തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക ജെ.വി. ശ്യാമിലിയെ മര്‍ദിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ്. ജൂനിയര്‍ അഭിഭാഷകയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും ചെയ്യാത്ത കുറ്റം ഏല്‍ക്കില്ലെന്നും ബെയ്‌ലിന്‍ ദാസ് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ് എന്നുള്ളതുകൊണ്ട് തല്‍കാലം ഒന്നും പറയുന്നില്ലെന്നും അതേസമയം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരേയും വെറുതെവിടില്ലെന്നും ബെയ്‌ലിന്‍ പറഞ്ഞു. 

To advertise here,

ചെയ്യാത്ത കുറ്റം ഞാന്‍ എന്തിനാണ് ഏല്‍ക്കുന്നത്? ഒന്നും പറയാന്‍ എനിക്ക് അനുവാദമില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും പുറത്തുകൊണ്ടുവരും. ആരേയും വെറുതെവിടില്ല. തനിക്ക് ബാര്‍ അസോസിയേഷന്റെ സഹായം ലഭിക്കുന്നുണ്ട് എന്നതടക്കമുള്ള ശ്യാമിയുടെ എല്ലാം ആരോപണങ്ങളും തള്ളിക്കളയുന്നതായും ബെയ്‌ലിന്‍ പറഞ്ഞു. 

പാവപ്പെട്ടവരെ വേട്ടയാടുന്ന ഈ നാട്ടിലെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണമെന്നും മാധ്യമങ്ങള്‍ ഇത്തരം ചെറിയ കാര്യങ്ങളുടെ പിന്നാലെ നടക്കാതെ മറ്റ് വലിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ബെയ്‌ലിന്‍ പറഞ്ഞു. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ബെയ്‌ലിന് ജാമ്യം അനുവദിച്ചത്. രണ്ടുമാസം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്, പരാതിക്കാരിയായ അഭിഭാഷകയെ കാണരുത് തുടങ്ങിയ നിബന്ധനകള്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.