60006 പേര് മാത്രമാണ് അതിദാരിദ്ര്യരെങ്കില് ഇപ്പോഴും വഴിയോരത്തും റോഡരികിലും കിടക്കുന്ന ജനങ്ങള്‍ ആരാണ്. ഇപ്പോഴും ടാര്‍പോളിന്‍ കെട്ടി അതിനുള്ളില്‍ താമസിക്കുന്ന ജനങ്ങള്‍ ഏതാണ്.

കോണ്‍ഗ്രസിനെയും യൂത്ത്കോണ്ഗ്രസിനെയും സംബന്ധിച്ച് അതിനിര്‍ണായകമായ രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. തുടര്‍ഭരണത്തിന് കോപ്പുകൂട്ടി വാഗ്ദാനപ്പെരുമഴ ഒഴുക്കി എല്‍ഡിഎഫ് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമ്പോള്‍ ശബരിമല സ്വര്‍ണക്കവര്‍ച്ചയും പിഎം ശ്രീയും പോലുള്ള വിഷയങ്ങള്‍ കടുപ്പിച്ച് കളം പിടിക്കുന്നുണ്ട് യുഡിഎഫ്.
ഇതിനിടെ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാനാധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങളും സമൂഹമാധ്യമങ്ങളിലെല്ലാം സജീവ ചര്‍ച്ചയാക്കുന്നുമുണ്ട് എതിരാളികള്‍. ഏറെ വിവാദങ്ങള്‍ക്ക് ശേഷം രാഹുലിന് പകരമായി യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി പുതുതായി ചുമതലയേറ്റിരിക്കുകയാണ് ഒ.ജെ ജനീഷ്. അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ്.
- പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളിലേക്ക് കേരളം പോകുന്ന വേളയില്‍ യൂത്ത്കോണ്‍ഗ്രസും ഇത്തവണ പ്രധാന ചര്‍ച്ചയാകും. മുന്‍ അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് കരുതുന്നുണ്ടോ?
ആ വിഷയത്തില്‍ പാര്‍ട്ടി ഒരു നിലപാടെടുത്തിട്ടുണ്ട്. അത് ഇപ്പോഴും അവിടെ നില്ക്കുന്നു. സര്‍ക്കാര്‍ കേസെടുക്കുമെന്ന് പറഞ്ഞിട്ട് അവര്‍ക്കുപോലും മുന്നോട്ടുപോകാന്‍ സാധിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് മറ്റൊന്നും ഉണ്ടായിട്ടുമില്ല. ജനപ്രതിനിധിയെന്ന നിലയില്‍ പാലക്കാട് അദ്ദേഹമിപ്പോള്‍ സജീവമായി മുന്നോട്ട് പോകുന്നു, ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുന്നുമുണ്ട്. പ്രത്യക്ഷസമരം പ്രഖ്യാപിച്ചവര്‍ പോലും ആ സമരം പിന്‍വലിച്ച് പിന്നോട്ടുപോകുന്ന സാഹചര്യമാണുള്ളത്. അപ്പോള്‍ കാര്യങ്ങള്‍ അവിടെനിന്നെല്ലാം മുന്നോട്ടുപോയി എന്ന് വേണം കണക്കാക്കാന്‍.
രാഷ്ട്രീയം, ജനങ്ങള്‍, വ്യക്തിപരമായി അദ്ദേഹം എന്നിവരെല്ലാം മുന്നോട്ടുപോയി. അതുകൊണ്ട് തന്നെ അതൊന്നും ഏതെങ്കിലും തരത്തില്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല. ഈയൊരു വിഷയത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയുന്ന നിലപാടിന്റെ പരമാവധിയാണ് കോണ്‍ഗ്രസ് എടുത്തത്. സമാനമായ സംഭവങ്ങളിലൊന്നും തന്നെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഞങ്ങളെടുത്തപോലുള്ള നിലപാടെടുത്തിട്ടില്ല. ചാര്‍ജ്ഷീറ്റ് വരെ സമര്‍പ്പിക്കപ്പെട്ട കേസ് അല്ലേ മുകേഷ് എം.എല്‍.എ യുടേത്. എന്നിട്ട് അവര്‍ എന്തെങ്കിലും നടപടിയെടുത്തോ. മാധ്യമ വിചാരണയ്ക്കപ്പുറത്തേക്ക് മുഖ്യമന്ത്രി തന്നെ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിട്ട് പോലും പോലീസിന് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. അന്വേഷണം നടത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ഇതൊരു പുകമറയില്‍ നില്‍ക്കുന്നുവെന്ന പ്രതീതി ജനങ്ങള്‍ക്കിടയിലുണ്ട്.
- വിദ്യാഭ്യാസം പോലുള്ള ഒരു പ്രധാന വിഷയത്തില്‍ നിരവധി സമരം ചെയ്തവരാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പോലുള്ള സംഘടനകള്‍. അങ്ങനെ വരുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ഇടതുസര്‍ക്കാര്‍ പിഎം ശ്രീ നടപ്പാക്കി നേരത്തെ എതിര്‍ത്ത കാവിവല്‍ക്കരണം എന്ന ആശയത്തെ കേരളത്തിലേക്ക് തിരുകി കയറ്റുമെന്ന് വിശ്വസിക്കാന്‍ പറ്റുമോ?
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കേന്ദ്രത്തിന്റെ കാവിവല്‍ക്കരണത്തിനെതിരേ ഒരു നിലപാട് എടുത്താല്‍ ജനങ്ങളെല്ലാം കൂടെ നില്‍ക്കുമെന്നത് യാഥാര്‍ഥ്യമല്ലേ? അങ്ങനെയിരിക്കെ എന്തിനാണ് പി.എം ശ്രീയിലൂടെ സര്‍ക്കാര്‍ ഒരു കീഴടങ്ങല്‍ നടത്തിയത്. ആരും കാണാതെ കരാര്‍ ഒപ്പിട്ട ശേഷം വിവാദമായപ്പോഴല്ലേ ഇത് ഫണ്ട് കിട്ടാനുള്ള തന്ത്രമാണെന്നും പദ്ധതി നടപ്പാക്കില്ലെന്നുമെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. അപ്പോള്‍ അവര്‍ അവരുടെ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു എന്ന് നമുക്ക് സ്വാഭാവികമായി സംശയിക്കാം. ഇവര്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ലല്ലോ കേരളത്തിലെ ജനങ്ങള്‍.
മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ മകന് നേരെ ഇഡി നോട്ടീസ് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടന്നിരുന്നു. അപ്പോള്‍ പല കാര്യങ്ങളിലും അദ്ദേഹത്തിന് ഒളിച്ചുകളിയും ഒത്തുകളിയും ഉണ്ടായിരുന്നുവെന്നതാണ് സത്യം. കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളിലും മാറ്റമുണ്ടാകുന്നത് പൊതുവെ സംസ്ഥാനത്തിന് ഗുണകരമല്ല. അതുകൊണ്ടാണ് സിപിഎം അവരുടെ മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന ആക്ഷേപം ഞങ്ങള്‍ ഉന്നയിക്കുന്നത്.
- യുവജനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ്, പെന്ഷന് വര്‍ധന എന്നിവയെല്ലാം തിരഞ്ഞെടുപ്പിന് മുന്നേ പ്രഖ്യാപിച്ച് ഒരു സര്‍ജിക്കല്‍ സ്ട്രൈക്കല്ലേ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത്?
എല്ലാ കാര്യങ്ങളും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്ന സത്യം മനസ്സിലാക്കണം. 2021 ലെ പ്രകടനപത്രികയില്‍ അന്നത്തെ ഒന്നാം പിണറായി സര്‍ക്കാര്‍ പറഞ്ഞത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ 2500 രൂപ പെന്ഷന് അനുവദിക്കുമെന്നതാണ്. അല്ലാതെ സര്‍ക്കാരിന്റെ അവസാനകാലത്ത് അനുവദിക്കുമെന്നല്ലല്ലോ? അത് അനുവദിച്ചില്ലെന്ന് മാത്രമല്ല ഈ അവസാന കാലത്ത് നടത്തിയിരിക്കുന്നത് വെറും 400 രൂപയുടെ വര്‍ധനയാണ്.
1600-ല്‍ നിന്ന് 2000 രൂപയാക്കി. അപ്പോഴും ജനങ്ങളെ സംബന്ധിച്ച് വലിയൊരു തുക നഷ്ടപ്പെട്ടു. സാധാരണ പെന്ഷന് വാങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് 1,50,000 ത്തോളം രൂപയാണ് അവരുടെ കൈകളില്‍ കിട്ടേണ്ടിയിരുന്നത്. സര്‍ക്കാര്‍ വര്‍ധനവ് വരുത്താതിരുന്നത് കൊണ്ട് മാത്രം അവര്‍ക്ക് 86000 രൂപ മാത്രം കിട്ടുന്ന സാഹചര്യമുണ്ടായി. അപ്പോള്‍ 61200 രൂപ ഓരോ പെന്‍ഷന്‍കാര്‍ക്കും നഷ്ടമാണ്. അതൊരു വലിയ നഷ്ടമല്ലേ? പെന്ഷന് കൊടുക്കാനാണെന്ന് പറഞ്ഞാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ നികുതി കൂട്ടിയത്. ഇതിന്റെ വിലവര്‍ധനവ് എല്ലാവരേയും ബാധിച്ചു. ചുരുക്കി പറഞ്ഞാല്‍ പെന്ഷന് ലഭിക്കേണ്ടവരെ പോലും അതിന്റെ പേരില്‍ ഉണ്ടായ നികുതിവര്‍ധന ബാധിച്ചുവെന്നതല്ലേ സത്യം. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
- സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ ഇപ്പോള്‍ അതിദാരിദ്ര്യമുക്തസംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിന് എന്ത് തരത്തിലുള്ള സ്വാധീനം ഉണ്ടാക്കാനാകുമെന്നാണ് കരുതുന്നത്?
ഈ പ്രഖ്യാപനത്തെ സംസ്ഥാനത്തിന്റെയല്ല സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയമായ അതിദാരിദ്ര്യം എന്ന് പറയേണ്ടിവരും. കാരണം കേരളത്തില്‍ നിലവില്‍ 509100 ല്‍ അധികം കുടുംബങ്ങള്‍ അതിദാരിദ്ര്യര്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകളായിട്ടുണ്ട്. അപ്പോള്‍ സര്‍ക്കാരിന്റെ 60006 അതിദാരിദ്ര്യര്‍ എന്ന കണക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇതിനെല്ലാം ഏതെങ്കിലും തരത്തിലുള്ള ആധികാരിക രേഖയുണ്ടോ? ഞങ്ങള്‍ വാര്‍ഡ് തല സമിതികള്‍ വെച്ച് പഠനം നടത്തിയെന്നൊക്കെയാണ് പറയുന്നത്. രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനമാണ് നടന്നതെന്നും അവകാശപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് കൂടെ നോക്കേണ്ടേ? യഥാര്‍ഥത്തില്‍ ഈ സര്‍ക്കാര്‍ ഒരു മാനദണ്ഡം നിശ്ചയിച്ചു, അവര്‍ തന്നെ പട്ടികയുണ്ടാക്കി,അവര്‍ തന്നെ ആളുകളെ കണ്ടെത്തി.
ചുരുക്കിപ്പറഞ്ഞാല്‍ മറ്റാരും ഇല്ലാത്ത അല്ലെങ്കില്‍ ഒരു മത്സരാര്‍ഥിയും ഇല്ലാത്ത മത്സരത്തില്‍ മത്സരിച്ച് വിജയിച്ചുവെന്ന് പറയുന്നത് പോലെയായി കാര്യങ്ങള്‍. അതിദാരിദ്ര്യമുക്ത പ്രവര്‍ത്തനത്തെ കുറിച്ച് ഇവര്‍ പറയുന്നത് മുന്നൂറോളം കുടുംബങ്ങളെ കുടുംബശ്രീയില്‍ ചേര്‍ത്തു, അയ്യായിരത്തോളം ആളുകളെ പുതുതായി തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ത്തു എന്നൊക്കെയാണ്. ഇതൊരു പി.ആര് എക്സര്‍സൈസ് ആണ്. അതിനപ്പുറത്തേക്ക് എങ്ങനെ ഈ കണക്ക് വന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നില്ല.
