വിഴിഞ്ഞം തുറമുഖ ഓഹരി എം.എസ്.സി.ക്ക് കൈമാറാനുള്ള നീക്കത്തെത്തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സി.ഇ.ഒ. അശ്വനി ഗുപ്ത മാതൃഭൂമി പ്രതിനിധി രാകേഷ് കെ. നായരുമായി സംസാരിക്കുന്നു

കരാറിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നോ
= അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി (എ.വി.പി.പി.എൽ.) ബന്ധപ്പെട്ട ഈ ഇടപാട് സെബി നിയമത്തിന് അനുസൃതമായാണ് മുന്നോട്ടുപോകുന്നത്. നിലവിൽ എ.വി.പി.പി.എൽ. ഓഹരിഘടനയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിനുശേഷം കേരള സർക്കാരിനെ വിവരം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പിന്തുണയാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന് വഴിയൊരുക്കിയത്. സർക്കാരിന്റെ നിർദേശം പൂർണമായി പാലിച്ചായിരിക്കും ഭാവി പ്രവർത്തനം.
കരാർ വ്യവസ്ഥകൾ ലംഘിച്ചോ
= 49 ശതമാനം ഓഹരി എം.എസ്.സി.ക്ക് വിൽക്കാനുള്ള നിയമപരമായ കരാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൺസെഷൻ കരാർ അനുസരിച്ച് കേരള സർക്കാരിന്റെ അനുമതിക്കു ശേഷമേ ഓഹരി കൈമാറ്റം നടക്കൂ. നിയമപരമായ കരാർ ഇല്ലാതെ മുൻകൂട്ടി അനുമതിവാങ്ങാൻ കഴിയില്ല. ഇടപാടിനുശേഷവും ഭൂരിപക്ഷ ഓഹരി ഉടമയെന്ന നിലയിൽ അദാനി ഗ്രൂപ്പുതന്നെ ആയിരിക്കും തുറമുഖത്തെ നിയന്ത്രിക്കുക. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയമായ വിവാദങ്ങളിൽ അദാനി പോർട്‌സിന് ആശങ്കയില്ല.
കുത്തകവത്‌കരണത്തിന് വഴിവെക്കുമോ
= എല്ലാ ഷിപ്പിങ് ലൈനുകൾക്കും പ്രവർത്തന സ്വാതന്ത്ര്യമുള്ള ഓപ്പൺ ആക്സസ് തുറമുഖമായിരിക്കും വിഴിഞ്ഞം. ഓഹരിപങ്കളിത്തം ഉണ്ടെന്ന കാരണത്താൽ എം.എസ്.സി.ക്ക് പ്രത്യേക ബെർത്ത് ഉണ്ടാകില്ല. എം.എസ്.സി.യുടെ വരവ് കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കും. സമുദ്രവ്യാപാരരംഗത്തെ അടിസ്ഥാനസൗകര്യങ്ങളിലും അവർ നിക്ഷേപമിറക്കും. ആഗോള മാരിടൈം ലജിസ്റ്റിക്സ് ഹബ്ബായി കേരളത്തെ മാറ്റാൻ ഈ ബന്ധം സഹായിക്കും.
രാജ്യസുരക്ഷയെ ബാധിക്കില്ലേ
= എം.എസ്.സി.ക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലും ഓഹരിപങ്കാളിത്തമുണ്ട്. എല്ലാ നിയമങ്ങൾക്കും ബാധകമായി മാത്രമാണ് അവരുടെ പ്രവർത്തനം. തൊട്ടടുത്തുള്ള കൊളംബോ തുറമുഖത്തിന്റെ ബിസിനസ് ഇവിടേക്ക് ആകർഷിക്കാനും പങ്കാളിത്തത്തിലൂടെ കഴിയും.
പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ നിക്ഷേപം ഉണ്ടാകുമോ
= പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ നിക്ഷേപത്തിന് ഇപ്പോൾ സാധ്യതയില്ല. രണ്ടും മൂന്നും ഘട്ട നിർമാണത്തിന് 16,000 കോടിയാണ് നിക്ഷേപിക്കുക.
Content Highlights: Adani Ports CEO Ashwani Gupta clarifies the Vizhinjam Port stake sale to MSC.
Published: 05 Jul 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented