കാഞ്ഞിരപ്പള്ളി (കോട്ടയം): 20 കോടി ബമ്പറടിച്ച ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്താണെങ്കിലും കാഞ്ഞിരപ്പള്ളിയിൽ തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് കടയുടമ തടിക്കുംപറമ്പിൽ എ. സുദ്ദീഖ്. വെളിയിൽ നിന്നുള്ളവർ കടയിൽനിന്ന് ലോട്ടറി എടുക്കുന്നത് കുറവാണ്. 30 വർഷമായി ലോട്ടറി വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നു. ഫലം അറിഞ്ഞതോടെ ലോട്ടറിയെടുക്കുന്നവരും പരിചയക്കാരുമായവർ കടയിലെത്തി സന്തോഷം പങ്കുവെച്ചു. എല്ലാവർക്കും മധുരം വിതരണംചെയ്താണ് സുദ്ദീഖ് സന്തോഷം പങ്കിട്ടത്.

To advertise here,

കോട്ടയത്തിന് ബമ്പർ ഭാഗ്യം

കാഞ്ഞിരപ്പള്ളി: ക്രിസ്മസ് -പുതുവത്സര ബമ്പറടിച്ച ഭാഗ്യവാനെ കാത്ത് കാഞ്ഞിരപ്പള്ളിക്കാർ. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ (ബിസ്മി ലോട്ടറീസ്) വിറ്റ XC 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഒന്നാംസമ്മാനം ലഭിച്ചത്.

ചിറക്കടവ് മൂങ്ങത്ര തടിക്കുംപറമ്പിൽ എ. സുദ്ദീഖിന്റെ ചെറുകിട മൊത്തവ്യാപാര ലോട്ടറിക്കടയാണിത്. അയ്യായിരത്തോളം ബമ്പർ ലോട്ടറികളാണ് ഇത്തവണ വിൽപ്പനയ്ക്ക്‌ എടുത്തത്. ഇതിൽ വിൽപ്പനക്കാർക്ക് കൊടുത്തതിന്റെ ബാക്കിയാണ് കടയിൽ വിറ്റത്. എടുത്തയാളെ അറിയില്ലെന്ന് ലോട്ടറി കടയുടമ പറഞ്ഞു. ശബരിമല തീർഥാടകരും ഏറെയെത്തുന്ന സ്ഥലം കൂടിയായതിനാൽ സമ്മാനം മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് പോയോയെന്നും സംശയമുണ്ട്. തിങ്കളാഴ്ചവരെ ബാങ്ക് അവധിയായതിനാൽ ലോട്ടറി ടിക്കറ്റ് ബാങ്കിൽ എത്താനും വൈകും.

രണ്ടാം സമ്മാനം ഒരുകോടിവീതം 20 പേർക്ക്

ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പർ വരുന്ന മറ്റ് ഒൻപത് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസസമ്മാനം ലഭിക്കും.

ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായി 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. 6,21,990 സമ്മാനങ്ങളാണ് ഇക്കുറി പ്രഖ്യാപിച്ചിരുന്നത്.

54,08,880 ടിക്കറ്റുകളാണ് ഇക്കുറി ക്രിസ്മസ്, ന്യൂ ഇയർ ബമ്പറിനായി വിറ്റത്. ബമ്പർ നറുക്കെടുപ്പിന് ഡെപ്യൂട്ടി ഡയറക്ടർ അജി ജയകുമാർ നേതൃത്വം നൽകി.