നിലപാട് മാറ്റണമെന്നല്ല. ട്രംപിനെ കാണില്ല ആസിയാനില്‍ പങ്കെടുക്കില്ല എന്നൊക്കെ പറയുന്നത് കുറച്ചു ബാലിശമല്ലേ? അമേരിക്കയെ ഒരിക്കലും നമുക്ക് ശത്രുസ്ഥാനത്ത് നിര്‍ത്താനാവില്ല.

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ നിര്‍ബന്ധിതമാക്കാനെന്ന് അവകാശപ്പെട്ട് വന്‍കിട റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും അവയുടെ സബ്സിഡിയറികള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ പ്രശ്നത്തിന്റെ വരുംവരായ്കകളെക്കുറിച്ച് മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ സംസാരിക്കുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നുവെന്നും ഈ വര്‍ഷം അവസാനത്തോടെ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ വളരെ കുറയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്
ട്രംപും മോദിയും എന്താണ് സംസാരിച്ചത് എന്നതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ട്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയിട്ടുള്ള 25 ശതമാനം അധികത്തീരുവ പിന്‍വലിക്കാനാവു എന്നതാണ് അമേരിക്കന്‍ നിലപാട്. നമ്മള്‍ എണ്ണ വാങ്ങുന്നത് കമ്പോള സാഹചര്യം അനുസരിച്ചാണ്, രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടല്ല എന്നതാണ് ഇന്ത്യന്‍ നിലപാട്. കാനഡയും യൂറോപ്പും ചൈനയുമൊക്കെ ഇപ്പോഴും റഷ്യയില്‍നിന്ന് എണ്ണ വാങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. എവിടെയാണ് കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നത്, എവിടേക്കാണ് ശുദ്ധീകരിച്ച എണ്ണ അയക്കാന്‍ കഴിയുന്നത്, വിദേശനാണ്യം നേടാന്‍ കഴിയുന്നത് തുടങ്ങിയ കണക്കുകൂട്ടലുകള്‍ മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നാണ് ഇന്ത്യ പറഞ്ഞു കൊണ്ടിരിക്കുന്നത്. അതായത്, ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്ന പ്രശ്നം ഉദിക്കുന്നില്ല, എണ്ണ വാങ്ങലിന് യുക്രൈന്‍ യുദ്ധവുമായി ബന്ധവുമില്ലെന്ന്.
സാഹചര്യങ്ങള്‍ മാറിയാല്‍, എണ്ണക്കമ്പോളത്തിന്റെ് ഗതിവിഗതികളില്‍ വലിയ മാറ്റം വന്നാല്‍ തീരുമാനത്തില്‍ മാറ്റം വരാമെന്നും ഇന്ത്യ പല തവണ പറഞ്ഞിട്ടുണ്ട്. അതിലാണ് ഇപ്പോള്‍ ട്രംപ് പിടിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു മേല്‍ അധിക ഇറക്കുമതി തീരുവ അടിച്ചേല്‍പ്പിക്കണമെന്ന് തനിക്കാഗ്രഹമില്ല, ഇപ്പോള്‍ തന്നെ വലിയ പ്രശ്നങ്ങളുണ്ട്. അതിനാല്‍ വ്യാപാരക്കരാര്‍ ഒപ്പുവെക്കണമെങ്കില്‍ ഇന്ത്യ നിലപാടില്‍ അയവു വരുത്തണമെന്നാണ് ട്രംപ് പറയുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്തില്ലെന്ന് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ല. ഇന്ത്യക്ക് ഗുണകരമായ സാഹചര്യം ആണെങ്കില്‍ എണ്ണ വാങ്ങും, അല്ലെങ്കില്‍ വാങ്ങില്ല. പക്ഷേ, അതിനെ ട്രംപ് പതിവുപോലെ വളച്ചൊടിക്കുകയാണ്, ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നുവെന്ന അര്‍ത്ഥത്തില്‍. ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന് ദിവസേന രണ്ടു തവണ വീതം കള്ളം പറയുന്നുണ്ട്. അതൊക്കെ ഒരുതരം ബ്ലാക്ക് മെയിലിങ് തന്ത്രമാണ്.
നമ്മുടെ നിലപാട് ലോകകമ്പോളത്തില്‍ വിലകുറച്ച് കിട്ടുന്നിടത്തുനിന്ന്
എണ്ണ വാങ്ങുകയും കൂടുതല്‍ വില കിട്ടുന്നിടത്ത് വില്‍ക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് എണ്ണക്കമ്പോളത്തിന് സ്ഥിരതയുണ്ടാവും. ഒരു രാജ്യവും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നില്ല എന്നുവന്നാല്‍ ലോകസാഹചര്യം വളരെ സങ്കീര്‍ണമാകും. നമ്മുടെ സാമ്പത്തിക തീരുമാനത്തെ രാഷ്ട്രീയ തീരുമാനം ആക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അത് ഇന്ത്യ അംഗീകരിക്കാന്‍ സാധ്യതയില്ല.
റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുതിനുമേല്‍ യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനാണ് ഉപരോധമെന്ന് ട്രംപ് പറഞ്ഞു. ഉപരോധം അതിനു സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നടത്താനുള്ള ശ്രമത്തെ അംഗീകരിക്കാന്‍ ആവില്ലെന്ന് പുതിന്‍ പറയുന്നു. ഉപരോധങ്ങള്‍ക്കെതിരായ പ്രതിരോധശേഷി റഷ്യക്കുണ്ടെന്നും ഉപരോധം കാര്യമായി ബാധിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖാറോവ് പറഞ്ഞു.
ട്രംപിന്റെ അവകാശവാദത്തില്‍ പ്രത്യേകിച്ച് കാര്യമില്ല. പുതിന്റെ നിലപാടില്‍ മാറ്റം ഉണ്ടായിട്ടില്ല. ഉപരോധങ്ങള്‍ പൊതുവേ റഷ്യയെ ബാധിച്ചിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. യുദ്ധം കാരണം അവര്‍ക്ക് കാര്യമായ തിരിച്ചടി നേരിട്ടില്ലെന്നാണ് കാണുന്നത്. അതിനാല്‍ ഉപരോധത്തെ അവര്‍ക്ക് ഭയമില്ല.
എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ ഏതാണ്ട് 25 ശതമാനമാണ്. അത് ഒറ്റയടിക്ക് നിലച്ചാല്‍?
അവര്‍ക്ക് അവരുടെ സ്വന്തം കരുതല്‍ ശേഖരം ഉണ്ടായിരിക്കും. സൈബീരിയയിലൊക്കെ വലിയ തോതില്‍ എണ്ണശേഖരമുണ്ട്. അവര്‍ക്ക് അതുപയോഗപ്പെടുത്താനുള്ള സാങ്കേതികവിദ്യയും സമ്പത്തുമുണ്ട്. അതുകൊണ്ട് ആരെയും ഭയക്കേണ്ട കാര്യമില്ല. ഇന്ത്യ എണ്ണ വാങ്ങാതിരുന്നാലും റഷ്യക്ക് എന്തെങ്കിലും അപകടം ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 34 ശതമാനവും റഷ്യയില്‍ നിന്നാണ്. ട്രംപ് അവകാശപ്പെടുന്ന പോലെ അതവസാനിപ്പിക്കുകയാണെങ്കില്‍ ഇന്ത്യയിലെ പെട്രോളിയം വിലകളെ ബാധിക്കുകയില്ലേ, രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലേ? പ്രത്യേകിച്ചും റഷ്യയില്‍നിന്നു സൗജന്യ നിരക്കിലാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്ന സാഹചര്യത്തില്‍?
നിലവിലെ സാഹചര്യത്തില്‍ എണ്ണവിലയ്ക്ക് മാറ്റം വരുമെന്ന് തോന്നുന്നില്ല. സമ്പദ് വ്യവസ്ഥയെ തീര്‍ച്ചയായും ബാധിക്കില്ല. നമ്മുടെ ആഭ്യന്തര കമ്പോളം വളരെ ശക്തമാണ്. കിറ്റക്സ് പോലുള്ള പല കമ്പനികളുടെയും കയറ്റുമതി നൂറുശതമാനവും നടന്നിട്ടുണ്ട്. മാത്രമല്ല, മറ്റുള്ളവരും നമ്മുടെ ആഭ്യന്തര മാര്‍ക്കറ്റിലേക്ക് തിരിയുകയാണ്. വിതരണശൃംഖല നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ നമുക്ക് ഒരു പ്രശ്നവുമില്ല. അന്താരാഷ്ട്ര സാഹചര്യത്തില്‍ ഒരുപാട് അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും സാഹചര്യം അത്രയ്ക്ക് മോശമല്ല.
ബംഗ്ലാദേശിലെ ഢാക്കയില്‍ ഈയിടെ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെടുത്തി മോദിക്കെതിരെ വധശ്രമമുണ്ടായി എന്ന് കുറച്ചു ദിവസമായി സാമൂഹികമാധ്യമങ്ങളില്‍ കഥ പ്രചരിക്കുന്നു. ‘ആസിയാനി’ല്‍നിന്നും വിട്ടുനില്‍ക്കുന്നതുമായി അതിന് എന്തെങ്കിലും ബന്ധമുണ്ടോ?
ഒരു ബന്ധവുമില്ല. നിലവില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയസാഹചര്യം നല്ലതല്ല. അതുകാരണമാണ് ഇത്തരം സാധ്യതകളെക്കുറിച്ച് ആള്‍ക്കാര്‍ സംസാരിക്കുന്നത്. അതൊന്നും ഗൗരവമായി എടുക്കേണ്ടതില്ല. ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യത്തില്‍ പൊതുവായുള്ള ഭീഷണിയാണത്. ആര്‍ക്ക് വേണമെങ്കിലും അത് ചൂഷണം ചെയ്യാവുന്നതേയുള്ളൂ.
ചൈനയ്ക്കും റഷ്യയ്ക്കും ഒരിക്കലും ശരിക്കുള്ള സുഹൃത്തുക്കളാകാൻ ആകാന്‍ കഴിയുകയില്ലെന്ന് ട്രംപ് പറഞ്ഞു. സുഹൃത്തുക്കളാകാന്‍ അവരെ ഒബാമയും ബൈഡനും നിര്‍ബന്ധിതമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു. എന്താണ് ട്രംപ് ഉദ്ദേശിക്കുന്നത്, റഷ്യയെ ഒറ്റപ്പെടുത്തുകയാണോ?
ആദ്യം റഷ്യയെ ഉപയോഗിച്ച് ചൈനയെ തകര്‍ക്കുക എന്നതായിരുന്നു അവരുടെ പരിപാടി. അപ്പോഴാണ് അവര്‍ തമ്മില്‍ യോജിപ്പുണ്ടായത്, കരാര്‍ ഉണ്ടാക്കിയത്. അതോടെ റഷ്യയെ ഉപയോഗിച്ച് ചൈനയെ തകര്‍ക്കാനുള്ള പദ്ധതി അവര്‍ മാറ്റിവച്ചു. അതാണ് ഇന്ത്യയും മനസ്സിലാക്കേണ്ടത്- റഷ്യയുടെയോ ചൈനയുടെയോ വശം ചേര്‍ന്നുകൊണ്ട് അമേരിക്കയെ ഒഴിവാക്കാന്‍ നമുക്കു പറ്റില്ല. നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മറ്റൊരു ഓപ്ഷന്‍ നമുക്കില്ല, അമേരിക്കക്കൊപ്പം തന്നെ നില്‍ക്കേണ്ടിവരും.
കഴിഞ്ഞ അഭിമുഖത്തില്‍ അങ്ങ് ഇതേകാര്യം പറഞ്ഞപ്പോള്‍ ഒരു വിഭാഗം ശക്തമായി വിമര്‍ശിച്ചിരുന്നു...
അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്, അവര്‍ നോക്കുന്നത് വേറെ താല്പര്യമാണ്. നമുക്ക് വേറെ ഓപ്ഷന്‍ ഇല്ലെന്നു പറയുമ്പോള്‍ ഞാന്‍ സിഐഎ ഏജന്റാണെന്ന് പറയും. അതിലൊന്നും കാര്യമില്ല. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഇതിലും വലിയ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. 1998-ലെ പൊഖ്റാന്‍ ആണവ പരീക്ഷണത്തിനു ശേഷം രണ്ടുവര്‍ഷം ഇരുകൂട്ടരും പരസ്പരം സംസാരിക്കാത്ത സാഹചര്യമുണ്ടായി. രണ്ടായിരത്തില്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിക്കുംവരെ ഇരുരാജ്യങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അവിടെനിന്നു നമ്മള്‍ തിരിച്ചു വന്നതിന്റെ അര്‍ത്ഥം ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരപൂരകമായ ചില കാര്യങ്ങള്‍ ഉണ്ടെന്നാണ്. ഏതാണ്ട് ആറുമാസം പരസ്പരം ഒട്ടും സംസാരിക്കാതിരുന്ന ശേഷം യുഎസ് വിദേശകാര്യ സെക്രട്ടറി മാഡ്ലിന്‍ ഓള്‍ബ്രൈറ്റും ഇന്ത്യന്‍ വിദേശമന്ത്രി ജസ്വന്ത് സിങ്ങും തമ്മില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കാനാവാത്തതല്ലെന്നു ഞാന്‍ പറയുന്നത് അതുകൊണ്ടാണ്.
പക്ഷേ, പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രശ്നങ്ങള്‍ അമേരിക്കയില്‍ ഉണ്ടാവുന്നുണ്ട്. വിസാ പ്രശ്നം, വിദ്യാര്‍ത്ഥി പ്രശ്നം... ഇന്ത്യക്കാര്‍ക്കെതിരായ വംശീയമായ ആക്രമണങ്ങള്‍ കൂടുന്നു. ഇക്കഴിഞ്ഞ ദീപാവലിയോടനുബന്ധിച്ച ഇന്ത്യന്‍ വംശജനും ട്രംപിന്റെ വ്ശ്വസ്തനുമായ അമേരിക്കയുടെ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെതിരെപ്പോലും മാഗാ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) പ്രസ്ഥാനക്കാരുടെ സൈബര്‍ ആക്രമണമുണ്ടായി
ഇന്ത്യയെപ്പറ്റി, ഇന്ത്യക്കാരെ പറ്റി അമേരിക്കയില്‍ ഒരു ഭയമുണ്ട്. അത് എല്ലാകാലത്തും ഉണ്ടായിരുന്നു. മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി ഇന്ത്യക്കാര്‍ ഇപ്പോള്‍ മിണ്ടുന്നേയില്ല. ഭയം കൊണ്ടാണ് പ്രതിഷേധിക്കാന്‍ തയ്യാറാകാത്തത്. എച്ച് വണ്‍ ബി വിസ റദ്ദാക്കുകയോ കുട്ടികളെ പുറത്താക്കുകയോ ചെയ്യുമെന്ന ഭയം യുഎസ്സിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ട്. നമ്മള്‍ അമേരിക്കയുമായി പൊരുത്തപ്പെടണമെന്നാണ് എന്റെ അഭിപ്രായം. അത് ജനപ്രിയമായ അഭിപ്രായമല്ല, അവരെ ഒരു പാഠം പഠിപ്പിച്ചു കളയാമെന്ന വിശ്വാസമാണ് പൊതുവെ. ഇന്നത്തെ സാഹചര്യത്തില്‍ അതു സാധ്യമല്ലെന്നാണ് എന്റെ അഭിപ്രായം. നമ്മളെ പിന്തുണയ്ക്കാന്‍ ആരുമില്ല. റഷ്യയും ചൈനയും ഒരുമിച്ചാണ്. എവിടെയാണ് നമ്മള്‍ പോവുക?
കുറച്ച് വിട്ടുവീഴ്ച ചെയ്തെങ്കിലും അനുരഞ്ജനത്തിന് തയ്യാറാകണം എന്നാണോ?
തീര്‍ച്ചയായും. എന്റെ മാത്രമല്ല, മറ്റു പലരുടെയും അഭിപ്രായം അതാണ്. പക്ഷേ, ആര്‍ക്കും പറയാന്‍ ധൈര്യമില്ല.
അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ ട്രംപിന്റെ കാലാവധി കഴിയുംവരെ കാക്കണം, അല്ലെങ്കില്‍ അദ്ദേഹം ദുര്‍ബലനാവണം എന്നാണ് പൊതുവേ പറഞ്ഞു കേള്‍ക്കുന്നത്. പക്ഷേ, അധികപ്രയത്നമുണ്ടെങ്കില്‍ ട്രംപ് ഇരിക്കുമ്പോള്‍ തന്നെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താവുന്നതാണ് എന്നാണോ?
അതെ. നമ്മള്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കണമെന്നാണ്
എന്റെ അഭിപ്രായം. നിലപാട് മാറ്റണമെന്നല്ല. ട്രംപിനെ കാണില്ല, ‘ആസിയാനി’ല്‍ പങ്കെടുക്കില്ല എന്നൊക്കെ പറയുന്നത് കുറച്ചു ബാലിശമല്ലേ? അമേരിക്കയെ ഒരിക്കലും നമുക്ക് ശത്രുസ്ഥാനത്ത് നിര്‍ത്താനാവില്ല.
ആസിയാനില്‍ മോദി നേരിട്ട് പങ്കെടുക്കണമെന്നാണോ?
തീര്‍ച്ചയായും. പോകാതിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് മെച്ചം ഒന്നുമില്ല, നഷ്ടം വരാനുമില്ല.
ട്രംപിനെ നേരില്‍ കണ്ടാല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന്റെ പതിവുള്ള നാടകങ്ങള്‍ക്കു നിന്നു കൊടുക്കണം എന്ന ഭയമാണോ?
എന്നു പറഞ്ഞ് നമുക്ക് പേടിച്ചു നടക്കാന്‍ പറ്റുമോ?
സമീപകാലത്ത് വിദേശരംഗത്ത് ഇത്രയും സംഭവബഹുലമായ ഒരു വര്‍ഷം ഉണ്ടായിട്ടില്ല, ഒക്ടോബറായിട്ടേ ഉള്ളൂ
ട്രംപിനെപ്പോലെ ഒരു പ്രസിഡണ്ട് മുമ്പ് ലോകത്തുണ്ടായിട്ടില്ലല്ലോ. ഒട്ടും യുക്തിസഹമല്ലാതെ പെരുമാറുന്ന ഒരാള്‍.
പക്ഷേ അയാളുടെ ഭ്രാന്തിന് ഒരു പദ്ധതി ഉണ്ടോ, എ മെഥഡ് ഇന്‍ മാഡ്നെസ്?
അതുണ്ട്. അയാള്‍ വിഡ്ഢി അല്ല. തീര്‍ച്ചയായും അദ്ദേഹത്തിന് തന്റേതായ കണക്കുകൂട്ടലുകള്‍ ഉണ്ട്. അവ രാഷ്ട്രീയപരമല്ല, ബിസിനസ് സംബന്ധമാണ്.
ഇന്ത്യ ട്രംപിനെ അതിജീവിക്കുമോ?
ഇപ്പോള്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ പ്രശ്നത്തിലാണ്. ഉപതെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റം നന്നാവും. എന്തായാലും കുറച്ചുകാലം കൂടി തള്ളിക്കൊണ്ട് പോവുക എന്നത് മാത്രമേ നമുക്കു ചെയ്യാനുള്ളൂ. നയതന്ത്രത്തില്‍ വെട്ടൊന്ന് മുറി രണ്ട് എന്ന രീതി നടക്കില്ലല്ലോ. മറ്റൊരു ഓപ്ഷന്‍ എപ്പോഴും കയ്യിലുണ്ടാവണം. റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനെ കുറിച്ചു സൂചനകള്‍ വരുന്നതും നിഷേധിക്കാതിരിക്കുന്നതുമൊക്കെ അതുകൊണ്ടാണ്.
യുക്രൈന്‍ യുദ്ധം അവസാനിക്കുമോ?
അവസാനിക്കണമല്ലോ. യുദ്ധം അവസാനിപ്പിക്കാന്‍ പുതിന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ വളരെ വ്യക്തമാണ്. റഷ്യ പിടിച്ചെടുത്ത രണ്ടുമൂന്നു പ്രവശ്യകള്‍ മുഴുവന്‍ റഷ്യന്‍ വംശജരാണ്. അത് റഷ്യക്ക് കൊടുത്താല്‍ പ്രശ്നങ്ങളെല്ലാം അവസാനിക്കും. പക്ഷേ, സെലന്‍സ്‌കി സമ്മതിക്കുന്നില്ല.
Content Highlights: us sanctions Russian oil tp sreenivasan interview asean summit
Published: 25 Oct 2025, 07:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented