നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു.
താങ്കള്‍ പ്രസിഡന്റായശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പാണ്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്ന പാര്‍ട്ടി എന്തുകൊണ്ടാണ് നിലപാട് മാറ്റിയത്.
ഞാന്‍ ആദ്യം പറഞ്ഞത് ഇപ്പോഴും പറയുന്നു. ആറേഴു മാസത്തേക്ക് ഒരു എം.എല്‍.എയെ തിരഞ്ഞെടുക്കാന്‍ ജനങ്ങളുടെ നാല്‍പ്പതോ, അമ്പതോ കോടി രൂപ ചെലവാക്കി നടത്തുന്ന അനാവശ്യ തിരഞ്ഞെടുപ്പാണിത്. ഏറ്റവും ഞെട്ടിക്കുന്ന കാര്യം ഇവിടുന്ന് രാജിവച്ച എം.എല്‍.എ വീണ്ടും മത്സരിക്കുന്നു എന്നതാണ്. പിന്നെ എന്തിനാണ് രാജിവെച്ചത്? എങ്കിലും ഞങ്ങള്‍ മത്സരിക്കില്ല എന്ന് പറഞ്ഞിട്ടില്ല.. ഞങ്ങള്‍ കൂടുതല്‍ പ്രധാനമായി കാണുന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യാസഖ്യത്തില്‍ പെട്ട നാല് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത് എന്നു വ്യക്തമായി. കോണ്‍ഗ്രസിന്റെ ആര്യാടന്‍ ഷൗക്കത്ത്, സി.പി.എമ്മിന്റെ സ്വരാജ്, തൃണമൂലിന്റെ പി.വി അന്‍വര്‍, പിന്നെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി. ജനങ്ങള്‍ക്ക് മറിച്ച് ഒരു ചോയിസ് കൊടുക്കാത്ത ഫിക്സ്ഡ് മാച്ച്. കഴിഞ്ഞ രണ്ട് ടേമില്‍ നിലമ്പൂരിലെ ജനങ്ങള്‍ക്ക് കൊടുത്ത ഒരു വാഗ്ദാനവും പാലിക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ അവരുടെ എംഎല്‍എ രാജിവച്ചുപോയത്, ഇപ്പോള്‍ വീണ്ടും മത്സരിക്കുന്നത്? ഒന്നും നടക്കാത്ത 70, 75 വര്‍ഷത്തിനുശേഷം നിലമ്പൂരില്‍ മാറ്റം ഉണ്ടാക്കണമെങ്കില്‍, വികസനം കൊണ്ടുവരണമെങ്കില്‍ എന്‍.ഡി.എ വരണം. ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും കഴിവും താല്പര്യവും കാഴ്ചപ്പാടും ഞങ്ങള്‍ ശക്തമായി ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കും. അവര്‍ തീരുമാനിക്കട്ടെ.
അഡ്വ. മോഹന്‍ ജോര്‍ജിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ അതില്‍ ഒരു ക്രിസ്ത്യന്‍ കാഴ്ചപ്പാട് ഉണ്ടായിരുന്നോ.
ഒരു സ്ഥാനാര്‍ത്ഥിയെയും ഞങ്ങള്‍ തീരുമാനിക്കുന്നത് ജാതിയോ മതമോ നോക്കിയിട്ടല്ല. വികസിത കേരളം, വികസിത നിലമ്പൂര്‍ എന്നത് ഞങ്ങളുടെ വെറും മുദ്രാവാക്യമല്ല. അതിനുവേണ്ടി അധ്വാനിക്കാനും ജനങ്ങളെ സേവിക്കാനും കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിയെയാണ് നോക്കിയത്. അധികാര രാഷ്ട്രീയമല്ല, പെര്‍ഫോമന്‍സ് പൊളിറ്റിക്സില്‍ വിശ്വസിക്കുന്ന ഒരു സ്ഥാനാര്‍ഥിയായിരുന്നു വേണ്ടിയിരുന്നത്. മലയോര മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു പരിചയമുള്ള വിദ്യാസമ്പന്നനായ മോഹന്‍ ജോര്‍ജ് ആ മാനദണ്ഡങ്ങള്‍ക്ക് ഇണങ്ങുന്ന ആളാണ്.
