First-time violators can face up to one month in prison and fines up to Rs 1,000., Repeated violations increase penalties to three months in prison and Rs 5,000 in fines., Arguing or getting violent with petrol pump staff is a non-bailable criminal offense.
Published: 11 Sept 2026, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented