മൂന്നാര്‍: മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 22 ആയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡീന്‍ കുര്യാക്കോസ് എം.പിയാണ് ഇക്കാര്യം മാതൃഭൂമി ന്യൂസിനോട്‌ പങ്കുവെച്ചത്. 

To advertise here,

നേരത്തെ രാവിലെ, പ്രദേശത്തുനിന്ന് ഒരു മൃതദേഹത്തിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. നേരത്തെ പരിശോധന നടന്ന സ്ഥലത്തുനിന്ന് ഇടത് വശംമാറിയുള്ള പരിശോധനയാണ് എന്‍ഡിആര്‍എഫ് നടത്തുന്നത്. തെളിഞ്ഞ കാലാവസ്ഥയുള്ളത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. 

അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

Content Highlights: 5 more bodies found in  Rajamala Pettimudi Landslide