60006 പേര് മാത്രമാണ് അതിദാരിദ്ര്യരെങ്കില് ഇപ്പോഴും വഴിയോരത്തും റോഡരികിലും കിടക്കുന്ന ജനങ്ങള്‍ ആരാണ്. ഇപ്പോഴും ടാര്‍പോളിന്‍ കെട്ടി അതിനുള്ളില്‍ താമസിക്കുന്ന ജനങ്ങള്‍ ഏതാണ്. അപ്പോള്‍ നമുക്ക് മനസ്സിലാകുന്നത് സര്‍ക്കാരിന്റെ വാഗ്ദാനങ്ങളും പ്രചാരണങ്ങളുമെല്ലാം വെറും പൊള്ളയാണ് എന്നാണ്. പി.ആര് വര്‍ക്കില്‍ കാര്യങ്ങള്‍ നടത്തുമ്പോള്‍ മികവുറ്റ ക്യാപ്ഷനൊക്കെ കിട്ടും, പക്ഷേ ജനങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടണമെന്നില്ല. അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ലക്ഷ്യം കൂടുതല്‍ നികുതിയും കുറഞ്ഞ സേവനവും കൂടുതല്‍ പ്രചാരണവുമാണ്.
- പി.എം. ശ്രീ പദ്ധതിയെച്ചൊല്ലിയുണ്ടായ തര്‍ക്കവും ശബരിമല സ്വര്‍ണക്കടത്ത് കേസും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെയെല്ലാം എങ്ങനെയാണ് യൂത്ത്കോണ്‍ഗ്രസും കോണ്‍ഗ്രസുമെല്ലാം തിരഞ്ഞെടുപ്പില്‍ കൈകാര്യം ചെയ്യുന്നത്?
പി.എം. ശ്രീ പദ്ധതിയിലെ തര്‍ക്കവും ശബരിമല സ്വര്‍ണക്കടത്ത് കേസുമെല്ലാം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയല്ല മറിച്ച് പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തത്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഇവര്‍ക്ക് സാധിക്കില്ല. സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതോടെ സംഘപരിവാറിന് വിധേയപ്പെട്ടുവെന്ന് പ്രഖ്യാപിക്കുക കൂടിയാണ് ചെയ്തത്. ഇത്രയും കാലം ഞങ്ങള്‍ ആക്ഷേപിച്ചിരുന്നത് സംഘപരിവാര്‍ അജണ്ടയ്ക്ക് അനുസരിച്ച് പിണറായി വിജയന് കേരളത്തിലെ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ്. പക്ഷേ ആ ആക്ഷേപങ്ങള്‍ക്ക് അപ്പുറത്തേക്ക് പരിപൂര്‍ണമായി സംഘപരിവാര്വത്കരിക്കപ്പെട്ട സര്‍ക്കാരായി കേരളത്തിന്റെ പിണറായി വിജയന് സര്‍ക്കാര്‍ മാറി.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം 2019 ല്‍ സംഭവിച്ച കാര്യങ്ങളാണ്. ഇപ്പോഴാണ് പുറത്തുവന്നത്. പുറത്തുവന്നത് പോലും കോടതി ഇടപെടലിന്റെ ഭാഗമായിട്ടാണ് സംഭവിച്ചത്. ദേവന്റെ സ്വത്തിന് പോലും സംരക്ഷണം കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ല. അവിടെ പോലും കളവും മോഷണവും നടത്തുന്ന ആളുകളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. രണ്ട് ദേവസ്വം ബോര്‍ഡുകളും ഈ വിഷയത്തില്‍ പ്രതിസ്ഥാനത്താണ്. ഇവര്‍ക്കെതിരേ കേസെടുത്താല്‍ മാത്രം പോര ഉത്തരവാദികളായവരുടെ സ്വത്ത് കണ്ടെത്തുകയും വേണം. സര്‍ക്കാരിന്റെ മൗനാനുവാദമാണ് അവിടേയും കൊള്ളനടത്താന്‍ പ്രേരിപ്പിച്ചത്. ഈ രണ്ട് വിഷയങ്ങളിലും ബിജെപി പ്രത്യേകിച്ച് സമരത്തിനൊന്നും തയ്യാറായിട്ടില്ല.
വലിയ ആര്‍ത്തലച്ചുവന്ന പ്രതിഷേധമായിരുന്നു പിഎ ശ്രീ വിഷയത്തില്‍ സിപിഐ നടത്തിയത്. എന്നാല്‍ അവരുടെ പ്രതിഷേധമെല്ലാം ആറിത്തണുത്ത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെയായി മാറിയെന്നതാണ് സത്യം. സിപിഐ പോലും സര്‍ക്കാര്‍ നിലപാടിനോട് പൊരുത്തപ്പെടുന്നുവെന്ന് പറഞ്ഞാല്‍ സംഘപരിവാറിനോട് പൊരുത്തപ്പെടുന്നതിന് സമാനമാണ്. ഈ വിഷയങ്ങളൊക്കെ ജനങ്ങളുടെ മുന്നില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തുറന്നുവെക്കാനാകുമെന്നതില് ഒരു സംശയവുമില്ല.
- അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. വെല്ലുവിളിയുണ്ടോ, എന്താണ് പ്ലാന്‍?
ഞങ്ങളുടെ ഒറ്റ ലക്ഷ്യം ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കി പ്രഹരമേല്‍പ്പിക്കുക എന്നതാണ്. അത് ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമാണ്. ഇതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കുകയാണ് ഞങ്ങള്‍. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യൂത്ത് പഞ്ചായത്തുകള്‍ പോലുള്ള ജില്ലാതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറച്ചിട്ടുണ്ട്. എങ്ങനെയായിരിക്കണം തിരഞ്ഞെടുപ്പിന്റെ കാമ്പയിന്, ഏത് വിഷയം ഏറ്റെടുക്കണം എന്നതെല്ലാം കണ്‍വെന്‍ഷനുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയങ്ങള്‍ ഏത് രീതിയിലാണ് അവതരിപ്പിക്കേണ്ടത്, പൊതുയോഗത്തില്‍, കുടുംബയോഗത്തില്‍, ജനങ്ങളോട് സംവദിക്കേണ്ടത് എന്നടക്കമുള്ളവയാണ് പ്രധാന ചര്‍ച്ച. അതനുസരിച്ച് മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കുക എന്ന വെല്ലുവിളി യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. അല്ലാതെ സംഘടനാപരമായി മറ്റ് വെല്ലുവിളികളൊന്നുമില്ല.
- യൂത്ത്കോണ്‍ഗ്രസ് സംഘടനാപുനഃസംഘടനയുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്നിരുന്നു. അതൊക്കെ പരിഹരിച്ചോ? താങ്കള്‍ ഷാഫിയുടെ നോമിനിയാണെന്നാണല്ലോ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച?
ഞാന്‍ ആരുടേയും നോമിനിയല്ല. പാര്‍ട്ടി നോമിനിയാണ്. പിന്നെ ഷാഫി പറമ്പില്‍ എം.പിക്ക് ഒപ്പം മാത്രമല്ല എല്ലാ നേതാക്കളുടെ പേരുമായും എന്നെ ചേര്‍ത്ത് വെച്ച് വിശേഷിപ്പിക്കണമെന്നാണ് അഭ്യര്‍ഥന. ഷാഫി പറമ്പിലും ഞാനും പലകാലങ്ങളില്‍ സംഘടനാ തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. അതുകൊണ്ടുതന്നെ എന്റെ പേര് അദ്ദേഹവുമായി ചേര്‍ത്ത് വെക്കുന്നതില്‍ സന്തോഷമേയുള്ളൂ. പിന്നെ സംഘടനപരമായ ഭിന്നതകളെല്ലാം പരിഹരിച്ചുകഴിഞ്ഞതാണ്. ഞാന്‍ ചുമതലയേറ്റെടുത്ത ചടങ്ങില്‍ എല്ലാ ഭാരവാഹികളും പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട അബിന്‍ വര്‍ക്കിയും അഭിജിത്തും അടക്കമുള്ളവരും ഉണ്ടായിരുന്നു. അതിന് ശേഷം ഇപ്പോള്‍ ജില്ലാതല കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചിരിക്കുകയാണ്. അതിലെല്ലാം എല്ലാവരുടേയും സജീവ പങ്കാളിത്തമുണ്ട്. ഞാന്‍ എല്ലാ നേതാക്കന്മാരുമായും നല്ല വ്യക്തിബന്ധവും അടുപ്പവും സ്നേഹവുമുള്ള ആളാണ്.
Content Highlights: Newly appointed Youth Congress President O.J. Jinesh speaks on the Rahul Mankoottam controversy, the Pinarayi Vijayan government`s promises, and upcoming elections in Kerala.
Published: 06 Nov 2025, 11:20 am IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inമാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented