
പെട്രോളിയം ആന്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷനില്‍ (പെസോ) എക്സ്പ്ലോസീവ്സ് ജോയിന്റ് ചീഫ് കണ്‍ട്രോളറായിരുന്ന ഡോ. ആര്‍ വേണുഗോപാല്‍ വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണത്തെക്കുറിച്ച് സംസാരിക്കുന്നു. അടുപ്പിച്ചുണ്ടാവുന്ന ദുരന്തങ്ങളില്‍ നിന്നും നമ്മളൊന്നും പഠിക്കുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2018-ലുണ്ടായ വെള്ളപ്പൊക്കം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്. ജനസംഖ്യയുടെ ഏതാണ്ട് ആറിലൊന്നിനെയും ബാധിച്ചു, 483 പേര്‍ മരിച്ചെന്നാണ് കണക്ക്. തുടര്‍ന്ന് 2019, 20, 21 വര്‍ഷങ്ങളിലും കടുത്ത കാലവര്‍ഷക്കെടുതികള്‍ സംസ്ഥാനം അനുഭവിച്ചു. പക്ഷേ, ഇവയില്‍ നിന്നും പാഠങ്ങളുള്‍ക്കൊള്ളാനും ഭാവിയില്‍ ദുരന്തങ്ങളില്ലാതാക്കാനോ, ഉണ്ടായാല്‍ തന്നെ വ്യാപ്തി കുറയ്ക്കാനോ ഉള്ള കാര്യമായ പ്രയത്നമുണ്ടായില്ല. എന്തുകൊണ്ടാണ് നാം പഠിക്കാനും യുക്തമായ പരിഹാരങ്ങള്‍ കണ്ടെത്താനും തയ്യാറാവാത്തത്?

ഭോപ്പാല്‍ ദുരന്തത്തിനുശേഷം രാജ്യത്തെ ദുരന്തനിവാരണ മാനേജ്മെന്റിന് പുതിയ ഉണര്‍വ് വന്നു. കേരളത്തില്‍ ആദ്യമായി ടേബിള്‍ടോപ്പ് എക്സര്‍സൈസും (അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടവര്‍ മേശയ്ക്കു ചുറ്റുമിരുന്നു ദുരന്തസാധ്യതകളും നേരിടുന്ന രീതികളും ചര്‍ച്ച ചെയ്യുന്ന രീതി) മോക്ക് ഡ്രില്ലുകളും നടത്താന്‍ നേതൃത്വം കൊടുക്കുകയും നിരവധി പരിശീലന ക്ലാസുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണത്തിന് തുടര്‍ച്ചയായ പഠനങ്ങളും പരിശീലനവും ആവശ്യമാണ്. അതൊന്നും നമ്മള്‍ ചെയ്തിട്ടില്ല. ഗുജറാത്തില്‍ ദുരന്തനിവാരണ പഠനത്തിനു മാത്രമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്.
2022-ലെ രാജമല ദുരന്തം
രാജമലയില്‍ 2022-ല്‍ നടന്ന ഉരുള്‍പൊട്ടലിന് ഇപ്പോള്‍ വയനാട്ടില്‍ നടക്കുന്ന ദുരന്തവുമായി സാമ്യമുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവില്‍ നാമെന്താണ് പഠിച്ചത്, എന്താണ് ഉള്‍ക്കൊണ്ടത്? സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുകയും കേന്ദ്രത്തിന്റെ മുന്നറിയിപ്പു കിട്ടിയ ഉടനെ നടപടിയെടുക്കുകയും ചെയ്യണമായിരുന്നു. അപകടസാധ്യതയെക്കുറിച്ച് വിവരം കിട്ടിയിട്ടു കൂടി നമ്മള്‍ ആള്‍ക്കാരെ മാറ്റാതെ വളരെ അലസമായിരുന്നു. ഇതേസമയം ഗുജറാത്തിലും ഒഡീഷയിലും അപകടമുണ്ടായെങ്കിലും അപ്പോള്‍ തന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ എന്നിവിടങ്ങളിലെ ആള്‍ക്കാരെ മാറ്റാനാവുമായിരുന്നുവെന്നത് നൂറു ശതമാനം ഉറപ്പാണ്. എന്തുകൊണ്ട് അതു ചെയ്തില്ല എന്നതാണ് ചോദ്യം.
നമ്മള്‍ പ്രശ്നമുണ്ടായ ശേഷമാണ് ഇടപെടുന്നത്, പ്രശ്നമുണ്ടാവാതിരിക്കാന്‍ മുന്‍കൈയെടുക്കുന്നില്ല. മൂന്നു മാസം കഴിയുമ്പോള്‍ വയനാട് ദുരന്തവും നമ്മള്‍ മറക്കും. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ വേറൊരിടത്തു ഉരുള്‍പൊട്ടുമ്പോഴായിരിക്കും നമ്മള്‍ വീണ്ടും ഇതേക്കുറിച്ചു സംസാരിക്കുക. ദുരന്തത്തിനുശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയല്ല കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി ചെയ്യേണ്ടത്. അതിനുമുമ്പു തന്നെ വിശദമായ പഠനങ്ങള്‍ നടത്തി, റിപ്പോര്‍ട്ടുകളെ അപഗ്രഥിച്ച് ക്രിയാത്മകമായി നടപടികളെടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഇനിയും ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടാവും.

ആറുമാസത്തിനകം പഠനറിപ്പോര്‍ട്ടും പിന്നാലെ നടപടിയും വേണം
ഇത്തരം പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനം തടയാന്‍ വേണ്ടത്, കിട്ടാവുന്നതില്‍ മികച്ച വിദഗ്ധരെ- ജീവിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടമായി കേരളത്തെ മാറ്റാന്‍ പറ്റിയ നിര്‍ദേശങ്ങള്‍ തരാന്‍ പറ്റിയവരെ- അടിയന്തിരമായി കണ്ടെത്തി സമിതി രൂപീകരിക്കണം. അതില്‍ കെമിക്കല്‍, മൈനിംഗ് എഞ്ചിനീയര്‍മാര്‍, ദുരന്തനിവാരണ വിദഗ്ധര്‍, ജിയോഫിസിസിസ്റ്റുകള്‍ തുടങ്ങിയവര്‍ വേണം. പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അവര്‍ പഠിക്കണം, ബന്ധപ്പെട്ടവരുമായ സംസാരിക്കണം. ഡല്‍ഹിയിലെ ഐ.ഐ.ടി അടക്കമുള്ളവ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പഠിക്കുകയും നിഗമനങ്ങള്‍ മനസ്സിലാക്കുകയും വേണം. ആറുമാസത്തിനകം സമിതി പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അവയിലെ കണ്ടെത്തലുകള്‍ അടുത്ത ഓഗസ്റ്റിന് മുമ്പ് നടപ്പാക്കുക. ഇതാണ് ചെയ്യേണ്ടത്. അതിനായി അവര്‍ക്കു വേണ്ടുന്ന എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. റിപ്പോര്‍ട്ടു കിട്ടിയാല്‍ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണം. അല്ലെങ്കില്‍ അടുത്ത ഓഗസ്റ്റിലും ഇന്നത്തെ സാഹചര്യം ഉണ്ടായിക്കൂടെന്നില്ല.
ദുരന്തമുണ്ടാവുമ്പോള്‍ ചെയ്യേണ്ടത്
1. അപകടമുണ്ടായി ആറു ദിവസത്തേക്ക് ജില്ലാകലക്ടര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കണം. വകുപ്പുമന്ത്രി സ്ഥലത്തെത്തി കലക്ടറെ അന്വേഷിക്കുമ്പോള്‍ പോകാതിരിക്കാനാവില്ലല്ലോ. വിഐപികള്‍ സ്ഥലത്ത് പോവുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. സന്ദര്‍ശിച്ച് പത്രത്തില്‍ പടം വരുത്തുകയല്ല, കണ്‍ട്രോള്‍ റൂമിലിരുന്ന് എത്ര കൃത്യമായി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു എന്നതിലാണ് കാര്യം.
2. ഫങ്ഷണല്‍ എക്സര്‍സൈസ്
ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വ്യത്യസ്ത പദവികളിലുള്ളവര്‍ക്ക്-കളക്ടറും തഹസീല്‍ദാരും വില്ലേജ് ഓഫീസറും സര്‍വേയറും അടങ്ങുന്ന ഉദ്യോഗസ്ഥര്‍-തങ്ങളുടെ ജോലി എന്താണെന്ന് അറിയില്ല. അവരുടെ ജോലിക്രമങ്ങളെക്കുറിച്ചും ലഭ്യമായ വിഭവങ്ങളെക്കുറിച്ചും-ആംബുലന്‍സും ഫയര്‍ സര്‍വീസും റെസ്‌ക്യൂ സംഘങ്ങളും ഫസ്റ്റ് എയ്ഡും കട്ടിംഗ് ടൂള്‍സും ഹെവി ഡ്യൂട്ടി മെഷീനറിയും മണ്ണുമാന്തിയടക്കമുള്ള വാഹനങ്ങളും കുടിവെള്ളവുമൊക്കെ-ധാരണയുണ്ടാവണമെങ്കില്‍ മികച്ച ഡിസാസ്റ്റര്‍ മാനേജ്മെന്റ് പദ്ധതിയുണ്ടാവണം. അതിന്റെ അഭാവമാണ് നാം ഇപ്പോള്‍ കാണുന്നത്.
3. എറണാകുളത്ത് ഒരു അടിയന്തിര റെസ്പോണ്‍സ് സെന്റര്‍ (ഇ.ആര്‍.സി) വേണമെന്ന് 1986-ല്‍ ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവിടെ ഇപ്പോള്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സിന്റെ ജോയിന്റ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് ഒരു എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ ഉണ്ട്, പേര് കെമിക്കല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ (കെംട്രെക്). പക്ഷേ, പ്രവര്‍ത്തനക്ഷമമല്ല. അടിയന്തിരമായി സ്ഥാപനം പ്രവര്‍ത്തനയോഗ്യമാക്കണം. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച്-കാലാവസ്ഥയും ഭൂഘടനാപ്രത്യേകതകളും-എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇ.ആര്‍.സി വേണ്ടതാണ്. പ്രകൃതിദുരന്തത്തിനു പുറമേ രാസ, റോഡു ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാനും അതുണ്ടാവണം.

മുല്ലപ്പെരിയാര്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് വരാനിരിക്കുന്ന മഹാദുരന്തമാണ് എന്നു പറയാം. അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ തമിഴ്നാട് സ്ഥിരമായി ആവശ്യപ്പെടുമ്പോള്‍ തര്‍ക്കത്തിനു പോവാതെ തുരങ്കം വഴിയോ മറ്റോ അവരുടെ കൃഷിക്കു വേണ്ട വെള്ളം കൊടുക്കാന്‍ സാധിക്കുമോ എന്ന് ആലോചിക്കണം. അപകടമുണ്ടായാല്‍ പിടിച്ചാല്‍ നില്‍ക്കില്ല. വിദഗ്ധരുമായി കൂടിയാലോചിച്ച് നടപടികളെടുത്തില്ലെങ്കില്‍ പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തം വരാനുള്ള സാധ്യതയാണ് കൂടുതല്‍.

ശിവകാശിയും പുറ്റിങ്ങലും തൃശൂര്‍ പൂരവും
2013-ല്‍ പടക്കനിര്‍മ്മാണ കേന്ദ്രമായ ശിവകാശിയിലെ അപകടങ്ങളുടെ എണ്ണം വര്‍ഷത്തില്‍ നാലു മാത്രമായി കുറച്ചിട്ടാണ് ഞാന്‍ തമിഴ്‌നാട് വിട്ടത്. 2009-ല്‍ ഞാന്‍ ചേരുമ്പോള്‍ അത് വര്‍ഷം 63 ആയിരുന്നു. സുരക്ഷാനടപടികള്‍ കര്‍ശനമാക്കിയതിനു പുറമേ, അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍കിയതും വളരെ ഗുണം ചെയ്തു. പുറ്റിങ്ങല്‍ അപകടത്തെ തുടര്‍ന്ന് രൂപീകരിച്ച, ഡോ.എ.കെ.യാദവ് അധ്യക്ഷനായ കമ്മീഷനില്‍ ഞാന്‍ മെമ്പറായിരുന്നു. ഞങ്ങളുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ മിക്കവാറും നടപ്പാക്കിയതിനാല്‍ അതിനു ശേഷം സംസ്ഥാനത്ത് വെടിക്കെട്ടപകടങ്ങള്‍ നന്നേ കുറഞ്ഞു.
തൃശൂരില്‍ ഒരു ഫയര്‍വര്‍ക്സ് പാര്‍ക്ക് വേണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ വെടിക്കെട്ടപകടങ്ങള്‍ ഇതിലും കുറഞ്ഞേനെ. അതിനായി അന്നത്തെ എം.എല്‍.എ സുനില്‍കുമാര്‍ 30 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മന്ത്രി മൊയ്തീന്‍ ഫയല്‍ അയയ്ക്കുകയും ചെയ്തു. പക്ഷേ, അതവിടെ നിലച്ചു. മൂന്നോ നാലോ പടക്ക ഫാക്ടറി അവിടെ വന്നാല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് മലയാളികള്‍ക്ക് ഇഷ്ടമുള്ള രീതിയിലെ പടക്കങ്ങള്‍ നിര്‍മിക്കാനാവും. അത് പടക്ക വ്യവസായത്തിനും ഗുണം ചെയ്തേനെ. തൊഴിലാളികള്‍ക്ക് അവിടെ പരിശീലനം നല്‍കാനുമാവും.
പതിനാറു തവണ പൂരം വെടിക്കെട്ടിന് അനുമതി കൊടുത്തയാളാണ് ഞാന്‍. ഒരിക്കല്‍ പോലും പ്രശ്നമുണ്ടായിട്ടില്ല. വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു. പൂരം വെടിക്കെട്ടിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിഞ്ഞു. 2016-ല്‍ പൂരം മൈതാനത്ത് തീകെടുത്താനുള്ള ജലസംഭരണ സംവിധാനം ഏര്‍പ്പെടുത്തി. പടക്കം സുരക്ഷിതമായി സംഭരിക്കാനുള്ള സംവിധാനം ഉത്രാളിക്കാവ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് നല്‍കിയത്. ഇന്ന് എല്ലാ പ്രധാന വെടിക്കെട്ട് പരിപാടിക്കും സംഘാടകര്‍ അപകടസാധ്യത വിലയിരുത്തും. അധികൃതര്‍ക്ക് വെടിക്കെട്ടു സ്ഥലത്തും പുറത്തുമുള്ള ദുരന്തനിവാരണ പദ്ധതി സമര്‍പ്പിക്കും, വെടിക്കെട്ടുകാര്‍ക്ക് പരിശീലനം കൊടുക്കും, ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ പ്രത്യേക നിറമുള്ള ജാക്കറ്റ് ധരിപ്പിക്കും.
വെടിക്കെട്ടപകടങ്ങളില്‍ വന്ന ഗണ്യമായ വ്യത്യാസം കൃത്യമായ പഠനവും തയ്യാറെടുപ്പും ആസൂത്രണവുമുണ്ടെങ്കില്‍ ദുരന്തങ്ങളുടെ എണ്ണവും വ്യാപ്തിയുമൊക്കെ കുറയ്ക്കാനാവുമെന്നു കാണിക്കുന്നു. ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ അത്ഭുതങ്ങള്‍ സാധ്യമാണ്!
Content Highlights: wayand landslide, chooralmala, mundakkai, pettimudi, kavalapara, puthumala, kerala flood
Published: 03 Aug 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented