കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ബലാത്സംഗക്കേസിലെ അതിജീവിതയും തമ്മിലുള്ള വാട്​സാപ്പ് ചാറ്റുകൾ പുറത്ത്. ലൈംഗിക പീഡനത്തിനൊപ്പം ഗുരുതരമായ സാമ്പത്തിക ചൂഷണവും നടന്നുവെന്നാണ് പത്തനംതിട്ട സ്വദേശിനിയായ പരാതിക്കാരിയുടെ ആരോപണം.

To advertise here,

പാലക്കാട്ട് ഒരു ആഡംബര ഫ്‌ളാറ്റ് വാങ്ങുന്നതിനായി  പണം മുടക്കാൻ രാഹുൽ തന്നെ നിരന്തരം നിർബന്ധിച്ചുവെന്ന് കാണിച്ച് അതിജീവിത ചാറ്റ് വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. 3ബിഎച്ച്‌കെ ഫ്‌ളാറ്റ് തന്നെ വേണമെന്ന് രാഹുൽ വാശിപിടിക്കുന്ന ഓഡിയോ സന്ദേശങ്ങളും വിദേശയാത്രകൾക്കായി തന്റെ പണം ദുരുപയോഗം ചെയ്തു എന്ന പരാതിയും ഇതിനൊപ്പം ഉന്നയിക്കുന്നു.

വിവാഹജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് ഇവരുമായി രാഹുൽ ബന്ധം സ്ഥാപിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചശേഷം നേരിട്ടുകാണണമെന്ന് രാഹുൽ പറഞ്ഞു. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ബലാത്സംഗംചെയ്തു. തുടർന്ന് ബന്ധം അകലാതിരിക്കാൻ കുഞ്ഞുവേണമെന്ന് പറഞ്ഞു. എന്നാൽ, ഗർഭിണിയായപ്പോൾ രാഹുലിന്റെ സ്വഭാവം മാറി. ഗർഭം തന്റേതല്ലെന്ന് പറഞ്ഞ് രാഹുൽ പുച്ഛിച്ചു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഇതിൽ മനംനൊന്ത് ഡിഎൻഎ പരിശോധനക്കായി രാഹുലിനോട് സാമ്പിൾ നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, ഡിഎൻഎ പരിശോധനയുമായി രാഹുൽ സഹകരിച്ചില്ലെന്നും യുവതി പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ രണ്ടുതവണ യുകെ സന്ദർശനം നടത്തിയത് തന്റെ കൈയിൽനിന്ന് പണം വാങ്ങിയിട്ടാണെന്നാണ് യുവതി ആരോപിക്കുന്നത്. വിലകൂടിയ വസ്ത്രങ്ങളും വാച്ചും ചെരിപ്പും വാങ്ങാനും പണം നൽകി. പതിനായിരം രൂപ വരെ വിലയുള്ള ചെരിപ്പാണ് വാങ്ങിയത്.

രാഹുലിനെതിരെ മറ്റ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ താനും പരാതി നൽകുമെന്ന് യുവതി പറഞ്ഞു. ഇതോടെ രാഹുൽ പ്രകോപിതനാവുകയും യുവതിയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്നും പറഞ്ഞുവെന്നുമാണ് ആരോപണം.

മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുൽ അറസ്റ്റിലായത്. പരാതി പുറത്തറിയാതിരിക്കാനും രാഹുൽ ഒളിവിൽപോവുകയോ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യാതിരിക്കാനും പോലീസ് അതീവജാഗ്രതയാണ് പുലർത്തിയത്. അതിനാൽ തന്നെ അതീവരഹസ്യമായിരുന്നു പോലീസ് നടപടികൾ. 2026 ജനുവരി 11-ന് പുലർച്ചെയോടെ പാലക്കാട്ടെ ഹോട്ടലിൽ പോലീസ് സംഘം എത്തിയപ്പോഴാണ് രാഹുൽ മൂന്നാമത്തെ കേസിനെക്കുറിച്ച് അറിഞ്ഞത്. ആദ്യം എതിർത്തെങ്കിലും പിന്നീട് അറസ്റ്റിന് വഴങ്ങി. പിന്നാലെ പ്രതിയെയും കസ്റ്റഡിയിലെടുത്ത് പോലീസ് സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു.

14 ദിവസം റിമാൻഡിലായ രാഹുൽ ജാമ്യാപേക്ഷയുമായി മുന്നോട്ടുപോവുകയാണ്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനും ജയിലിൽ അടയ്ക്കാനും വേണ്ടി ബോധപൂർവം നടത്തുന്ന നീക്കമാണെന്നും രാഹുൽ ജാമ്യാപേക്ഷയിൽ പറയുന്നു. അതിജീവിതയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി പ്രകാരമുള്ള ബന്ധമാണെന്നും അതിനാൽ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അതിജീവിത വിവാഹിതയായിരുന്നു എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും, ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ ആ ബന്ധത്തിൽ നിന്ന് താൻ പിന്മാറിയെന്നും രാഹുൽ വാദിക്കുന്നു. സംഭവത്തിൽ മുറി ബുക്ക് ചെയ്തത് താനല്ലെന്നും മറിച്ച് അതിജീവിതയാണെന്നും കോടതിയെ അറിയിച്ചു. ഒരു മുതിർന്ന വ്യക്തിയായ അവർക്ക് അത്തരം കാര്യങ്ങൾ ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവുണ്ടാകുമെന്നുമാണ് രാഹുലിന്റെ വാദം.