സ്വീഡന്: സോണാറില്‍ ലഭിച്ചത് പഴയ മീന്‍പിടിത്ത ബോട്ടിനോട് സാദൃശ്യമുള്ള വസ്തുവിന്റെ രൂപം. പോളിഷ് ഡൈവിങ് സംഘമായ ബാള്ട്ടിടെക്കിലെ ഡൈവര്‍മാര്‍ അദ്യമൊന്ന് സംശയിച്ചെങ്കിലും രണ്ടുപേര്‍ ഒടുവില്‍ കടലാഴത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. ബാള്‍ടിക്ക് സമുദ്രത്തില്‍ സ്വീഡനും ഫിന്ലന്ഡിനുമിടയിലെ അലാന്‍ഡ് ദ്വീപില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ മാറി കടലിനടയിലെ തിരച്ചിലിന് പോയ രണ്ടുപേരും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നതിനേക്കാള്‍, അതിശയിപ്പിക്കുന്നതെന്തോ അവര്‍ കണ്ടെത്തിയിരിക്കാമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു സംഘാംഗങ്ങളെ നയിച്ചത്.
അത് യാഥാര്‍ഥ്യമായിരുന്നു. കടലിനടിയില്‍ കണ്ടെത്തിയ 19-ാം നൂറ്റാണ്ടിലെ കപ്പലിലുണ്ടായിരുന്നത് നിറയെ ഷാംപെയ്ന്‍ കുപ്പികള്‍. വീഞ്ഞും മിനറല്‍ വാട്ടറും ചീനപ്പാത്രങ്ങളും കണ്ട് ഡൈവര്‍മാര്‍ക്ക് വിസ്മയം. ഷാംപെയിനിന്റെ നൂറോളം കുപ്പികളാണ് സംഘം കണ്ടെത്തിയത്. കളിമണ്‍ കുപ്പികളിൽനിറച്ച കുടിവെള്ളവും അതിലുണ്ടായിരുന്നു. കളിമണ്‍ കുപ്പികളുടെ കാലപ്പഴക്കം നിര്‍ണയിച്ചാണ് കപ്പല്‍ 1850-നും 1867-നും ഇടയില്നിര്മിച്ചതാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
സെല്റ്റേഴ്സ് എന്ന ജര്‍മന്‍ കമ്പനിയാണ് കുപ്പിവെള്ളം നിര്‍മിച്ചിരിക്കുന്നത്. അന്നത്തെ കാലത്ത് ഔഷധമെന്നോളം പരിഗണിച്ചിരുന്ന മിനറല്‍ വാട്ടര്‍ കൊട്ടാര തീന്മേശകളില് മാത്രമേ ലഭ്യമായിരുന്നുള്ളു. റഷ്യയിലെ സാര്‍ നിക്കോളാസ് ഒന്നാമന് വേണ്ടി സെന്റ് പീറ്റേഴ്സ്ബെര്ഗിലേക്കോ സ്റ്റോക്ഹോമിലേക്കോ കൊണ്ടുപോകുംവഴിയാവാം കപ്പല്‍ മുങ്ങിപ്പോയതെന്ന് ഡൈവിങ് സംഘത്തിലുള്ള തോമസ് സ്റ്റച്യൂറ ബി.ബി.സിയോട് പറഞ്ഞു.
Content Highlights: 100 bottles of champagne found in 19th century Baltic shipwreck
Published: 26 Jul 2024, 11:32 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented