പാലക്കാട്: മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ വേട്ടയാടുന്നതെന്ന് സി.പി.എം. നേതാവ് എ.കെ. ബാലൻ. വീണാ വിജയൻ ഐ.ജി.എസ്.ടി. കൊടുത്തതിന്റെ രേഖ പൊതുസമൂഹത്തിന് മുമ്പിൽ കാണിച്ചാൽ മാത്യു കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകുമോ എന്നും എ.കെ. ബാലൻ വെല്ലുവിളിച്ചു. 

To advertise here,

'വീണാ വിജയൻ ഐ.ജി.എസ്.ടി. കൊടുത്തില്ല എന്നായിരുന്നു മാത്യു കുഴൽ നാടൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഐ.ജി.എസ്.ടി. ഓരോ മാസവും കൊടുത്തതിന്റെ രേഖ പൊതുസമൂഹത്തിന്റെ മുമ്പിൽ കാണിച്ചാൽ മാത്യു കുഴൽനാടൻ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണോ?' എകെ ബാലൻ ചോദിച്ചു.

മതിയായ നികുതി നൽകിയിട്ടില്ലെന്നുപറഞ്ഞ് ഇൻകം ടാക്സ് നോട്ടീസ് നൽകിട്ടുണ്ടോ? ജി.എസ്.ടി. നോട്ടീസ് നൽകിയിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വായിൽ തോന്നിയത് വിളിച്ചുപറയുകയാണെന്നും എ.കെ. ബാലൻ പറഞ്ഞു.

എം.എല്‍.എ. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 42.48 ലക്ഷം രൂപ വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. 

'2017, 18, 19 കാലഘട്ടത്തില്‍ 42.48 ലക്ഷം രൂപ സി.എം.ആര്‍.എല്ലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന് നികുതി ഇനത്തില്‍ എക്‌സാലോജിക് 6.48 ലക്ഷം രൂപ അടച്ചിട്ടുണ്ട്. സി.എം.ആര്‍.എല്‍. ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ടെന്നുള്ളതിനും രേഖകളുണ്ട്.1.72 കോടി രൂപ കൈപ്പറ്റിയതിന്റെ ജി.എസ്.ടി. തുകയായ 31 ലക്ഷത്തോളം രൂപ അടച്ചിട്ടില്ല. പണം വാങ്ങിയത് സേവനത്തിനാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാദം. സേവനത്തിനാണെങ്കില്‍ അതിന്റെ ജി.എസ്.ടി. അടച്ച രേഖ പുറത്തുവിടണം. അല്ലെങ്കില്‍ കൈപ്പറ്റിയത് അധികാര സ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പൊളിറ്റിക്കല്‍ ഫണ്ടാണെന്ന് തുറന്നു പറയണം' എന്നായിരുന്നു മാത്യു കുഴൽനാടൻ ശനിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞത്.