മലയോരപ്രദേശങ്ങളിലെ കൂടിവരുന്ന അസ്വസ്ഥത കണക്കിലെടുത്താണോ മോഹന്‍ജോര്‍ജിനെ തെരഞ്ഞെടുത്തത്
കഴിഞ്ഞ പത്തിരുപതു വര്‍ഷമായി നിലമ്പൂരില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളുടെ പട്ടിക ഞാനുണ്ടാക്കിയിരുന്നു. അതില്‍ വന്യമൃഗശല്യവും കര്‍ഷകരുടെ ദുരിതവും സാമ്പത്തികപ്രശ്നങ്ങളും പ്രധാനമാണ്. അവിടെയില്ലാത്ത സ്റ്റേഡിയവും ആശുപത്രിയും നിറവേറ്റാത്ത നിലമ്പൂര്‍ ബൈപ്പാസ് വാഗ്ദാനം അങ്ങനെ നിരവധി വിഷയങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കാത്തത് കൊണ്ടാണ് വന്യമൃഗശല്യം കൈകാര്യം ചെയ്യാന്‍ പറ്റാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. പക്ഷേ, 1923-ലെ വനാവകാശ നിയമത്തിലെ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ അധികാരവും കൊടുത്തിട്ടുണ്ട്. ഇവരത് ചെയ്യുന്നില്ല. അതിന് താല്പര്യവുമില്ല. മലയോര കര്‍ഷകരെ ഒരു വോട്ടുബാങ്കായി കാണാത്തതുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താല്പര്യമെടുക്കുന്നില്ല.
മുനമ്പം പ്രശ്നത്തിലെ നിലപാടും വഖഫ് ബില്ല് നടപ്പാക്കുന്നതും ഗണ്യമായ നിലമ്പൂര്‍ മണ്ഡലത്തിലെ മുസ്ലീങ്ങളെ അകറ്റുമോ.
കോണ്‍ഗ്രസും എല്‍.ഡി.എഫും പത്തിരുപതു വര്‍ഷമായി പ്രചരിപ്പിക്കുന്നതാണ് ബിജെപി വര്‍ഗീയ പാര്‍ട്ടിയാണ്, മുസ്ലിം വിരുദ്ധമാണ് എന്ന്. 2014 മുതല്‍ ഇന്നുവരെ മോദി പറഞ്ഞതും ചെയ്യുന്നതും സബ് കാ സാഥ് , സബ് കാ വികാസ് എന്നാണ്. ഞങ്ങളുടെ വികസിത കേരളത്തിനായുള്ള മുദ്രാവാക്യവും എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വേണ്ടിയും എന്നുതന്നെ. ഞങ്ങള്‍ ഒരു വോട്ടറെയും മതത്തിന്റെ പേരില്‍ കാണുന്നില്ല, നിലമ്പൂരിലെ മലയാളിയായി കാണും. എല്ലാ മലയാളി കുടുംബത്തിനും വികസനവും പുരോഗതിയും വേണം, വിദ്യാഭ്യാസവും തൊഴിലും അവസരങ്ങളും വേണം. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന നല്ല ഒരു എംഎല്‍എ, ഗുണം ചെയ്യുന്ന സര്‍ക്കാര്‍, പദ്ധതികള്‍, വികസനം എന്നിവയാണ് വേണ്ടത്.
നിലമ്പൂരില്‍ മുസ്ലീങ്ങളെ വിട്ട് മറ്റുള്ളവരുടെ വോട്ട് മാത്രം നോക്കാന്‍ പോവുകയില്ല. അബ്ദുള്ളക്കുട്ടിയെപ്പോലെ മുസ്ലിം സമുദായത്തില്‍പ്പെട്ട നിരവധി നേതാക്കള്‍ അവിടെ പ്രചാരണത്തിനുണ്ട്. അതുപോലെതന്നെ ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളില്‍ പെട്ട നേതാക്കളും. കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി ഒരു പദ്ധതിയിലും ഏതെങ്കിലും സമുദായത്തെ ഒഴിവാക്കിയിട്ടില്ല, എല്ലാവരുടെയും ഗുണത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ആരാണ് വര്‍ഗീയ പാര്‍ട്ടി, വര്‍ഗീയപ്രീണനം നടത്തുന്ന പാര്‍ട്ടി എന്ന് ഞങ്ങള്‍ നിലമ്പൂരിന് പറഞ്ഞുകൊടുക്കും.
ഈയിടെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി നടേശന്‍ മലപ്പുറം ജില്ലയില്‍ ഈഴവസമുദായം വിവേചനം നേരിടുന്നതായി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണത്തിന് വേണ്ടി നിലകൊള്ളുന്നവരല്ലേ അത് പ്രശ്നമാക്കുന്നത്? നമ്മുടെ ഭരണഘടനയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പാടില്ല എന്ന് എഴുതിവെച്ചിട്ടുള്ളതാണ്. സുപ്രീംകോടതി അത് ശരിവച്ചിട്ടുമുണ്ട്. എന്നിട്ടും ചില കക്ഷികള്‍ രാജ്യം മുഴുവന്‍ മുസ്ലീം സംവരണത്തിനായി വാദിക്കുന്നു. അത് മുസ്ലിങ്ങള്‍ക്കും എതിരാണ്. പിന്‍വാതില്‍ വഴി മതാടിസ്ഥാനത്തിലെ സംവരണം കൊണ്ടുവന്ന് ഒ.ബി.സി സംവരണത്തെ തകിടം മറിക്കാന്‍ ശ്രമിച്ചാല്‍ അതിന് പ്രതികരണമുണ്ടാവുമല്ലോ. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മതാടിസ്ഥാനത്തില്‍ സംവരണം ഉണ്ട്. അത് ചെയ്യുന്നത് ഒറ്റ പാര്‍ട്ടിയാണ്-കോണ്‍ഗ്രസ്. എന്നിട്ടാണ് ഞങ്ങളെ വര്‍ഗീയ പാര്‍ട്ടിയെന്നും പ്രീണന രാഷ്ട്രീയക്കാരെന്നും ആക്ഷേപിക്കുന്നത്.
റാപ്പര്‍ വേടനെ സംഘപരിവാറുകാര്‍ ടാര്‍ഗറ്റ് ചെയ്യുകയാണ് എന്ന് ആരോപണമുണ്ട്.
ഞങ്ങള്‍ ആരെയും ടാര്‍ഗറ്റ് ചെയ്യുകയില്ല, അത് ഞങ്ങളുടെ ഡി.എന്‍.എയില്‍ ഇല്ല. ഞങ്ങള്‍ ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. എമ്പുരാന്‍ സിനിമ വന്നപ്പോള്‍ ചിലര്‍ക്ക് ഇഷ്ടമായില്ല, അത് പറയുകയും ചെയ്തു. സിനിമ ഇഷ്ടമായില്ലെങ്കില്‍ കാണേണ്ട, അത്രയേ ഉള്ളൂ. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് പരിധി വിടുമ്പോഴാണ് പ്രശ്നമാവുന്നത്. ആര്‍ട്ടിക്കിള്‍ 19 നല്‍കുന്ന എല്ലാ അഭിപ്രായസ്വാതന്ത്ര്യത്തെയും ഞങ്ങള്‍ മാനിക്കുന്നു. അതുപോലെ ആര്‍ട്ടിക്കിള്‍ 19-2 തരുന്ന നിയന്ത്രണങ്ങളെയും. അപകീര്‍ത്തിപ്പെടുത്തുന്നതിനും ആള്‍ക്കാരെ ഇളക്കിവിടുന്നതിനും ഒന്നും ആര്‍ക്കും സ്വാതന്ത്ര്യമില്ല. അങ്ങനെ ചെയ്യാന്‍ അനുവദിക്കുകയില്ല ഞങ്ങള്‍. ഉദാഹരണത്തിന്, കഴിഞ്ഞ ലോക്സഭ ഇലക്ഷന് ഞാന്‍ ഏതോ സമുദായത്തിന്റെ വോട്ട് പണം കൊടുത്ത് വാങ്ങി എന്ന് ആക്ഷേപമുണ്ടായി, ഞാന്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു.
