കോഴഞ്ചേരി: സ്വന്തംവീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ അളവ് നോക്കുന്നതിനിടെ 92-കാരി കിണറ്റിൽവീണു. നാട്ടുകാരും ആറന്മുള പോലീസും ചേർന്ന് രക്ഷിച്ചു. ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് സംഭവം. കോഴഞ്ചേരി തെക്കേമല ട്രയംഫന്റ് ജങ്ഷനു സമീപമുള്ള നടുവിലേതിൽ ഗൗരി (92) ആണ് അബദ്ധത്തിൽ വീണത്. കാര്യമായ പരിക്കില്ല. ചൂടുമൂലം ജലക്ഷാമമുള്ള പ്രദേശത്ത് കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു.
സ്വന്തം കിണറ്റിലെ വെള്ളത്തിന്റെ നില നോക്കാൻ കസേരയിട്ട് അതിൽ കയറി നോക്കുമ്പോഴാണ് കാൽതെറ്റി മുപ്പതടിയോളം താഴ്ചയിലേക്കുവീണത്. മകൻ ഓമനക്കുട്ടനും ഭാര്യ മിനിയും ജോലിക്ക് പോയതിനാൽ വീട്ടിൽ ആസമയം മറ്റാരും ഉണ്ടായിരുന്നില്ല.
സംഭവംകണ്ട അയൽവാസി ശിവൻകുട്ടി പഞ്ചായത്തംഗം സോണി കൊച്ചുതുണ്ടിയിലിനെ വിവരമറിയിച്ചു. സോണി വിവരം അറിയിച്ചതിനെ തുടർന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാർ കിണറ്റിലിറങ്ങി ഗൗരിയെ കസേരയിലിരുത്തി. വടം കസേരയിൽകെട്ടി സുരക്ഷിതമായി കരയിലെത്തിച്ചു. കിണറ്റിൽ മൂന്നടിയോളം വെള്ളം ഉണ്ടായിരുന്നു.
നാട്ടുകാർ ചെല്ലുമ്പോൾ ഗൗരി എഴുന്നേറ്റുനിൽക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാല് നിലത്തുകുത്താൻ ബുദ്ധിമുട്ടുണ്ട്.
Content Highlights: 92 year old fell into well rescued
Published: 12 Feb 2025, 09:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented