ഛണ്ഡീഗഢ്: വാക്‌സിന്‍ വില്‍പനയില്‍ സംസ്ഥാനങ്ങളോട് നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി. 

To advertise here,

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കമ്പനികളുമായി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ ബന്ധപ്പെട്ടത്. മൊഡേണ, സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാതാക്കളായ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുമായി പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടതായി സംസ്ഥാന കോവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ മോഡേണ കമ്പനി മാത്രമേ പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂ. നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്നാണ് മൊഡേണ അറിയിച്ചിരിക്കുന്നത്. 

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 4.2 ലക്ഷം ഡോസ് വാക്‌സിന്‍ പഞ്ചാബ് ഇതിനോടകം വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ 44 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചതെന്നും വികാസ് ഗാര്‍ഗ് വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇതുവരെ 5.34 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 ണിക്കൂറിനിടെ മാത്രം 5300 പുതിയ കേസുകളും 201 മരണവും റിപ്പോര്‍ട്ട് ചെയ്തു.