ഡോ. ശശി തരൂരിന് ബിജെപിയില്‍ ചേരാന്‍ താല്പര്യമുണ്ടായിരുന്നതായും താങ്കളുടെ ശക്തമായ നിലപാട് കാരണമാണ് അത് നടക്കാത്തതെന്നും പറഞ്ഞു കേട്ടിരുന്നു.
എന്നോട് ആരും ചോദിച്ചിട്ടില്ല, ചോദിക്കേണ്ട കാര്യവുമില്ല. ഞങ്ങളുടെ പാര്‍ട്ടി അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി എല്ലാവരെയും സ്വീകരിക്കും, അതിന് ഒരൊറ്റ മാനദണ്ഡമേ ഉള്ളൂ. നാടിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവും താല്‍പര്യവും ഉണ്ടാവണം, ദേശഭക്തി ഉണ്ടാവണം, ഇന്ത്യയ്ക്ക് വേണ്ടി സേവനം ചെയ്യാന്‍ ആഗ്രഹമുണ്ടാവണം. അങ്ങനെയുള്ള ആര്‍ക്കും കടന്നുവരാം. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തു നിന്നും എത്രയോ ചെറുപ്പക്കാരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുള്ളത്. പഴയകാലത്തെ അധികാരരാഷ്ട്രീയം അവര്‍ക്ക് ഇഷ്ടമില്ല. അത്തരം എത്രയോ ചെറുപ്പക്കാര്‍ ഉണ്ട് മറ്റു പാര്‍ട്ടികളില്‍. എല്‍.ഡി.എഫും കോണ്‍ഗ്രസും എന്നാല്‍ നാടിന്റെ ചരിത്രമാണ്, ബിജെപി അതിന്റെ ഭാവിയും.
വി.ഡി. സതീശന്‍ ആരോപിക്കുന്ന സിപിഎം-ബിജെപി അന്തര്‍ധാരയെ കുറിച്ച്.
അത് വലിയൊരു തമാശയാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യകക്ഷികളാണ്. എന്നിട്ട് ഇവിടെ നാടകം കളിക്കുകയാണ്, പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നു. ഞങ്ങളും ഈ പാര്‍ട്ടികളും തമ്മില്‍ എന്താണ് പൊതുവായിട്ടുള്ളത്? കോണ്‍ഗ്രസും ഞങ്ങളും തമ്മില്‍ സാമ്പത്തിക പ്രത്യയശാസ്ത്രം, രാഷ്ട്രീയ പ്രത്യയശാസ്ത്രം, യുവാക്കളെ കാണുന്ന രീതി തുടങ്ങിയവയില്‍ 180 ഡിഗ്രി വ്യത്യാസമല്ലേ ഉള്ളത്? രാഹുല്‍ ഗാന്ധിയും പിണറായി വിജയനും കാറല്‍ മാര്‍ക്സിന്റെ വിദ്യാര്‍ഥികള്‍ അല്ലേ, സമ്പത്തിന്റെ പുനര്‍വിതരണത്തില്‍ വിശ്വസിക്കുന്നവരല്ലേ? ഇത്തവണ ജനങ്ങളെ വിഡ്ഢിയാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. തങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയം വിട്ട് വികസനത്തിന്റെ കാര്യം പറയാനാണ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുക.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകളില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കേന്ദ്രം ഉത്സാഹം കാണിക്കുന്നില്ല എന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
നാഷണല്‍ ഹെറാള്‍ഡ്, അഗസ്ത വെസ്റ്റ്ലന്‍ഡ, ടൂ ജി തുടങ്ങിയ കേസുകളും മുന്നോട്ടു പോകുന്നില്ലല്ലോ. നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥ അങ്ങനെയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചാണ് ഈ കേസുകള്‍ വൈകിക്കുന്നതെന്ന് ഇടതുപക്ഷം പറഞ്ഞിട്ടില്ലല്ലോ. നമ്മുടെ കോടതികളില്‍ 20, 30 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. പാസഞ്ചര്‍ തീവണ്ടിയെക്കാള്‍ മെല്ലെ പോകുന്ന നീതിന്യായ വ്യവസ്ഥയാണ് നമ്മുടേത്. 65 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് ഈ സംവിധാനം ഉണ്ടാക്കിയത്.
കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ട സഹായം കേന്ദ്രം കൊടുക്കുന്നില്ല, വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസത്തിന് വിദേശസഹായം തേടാന്‍ കേരളത്തെ അനുവദിക്കാത്ത കേന്ദ്രം ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് അനുമതി കൊടുത്തു.. അങ്ങനെ പരാതികള്‍ നീളുന്നു.
കാല്‍ഭാഗം സത്യത്തില്‍ മുക്കാല്‍ഭാഗം നുണ ചേര്‍ത്തുള്ള പ്രചാരണമാണിത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ഭരണം കൊണ്ട് ഇടതുമുന്നണി കേരളത്തെ സാമ്പത്തികമായി സമ്പൂര്‍ണ തകര്‍ച്ചയില്‍ എത്തിച്ചു. ഇടതുമുന്നണിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരം സാഹചര്യമുണ്ടാകുന്നത്? ജി.എസ്.ടിയും കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വിഹിതവും കൂടാതെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മറ്റ് വരുമാനസ്രോതസ്സുകളും ഉണ്ടാവണം. നന്നായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ അത് നടക്കുന്നുണ്ട്. ദരിദ്ര സംസ്ഥാനമായിരുന്ന ഉത്തര്‍പ്രദേശ് വരുമാനമിച്ചമുള്ള സംസ്ഥാനമായതെങ്ങനെയാണ്? സാമ്പത്തികമായ മാനേജ്മെന്റ് ആണു കാര്യം.
കേന്ദ്രസര്‍ക്കാര്‍ തരുന്ന പണം കൊണ്ട് നാല് മന്ത്രിമാരെ വെച്ച് കാര്യങ്ങള്‍ നടത്തുന്നതല്ല ഭരണം. ഇവിടെ സാമ്പത്തിക പ്രവര്‍ത്തനം, നിക്ഷേപം, തൊഴില്‍ സൃഷ്ടിക്കല്‍ തുടങ്ങിയവ ഉണ്ടാകണം. കേരളത്തില്‍ അതെന്തെങ്കിലുമുണ്ടോ? നന്നായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തിന്റെ വിഹിതം കുറവു ചെയ്ത് കേരളത്തിന് അയക്കാന്‍ കഴിയുമോ? കേരളത്തിന് കേന്ദ്രവിഹിതമായി ഏറ്റവും കൂടുതല്‍ പണം കിട്ടുന്നത് ഇപ്പോഴാണ്. ആഗോള നിക്ഷേപക സംഗമം എന്നും പറഞ്ഞ് ഒരു നാടകം നടത്തി ഒമ്പതു വര്‍ഷത്തിനുശേഷം, ഭരണം തീരാന്‍ ആറുമാസമുള്ളപ്പോള്‍, വീണ്ടും അതുപോലൊന്ന് നടത്തിയിരിക്കുന്നു. ഈ ഒന്‍പതുകൊല്ലം ഒരു നിക്ഷേപവും വന്നിട്ടില്ല.
വര്‍ഷങ്ങളായി ജനങ്ങള്‍ക്ക് വാഗ്ദാനം കൊടുത്ത് കബളിപ്പിക്കുകയും തങ്ങളുടെ പരാജയത്തിന് മറ്റാരെയെങ്കിലും പഴിചാരുകയും ചെയ്യുന്ന മുന്നണികളാണ് കേരളം മാറിമാറി ഭരിച്ചത്. അവരാണ് കേരളത്തിന്റെ ശാപം. അവരൊന്നും ചെയ്തിട്ടില്ല, അതിനുള്ള കഴിവും കാഴ്ചപ്പാടും താല്പര്യവും അവര്‍ക്കില്ല. ഒരു സാമ്പത്തിക തത്വശാസ്ത്രം എന്ന നിലയില്‍ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം മരിച്ചതിന്റെ പ്രതീകമായി കേരളത്തെ ചൂണ്ടിക്കാട്ടാം. ഗൗതം അദാനിയെ ചങ്ങാത്ത മുതലാളിത്തം എന്നൊക്കെ പറഞ്ഞ് വിമര്‍ശിച്ചവര്‍ തന്നെയാണ് അദാനി ഞങ്ങളുടെ പങ്കാളിയാണ് എന്നു പറഞ്ഞു നടക്കുന്നത്. ഇതേ എല്‍.ഡി.എഫ് കുറച്ചുകാലം മുമ്പ് ഞാന്‍ കോര്‍പ്പറേറ്റ് ആണ്, തേങ്ങയാണ്, മാങ്ങയാണ് എന്നൊക്കെ പറഞ്ഞ് കുമരകത്തെ എന്റെ പരോക്ഷ നിക്ഷേപത്തിന് എട്ടു കോടിയുടെ നഷ്ടമുണ്ടാക്കിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാതായിരിക്കുന്നു, രാഷ്ട്രീയത്തിലും പ്രവര്‍ത്തനത്തിലും പ്രത്യയശാസ്ത്രത്തിലും. രണ്ടിലും രാജവംശങ്ങളുണ്ട്. രണ്ടിലും ഉണ്ട് മകളും മരുമകനും അഴിമതിയൂം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് താങ്കള്‍ പറഞ്ഞതായി കണ്ടു.
അങ്ങനെയല്ല ഉദ്ദേശിച്ചത്. ജനങ്ങള്‍ക്കു മടുത്തിരിക്കുന്നു എന്നാണ് എനിക്കു കിട്ടുന്ന ഫീഡ്ബാക്ക്. നാട്ടിലെ കഴിവുള്ള ചെറുപ്പക്കാരൊക്കെ പുറത്തുപോവുന്നു. ഞാന്‍ സിംഗപ്പൂരില്‍ ഒരു അന്താരാഷ്ട്ര എ.ഐ കോണ്‍ഫറന്‍സിന് പോയപ്പോള്‍ മൂന്നു മലയാളി കുട്ടികളെ കണ്ടു. വന്‍കിട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍. വളരെ കഴിവുള്ള കുട്ടികളാണ്. പക്ഷേ, അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ കേരളത്തിന് പുറത്തു പോകേണ്ട അവസ്ഥ. ഒരു മാറ്റം വരണം, മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് കിട്ടുന്ന അവസരം തങ്ങള്‍ക്കും കിട്ടണം, തങ്ങള്‍ക്കും വിജയിക്കണം എന്നവര്‍ ആഗ്രഹിക്കുന്നു. ആ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്ത് മാറ്റം കൊണ്ടുവരുന്ന തെരഞ്ഞെടുപ്പാവും എന്ന് ഞാന്‍ പറഞ്ഞത്. അതാണ് എന്റെ ഫീലിംഗ്. അല്ലാതെ 50 സീറ്റ് പിടിക്കും എന്നോ, 45 സീറ്റ് പിടിക്കുമെന്നോ എന്നല്ല. വികസനവും ഞങ്ങളുടെ വികസിത കേരളം എന്ന കാഴ്ചപ്പാടും വിജയിക്കും എന്നതില്‍ എനിക്ക് സംശയമില്ല.
ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തത്തെക്കുറിച്ച്.
രാജ്യത്തെ ഏറ്റവും നാണംകെട്ട ഒരു പാര്‍ട്ടി സംസ്ഥാന ഘടകമുണ്ടെങ്കില്‍ അത് കര്‍ണാടകത്തിലെ കോണ്‍ഗ്രസാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അഴിമതിയുടെ സൂപ്പര്‍താരങ്ങളെക്കാള്‍ മുകളിലാണ്. അവര്‍ അവിടെ ചെയ്യുന്നത് അഴിമതിയും നാണമില്ലാത്ത പ്രീണന രാഷ്ട്രീയവുമാണ്. കന്നഡ മാത്രമേ പാടുള്ളൂ എന്നു പറയുന്നവര്‍ ഉര്‍ദുവിന് സ്പെഷ്യല്‍ ഗ്രാന്റ് കൊടുക്കും. അങ്ങനെ വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചു കോണ്‍ഗ്രസ് നശിപ്പിച്ച സംസ്ഥാനമാണ് കര്‍ണാടകം. അവിടെ ജനങ്ങളുടെ ജീവന് വിലയോ കരുതലോ ഒന്നുമില്ല. ആ ദുരന്തം നടക്കുമ്പോള്‍ സിദ്ധരാമയ്യയും ശിവകുമാറും സ്റ്റേഡിയത്തിനകത്ത് ആഘോഷത്തിലായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട ആ 11 കുടുംബങ്ങളോട് മാപ്പ് ചോദിക്കാനുള്ള എളിമ അവര്‍ക്കുണ്ടായില്ല. പകരം അവര്‍ പോലീസിനെ അനുമോദിക്കുന്നു, തങ്ങളല്ല കുറ്റക്കാര്‍ എന്നു പറയുന്നു. ക്രമസമാധാനപാലനം പിന്നെ ഞങ്ങളുടെ ചുമതലയാണോ? അവിടുത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇവിടുത്തെ കോണ്‍ഗ്രസിന് പിന്തുണയ്ക്കുന്നത്, പണം നല്‍കുന്നത്.
എന്തായാലും വളരെ പെട്ടെന്ന് മലയാളം നന്നായി സംസാരിക്കാന്‍ പഠിച്ചിരിക്കുന്നു
ഞങ്ങള്‍ വികസനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ജനങ്ങളുടെ അടുത്തെത്താനും അവരുടെ മനസ്സില്‍ ഈ വികസന കാഴ്ചപ്പാട് എത്തിക്കാനും എനിക്ക് കഴിയുന്നുണ്ട്. സതീശനെപ്പോലെ ഞാന്‍ മലയാളം വിദ്വാനല്ല, അങ്ങനെ ആവാന്‍ ആഗ്രഹിക്കുന്നുമില്ല. ജനങ്ങളെ സേവിക്കാന്‍ ഞാന്‍ എന്തും ചെയ്യും, അധ്വാനിക്കും. ഞങ്ങളുടെ പാര്‍ട്ടിയൂം അതിനായി അധ്വാനിക്കും. ഞങ്ങളുടെ ആത്മാര്‍ത്ഥതയില്‍ ആര്‍ക്കും സംശയം ഉണ്ടാകരുത്.
Content Highlights: BJP state president Rajiv Chandrasekhar discusses Nilambur bye-election, criticizing LDF & UDF
Published: 06 Jun 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented