നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റ് യുവാക്കള്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറേക്കൂടി സീറ്റുകള്‍ നല്‍കാമായിരുന്നു. ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് ജനങ്ങള്‍ക്ക് വാക്കുകൊടുത്ത് അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് നാലരക്കൊല്ലം ഒരു രൂപ കൂട്ടിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നത്തെ ആഴ്ച തുക വര്‍ദ്ധിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയില്ലെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് വനവാസത്തിന് പോകുമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖം.

To advertise here,

വിഡി സതീശന്‍ കുറച്ച് നാളായി അത്ര ആക്ടീവല്ല എന്ന അടക്കംപറച്ചിലുകള്‍ പല സ്ഥലങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എഐസിസി നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ താങ്കളെ വലിയ രീതിയില്‍ ശകാരിച്ചു അതിനുശേഷമാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ ആയതെന്നും പറയുന്നുവരുണ്ട്. എന്താണ് മറുപടി?

എഐസിസി നേതൃത്വത്തിന് എന്നെ ശകാരിക്കാനുള്ള പൂര്‍ണമായ അവകാശമുണ്ട്. ഞാന്‍ ഇവിടെ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ലെങ്കില്‍ അത് ശരിയല്ല, കുറച്ചുകൂടി കറക്റ്റ് ചെയ്യണം, നിങ്ങളുടെ പ്രവർത്തനശൈലി ശരിയല്ലെന്ന് പറയാനുള്ള അധികാരവും അവര്‍ക്കുണ്ട്. പക്ഷേ, അവരെന്നോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം തരുന്നു, നിങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യണമെന്നാണ് അവരെന്നോട് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷം അസംബ്ലിയിലും പുറത്തും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട് അങ്ങനെതന്നെ തുടര്‍ന്ന് പോവണം എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതൃത്വം പറഞ്ഞിരിക്കുന്നത്. 100 സീറ്റിലധികം നേടി കേരളത്തില്‍ തിരിച്ചുവരണം എന്നത് നിങ്ങളുടെ സ്വപ്നമാണ്. അത് നേടണം, അതിലേക്ക് ലീഡ് ചെയ്യണം, അതിന് വേണ്ട കോര്‍ഡിനേഷന്‍ നടത്തണം എന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്.

പിന്നെ എന്നെ ശകാരിച്ചാല്‍ അതിലെന്താണ് തെറ്റ്. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ ശകാരിക്കുന്ന ഒരാളാണ്. നന്നായി പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ ചേര്‍ത്തുപിടിക്കുകയും അവന് അതിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്യും. ഏല്‍പ്പിച്ച പണി ചെയ്യാത്തവരെ നന്നായി ശകാരിക്കുകയും ചെയ്യും. അത് ഗവണ്‍മെന്റിലാണെങ്കിലും പാര്‍ട്ടിയിലാണെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലാണെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ ആണെങ്കിലും അങ്ങനെയാണ് ചെയ്യേണ്ടത്. അതിന്റെ പേരില്‍ എന്റെ സ്വഭാവത്തെ എങ്ങനെ തെറ്റായി ചിത്രീകരിച്ചാലും എനിക്കത് പ്രശ്‌നമല്ല.

ഇപ്പോള്‍ നിങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെ നോക്കൂ, ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മുഖത്തേക്ക് നോക്കിയാല്‍ അറിയാം എന്താണ് കാര്യമെന്ന്, പറയേണ്ട കാര്യം പോലുമില്ല. ഇതുവരെ നടന്നത് പോലയുള്ള ഉപതിരഞ്ഞെടുപ്പുകളല്ലല്ലോ കേരളത്തില്‍ നടന്നത്. വളരെ സ്ട്രിക്റ്റ് ആയിട്ടായിരുന്നു കാര്യങ്ങള്‍ ചെയ്തത്. അവസാനത്തെ ഇലക്ഷന്‍ ആയപ്പോഴേക്കും എനിക്ക് ഒരാളോടും ദേഷ്യപ്പെടേണ്ടി പോലും വന്നിട്ടില്ല. കാരണം അവര്‍ക്ക് നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് അറിയാമായിരുന്നു. എപ്പോഴും നമ്മള്‍ ഒരു ടീം ബില്‍ഡ് ചെയ്യണം. എനിക്ക് ഒറ്റക്കൊരു തിരഞ്ഞെടുപ്പ് ജയിപ്പിക്കാന്‍ പറ്റില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മുഴുവന്‍ ഒരു ടീമാണ്. ടീം യുഡിഎഫ് എന്നാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് എന്നത് യുഡിഎഫിന്റെ സ്വപ്നമാണ്. തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ എത്ര യുവാക്കള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കും?

50 ശതമാനത്തില്‍ കുറയാതെ സീറ്റ് നല്‍കും. അടുത്ത ഒരു ജനറേഷന്‍ ഞങ്ങള്‍ ബില്‍ഡ് ചെയ്യും. ആരും അങ്ങനെ ദീര്‍ഘകാലം നിലനില്‍ക്കില്ലല്ലോ. ഒരു സമയം കഴിഞ്ഞാല്‍ ഞാന്‍ മാറണ്ടേ. ഞങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ചെറുപ്പക്കാരുടെ ഒരു നിരയുണ്ട്. അവര്‍ ഞങ്ങളെ മറികടന്നു പോകും. അപ്പോള്‍ നമുക്ക് അതില്‍ പെരുന്തച്ചന്‍ കോംപ്ലക്‌സ് ഒന്നും തോന്നിയിട്ട് കാര്യമില്ല. വളരെ മിടുക്കന്മാരായിട്ടുള്ള നല്ല പൊട്ടന്‍ഷ്യലുള്ള ഇഷ്ടംപോലെ കുട്ടികളുണ്ട്. അവര്‍ ഞങ്ങളെ ബൈപ്പാസ് ചെയ്തു പോകുന്നത് കാണാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കിയതില്‍ യുവാക്കളുടെ ഇടയില്‍ വലിയ പ്രതിഷേധമുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ തന്നെ പറയുകയുണ്ടായി വേണ്ടത്ര റെപ്രസന്റേഷന്‍ കിട്ടിയിട്ടില്ലെന്ന്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും ചെറുപ്പക്കാര്‍ക്ക് നല്ല പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികളെയൊക്കെ നോക്കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും കുറവുകളൊക്കെ ഉണ്ടായിട്ടുണ്ടാവും. കുറേ സീറ്റുകള്‍ കൊടുത്തിട്ടുണ്ട്. കുറേ കൂടി സീറ്റുകള്‍ കൊടുക്കാമായിരുന്നു. പക്ഷേ, ചിലര്‍ മാറില്ലല്ലോ.

സംസാരിക്കുന്ന സമയത്ത് ഞാന്‍ എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആളാണ്, അഹംഭാവം ഉള്ള ആളാണെന്നൊക്കെ താങ്കളെ കുറിച്ച് പറയാറുണ്ട് . പാര്‍ട്ടികത്തുനിന്നും പുറത്തുനിന്നും ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എങ്ങിനെയാണ് സ്വന്തം വ്യക്തിത്വത്തെ വിലയിരുത്തുന്നത്?

എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ എന്നല്ലാതെ എനിക്ക് പറയാന്‍ പറ്റുമോ? ഞങ്ങള്‍ എന്ന് പറയേണ്ടിടത്തൊക്കെ ഞാന്‍ ഞങ്ങള്‍ എന്ന് പറഞ്ഞിട്ടുണ്ട്. ടീം യുഡിഎഫ് എന്നാണ് പറയുള്ളത്, കോണ്‍ഗ്രസ് നേതൃത്വത്തെകുറിച്ച് ചോദിച്ചാല്‍ ഞങ്ങള്‍ എന്നാണ് പറയാറ്. എന്നോട് ഒരു വ്യക്തിപരമായ ചോദ്യം ചോദിക്കുമ്പോള്‍ അതിന് ഞാന്‍ എന്നു തന്നെ പറയണ്ടേ.

പിന്നെ അഹംഭാവം, പി.കെ ബാലകൃഷ്ണന്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ച് എഴുതിയ ഒരു പുസ്തകം ഞാന്‍ വായിച്ചു. അതില്‍ പറയുന്നുണ്ട്, അഹംഭാവം നല്ലതല്ല. അഹങ്കാരം അത് ദോഷമാണ്. ആത്മവിശ്വാസം നല്ലതാണ്, അത് ഗുണമാണ്. പക്ഷേ, ഒറ്റ പ്രശ്‌നമുണ്ട്. അഹങ്കാരത്തിനും ആത്മവിശ്വാസത്തിനും ഇടയില്‍ നേരിയ ഒരു വരമ്പ് മാത്രമേ ഉള്ളൂ. തെറ്റിദ്ധരിക്കപ്പെടാം. ഞാന്‍ നല്ല ആത്മവിശ്വാസമുള്ളയാളാണ്.

പിന്നെ ഈ സ്വഭാവത്തിലെ കാര്‍ക്കശ്യം. അതില്‍ ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഉമ്മന്‍ചാണ്ടി സാര്‍ എത്രയോ വര്‍ഷം ലീഡര്‍ഷിപ്പില്‍ നിന്ന ഒരാളാണ്. അദ്ദേഹം ഒരാളോടും ദേഷ്യപ്പെടില്ല. അദ്ദേഹത്തിന്റെ മുഖത്ത് പോലും അങ്ങനെ ഒരു എക്‌സ്പ്രഷന്‍ ഉണ്ടാവില്ല. എന്നാല്‍ ഞാന്‍ അങ്ങനെയല്ല, എനിക്ക് ഉമ്മന്‍ ചാണ്ടിയാവാന്‍ പറ്റില്ല. ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവമല്ല എന്റെ സ്വഭാവം. എനിക്ക് തൊട്ടു മുമ്പ് ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹം വളരെ അപൂര്‍വ്വമായിട്ടേ ചൂടാവുള്ളൂ. അദ്ദേഹം ദേഷ്യപ്പെട്ടിട്ട് ഞാന്‍ കണ്ടിട്ടു പോലുമില്ല. എന്തു വന്നാലും അദ്ദേഹം ചിരിച്ചുകൊണ്ടേ നില്‍ക്കുകയുള്ളൂ. ഞാന്‍ അങ്ങനെയല്ല. അങ്ങനെയാവാന്‍ ഞാന്‍ ഉമ്മന്‍ചാണ്ടിയായോ ചെന്നിത്തലയായോ ഒക്കെ അഭിനയിക്കണം. അതിന് ഞാന്‍ ശ്രമിച്ചാല്‍ അത് കാപട്യമാകും ഞാന്‍ അങ്ങനെ ചെയ്യില്ല.

പിന്നെ ആത്മവിശ്വാസത്തിലേക്ക് വന്നാല്‍ എനിക്ക് വലിയൊരു അസൈന്‍മെന്റ് തന്നിട്ടുണ്ട്. അത് യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ്. അതില്‍ എനിക്കുള്ള കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് എന്റെ ഒറ്റയ്ക്കുള്ള കോണ്‍ഫിഡന്‍സല്ല. എനിക്ക് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? അതൊരു ടീം വര്‍ക്കാണ്. ആ ടീം ലീഡ് ചെയ്യേണ്ട, കോര്‍ഡിനേറ്റ് ചെയ്യേണ്ട ആളാണ് ഞാന്‍. അപ്പോള്‍ എനിക്ക് ആത്മവിശ്വാസം ഇല്ലെങ്കിലോ?

എല്‍ഡിഎഫിന് തുടര്‍ന്നും അധികാരം കിട്ടിയപ്പോള്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും ആയിരുന്നു യുഡിഎഫില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറി. ജയിക്കാം, തിരിച്ചുവരാം എന്ന ആത്മവിശ്വാസത്തിലേക്ക് ഒരു വര്‍ഷം കൊണ്ട് തന്നെ തിരിച്ചെത്തി. എനിക്ക് ആത്മവിശ്വാസമില്ലായിരുന്നെങ്കില്‍ താഴേത്തട്ടിലേക്ക് അത് കൊടുക്കാന്‍ പറ്റില്ല, ആര്‍ക്കും ആത്മവിശ്വാസം ഉണ്ടാവില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം ഉണ്ടായില്ലെങ്കില്‍ താങ്കള്‍ വനവാസത്തിന് പോകുമോ എന്ന് ഒരു സമുദായ നേതാവ് ചോദിച്ചു. തിളക്കമാര്‍ന്ന വിജയത്തിലൂടെ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ വനവാസത്തിന് പോകുമെന്ന് ഞാന്‍ മറുപടി പറഞ്ഞു. യുഡിഎഫ് തിരിച്ചുവരും എന്ന കാര്യത്തില്‍ ഞാന്‍ അത്ര കോണ്‍ഫിഡന്റ് ആണ് എന്നാണ് അതിന്റെ അര്‍ത്ഥം. ലീഡര്‍ഷിപ്പില്‍ നില്‍ക്കുന്ന ഞാന്‍ ആ ചോദ്യത്തിന് മറുപടി പറയാലോ ഇയാള്‍ക്ക് ഒരു മറുപടിയില്ല ഒന്നുമില്ല എന്ന് പറയും. ആ മറുപടി എന്റെ ഒരു ആത്മവിശ്വാസമാണ്. റിസള്‍ട്ട് ഉണ്ടായില്ലെങ്കില്‍ ഞാന്‍ വനവാസത്തിന് പോവുകയും ചെയ്യും. പരാജയത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാന്‍ പോകും. പിന്നെ ഒരിഞ്ച് ഞാന്‍ തൂങ്ങിക്കിടക്കില്ല, തൂങ്ങിക്കിടക്കാനും പാടില്ല. ഞാന്‍ പറഞ്ഞല്ലോ ഇതൊരു കളക്ടീവ് ലീഡര്‍ഷിപ്പാണ്. അതിനെ ഏകോപിപ്പിച്ച് നന്നായി കൊണ്ടുപോകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അത് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഉറപ്പായും പോകും.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു പ്രചാരണം വേണ്ട എന്നാണ് എഐസിസിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഒരാളെ ഉയര്‍ത്തിക്കാട്ടണമെന്ന് ലീഗ് ആവശ്യം ഉന്നയിച്ചാല്‍ എന്ത് ചെയ്യും?

ലീഗ് അങ്ങനെയൊന്നും ആവശ്യപ്പെടില്ല. ലീഗ് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഇടപെടാറില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ്സാണ്. അതിന് കോണ്‍ഗ്രസ്സിന് അഖിലേന്ത്യ നേതൃത്വത്തില്‍ സിസ്റ്റമുണ്ട്. ഞങ്ങള്‍ ഒരു സംസ്ഥാനത്തും മുന്‍കൂട്ടി നേതാക്കളെ പ്രഖ്യാപിക്കാറില്ല. അതിനൊരു നടപടിക്രമമുണ്ട്. ആ നടപടിക്രമം അനുസരിച്ച് ഒരാളെ അവര്‍ തീരുമാനിക്കും.

ഒരു ബോംബ് കേരളത്തില്‍ പൊട്ടാനുണ്ട് എന്ന പരാമര്‍ശം ഇപ്പോളും ട്രോളായും വിമര്‍ശനങ്ങളായും ഉയരുന്നുണ്ട്. അതേക്കുറിച്ച്?

