ചിത്രം മുന്നോട്ടുവെക്കുന്ന പ്രതിലോമകരമായ രാഷ്ട്രീയം തിരിച്ചറിയുംവരെ മലയാളികൾക്ക് കേവലം മറ്റൊരു ട്രോൾ മെറ്റീരിയൽ മാത്രമായിരുന്നു 'ദ കേരളാ സ്‌റ്റോറി 2- ഗോസ് ബിയോണ്ട്' ട്രെയ്ലർ. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേരിലെ 'കേരള'ത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജികൾ എത്തിയതോടെയാണ് അതിന്റെ ഗൗരവം മനസിലായത്. കേസിപ്പോൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന് മുന്നിലാണ്. മൂന്ന് ഹർജികളാണ് ഹൈക്കോടതിയിലുള്ളത്. മലയാളികളെ അരികുവത്കരിക്കാനുള്ള രാഷ്ട്രീയപദ്ധതിയാണ് ചിത്രമെന്നാണ്, ഹർജിക്കാരിൽ ഒരാളായ ഫ്രെഡ്ഡി വി. ഫ്രാൻസിസ് പറയുന്നത്. ചിത്രത്തിനെതിരേ കേസുമായി മുന്നോട്ടുപോകാനുള്ള സാഹചര്യത്തെക്കുറിച്ച് 'മാതൃഭൂമി ഡോട്ട്‌കോമിനോട്' സംസാരിക്കുകയാണ് സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഫ്രെഡ്ഡി.

To advertise here,

'ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ടി'നെതിരേ നിയമനടപടി സ്വീകരിക്കാനുണ്ടായ സാഹചര്യമെന്താണ്?

ഞാൻ കേരളത്തിൽ പുറത്ത് ജോലിചെയ്തു ജീവിക്കുന്ന ആളാണ്. കേരളത്തിന് പുറത്ത് ജീവിക്കുമ്പോൾ പല ആളുകളുമായി ഇടപഴകേണ്ടിവരും. 'ദ കേരള സ്റ്റോറി' ആദ്യഭാഗം വന്നതിൽ പിന്നെ, ചിത്രത്തിൽ പറയുന്നതുപോലെയാണ് കേരളത്തിൽ നടക്കുന്നതെന്നുള്ള തെറ്റിദ്ധാരണകൾ പല ആളുകൾക്കുമുണ്ട്. കേരളത്തിൽ വരാത്ത, സംസ്ഥാനത്തിന് പുറത്ത് ജീവിക്കുന്ന പല ആളുകളേയും കൂടാതെ മലയാളികളുടെ ഇടയിൽ പോലും ഇത്തരം തെറ്റിദ്ധാരണകളുണ്ട്. പുറംലോകവുമായിട്ട് ബന്ധമില്ലാത്ത മലയാളികളുടെ ഇടയിൽ തന്നെ ഇങ്ങനെയുള്ള കുറെ ചിന്തകളുണ്ട്. ജോലിപരമായ സാഹചര്യങ്ങളിൽ പലപ്പോഴും ഇതേപോലെ ചോദ്യങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ പറയുന്നപോലെ മാന്യമായി ജീവിക്കാനുള്ള അവകാശം എനിക്കുണ്ട്. ചിത്രം പ്രചരിപ്പിച്ച തെറ്റിദ്ധാരണകൾ എന്നെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് കേസുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്. ക്രിയേറ്റീവ് ഫ്രീഡം ഉപയോഗിച്ച് എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, കേരള എന്നു പേരുവെച്ച്, ഒരു വലിയസമൂഹത്തെ മുഴുവൻ തെറ്റിദ്ധാരണയുടെ മുൾമുനയിൽ നിർത്തുന്നതിനെതിരെയാണ് കേസ് ഫയൽ ചെയ്തത്. പ്രത്യേകിച്ച് എനിക്ക് വ്യക്തിപരമായി ഒരുപ്രശ്‌നംകൂടി നേരിടേണ്ടി വന്നപ്പോൾ.

എന്താണ് ഹർജിയിലെ ആവശ്യം?

കേരള സ്റ്റോറി എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ഒരു ആവശ്യം. 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രമിറങ്ങിയ സമയത്തും പ്രശ്‌നമായപ്പോൾ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നു. സമാനമാണ് ഈ കേസും. എന്നെ വ്യക്തിപരമായി ബാധിച്ചതുകൊണ്ടാണ് കേസ് കൊടുത്തത്.

ടീസർ നീക്കംചെയ്യാൻ കോടതി നിർദേശിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാലത് നിർമാതാക്കൾ നിഷേധിച്ചു. കോടതിയിൽ എന്താണ് സംഭവിച്ചത്?

കേസ് പരിഗണിച്ച ദിവസം ടീസർ നീക്കം ചെയ്യാൻ പറ്റുമോയെന്ന് കോടതി ചോദിച്ചു. നീക്കം ചെയ്യാമെന്ന് നിർമാതാവ് മറുപടി നൽകി. പിന്നീട് നടന്ന വാദത്തിൽ നിർമാതാക്കൾ തന്നെ നീക്കം ചെയ്യാൻ പറ്റില്ലെന്ന് തിരുത്തി. നീക്കംചെയ്യാൻ ആദ്യം സമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.

ആദ്യഘട്ടത്തിൽ മലയാളികൾ വെറും ബീഫ് ട്രോളുകളിലേക്ക് ചിത്രത്തിന്റെ ട്രെയ്ലറിനെ ഒതുക്കിയോ? അതിലെ സാമൂഹികപ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചോ?

ഇതുപോലെ കൂടുതൽ ആളുകളിലേക്ക് എത്തുന്ന ഒരു ഫീച്ചർ ഫിലിം വരുമ്പോൾ അത് എത്തിച്ചേരുന്നത് സാമൂഹികമാധ്യമങ്ങളിൽ റീൽസുകൾ കാണുന്ന പ്രേക്ഷകരിലേക്ക് മാത്രമല്ല. മലയാളമറിയാത്ത, ഹിന്ദി സംസാരിക്കുന്ന വളരെ ലോക്കൽ ആയിട്ടുള്ള ആളുകളിലേക്കുവരെ ചിത്രമെത്തും. കളിയാക്കിക്കൊണ്ട് നമ്മൾ ചെയ്യുന്ന കണ്ടെന്റോ, ട്രോളുകളോ മനസിലാക്കാനുള്ള മിനിമം ബുദ്ധിപോലും ഇല്ലാത്ത ആളുകളിലേക്കാണ് ഈ ചിത്രമെത്തുക. 'ഛാവ' സിനിമ കണ്ട് കുഴിമാടം കുത്തിപ്പൊളിക്കാൻ പോയ ആളുകളാണ്. അത്തരക്കാർക്കിടയിലേക്ക് 'കേരളാ സ്‌റ്റോറി 2' പോലെയൊരു സിനിമ ഇറങ്ങി കഴിഞ്ഞാൽ, അവർ എന്താണ് മനസിലാക്കാൻ പോവുന്നത് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

സാമൂഹികമാധ്യമങ്ങളിൽ ലൈക്കും ഷെയറും കിട്ടുന്ന കണ്ടെന്റുകൾക്ക് പിന്നാലെയായിരിക്കും ആളുകൾ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ, അതിൽ മലയാളിക്ക് ഏറ്റവും വേഗം റിലേറ്റ് ചെയ്യാൻ പറ്റിയ വിഷയം അതിലെ ബീഫ് പ്രശ്‌നം തന്നെയായിരുന്നു. അതുകൊണ്ടാണ് ആളുകൾ ആദ്യഘട്ടത്തിൽ അതിന് പിന്നാലെപ്പോയത്. അതിൽനിന്നെല്ലാം വ്യത്യസ്തമായി വർക്ക് ലൈഫിനേയും സോഷ്യൽ ലൈഫിനേയും ബാധിക്കുന്ന ഒരുപാട് പ്രശ്‌നങ്ങൾക്ക് ആ ട്രെയ്‌ലർ കാരണമുണ്ടായിട്ടുണ്ട്.

റിലീസിനോട് അടുത്ത് ഹർജിയുമായി കോടതിയെ സമീപിച്ചത് ദുരുദ്ദേശപരമാണെന്നാണ് നിർമാതാക്കളുടെ വാദം...

ഒൻപത് ദിവസംമുമ്പ് മാത്രമാണ് ട്രെയ്‌ലർ പുറത്തിറങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് കേസ് ഫയൽ ചെയ്തത്. കോടതി അവധിയുള്ള ദിനങ്ങൾ കണക്കാക്കിയാൽപ്പോലും കേസുമായി പോകാൻ വൈകിയിട്ടില്ല.

'ഹാലി'ലെ 'ബീഫിന്' കട്ട് നിർദേശിച്ച സെൻസർ ബോർഡ്, കേരളാ സ്‌റ്റോറിക്ക് പച്ചക്കൊടികാട്ടി. ഇരട്ടത്താപ്പാണോ?

'ദ കേരളാ സ്‌റ്റോറി 2- ഗോസ് ബിയോണ്ടി'ന് സെൻസർ ബോർഡ് യു/ എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ഇത്രയും വയലൻസുള്ള സെൻസിറ്റീവായ, അഡൽട്ട് കണ്ടെന്റുള്ള സിനിമക്ക് കൊടുക്കേണ്ട സർട്ടിഫിക്കറ്റാണോ യു/ ഇ. കോടതിയും ഇക്കാര്യം ചോദിച്ചിരുന്നു. ഇതിൽനിന്ന് തന്നെ കാര്യം വ്യക്തമാണ്.

ഹൈക്കോടതി സിനിമ കാണുന്നതിനെ നിർമാതാക്കൾ എതിർത്തല്ലോ?

കോടതി സിനിമ കണ്ടാൽ അവരുടെ പ്രൊപ്പഗാൻഡ പുറത്തു വരും. അത് ചിത്രത്തെ സാമ്പത്തികമായി ബാധിക്കും. അതൊക്കെക്കൊണ്ടാവാം അവർ എതിർക്കുന്നത്. ലോകത്തെല്ലായിടത്തും മലയാളികളുണ്ട്. മറ്റ് ഇന്ത്യൻ കമ്യൂണിറ്റികളേക്കാൾ വളരേ സ്വാധീനമുള്ളവരാണ് മലയാളികൾ. നമ്മളെ താറടിച്ചു കാണിച്ചാൽ അവിടെ പുതിയവിഭാഗം ഉയർന്നുവരും. നമ്മളെ എങ്ങനെയെങ്കിലും അരികുവത്കരിക്കാനുള്ള പൊളിറ്റിക്കൽ പ്രൊജക്ട് കൂടിയാണ് ചിത്രം.

കേസും വിവാദവും വഴി ചിത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് പബ്ലിസിറ്റി ഫലത്തിൽ പ്രൊമോഷൻ ആവില്ലേ?

ഞാൻ കേസ് കൊടുത്തില്ലെങ്കിലും ചിലപ്പോൾ ഇതേ അനുഭവമുള്ള മറ്റാരെങ്കിലും കേസ് കൊടുക്കും. എന്തിനെയാണ് നമ്മൾ അഡ്രസ് ചെയ്യുന്നത് എന്നത് പ്രധാനമാണ്. നെഗറ്റീവ് പബ്ലിസിറ്റി പല രീതിയിൽ ഉണ്ടാക്കാം. നിയമപരമായി പോരാടുന്നത് നെഗറ്റീവ് പബ്ലിസിറ്റി അല്ലല്ലോ. മിനിമം ബുദ്ധിയുള്ളവർ എന്തുകൊണ്ടാണ് കേസുമായി പോയതെന്ന് ആലോചിക്കും. അങ്ങനെയല്ലാത്ത ആളുകൾ പടം കണ്ട് പ്രൊപ്പഗാൻഡ വിശ്വസിക്കും.

കലയെ നിയമപരമായി നേരിടുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സംബന്ധിച്ച ചോദ്യങ്ങൾ കൂടെ ഉയർത്തുന്നില്ലേ?

ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ എന്തിനെയും പോർട്രേറ്റ് ചെയ്യാം. ആ സ്വാതന്ത്ര്യം എനിക്കും നിങ്ങൾക്കുമുണ്ട്. സിനിമ എടുക്കാൻ സാങ്കേതികമായി അറിവില്ലാത്തവർക്കുപോലും ഇന്ന് ഫോൺ ഉണ്ടെങ്കിൽ സിനിമയെടുക്കാം. പക്ഷേ, അങ്ങനെ സിനിമയെടുക്കുന്നത് സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതിനും സാമൂഹികഘടനയെ തകർക്കുന്നതിനുമാവരുത്. കേവലം സാമൂഹികവിമർശനമല്ല ചിത്രത്തിൽ പറയുന്നത്. അതിലുള്ള പല കാര്യങ്ങളും നടന്നിട്ടില്ലെന്ന് അവർ തന്നെ പറയുന്നു. പിന്നെ എന്തിനാണ് ഈ പേര് ഉപയോഗിക്കുന്നത് എന്നാണ് ചോദ്യം. കേരളമായതുകൊണ്ട് കേസുമാത്രമേയുണ്ടായിട്ടുള്ളൂ. കർണാടകയിലോ തമിഴ്‌നാട്ടിലോ ആയിരുന്നെങ്കിൽ കേസിന് പോകില്ല. പകരം രണ്ടുദിവസംകൊണ്ട് അവർ എല്ലാം കത്തിച്ച് സാധനം പൂട്ടിക്കെട്ടിയേനെ. കേരളത്തിലായതുകൊണ്ട് കേസിന് പോയി.