കണ്ണൂർ/ ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സ്വർണം, വെള്ളി ശേഖരം കിട്ടിയ സംഭവം പുരാവസ്തു വകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്ന സംശയം ശക്തമായതിനാൽ കൂടുതൽ പരിശോധന ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു മീറ്റർ മാത്രം കുഴിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ അടക്കമുള്ള നിധി ശേഖരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധന നടത്താനാണ് പുരാവസ്തുവിന്റെ തീരുമാനമെന്നാണ് വിവരം.

To advertise here,

ഇപ്പോൾ കിട്ടിയിരിക്കുന്ന നിധിശേഖരത്തിന് എത്രകാലത്തെ പഴക്കമുണ്ട് എന്ന കാര്യം നിർണയിക്കുന്നതിനായുള്ള പരിശോധനയും ഉണ്ടാകും.

തൊഴിലുറപ്പിലുള്ള രണ്ടുപേർ പണിയെടുക്കുന്നുണ്ടായിരുന്നു. കുഴി എടുത്തോണ്ടിരിക്കുമ്പോൾ ഒരു ഡബ്ബക്കകത്ത് ഒരു സാധനം കണ്ടു. എന്താണെന്ന് അറിയില്ല. ബോംബ് കിട്ടി, നിധികിട്ടി, കൂടോത്രം കിട്ടി എന്ന് അവർ വിളിച്ചു പറഞ്ഞു. ആരും അധികം ശ്രദ്ധിച്ചില്ല. അത് കഴിഞ്ഞ് അതെടുത്ത് അങ്ങോട്ടേക്ക് ചാടി. കുറേ സമയം ആരും അതിനെ ശ്രദ്ധിച്ചതേയില്ല. നാല് മണിയാകുമ്പോൾ കൂടെ ഉണ്ടായിരുന്ന ആളുടെ കുട നോക്കി പോയതാ. അപ്പോഴാണ് എന്തോ മിന്നുന്നുണ്ടെന്ന് ശ്രദ്ധയിൽപെടുന്നത്. എല്ലാവരും ഇവിടെത്തന്നെ ഉണ്ട്. ഡബ്ബ എടുത്ത് പൊളിച്ചു നോക്കിയപ്പോൾ അകത്ത് സ്വർണം ഒക്കെ ഉണ്ട്. അപ്പോ ഞങ്ങളെ എല്ലാവരേയും വിളിച്ചു. എല്ലാവരും ഓടി വന്നു. പാത്രത്തിൽ നിന്ന് കുടഞ്ഞിട്ടു. തൊടല്ലേ... എന്ന് പറഞ്ഞ് പേടിച്ച് നിന്നു. കുറച്ചു പേർ പെറുക്കി കൈയിൽ പിടിച്ചു. സ്വർണമാണോ എന്ന് ഉറപ്പിക്കാൻ ഉരച്ചു നോക്കി. സ്വർണത്തിന്റെ കളർ കാണുന്നുണ്ട്. അപ്പോൾ തന്നെ പഞ്ചായത്തിൽ വിളിച്ചു പറഞ്ഞു. അവര് പറഞ്ഞു, നിങ്ങള് അത് അവിടെ വെച്ചോ, ഞങ്ങൾ നാളെ വരാം എന്ന് പറഞ്ഞു. സന്ധ്യ ആയപ്പോൾ ഞങ്ങൾ എല്ലാവരും പോയി. കൂടെ ഉണ്ടായിരുന്ന ആളുടെ കൈയിൽ ഏൽപ്പിച്ചു. പഞ്ചായത്തിൽ നിന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞ് പോലീസ് എത്തി സാധനം വാങ്ങിച്ചു പോയി. പിന്നെ അത് ശ്രദ്ധിച്ചില്ല. ഇന്ന് പറഞ്ഞു കുഴി പരിശോധിക്കാൻ ആള് വരുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് ഇങ്ങനെ ആണെന്ന് അറിയുന്നത്. പിന്നെ കുഴിയുടെ പരിസരത്ത് നോക്കിയപ്പോൾ മൂന്നാലഞ്ച് വെള്ളിയൊക്കെ കിട്ടി. അത് പോലീസിന്റെ കൈയിൽ കൊടുത്തു-   തൊഴിലുറപ്പ് ജോലിക്കാരികളിലൊരാൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പരിപ്പായി ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽനിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരുസെറ്റ് കമ്മൽ, നിരവധി വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു വസ്തു എന്നിവയാണ് ലഭിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർത്തോട്ടത്തിൽ മഴക്കുഴിക്കായി ഒരുമീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ലഭിച്ചത്. ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടർന്ന് തൊഴിലാളികൾ പോലീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സ്വർണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു.

ഇവ വെള്ളിയാഴ്ച തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തുവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. കണ്ടെടുത്ത സ്വർണാഭരണങ്ങൾക്കും വെള്ളിനാണയങ്ങൾക്കും ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.