തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്‌റ്റേഷനടിയിലുള്ള തുരങ്കഭാഗം ശുചീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി. ജലവിഭവ വകുപ്പാണ് 63 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചത്. ഇതിനുള്ള ചെലവ് റെയിൽവെയാണോ സർക്കാരാണോ ചെലവഴിക്കേണ്ടതെന്ന് ചർച്ച ചെയ്തു തീരുമാനിക്കും. ഈ ഭാഗം ശുചീകരിക്കാനിറങ്ങിയപ്പോഴാണ് ജോയി എന്ന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചത്. രണ്ടുവർഷം മുൻപ്‌ ജലസേചന വകുപ്പ് ഈ ഭാഗം ശുചീകരിക്കാൻ 52 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നതാണ്.

To advertise here,

മാലിന്യം പൂർണമായും നീക്കുന്നതിന് മൂന്ന് മാസത്തോളം വേണ്ടിവരും. 1200 ഘനമീറ്റർ മാലിന്യം ഈ ഭാഗത്ത് അടിഞ്ഞു കിടക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. മൊത്തം 140 മീറ്ററാണ് റെയിൽവേയുടെ സ്ഥലത്തുകൂടി ആമയിഴഞ്ചാൻ തോട് ഒഴുകുന്നത്. ഇതിൽ 117 മീറ്ററാണ് തുരങ്കഭാഗം. ചെറിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തുരങ്കഭാഗത്തിന്റെ ഇരുഭാഗത്ത് നിന്നും മാലിന്യം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ക്രെയിൻ ഉപയോഗിച്ച് തോട്ടിലേക്ക് യന്ത്രങ്ങൾ ഇറക്കേണ്ടിവരും. ഓപ്പറേഷൻ അനന്തസമയത്ത് ശുചീകരിച്ച അതേ രീതിയാണ് പിന്തുടരുന്നത്.

സർക്കാർ പണം അനുവദിച്ചാൽ അടിയന്തരമായി ശുചീകരണം തുടങ്ങും. ഇതു കൂടാതെ തോടിന്റെ തുടക്കഭാഗത്ത് രണ്ട് കിലോമീറ്റർ ദൂരം തോട്ടിലേക്ക്‌ മാലിന്യം വലിച്ചെറിയുന്നത്‌ തടയാൻ പുതിയതായി ഫെൻസിങ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് ചെലവ് വരുന്നത്.രാജാജി നഗർ അടക്കമുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളാനായി ഫെൻസിങ്ങുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഫെൻസിങ് ഇല്ലാത്ത തകരപ്പറമ്പ് അടക്കമുള്ള ഭാഗങ്ങളിലും പുതിയ ഫെൻസിങ് സ്ഥാപിക്കും.

തുരങ്കഭാഗത്തേക്ക് മാലിന്യം ഒഴുകിയെത്തുന്നത് തടയും

റെയിൽവേ ഭൂമിയിലേക്ക് തോട് കടക്കുന്ന ഭാഗത്ത് തോട്ടിൽ സ്ഥാപിച്ചിട്ടുള്ള നെറ്റ് പൂർണമായും താഴ്ത്തി വയ്ക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്ത് നിന്നുള്ള മാലിന്യം അകത്തേക്ക് കടക്കുന്നത് പൂർണമായും തടയാനാണിത്. തുരങ്കഭാഗത്ത് മാലിന്യം എത്തുന്നത് സംബന്ധിച്ച് കോർപ്പറേഷനും റെയിൽവേയും തമ്മിൽ നേരത്തെ കൊമ്പ് കോർത്തിരുന്നു. നെറ്റ് തോടിന്റെ അടിത്തട്ടു വരെ താഴ്ത്തി വയ്ക്കുന്നതും ജലസേചന വകുപ്പിന്റെ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ തമ്പാനൂരിൽ നെറ്റ് വയ്ക്കുന്ന ഭാഗത്ത് വൻതോതിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വന്നടിഞ്ഞ് കിടക്കും. ഇത് തോട്ടിന്റെ ഒഴുക്കിനെ ബാധിക്കും. ചെറിയ ഒരു മഴ വന്നാൽ പോലും തമ്പാനൂരിൽ വെള്ളക്കെട്ടാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തമ്പാനൂർ ബസ്‌ സ്റ്റാൻഡിന്‌ പുറകിലുള്ള ആളൊഴിഞ്ഞ ഭാഗത്താണ് മാലിന്യം കൂടുതലായി ഉപേക്ഷിക്കുന്നത്. വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്കും അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ട്. തോട്ടിലേക്ക് മാലിന്യം തള്ളുന്നത് കർശനമായി തടയുന്നതിനൊപ്പം തമ്പാനൂർ ഭാഗത്ത് തോടിന്റെ ശുചീകരണത്തിന് സ്ഥിരം തൊഴിലാളികളെ നിയോഗിക്കേണ്ടി വരുമെന്നും ജലവിഭവ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അടിയുന്ന മാലിന്യം ദിവസവും വാരിമാറ്റേണ്ടി വരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മാലിന്യംതള്ളൽ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് കണ്ടെത്താനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി.മുഖം തിരിച്ചറിയാവുന്ന തരത്തിലുള്ള എ.ഐ. ക്യാമറകളടക്കം 35 ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. തോട് ശുചീകരിക്കാനിറങ്ങിയ തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിച്ചത്.

10 എ.ഐ.ക്യാമറകളും 25 സാധാരണ ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. ക്യാമറകൾ കോർപ്പറേഷനിലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററുമായും പോലീസിന്റെ കൺട്രോൾ സെന്ററുമായും ബന്ധിപ്പിച്ച് 24 മണിക്കൂറും നിരീക്ഷിക്കും. പത്ത് എ.ഐ. ക്യാമറകൾക്കായി ഏഴ് ലക്ഷം രൂപയും സാധാരണ ക്യാമറകൾക്കായി 3.75 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്.

ബേക്കറി, രാജാജി നഗർ, പഴവങ്ങാടി, തകരപ്പറമ്പ്, ഉപ്പിടാംമൂട്, വഞ്ചിയൂർ, പാറ്റൂർ വരെയുള്ള ഭാഗത്ത് തോട് തുറന്നു കിടക്കുന്ന ഭാഗത്താണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പഴവങ്ങാടി ഭാഗത്ത് എട്ട് ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.ബുധനാഴ്ച രാത്രികാല സ്‌പെഷ്യൽ സ്‌ക്വാഡ് മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് 17,060 രൂപ പിഴ ചുമത്തി. നാല് പേർക്ക് നോട്ടീസ് നൽകി. ഒരു വാഹനം പിടികൂടി. 17 സ്ഥാപനങ്ങൾ പരിശോധിച്ചു.