തിരുവനന്തപുരം: നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് എ.ഡി.ജി.പി. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി. വരെയുള്ളവര്‍ക്കാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തി ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനും തീരുമാനമുണ്ട്. 

To advertise here,

മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടൽ തുടങ്ങിയവയ്ക്കാണ് സാധാരണഗതിയില്‍ പോലീസിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി പോലുള്ള ആദരം നല്‍കാറുള്ളത്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച പോലീസുകാര്‍ക്കും സീസണ്‍ കഴിയുമ്പോള്‍ ഈ ആദരം നല്‍കാറുണ്ട്. ഈ ഗണത്തിലേക്കാണ് നവകേരള സദസ്സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരംവരെയുള്ള നവകേരള സദസിന്റെ യാത്ര സംഘര്‍ഷഭരിതമായിരുന്നു. പലയിടത്തും പോലീസിനെ മറികടന്ന് ഡി.വൈ.എഫ്.ഐയാണ് പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. നടപടിക്രമങ്ങള്‍ മറന്ന് ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും കരിങ്കൊടി കാണിക്കാനെത്തിയവരെ ക്രൂരമായി മര്‍ദിച്ച സംഭവവും ഏറെ വിവാദങ്ങൾക്കും നിയമനടപടികൾക്കും ഇടയാക്കിയിരുന്നു.