കണ്ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ കൊണ്ടുവന്നത് ആഫ്രിക്കന്‍ ബാള്‍ പൈത്തന്‍ വിഭാഗത്തിലുള്ള പെരുമ്പാമ്പ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി എം.മുഹമ്മദ് ഇഷാമിനു വേണ്ടിയാണ് ഇവയെ കൊണ്ടുവന്നത്. ഏജന്‍സി വഴി ആഫ്രിക്കയില്‍നിന്ന് ഡല്‍ഹിയിലെത്തിച്ച നാല് പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലയുണ്ട്.

To advertise here,

വന്യജീവിനിയമത്തില്‍ പെടാത്തതിനാല്‍ വനംവകുപ്പ് കേസെടുത്തില്ല. യാത്രക്കാരുള്ള കോച്ചില്‍ കൊണ്ടുവന്നതിന് റെയില്‍വേ നിസ്സാര തുക പിഴയിട്ടു. റെയില്‍വേ ആക്ടിലെ 145 (ബി) വകുപ്പ് പ്രകാരം 500 രൂപയാണ് പിഴ. വസായി റോഡ് സ്റ്റേഷനില്‍നിന്ന് എ ടു കോച്ചില്‍ കണ്ണൂര്‍ വരെ എത്തിച്ച തീവണ്ടിയിലെ ബെഡ്റോള്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മയും എം.മുഹമ്മദ് ഇഷാമും പിഴയടച്ചതിനാല്‍ പാമ്പുകളെ മുഹമ്മദ് ഇഷാമിന് വിട്ടുനല്‍കി. വ്യാഴാഴ്ച രാജധാനി എക്‌സ്പ്രസിലെ (12432) എ.സി. കോച്ചില്‍ പ്ലാസ്റ്റിക് ബാഗിലാണ് നാല് പാമ്പുകളെ കൊണ്ടുവന്നത്. മുഹമ്മദ് ഇഷാം പറഞ്ഞത്: ആഫ്രിക്കന്‍ ബാള്‍പൈത്തന്‍ സീരീസിലുള്ള പെരുമ്പാമ്പാണിത്. വീട്ടില്‍ വളര്‍ത്തി വില്‍ക്കാറുണ്ട്. ഡല്‍ഹി ഏജന്‍സി വഴിയാണ് ബുക്ക് ചെയ്തത്. കൂറിയര്‍ വഴിയാണ് അയക്കാന്‍ പറഞ്ഞത്. എന്നാല്‍ രാജധാനി എക്‌സ്പ്രസിലെ കരാര്‍ജീവനക്കാരന് തുക നല്‍കി പാമ്പുകളെ അയച്ചത് അറിയില്ല. അതുമാത്രമാണ് പിഴവ് വന്നത്. എല്ലാ രേഖകളുമുണ്ട്.

പെറ്റ് ഇനം പെരുമ്പാമ്പുകള്‍

കോവിഡിനുശേഷം വളര്‍ത്തുന്നതിന് കേരളത്തില്‍ ഏറെയെത്തിയത് ആഫ്രിക്കന്‍ പൈത്തണ്‍ ആണെന്ന് പുണെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞു. 20 വര്‍ഷത്തിലേറെ ആയുസ്സുണ്ട്. എന്നാല്‍ ഇവയെ കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ പരിസ്ഥിതി സംവിധാനത്തിന് തിരിച്ചടിയാകും. ഇവയെ ആദ്യം കൗതുകത്തിന് വളര്‍ത്തുകയും പിന്നീട് പുറത്തുവിടുകയും ചെയ്താല്‍ ഇവ പെറ്റുവളര്‍ന്ന് മറ്റു ജീവികള്‍ക്ക് തിരിച്ചടിയാകും.