കൊച്ചി: അഞ്ചാം വയസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍വാഹന ട്രിബ്യൂണല്‍ വിധിച്ച 44.94 ലക്ഷം രൂപയ്ക്ക് പുറമേ 84.87 ലക്ഷം രൂപകൂടി നഷ്ടപരിഹാരമായി അനുവദിച്ചാണ് ജസ്റ്റിസ് എസ്. ഈശ്വരന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ തുക നല്‍കുന്നതുവരെ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,

നഷ്ടപ്പെട്ട ബാല്യത്തിന് ഒന്നും പകരമാകില്ലെന്ന് വിലയിരുത്തിയാണ് ഇന്‍ഷുറന്‍സ് തുക ഹൈക്കോടതി വര്‍ധിപ്പിച്ചത്. മൂവാറ്റുപുഴ കാരിയ്ക്കല്‍ ജ്യോതിസ് രാജിനാണ് (അമ്പാടി-12) നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 44.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നുകാട്ടി കുട്ടിയുടെ അച്ഛന്‍ രാജേഷും അപ്പീല്‍ നല്‍കിയിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കുട്ടിക്ക് 77 ശതമാനം വൈകല്യം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഹൈക്കോടതി 100 ശതമാനവും വൈകല്യമുള്ളതായി കണക്കാക്കിയാണ് ഉയര്‍ന്ന തുക അനുവദിച്ചത്. കുട്ടിയെ പരിചരിക്കുന്നതിനുള്ള ചെലവിലേക്ക് രണ്ടുപേര്‍ക്കായി 37.80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അപകടംമൂലം അനുഭവിച്ച വേദനയ്ക്കും ദുരിതത്തിനുമായി 15 ലക്ഷം രൂപയും അനുവദിച്ചു. ഭാവിചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു.

സര്‍ക്കാര്‍ കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്ന 17,325 രൂപ കുട്ടിയുടെ വരുമാനമായി കണക്കാക്കിയാണ് നഷ്ടപരിഹാരം തിട്ടപ്പെടുത്തിയിരിക്കുന്നത്. 2016 ഡിസംബര്‍ മൂന്നിനായിരുന്നു മേക്കടമ്പ് പഞ്ചായത്തിനുസമീപം അപകടം ഉണ്ടായത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു.

ആനകുത്തിയില്‍ രാധ (60), രജിത (30), നിവേദിത (6) എന്നിവര്‍ അന്ന് മരിച്ചു. മരിച്ച രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.