പത്തനംതിട്ട: 35 വർഷം മുൻപ് റാന്നി ടൗണിൽ തുടങ്ങിയ ഒരു ചെറിയ തുണി കട, കാലം മാറിയപ്പോഴും പ്രതിസന്ധികൾ വന്നപ്പോഴും കുടുംബത്തിന്റെ കൈത്താങ്ങായി അത് നിലനിന്നു. 2018ലെ പ്രളയത്തിൽ കടയിലെ എല്ലാം നഷ്ടപ്പെട്ടിട്ടും ആ കുടുംബം പിടിച്ചു നിന്നു. പക്ഷെ ശനിയാഴ്ച്ചത്തെ മഴ അവരെ വീണ്ടും ദുരിതത്തിലാഴ്ത്തി.

To advertise here,

തങ്കമണിയും മൂന്ന് പെൺമക്കളും ചേർന്നാണ് കട നടത്തുന്നത്. തങ്കമണിയുടെ ഭർത്താവ് 2 കൊല്ലം മുൻപ് മരണപ്പെട്ടു. ഭർത്താവിന്റെ വിയർപ്പും സ്വപ്നവുമായ കട എന്ത് പ്രയാസം സഹിച്ചും മുന്നോട്ട് കൊണ്ട് പോകുമെന്ന് തങ്കമണി പറയുന്നു. 2018ലെ പ്രളയ സമയത്ത് ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും കുടുംബം തളർന്നില്ല. കട പുനഃസ്ഥാപിച്ച് വാടകക്കെട്ടിടത്തിൽ വീണ്ടും വ്യാപാരം ആരംഭിച്ചു. മൂത്ത മകൾ രശ്മിയാണ് അമ്മയോടൊപ്പം കട നോക്കി നടത്തുന്നത്. ജീവിതം പതുക്കെ പഴയനിലയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും മഴക്കെടുതി എത്തിയത്.

വർഷങ്ങളുടെ അധ്വാനത്തിന് മേൽ വീണ്ടും മഴക്കെടുതി എത്തിയതോടെ കുടുംബം മറ്റൊരു വലിയ നഷ്ടത്തിന് മുന്നിലാണ്. ഓണകാലത്തെ കച്ചവടം പ്രതീക്ഷിച്ചു ഇറക്കിയ തുണികളെല്ലാം മഴക്കെടുതിയിൽ നശിച്ചു. പത്തനംതിട്ടയിൽ പെയ്ത ശക്തമായ മഴയിലും വെള്ളക്കെട്ടിലും കട ഭാഗികമായി വെള്ളത്തിനടിയിലായി. സാധനങ്ങളും ഉപകരണങ്ങളുമടക്കം വലിയ തോതിൽ നാശനഷ്ടമുണ്ടായി. ഏകദേശം 35 ലക്ഷം രൂപയുടെ നഷ്ടമാണ് ഇത്തവണ കണക്കാക്കുന്നത്. രണ്ട് ദുരിതങ്ങളിലായി കുടുംബത്തിന്റെ വർഷങ്ങളായുള്ള അധ്വാനവും സമ്പാദ്യവുമാണ് വെള്ളത്തിലായത്.

എല്ലാം നഷ്ടപ്പെട്ടിട്ടും പിന്നോട്ടുപോകാൻ തയ്യാറല്ല തങ്കമണിയും മക്കളും. അച്ഛൻ തുടങ്ങിവച്ച കടയും അതിലൂടെ കുടുംബം കെട്ടിപ്പടുത്ത ജീവിതവും വീണ്ടും തിരിച്ചുപിടിക്കണമെന്ന പ്രതീക്ഷയിലാണ് അവർ. രണ്ട് പ്രളയങ്ങൾ തകർത്തിട്ടും, 35 വർഷത്തെ അധ്വാനത്തിന്റെ കരുത്തിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഈ അമ്മയും മൂന്ന് പെൺമക്കളും.