പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ സി.പി.എം. സംസ്ഥാനസമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം. പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗം എ. പദ്മകുമാര്‍ നിലപാട് മയപ്പെടുത്തി. പറഞ്ഞത് തെറ്റായിപ്പോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അക്കാര്യം പറയേണ്ടിടത്ത് പറയണമായിരുന്നു. പാര്‍ട്ടി എന്തുനടപടി സ്വീകരിച്ചാലും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, താന്‍ ഉന്നയിച്ച വിമര്‍ശനം പറയേണ്ടതതുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

തന്നെ കാണാന്‍ വീട്ടിലെത്തിയ ബി.ജെ.പി. നേതാക്കളെ പദ്മകുമാര്‍ പരിഹസിച്ചു. 'വിളക്കുകത്തിച്ചു കിട്ടയപ്പോള്‍ കൂട്ടത്തില്‍ അത്താഴം കഴിക്കാമെന്ന് അവര്‍ വിചാരിച്ചുകാണും. അവരുടെ രണ്ടുപേരുടെ പേരൊന്ന് വന്നോട്ടെ എന്ന് കരുതിയിട്ടായിരിക്കും അങ്ങനെ ചെയ്തത്', എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കഴിഞ്ഞ 52 വര്‍ഷമായി ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് എനിക്ക് തോന്നിയ അഭിപ്രായം ഞാന്‍ പറഞ്ഞു. അത് പരസ്യമായി പറയാന്‍ പാടില്ലായിരുന്നു എന്നത് മറ്റാരേക്കാള്‍ കൂടുതല്‍ അറിയാവുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ ഇന്നലെ പറഞ്ഞത്, ഞാന്‍ അങ്ങനെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ല എന്ന്. ഞാന്‍ തന്നെ അത് പറഞ്ഞു. വേറാരും അല്ല അത് പറഞ്ഞത്. എന്നെ ബോധ്യപ്പെടുത്താന്‍ മറ്റാരും പറഞ്ഞതുമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ അവനവന്റെ പാര്‍ട്ടി ഘടകത്തില്‍ പറയാന്‍ അവകാശമുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി വികാരപരമായ നിലപാട് ഞാന്‍ സ്വീകരിച്ചു എന്നത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. അതിന്റെ പേരില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും ഉള്‍ക്കൊള്ളാനും ഞാന്‍ തയ്യാറാണ്', പദ്മകുമാര്‍ പറഞ്ഞു.

'എന്റെ കുടുംബത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലായതുകൊണ്ടല്ല ഞാന്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. ആശയപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തകനായത്. കഴിഞ്ഞ 52 വര്‍ഷം പ്രവര്‍ത്തനം നടത്തി. അതിനിടയ്ക്ക് സ്വാഭാവികമായും മനുഷ്യനാവുമ്പോള്‍ തെറ്റും ശരിയുമുണ്ടാവും. ഒരു കേഡറിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, അത് പറഞ്ഞുപരിഹരിക്കുകയും തിരുത്തുകയും ചെയ്ത് മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് സി.പി.എം. അത് മനസിലാക്കാത്ത ചിലരാണ്, ചെറിയ മഴയത്ത് കിളിര്‍ത്തുവരുന്ന ചിലരുണ്ടല്ലോ, അവര്‍ക്കൊരു പേരുവരാന്‍ വേണ്ടി പദ്മകുമാറിന്റെ പേര് ഉപയോഗിച്ചെന്നേയുള്ളൂ. അങ്ങനെയുള്ളവര്‍ വന്ന് എന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ല', ബി.ജെ.പി. നേതാക്കള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

'പരസ്യപ്രതികരണം വേണ്ടായിരുന്നുവെന്ന് അപ്പോള്‍ തന്നെ തോന്നിയതാണല്ലോ? അതുകൊണ്ടാണല്ലോ എഫ്.ബി. പോസ്റ്റ് പിന്‍വലിച്ചത്. മറ്റാരെയെങ്കിലും പോലെ കത്തുവര്‍ത്തമാനം പറയാന്‍ ഞാനില്ല. കുത്തുവര്‍ത്തമാനം പറഞ്ഞ് ഇതിനകത്ത് നില്‍ക്കാനുമില്ല. ഇങ്ങനെ ഒരു കാര്യം പരസ്യമായി പറഞ്ഞു, അതുകൊണ്ട് എനിക്കൊരു സ്ഥാനം തന്നേക്കൂ എന്ന ഒത്തുതീര്‍പ്പിനും ഞാനില്ല. ഞാന്‍ പറഞ്ഞത് തെറ്റായിപ്പോയി, പക്ഷേ പറയേണ്ടകാര്യമാണ്. പറയേണ്ടിടത്ത് പറയണമായിരുന്നു. അത് പറഞ്ഞില്ല. അത് തെറ്റായിപ്പോയി എന്നതുകൊണ്ട് എന്റെ പേരില്‍ എന്തുനടപടി സ്വീകരിച്ചാലും ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്. 52 വര്‍ഷത്തിനിടെ പാര്‍ട്ടിക്ക് തന്റെ പേരില്‍ എന്തെങ്കിലുമൊരുകാര്യം ചര്‍ച്ച ചെയ്യേണ്ടിവന്നത് രണ്ടേ രണ്ടുതവണയാണ്. രണ്ടുപ്രാവശ്യവും താക്കീത് എന്ന നടപടിയാണ് എനിക്കെതിരെ ഉണ്ടായത്. നിരാശബാധിച്ച വര്‍ത്തമാനം പറയാന്‍ ഞാനില്ല. എന്റെ പ്രശ്‌നത്തില്‍ അല്ല ഞാന്‍ വികാരപ്രകടനം നടത്തിയത്. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പാര്‍ട്ടി കേഡറെന്ന നിലയില്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു, അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു, അത്രയേയുള്ളൂ. അതില്‍ പാര്‍ട്ടി എന്ത് നിലപാടെടുത്താലും സ്വീകരിക്കും', പദ്മകുമാര്‍ ആവര്‍ത്തിച്ചു.