ബോംബ് എന്ന വാക്ക് മീഡിയ ഉപയോഗിച്ചതാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. എന്റെ വീട്ടിലേക്ക് ഒരു കാളയുമായി ബിജെപി പ്രകടനം നടത്തി. ആ കാളയെ ബിജെപി ഓഫീസില്‍ തന്നെ കെട്ടിക്കോളൂ അടുത്ത ദിവസം ആവശ്യം വരുമെന്നാണ് ഞാന്‍ പറഞ്ഞത്. അടുത്ത ദിവസം ഒരു ബിജെപി നേതാവിനെതിരായി ഗുരുതരമായ ആരോപണമാണ് വന്നത്. ഈ കാളയേയും കൊണ്ട് അങ്ങോട്ട് പ്രകടനം നടത്താമായിരുന്നു. അടുത്തതായി ഞാന്‍ പറഞ്ഞത് സിപിഎമ്മുകാരും അധികം സംസാരിക്കണ്ട, ഒരുപാട് വിഷയങ്ങള്‍ നിങ്ങളുമായിട്ട് ബന്ധപ്പെട്ടിട്ട് ഏത് സമയത്ത് പുറത്തുവരുമെന്നാണ്. അത് ഞാന്‍ അത് പറഞ്ഞതിനുശേഷം സിപിഎമ്മിന് ദോഷകരമായ എന്തെല്ലാം വിഷയങ്ങളാണ് പുറത്തുവന്നത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇതില്‍ വെറുമൊരു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുള്‍പ്പടെ പലര്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞു, ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങളില്‍ അത് വ്യക്തമാണ്. ഏത്‌ കോടീശ്വരനാണ് ദ്വാരപാലക ശില്‍പ്പം വിറ്റത് എന്ന് കടകംപള്ളി സുരേന്ദ്രനോട് ഞാന്‍ ചോദിച്ചു. ഹൈക്കോടതി വിധിയില്‍ ദ്വാരപാലക ശില്‍പ്പം വിറ്റു എന്ന് കൃത്യമായി പറയുന്നുണ്ട്. പിന്നെ രാഷ്ട്രീയ നിയമനമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ നടക്കുന്നത്. ഇപ്പോള്‍ നോക്കൂ സിപിഎം നേതാക്കളുടെ ഘോഷയാത്രയാണ് ജയിലിലേക്ക്.

പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ എങ്ങനെ കാണുന്നു. അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ എത്തുമോ?

ഒടുക്കത്തെ തൊലിക്കട്ടിയാണ് എംവി ഗോവിന്ദന്. ഗോവിന്ദന്‍ ആദ്യം പറഞ്ഞത് ഏതൊ ഒരു പോറ്റി എന്നാണ്. എന്നാല്‍ ഇപ്പോള്‍ അവരുടെ പാര്‍ട്ടി നേതാവും മുന്‍ എംഎല്‍എയുമായ പത്മകുമാര്‍ ജയിലിലേക്ക് പോയിരിക്കുന്നു എന്നിട്ടും കുറ്റാരോപിതന്‍ മാത്രമാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ കുഞ്ഞനന്തനെ അറസ്റ്റ് ചെയ്തപ്പോഴും കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടപ്പോളും അവര്‍ പറഞ്ഞത് കുഞ്ഞനന്തന്‍ ഒരു സംഭവമാണെന്നാണ്. നാളെ പത്മകുമാര്‍ ശിക്ഷിക്കപ്പെട്ടാലും ഇവര്‍ പറയുക പത്മകുമാര്‍ ഭയങ്കര സംഭവമായിരുന്നു എന്നുതന്നെയാണ്. അതൊക്കെ പറയാനുള്ള തൊലിക്കട്ടി അവര്‍ക്ക് മാത്രമേയുള്ളൂ. സ്വന്തം പാര്‍ട്ടി നേതാക്കന്മാര്‍ ജയിലിലേക്ക് പോകുമ്പോള്‍ കുറ്റാരോപിതര്‍ മാത്രമാണെന്ന് പറയാനുള്ള ധൈര്യം സമ്മതിക്കണം.

