നെടുങ്ങാടപ്പള്ളി (കോട്ടയം): പിറന്ന് ഒൻപത് മാസമെത്തും മുൻപ് കൊഴിഞ്ഞിട്ടും അഞ്ചുപേർക്ക് ജീവിതത്തിന്റെ വഴിതുറന്ന ആലിന്റെ ഒന്നാം പിറന്നാളായിരുന്നു വ്യാഴാഴ്ച. വിധി തട്ടിയെടുത്തില്ലായിരുന്നെങ്കിൽ പാൽപ്പുഞ്ചിരിയുമായി അവൾ മല്ലപ്പള്ളി മങ്കുഴിപ്പടി വാലുമണ്ണിൽ വീട്ടിൽ നിറഞ്ഞുനിന്നേനെ.
അന്ത്യവിശ്രമം കൊള്ളുന്ന നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിലെ കുഞ്ഞു കല്ലറയ്ക്ക് മുകളിൽ ആലിന്റെ ചിത്രമുണ്ട്. അച്ഛൻ അരുൺ അബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും അവിടെയെത്തി എത്തി മകളെ മനസ്സ് നിറയെ കണ്ടു. ചുവന്ന പനിനീർപ്പൂക്കൾ അർപ്പിച്ച് ആത്മശാന്തിക്കായി പ്രാർഥിച്ചു.
ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ് എന്ന് രേഖപ്പെടുത്തിയ മാർബിൾ ഫലകത്തിൽ ആലിന്റെ പേരിലെ ഓരോ അക്ഷരങ്ങളിലും തുടങ്ങുന്ന മൊഴിമുത്തുകളും കൊത്തിവെച്ചിരിക്കുന്നു. അരുണിന്റെ സഹോദരൻ ജെറിൻ തോമസ് രചിച്ച ആ വരികൾ കുഞ്ഞു മാലാഖ എങ്ങനെയായിരുന്നെന്ന് കാട്ടിത്തരുന്നു. ‘ഈ രാവ് തീരാതെ തുടരുന്നുവോ’-എന്ന ടെയ്‌ലർ ബഗേറ്റിന്റെ ഗീതകം പശ്ചാത്തലസംഗീതം ആക്കിയാണ് പിറന്നാൾ ദിനത്തിലെ മകളുടെ കാഴ്ചകൾ മനസ്സിനെ തൊടുന്നതരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മാതാപിതാക്കൾ പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം ചിങ്ങവനം ബോർമ്മ കവലയ്ക്ക് സമീപം നടന്ന കാർ അപകടത്തിൽ പരിക്കേറ്റ ആലിൻ 13-നാണ് മരിച്ചത്. മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ വൃക്കകളും കരളും ഹൃദയ വാൽവുകളും നേത്രപടലങ്ങളും ദാനം ചെയ്തിരുന്നു.
Published: 18 Apr 2026, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented