ആറുവർഷക്കാലത്തെ  ഗവർണർ പദവി ഒഴിഞ്ഞശേഷം കോഴിക്കോട്ട് തിരിച്ചെത്തിയ പി.എസ്.ശ്രീധരൻപിള്ള മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസുമായുള്ള അഭിമുഖത്തിൽ തന്റെ നിലപാടുകളും അനുഭവങ്ങളും പങ്കുവെക്കുന്നു.
 
രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന കാലത്താണ് 2019-ൽ അങ്ങ് മിസോറാം ഗവർണറായി ചുമതലയേൽക്കുന്നത്. പിന്നീട് ഗോവയിലുമായി ആറുവർഷം ഗവർണറായി പ്രവർത്തിച്ച താങ്കൾ വലിയ വിവാദങ്ങളൊന്നുമില്ലാതെ കാലവാധി പൂർത്തിയാക്കി. ഇത് എങ്ങനെ സാധ്യമായി എന്ന് വിവരിക്കാമോ.
 
പൂർണ സംതൃപ്തിയോടെയാണ് ഗവർണർ പദവി ഒഴിയുന്നത്. ഗവർണർമാർ രാജ്ഭവനുകളിൽ ഇരുന്ന് സമയം ചിലവഴിക്കുന്നതിന് പകരം ജനങ്ങളുമായി ഇടപഴകാനും അവരുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ശ്രമിച്ചാൽ ഗവർണർ പദവി നാടിന് ഗുണകരമാവും. ഭരണഘടനയിൽ ആരാണ് പ്രധാനി. ഗവർണറോ, മുഖ്യമന്ത്രിയോ, പാർലമെന്റോ സുപ്രിംകോടതിയോ അല്ല പ്രധാനി. ജനമാണ് പ്രധാനി. ഈ മർമ്മം തിരിച്ചറിഞ്ഞ് ഞാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. അതിൽ പൂർണവിജയം നേടി എന്നാണ് വിശ്വസിക്കുന്നത്. ആദ്യം മിസോറാമിൽ ഗവർണറായി ചെല്ലുമ്പോൾ പുത്തരിയിൽ കല്ലുകടി എന്നതായിരുന്നു അവസ്ഥ. പ്രതിപക്ഷനേതാവായിരുന്ന കോൺഗ്രസിലെ  ലാൽതൻവാല അന്ന് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തു. ഹിന്ദുവർഗീയത തള്ളാനുള്ള ചവറ്റുകൊട്ടയായി മിസോറാമിനെ മാറ്റാനാവില്ലെന്ന് ആരോപിച്ചായിരുന്നു കരിദിനം. അക്ഷരാർത്ഥത്തിൽ ഞാൻ അമ്പരന്നുപോയ സന്ദർഭമായിരുന്നു അത്. പക്ഷേ പരസ്യമായി ഞാൻ ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പരസ്പരം കണ്ടുമുട്ടിയാൽ പോലും മിണ്ടാത്ത സാഹചര്യമായിരുന്നു അന്ന് അവിടെയുണ്ടായത്. ഇരുവരുമായി ഞാൻ വ്യക്തിബന്ധം സ്ഥാപിച്ചു. ഒന്നിച്ച് വേദിപങ്കിടാതിരുന്ന ഇരുവരെയും എന്റെ പുസ്തകപ്രകാശന ചടങ്ങിൽ ഒരുവേദിയിൽ കൊണ്ടുവന്നു. ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിൽ നല്ല ബന്ധം വളർത്തിയെടുക്കുന്നതിൽ രാജ്ഭവൻ വിജയിച്ചു. അസാധ്യമായി ഒന്നുമില്ല. നമ്മുടെ ഇടപെടലാണ് പ്രധാനം. രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവർണർ. അതേസമയം ജനം തിരഞെടുത്തവരാണ് മുഖ്യമന്ത്രിയും സംസ്ഥാനസർക്കാരും. ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം. രണ്ടുകൂട്ടരും പരസ്പരം മാനിക്കണം. ആ സമന്വയമാണ് ജനാധിപത്യത്തിന്റെ വിജയം. ഗോവയിൽ ഗവർണറായി ചുമതലയേൽക്കാൻ ചെല്ലുമ്പോൾ അസാധരണമായ സാഹചര്യമുണ്ടായി. നിലവിലുണ്ടായിരുന്ന രാജ്ഭവൻ സെക്രട്ടറിക്ക് പുറമേ സർക്കാർ നിയമിച്ച മറ്റൊരു സെക്രട്ടറി കൂടി ചുമതലയേറ്റു. എന്നെ സ്വീകരിക്കാനായി രണ്ട് സെക്രട്ടറിമാർ ബൊക്കെയുമായി എത്തി. രണ്ടുസെക്രട്ടറിമാരെ കണ്ടപ്പോൾ ആകെ അമ്പരപ്പായി. ഞാൻ ഒന്നും പറഞ്ഞില്ല. രാത്രി മുഖ്യമന്ത്രിക്ക് ഒരു കുറിപ്പെഴുതി. ചെറിയൊരു പ്രശ്‌നമുണ്ട്. സമയമുണ്ടെങ്കിൽ നേരിൽ വന്ന് കാണണമെന്ന് സൂചിപ്പിച്ചു. അടുത്ത ദിവസം രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ. രാവിലെ ഒമ്പതിന് ചീഫ് സെക്രട്ടറി എത്തി. പുതിയ സെക്രട്ടറിയെ നിയമിക്കുമ്പോൾ ' കൺസൾട്ട് വിത്ത് ഗവർണർ “ എന്ന് വ്യവസ്ഥയുണ്ട്. നിങ്ങൾ എന്നോട് കൺസൾട്ട് ചെയ്തില്ലല്ലോ. സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്, കൺസൾട്ട് എന്നാൽ അർത്ഥമാക്കുന്നത് കൺകറൻസ് എന്നാണ്. താങ്കൾ എന്നോടും ആലോചിച്ചില്ല, പഴയ ഗവർണറോടും ആലോചിച്ചില്ല. ഇത് നിയമവിരുദ്ധമാണ്. സർക്കാറിന്റെ നടപടി ഞാൻ റദ്ദ് ചെയ്താൽ  വലിയ വാർത്തയാവും. അതുകൊണ്ട് ഇക്കാര്യത്തിൽ പുനഃപരിശോധന വേണം എന്ന് പറഞ്ഞു. സർക്കാർ ഉടനെ പ്രശ്‌നം പരിഹരിച്ചു. അന്ന് സർക്കാർ ഉത്തരവ് ഞാൻ മരവിപ്പിച്ചിരുന്നെങ്കിൽ വലിയ വിവാദമാവുമായിരുന്നു. അതിന് വ്യവസ്ഥയുണ്ട്. പക്ഷേ അങ്ങനെ ചെയ്താൽ അത് ജനം തിരഞെടുത്ത സർക്കാറിന്റെ മുഖത്തടിക്കുന്നതിന് തുല്യമാണ്. അവർ പ്രതികൂട്ടിലാവും. തർക്കം ഒഴിവാക്കുകയായിരുന്നു എന്റെ പ്രവർത്തനശൈലി. പല ബില്ലുകളും വരുമ്പോൾ സർക്കാരിന് ചില താൽപര്യങ്ങളുണ്ടാവും. അത് സ്വാഭാവികമാണ്.  അവരുടെ താൽപര്യം കൂടി കണക്കിലെടുത്ത്, പിശകുണ്ടെങ്കിൽ , ഭരണഘടനക്ക് നിരക്കാത്തതാണെങ്കിൽ അത് പറഞ്ഞ് ബോധ്യപ്പെടുത്തും. ഒരിക്കൽ പോലും ഞാൻ മുഖ്യമന്ത്രിയെയോ, ചീഫ് സെക്രട്ടറിയേയോ വിളിച്ചുവരുത്തിയിട്ടില്ല ( സമൺ ചെയ്തിട്ടില്ല). എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ഒന്നുവന്ന് കാണണം എന്ന് പറഞ്ഞ് ഒരു ചായകുടിക്കാനായി ക്ഷണിക്കും. കാണാൻ വന്നാൽ സംസാരത്തിനിടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും പ്രശ്‌നം പരിഹരിക്കും. അതുകൊണ്ടുതന്നെ ഏറ്റുമുട്ടൽ ഒഴിവായി.

To advertise here,

ഗവർണർ പദവിതന്നെ അനാവശ്യമാണ് എന്ന് ചില രാഷ്ട്രീയപാർട്ടികളും സംസ്ഥാനസർക്കാരും പറയുന്നുണ്ടല്ലോ.
  
ഗവർണർ പദവി ആവശ്യമില്ലെന്ന് രൂപകൽപന ചെയ്യുന്ന കാലത്തുതന്നെ ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഡോ.അംബേദ്ക്കറാണ് ഇത് വേണം എന്ന നിലപാടെടുത്തത്. ഗവർണർ ജനം തിരഞെടുക്കുന്ന ആളാവണം എന്നും ഒരു വാദമുണ്ടായിരുന്നു. അപ്പോൾ ഒരേ സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഗവർണറും- രണ്ട് തിരഞെടുക്കപ്പെട്ടവർ ഉണ്ടാവുന്നത് അധികാരതർക്കത്തിന് കാരണമാവും എന്ന വിലയിരുത്തലുണ്ടായി. ഏതെങ്കിലും സംസ്ഥാനം രാജ്യതാത്പര്യത്തിന് എതിരായി പ്രവർത്തിക്കുകയോ നിയമനിർമ്മാണം നടത്തുകയോ ചെയ്താൽ  അത് പരിശോധിക്കാനൊരു സംവിധാനം വേണ്ടേ. ആർട്ടിക്കിൾ 352,356 പോലുള്ള വിഷയം വരുമ്പോൾ സംസ്ഥാനവുമായി കൂടിയാലോചനയുടെ ആവശ്യമില്ല. അവിടെ ഗവർണർക്ക് സ്വന്തം നിലയിൽ പ്രവർത്തിക്കാം. ഈയൊരു കരുതൽ ഭരണഘടനയിലുണ്ട്. അതേസമയം തിരഞെടുക്കപ്പെട്ട സർക്കാറിന്റെ മാൻഡേറ്റിനെ മാനിക്കണം.

അനുരജ്ഞനത്തിന്റെ ശൈലിയാണ് താങ്കൾ സ്വീകരിച്ചത് എന്ന് പറഞ്ഞല്ലോ. എന്നാൽ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ  ഗവർണറും സർക്കാരും തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ നടക്കുകയാണ്.
  
ഗവർണർക്ക് ചില വിവേചനാധികാരമുണ്ട്. രാജ്യതാത്പര്യത്തെ ഹനിക്കുന്ന പ്രവർത്തനമുണ്ടായാൽ മാന്യതയിൽ ഒതുങ്ങിനിന്ന് പ്രവർത്തിക്കാൻ ഗവർണർമാർക്ക് സാധിക്കില്ല. ഗവർണറായാലും മുഖ്യമന്ത്രിമായായാലും വ്യക്തികളാണ്. ശാഠ്യം പിടിക്കുന്നവരുണ്ടാവും. ഓരോരുത്തരും യുക്തിപൂർവ്വം പ്രവർത്തിക്കണം. അതിൽ ആര് വിജയിച്ചു, ആര് പരാജയപ്പെട്ടു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

കേരളത്തിൽ ഉണ്ടായ തർക്കം എന്തെങ്കിലും രാജ്യതാത്പര്യത്തിന്റെ പേരിലായിരുന്നില്ല. വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കേറ്റ് തുടങ്ങിയ ചില നിയമനങ്ങളെ ചൊല്ലിയാണല്ലോ
 
സർവകലാശാലകളുടെ കാര്യത്തിൽ ഗവർണർക്കുള്ള അധികാരം സുപ്രീംകോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലകളിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് യഥേഷ്ടം ഇടപെടാം. സർവകലാശാലയുടെ കാര്യത്തിൽ മാത്രമേ ചാൻസലർ എന്ന നിലയിൽ ഗവർണറെ കോടതിയിൽ കക്ഷി ചേർക്കാൻ കഴിയൂ. മറ്റൊരു കേസിലും ഗവർണറെ കക്ഷിചേർക്കാൻ കഴിയില്ല. ഗവർണർ പദവിയും ചാൻസലർ പദവിയും രണ്ടായി തന്നെ കാണണം. സർവകലാശാലകൾക്ക് അതിന്റെ സ്റ്റാറ്റിയുട്ടാണ് പ്രധാനം. സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളിൽ  സർക്കാർ അനാവശ്യമായി കൈകടത്താൻ ശ്രമിക്കുന്നത് ശരിയല്ല. ഭരണകൂടത്തിന്റെ കൈവെള്ളയിലിട്ട് അമ്മാനമാടാനുള്ളതല്ല സർവകലാശാലകൾ.
 
ഗവർണർ പദവി ഒഴിഞ്ഞ സാഹചര്യത്തിൽ താങ്കൾ വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുമോ

ജനകീയരാഷ്ട്രീയത്തിലും ധാർമ്മികരാഷ്ട്രീയത്തിലും ഞാൻ തീർച്ചയായും ഉണ്ടാവും. പക്ഷേ അത് അധികാരരാഷ്ട്രീയമാവില്ല. അധികാരരാഷ്ട്രീയത്തിലേക്ക് വരണമോ എന്ന് എന്റെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഞാൻ എന്നും ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അത് ഒരു കുടുംബമാണ്, ആശയമാണ്. മരിക്കുംവരെ അത് എന്റെ രക്തത്തിലുണ്ടാവും. പൊതുപ്രവർത്തകൻ, അഭിഭാഷകൻ, എഴുത്തുകാരൻ - ഈ മൂന്ന് മേഖലയിലും തുടരും.

ബി.ജെ.പി ആവശ്യപ്പെട്ടാൽ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമോ

ഞാൻ തുടങ്ങിയ കാലത്തെ രാഷ്ട്രീയസമവാക്യമല്ല ഇന്നുള്ളത്. സംഘടനാതലത്തിൽ വലിയ മാറ്റം വന്നു. മുൻപ് കമ്മ്യുണിസ്റ്റ്പാർട്ടിയിലെയും ബി.ജെ.പിയിലേയും നേതാക്കൾ  സ്ഥാനത്തിനുവേണ്ടി ആരെയും സമീപിക്കാറില്ല. ഇന്ന് എല്ലാ പാർട്ടികളിലും യശ്ശപ്രാർത്ഥികളുടെ എണ്ണം കൂടി. ജയപ്രകാശ് നാരായൺ, രാംമനോഹർലോഹ്യ തുടങ്ങിയവർ എന്തെങ്കിലും പദവിക്കുവേണ്ടിയല്ല  പ്രവർത്തിച്ചത്. കേരളത്തിൽനിന്ന് ആദ്യമായി ബി.ജെ.പി ഒരാളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ ആലോചിച്ചപ്പോൾ പി.പരമേശ്വരന്റെ പേരാണ് ആദ്യം പരിഗണിച്ചത്. അത് നിരസിച്ച അദ്ദേഹം പകരം ഒ.രാജഗോപാലിന്റെ പേര് നിർദ്ദേശിച്ചു. ഇത്തരം നേതാക്കളുടെ എണ്ണം എല്ലാ രാഷ്ട്രീയപാർട്ടികളിലും കുറഞ്ഞുവരികയോ അന്യംനിന്ന് പോവുകയോ ചെയ്തു.

രണ്ട് തവണ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി താങ്കൾ പ്രവർത്തിച്ചിട്ടുണ്ട്. അന്നത്തെ അവസ്ഥയിൽനിന്നും പാർട്ടിക്ക് മുന്നോട്ടുപോവാൻ സാധിച്ചിട്ടുണ്ടോ. ഇപ്പോഴും കേരളം ബി.ജെ.പിക്ക് പാകമായിട്ടില്ല എന്ന അവസ്ഥയല്ലേ.കേരളത്തിൽ ബി.ജെ.പിക്ക് പുതിയ നേതൃത്വം വന്നു. പാർട്ടിയുടെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു
 
കേരളത്തിൽ ജയിക്കണമെങ്കിൽ ബി.ജെ.പി പൊതുസമൂഹത്തെ മുഴുവൻ ഉൾക്കൊണ്ട് മുന്നോട്ടുപോവണം.1991-ൽ ഞാൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന കാലത്താണ് പാർട്ടി ആദ്യമായി രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ കൺവൻഷൻ വിളിച്ചുചേർത്തത്. ഒറ്റ ഹിന്ദുവോട്ടർ പോലുമില്ലാത്ത ലക്ഷദ്വീപിൽ പാർട്ടി ഉണ്ടാക്കാൻ കേന്ദ്രനേതൃത്വം 1999-ൽ എന്നെയാണ് ചുമതലപ്പെടുത്തിയത്. പിന്നീട് 2003-ൽ  സംസ്ഥാനപ്രസിഡന്റായശേഷം 2004ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽനിന്നും മൂവാറ്റുപുഴയിൽനിന്നുമായി രണ്ട് എം.പിമാരെ ബി.ജെ.പിക്ക് തിരഞെടുത്തയക്കാനായി. അതുവരെ ആറ് ശതമാനമായിരുന്ന വോട്ട് 13 ശതമാനമായി കേരളത്തിൽ ഉയർന്നു. കാഡർ കൊണ്ട് മാത്രം ജയിക്കാനാവില്ല. തന്ത്രം പ്രധാനമാണ്. ഇതൊക്കെ പിന്നീട് വന്നവർ ഗൗരവമായി പഠിച്ചിട്ടുണ്ടോ എന്നറിയില്ല. ആരെയും കുറ്റപ്പെടുത്തുകയല്ല. മൂവാറ്റുപുഴയിൽ ജയിച്ചതിന്റെ സ്ട്രാറ്റജി ഇതുവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ല.

ക്രൈസ്തവ മേഖലയിൽ ബന്ധം സ്ഥാപിച്ചതല്ലേ ആ നേട്ടത്തിന് കാരണമായത്.
 
അതുമാത്രമല്ല. അങ്ങനെയെങ്കിൽ ലക്ഷദ്വിപിൽ എങ്ങനെ ജയിച്ചു. അവിടെ ക്രൈസ്തവരില്ലല്ലോ. രാജ്യത്താകെ ബി.ജെ.പി ന്യൂനപക്ഷവേട്ട നടത്തുന്നു എന്ന് കൊണ്ടുപിടിച്ച പ്രചരണം നടക്കുമ്പോഴാണ് ഈ നേട്ടമുണ്ടാക്കിയത്. കാര്യങ്ങൾ പഠിച്ച് തന്ത്രം മെനഞ്ഞാൽ അസാധ്യമായി ഒന്നുമില്ല.

 കാര്യങ്ങൾ പഠിക്കുന്ന  നേതൃത്വം ഇപ്പോൾ പാർട്ടിക്ക് ഇല്ല എന്നാണോ ഉദ്ദേശിച്ചത്.
  
അതേ പറ്റി പൊതുഅഭിപ്രായത്തിന് ഞാൻ മുതിരുന്നില്ല. പക്ഷേ രാജീവ് ചന്ദ്രശേഖറിന് ഇത്തരം കാര്യങ്ങളിൽ ദിശാബോധമുണ്ട്. 2004-ൽ 13 ശതമാനം വോട്ടു ലഭിച്ചപ്പോൾ 2009,2014-കളിൽ  രണ്ടക്കം തികയ്ക്കാൻ സാധിച്ചില്ല. ഇതൊക്ക പാർട്ടി പഠനവിഷയമാക്കേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വമാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത്. പഠിപ്പിക്കേണ്ടവർ തന്നെ പഠിച്ചില്ലെങ്കിൽ എന്ത് ചെയ്യും.

അടിയന്തരാവസ്ഥക്കെതിരായി നടന്ന പോരാട്ടത്തിൽ  സംഘപരിവാറിന് അവകാശപ്പെടാൻ ഒന്നുമില്ലെന്ന് നിലമ്പൂർ ഉപതിരഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നല്ലോ.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ആർ.എസ്.എസിന് ഒരു പങ്കുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നെ ഏറെ ദുഖിപ്പിച്ചു. 1975 ജൂൺ 25-ന് രാത്രി അടിയന്തരാവസ്ഥ നിലവിൽവന്നശേഷം  ആദ്യമൂന്ന്  മാസം കേരളത്തിൽ സി.പി.എം പ്രതിഷേധരംഗത്തുണ്ടായിരുന്നു.1975 സെപ്റ്റംബറിന് ശേഷം ആർ.എസ്.എസും ലോകസംഘർഷ സമിതിയുമല്ലാതെ  സി.പി.എം ഉൾപ്പെടെ ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയിൽപ്പെട്ടവർ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് ജയിലിൽ പോയിട്ടുണ്ടോ. അങ്ങനെപോയ ഒരു മലയാളിയുടെ പേര് പറഞ്ഞാൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. പിണറായിവിജയനെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചു എന്നത് സത്യമാണ്. കണ്ണൂരിൽ ശക്തമായ കാഡറുള്ള പാർട്ടിയായിട്ടും അന്ന് സി.പി.എം തെരുവിലിറങ്ങിയോ. അന്ന് നിയമസഭയിൽ ഇ.എം.എസ് ആയിരുന്നു പ്രതിപക്ഷനേതാവ്. ഒരു വാക്കൗട്ട് പോലും ഉണ്ടായില്ല. പാർലമെന്റിൽ എ.കെ.ജിയായിരുന്നു പ്രതിപക്ഷനേതാവ്. പ്രതിഷേധം ഉണ്ടായോ. എന്തുകൊണ്ട്. അകാരണമായ ഭയം എല്ലാവരെയും വിഴുങ്ങി. അന്ന് പോലീസ് അതിക്രമങ്ങൾക്കെതിരെ മുന്നോട്ടുവന്ന ആർ.എസ്.എസിനെ അപഹസിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം.

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചതിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ. എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നുണ്ടോ.
 
നിഗൂഢതകളുടെ ചുരുൾ അഴിയുമ്പോഴല്ലേ സത്യം അറിയാൻ കഴിയൂ. എന്തോ ചീഞ്ഞുനാറുന്നു എന്ന് താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. യഥാർത്ഥ ചിത്രം എന്താണെന്ന് എനിക്കും അറിയില്ല. പത്രവാർത്തകളിൽ പലതും കാണുന്നുണ്ട്. അതിന്റെയൊന്നും നിജസ്ഥിതി അറിയില്ല.

ശശിതരൂർ അടുത്തിടെയായി നടത്തുന്ന പ്രസ്താവനകൾ ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും അനുകൂലിക്കുന്നതാണെന്ന് കോൺഗ്രസിൽ തന്നെ ആരോപണമുണ്ട്. എന്താണ് താങ്കളുടെ വിലയിരുത്തൽ. തരൂർ കോൺഗ്രസ് വിടാൻ സാധ്യതയുള്ളതായി കരുതുന്നുണ്ടോ.
 
നേഷൻ ഫസ്റ്റ്, പൊളിടിക്‌സ് ആന്റ് റിലിജിയൻ നെക്സ്റ്റ്  എന്ന തരൂരിന്റെ നിലപാടിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. നരേന്ദ്രമോദിക്കെതിരെ ഒരു എഫ്.ഐ.ആർ പോലുമില്ലാതിരുന്നിട്ടും ഒരു കലാപത്തിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് തെറ്റായ വാർത്ത ബി.ബി.സി കൊടുത്തത് ശരിയാണെന്ന് പ്രതിപക്ഷനേതാവ് വിദേശത്തുപോയി പ്രസംഗിക്കുന്നത് എന്ത് രാജ്യതാത്പര്യം വെച്ചാണ്. രാജ്യതാത്പര്യം ഹനിക്കുന്ന രീതിയിൽ വിദേശത്ത് പോയി കക്ഷിരാഷ്ട്രീയം പ്രസംഗിക്കുന്ന സമീപനം മുൻകാലങ്ങളിൽ ആരും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ശശിതരൂരിന്റെ നിലപാടിനെ ഞാൻ മാനിക്കുന്നു.

 തരൂർ ബി.ജെ.പിയിലേക്ക് വരും എന്ന് അഭ്യൂഹമുണ്ട്. അങ്ങനെ സംഭവിക്കുമോ.

 എനിക്കൊരു പ്രവാചനകനാവാൻ സാധിക്കില്ല. പക്ഷേ ഒരു കാര്യം പറയാം. രാജ്യവിരുദ്ധശക്തികളെ പിന്തുണച്ച് സംസാരിക്കുന്നത് ശരിയല്ലയെന്ന് നേരത്തെ വിദേശകാര്യമന്ത്രിയായിരുന്ന മറ്റൊരു കോൺഗ്രസ് നേതാവും പറഞ്ഞിട്ടുണ്ട്. അങ്ങനെ കോൺഗ്രസിന്റെ അകത്തളങ്ങളിൽ തുറന്നു ചിന്തിക്കുന്നവർ പുറത്തുവന്ന് വ്യത്യസ്ത ചിന്താധാരയുമായി സഹകരിക്കാൻ തയ്യാറായാൽ അത്ഭുതപ്പെടേണ്ടതില്ല.

ഈ വിവാദങ്ങൾക്ക് ശേഷം ശശിതരൂരുമായി ഫോണിലോ നേരിട്ടോ സംസാരിച്ചിട്ടുണ്ടോ.
 
സ്വകാര്യത അങ്ങനെ വെളിപ്പെടുത്താൻ പാടില്ല. അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.

സദാനന്ദൻമാസ്റ്ററെ അടുത്തിടെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തല്ലോ. ബി.ജെ.പി.ക്കുവേണ്ടി പതിറ്റാണ്ടുകളോളം പ്രവർത്തിച്ച മുൻ സംസ്ഥാനപ്രസിഡന്റുമാരെയും നേതാക്കളെയും ഇതുവരെ കാര്യമായി പരിഗണിച്ചില്ല എന്നൊരു പരാതി പാർട്ടിക്കുള്ളിൽ ഉണ്ടോ.
 
ഭാവിയിൽ എന്തെങ്കിലും പദവി ലഭിക്കും എന്ന് പ്രതീക്ഷിച്ചല്ല ആരും സംഘടനയിൽ പ്രവർത്തിക്കുന്നത്. സദാനന്ദൻമാസ്റ്ററുടെ നിയമനത്തെ കുറ്റപ്പെടുത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. പാർട്ടിയിലെ സീനിയോറിറ്റി നോക്കിയല്ല ഗവർണർ, രാജ്യസഭാംഗം തുടങ്ങിയ പദവികളിലേക്ക് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോടൊപ്പം വേദി പങ്കിടാൻ കഴിയില്ല എന്ന് പറഞ്ഞവരാണ് അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. ഇപ്പോൾ അവിടെ ചെന്ന് കാണേണ്ട സ്ഥിതി വന്നില്ലേ. അതുകൊണ്ട് അന്ധമായ വിരോധം വെച്ചും മുന്നോട്ടുപോവുന്നത് ആർക്കും ഗുണകരമല്ല.