അന്വേഷണം കൃത്യമായി പോയാല്‍ അത് കടകംപള്ളി സുരേന്ദ്രനില്‍ എത്തും. കടകംപള്ളി സുരേന്ദ്രന് നേനേരത്തെ മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ട് എന്നതിന് എന്റെ കയ്യില്‍ തെളിവുകളുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടക്കുന്നത്. അത് നന്നായി പോകും എന്നുതന്നെയാണ് വിശ്വാസം.

വിഡി സതീശന് സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടോ?

ഞാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പോയിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതി പതിതാപകരമാവുകയായിരുന്നു. അതെനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ട് ഞാന്‍ ഗ്രൂപ്പുണ്ടാക്കിയില്ല. ഞാന്‍ പണ്ട് ഗ്രൂപ്പിന്റെയൊക്കെ ഭാഗമായിരുന്നു. പക്ഷേ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനു ശേഷം ഞാന്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പോയിട്ടില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ട് നിന്നിട്ടുമില്ല. അതെനിക്ക് ഉറപ്പിച്ചുപറയാന്‍ പറ്റും. ഒരുപക്ഷേ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാത്ത ഏക പ്രതിപക്ഷ നേതാവ് ഞാനായിരിക്കും.

എറണാകുളത്തെ സംഘടനാ പ്രവര്‍ത്തനം എന്നുപറയുന്നത് ഗ്രൂപ്പുകള്‍ക്ക് അതീതമാണ്. ആ ഒരു മോഡല്‍ എല്ലാ ജില്ലയിലും ഉണ്ടായാല്‍ അത് വന്‍വിജയമായിരിക്കും. അതല്ലാതെ വിഡി സതീശന് സ്വന്തമായിട്ട് ഗ്രൂപ്പ് ഇല്ല. ഉണ്ടെങ്കില്‍ പറയുന്നതിന് എന്താ വിരോധം? എല്ലാ നേതാക്കന്‍മാര്‍ക്കും ഉണ്ട്. ഞാനും എനിക്കും കൂടി ഉണ്ടെന്ന് പറഞ്ഞാല്‍ എന്താ കുഴപ്പം? നല്ല പൊട്ടന്‍ഷ്യലായിട്ടുള്ള എല്ലാവരെയും ഞാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. അതിന് ഇന്ന ഗ്രൂപ്പ് എന്നൊന്നുമില്ല. നമ്മളൊരു നല്ല ടീം ബില്‍ഡ് ചെയ്തപ്പോള്‍ അതില്‍ എല്ലാ ഗ്രൂപ്പുകാരും ഇല്ലെ. ഏതെങ്കിലും ഗ്രൂപ്പിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തിയില്ലല്ലോ.ഞാന്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പോയാല്‍ ഇതെല്ലാം തീര്‍ന്നുപോകും.

ക്ഷേമ പെന്‍ഷനുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനെ എങ്ങനെ കാണുന്നു?

2021ല്‍ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോയില്‍ പറഞ്ഞത് ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 1600 രൂപയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കും എന്നാണ്. അത് വിശ്വസിച്ച് കുറേ പാവങ്ങള്‍ വോട്ട് ചെയ്തതാണല്ലോ. അങ്ങനെ ആളുകള്‍ക്ക് വാക്ക് കൊടുത്ത് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നാലരക്കൊല്ലം ചില്ലിക്കാശ് കൂട്ടിയില്ല. എന്നിട്ട് അവസാനത്തെ ഫേസില്‍ ഇലക്ഷന്‍ നടക്കാന്‍ പോകുന്നതിന്റെ തൊട്ടുമുമ്പത്തെ ആഴ്ച 400 രൂപ കൂട്ടി. കേരളത്തിലെ ജനങ്ങളുടെ മലയാളിയുടെ സാമാന്യബുദ്ധിയെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. അതൊക്കെ മനസ്സിലാക്കാനുളള സാമാന്യബോധവും യുക്തിയുള്ള ആളുകളാണ് മലയാളികള്‍ അവരിതിലൊന്നും വീഴില്ല.