തിരുവനന്തപുരം: കണ്ണടച്ചാൽ ഇരുട്ടാവും, തിരഞ്ഞെടുപ്പ് ചെലവിന്റെ കാര്യത്തിൽ. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത് 40 ലക്ഷം രൂപയാണ്. പിന്നിട്ട പ്രചാരണക്കാലത്ത്, കേരളത്തിൽ രണ്ട് കിലോമീറ്റർ ദൂരത്തെ ഫ്‌ളക്‌സ് ബോർഡുകൾ എണ്ണിയാൽത്തന്നെ ഓരോ സ്ഥാനാർഥികളും പരിധിക്ക് എത്രയോ പുറത്താണെന്ന് ഏത് നിരീക്ഷകനും ബോധ്യമാകും.

To advertise here,

പക്ഷേ, കമ്മിഷന്റെ മുന്നിലെത്തുക 40 ലക്ഷത്തിന് ഒരുപൈസ കുറവുള്ള കണക്കായിരിക്കും. കണ്ണടച്ച് കമ്മിഷനത് പാസാക്കും. ഇക്കാര്യത്തിൽ ഒന്നുകിൽ ചാണ്ടി ഉമ്മനെ കണ്ടുപഠിച്ച് പ്രചാരണാഭാസത്തിൽ സ്ഥാനാർഥികളും പാർട്ടികളും സ്വയം നിയന്ത്രണം പാലിക്കണം. അല്ലെങ്കിൽ കമ്മിഷൻ യാഥാർഥ്യബോധത്തോടെ പരിധി മാറ്റണം.

ഇത്തവണ കമ്മിഷൻ നിശ്ചയിച്ചതിന്റെ പത്തിരട്ടിവരെയാണ് തിരഞ്ഞെടുപ്പ് ചെലവ്. മുൻനിരസ്ഥാനാർഥികളിൽ ഭൂരിഭാഗവും മൂന്ന്-മൂന്നരക്കോടിയെങ്കിലും ചെലവിട്ടെന്ന് ഉറപ്പ്. ദിവസങ്ങൾ കുറവായതിനാൽ പ്രചാരണം ഊർജിതമാക്കാൻ പണമേറെ ഒഴുക്കേണ്ടിവന്നു പലർക്കും. ഭരണമുന്നണി സ്ഥാനാർഥികൾക്ക് സർക്കാർവക ആനുകൂല്യവുമുണ്ട്. സർക്കാർ ഖജനാവിലെ പണംകൊണ്ട് ചെയ്യുന്ന പി.ആർ. പണികളൊക്കെ അവർക്കുവേണ്ടിയുള്ളതായിരുന്നു.

ശരാശരി 225 ബൂത്തുണ്ട് ഒരു മണ്ഡലത്തിൽ. ബൂത്തൊന്നിന് പ്രവർത്തനച്ചെലവ് കുറഞ്ഞത് 25,000 രൂപ. സാമൂഹികമാധ്യമങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാൻ ഇൻഫ്‌ളുവൻസർമാർക്കും പി.ആർ. ടീമിനും 25 ലക്ഷം വരെയും. പോസ്റ്ററിനും ഫ്‌ളക്‌സ് ബോർഡിനും മുൻതിരഞ്ഞെടുപ്പിനേക്കാൾ 30 ശതമാനം ചെലവേറി. മണ്ഡലത്തിൽ സ്ഥിരമായി 30-35 വണ്ടികളെങ്കിലും ഓടിക്കൊണ്ടിരിക്കണം. പണം നേരിട്ട് നൽകുന്നത് പിടിക്കാതിരിക്കാൻ പ്രവർത്തകർക്ക് കൂപ്പൺ ഏർപ്പാടാണിപ്പോൾ. കൈമെയ് മറന്ന് പ്രചാരണത്തിനിറങ്ങാൻ ദിവസക്കൂലിക്കും ആളെയിറക്കണം.

ചെലവ് 20 ലക്ഷമെന്ന് ചാണ്ടി ഉമ്മൻ

ഫ്‌ളക്‌സില്ല, പോസ്റ്ററില്ല. വാഹനഘോഷയാത്രകളില്ല. സൈക്കിളിൽ പ്രചാരണത്തിനിറങ്ങിയ ചാണ്ടി ഉമ്മനായിരുന്നു ഇത്തവണ ഈ കോലാഹലങ്ങൾക്കിടയിൽ വേറിട്ടുനിന്നത്. തിരഞ്ഞെടുപ്പിൽ എളിമയുടെ മാതൃക സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തിന്റെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതൊരു വിപ്ലവമാണ്.

കൂടിപ്പോയാൽ 20 ലക്ഷം രൂപ. അത്രമാത്രമാണ് തിരഞ്ഞെടുപ്പിൽ ചെലവിടേണ്ടിവന്നതെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. സ്നേഹിതരും അനുഭാവികളും നൽകുന്ന സഹായം മുഴുവൻ ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ്. ഇതിനകം 48 കുടുംബങ്ങൾക്ക് വീടുവെച്ചുനൽകി.

''പ്രചാരണത്തിൽ ആർഭാടമില്ലെന്നപേരിൽ വോട്ട് ഇത്തിരിക്കുറഞ്ഞാലും സാരമില്ല. ഞാനതങ്ങ് സഹിക്കും'' -ചാണ്ടി ഉമ്മൻ.