
ചെന്നൈ: പൊതുജനങ്ങൾക്ക് ലോക്ഭവനിലെത്തി ആവലാതികൾ ബോധിപ്പിക്കാമെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു. ഉദ്യോഗസ്ഥരുമായി ജില്ലാതല അവലോകനയോഗം വിളിച്ച ഗവർണറുടെ നടപടിക്കെതിരേ സർക്കാരും പ്രതിപക്ഷവും രംഗത്തുവന്നിരിക്കേയാണ് തമിഴ്‌നാട്ടിൽ ആർലേക്കർ പുതിയ പോർമുഖം തുറക്കുന്നത്.
ശനിയാഴ്ച ലോക്ഭവനിലെ ഭാരതമണ്ഡപത്തിൽ ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവേയാണ് ഗവർണർ ജനങ്ങളുടെ പരാതി പരിഹാരത്തിന് നേരിട്ടിറങ്ങുമെന്ന സൂചന നൽകിയത്.
‘ജനങ്ങൾക്ക് എന്തെങ്കിലും ആവലാതികളുണ്ടെങ്കിൽ ലോക് ഭവനെ സമീപിക്കാം. ഗവർണറിൽനിന്നോ സർക്കാരിൽനിന്നോ അവരെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതു ഞങ്ങളറിയണം. ഗൗരവമുള്ള പ്രശ്‌നങ്ങൾ ഞാൻ മുഖ്യമന്ത്രിയുമായി സംസാരിക്കും. പ്രശ്‌നപരിഹാരത്തിന് ഒരുമിച്ചു ശ്രമിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങളകറ്റാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഏകോപിച്ചു പ്രവർത്തിക്കണം’ -ആർലേക്കർ പറഞ്ഞു.
മധുരാ സന്ദർശനവേളയിൽ വ്യാഴാഴ്ചയാണ് ജില്ലാകളക്ടറുമായും സിറ്റി പോലീസ് കമ്മിഷണറുമായും നഗരസഭാ കമ്മിഷണറുൾപ്പെടെയുള്ള മറ്റ് ഉന്നതോദ്യോഗസ്ഥരുമായും ഗവർണർ ഭരണകാര്യങ്ങൾ അവലോകനംചെയ്തത്. വൈഗാ നദിയുടെ സംരക്ഷണത്തിന് നടപടിയെടുത്തില്ലെങ്കിൽ ലോക് ഭവൻ ഇടപെടുമെന്ന് ഒരു ചടങ്ങിൽ അദ്ദേഹം മുന്നറിയിപ്പു നൽകുകയുംചെയ്തു. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിനു പിന്നാലെയായിരുന്നു ഗവർണറുടെ മധുരാ സന്ദർശനം.
സംസ്ഥാനഭരണം ഡൽഹിയിൽനിന്നാണ് നിയന്ത്രിക്കുന്നതെന്നതിന്റെ തെളിവാണ് ഗവർണറുടെ അവലോകനയോഗമെന്ന് ഡി.എം.കെ. നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരിന്റെ അധികാരത്തിൽ കൈകടത്താൻ ഗവർണറെ അനുവദിക്കില്ലെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ ഗവർണറുടെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും മന്ത്രി സി.ടി.ആർ. നിർമൽകുമാർ പറയുകയുംചെയ്തു. ഇതേക്കുറിച്ച് ലോക് ഭവൻ പ്രതികരിച്ചിട്ടില്ല.
Content Highlights: Governor Arlekar opens Lok Bhavan for direct public complaints., Proposed coordination with CM Joseph Vijay for grievance resolution., Controversy sparked by governor's direct review meetings with district officials., DMK government resists governor's intervention in administrative matters.
Published: 05 Jul 2026, 08:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented