
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. എ.കെ. ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നാണ് വിവരം. മന്ത്രിമാറ്റത്തിന് അനുകൂലമായി എന്‍.സി.പി. ദേശീയ നേതൃത്വം നിലപാടെടുത്തതോടെയാണ് ശശീന്ദ്രന് സ്ഥാനം ഒഴിയേണ്ടത് അനിവാര്യമായത്.
മന്ത്രിയെ മാറ്റണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് അകത്തും ശശീന്ദ്രന് പിന്തുണ ഇല്ലാതെവന്നിരുന്നു. ജില്ലാ കമ്മിറ്റികളും തോമസ് കെ. തോമസ് മന്ത്രിയാകണമെന്ന അഭിപ്രായത്തിലാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുടെ പിന്തുണയും തോമസ് കെ. തോമസിനാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. ഒരാഴ്ചയക്കകം തീരുമാനമുണ്ടായേക്കും. നിലവില്‍ ചെന്നൈയില്‍ ഉള്ള മുഖ്യമന്ത്രി തിരികെ വരുന്നതോടെ തീരുമാനം ഉണ്ടാകും.
എ.കെ. ശശീന്ദ്രന്‍, തോമസ്. കെ. തോമസ്, പി.സി. ചാക്കോ, ശരദ് പവാര്‍ എന്നിവര്‍ ചേര്‍ന്ന് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയിലും സമവായമായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെ വിഷയത്തിൽ അന്തിമതീരുമാനം ശരദ് പവാറിന്റേതാകും. അതേസമയം, മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രനെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
എൻ.സി.പി.യിലെ രണ്ട് എം.എൽ.എ.മാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോൺഗ്രസിൽനിന്ന് പി.സി. ചാക്കോയെത്തി എൻ.സി.പി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിൽ വഴക്കുമായി മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയിലാണ് മന്ത്രിമാറ്റത്തിന് പി.സി. ചാക്കോ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: AK Saseendran may vacate the ministry, Thomas K Thomas will be minister
Published: 20 Sept 2024, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented