
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലേറ്റുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്നും കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുന്‍കൈ എടുക്കുമെന്നും ലീഗിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുനമ്പത്ത് നിന്നും ഒരാളെപ്പോലും കുടിയിറക്കില്ല എന്നത് ലീഗിന്റെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകരായ കെ.എ ജോണി, എം.പി. സൂര്യദാസ്, ആര്‍. ഗിരീഷ്‌കുമാര്‍, സി.പി.ബിജു, ഫഹ്‌മി റഹ്‌മാനി എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംവാദത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
രണ്ട് കൊല്ലം മുന്‍പാണ് താങ്കള്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത്. പൗരത്വ നിയമഭേദഗതി, സാമുദായിക സംഘര്‍ഷങ്ങള്‍ എന്നിവ ഇന്ത്യന്‍ രാഷ്ട്രീയം കലക്കി മറിച്ചുകൊണ്ടിരിക്കുന്ന സമയം. കേരളത്തിലാണെങ്കില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ലീഗ് അധികാരത്തിന് പുറത്ത്. എങ്ങനെയാണ് ഇത്തരം പ്രതിസന്ധികളെ കൈകാര്യം ചെയ്തത്
പ്രതിസന്ധികള്‍ പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. അത് സാമൂഹികമായ അവസ്ഥയാണ്. നിങ്ങള്‍ സൂചിപ്പിച്ച പ്രതിസന്ധികള്‍ ഹൈദരലി ശിഹാബ് തങ്ങളുടെ കാലത്തുതന്നെയുണ്ട്. അതിന്റെ തുടര്‍ച്ചയാണിപ്പോള്‍. അതിനെയെല്ലാം തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് മുഖ്യമായിട്ടുള്ളത് പാര്‍ട്ടി സംവിധാനം ഭദ്രമാകുക എന്നതാണ്. മുസ്‌ലിം ലീഗിന്റെ അടിത്തറ വളരെ ഭദ്രമാണ്. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സി.എച്ച്. മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ കാലത്തെല്ലാം ആ ഭദ്രത നിലനിന്നിട്ടുണ്ട്. ലീഗിനെക്കുറിച്ച് എല്ലാവരും പറയാറുള്ളത്, മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് ഒറ്റ വാക്കും അവസാന വാക്കും ലീഗിനും ലീഗ് നേതൃത്വത്തിനുമാണ് എന്നാണ്. ആ രീതിയില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്.
മുസ്ലിം ലീഗിന് രാഷ്ട്രീയമുണ്ട്, സാമുദായിക വിഷയങ്ങളുണ്ട്, സാമൂഹികമായ അവസ്ഥകളുണ്ട്. അതെല്ലാം ലീഗിന് ശ്രദ്ധിക്കേണ്ടിവരും. ഒരുപക്ഷേ, മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അങ്ങനെ വേണമെന്നുണ്ടാകില്ല, പൊതുവെയുള്ള രാഷ്ട്രീയം എന്താണെന്ന് നോക്കിയാല്‍ മതി. പ്രത്യേകിച്ച് സാമുദായിക വിഷയങ്ങളില്‍ അവര്‍ക്ക് ഇടപെടേണ്ടി വരില്ല. മുസ്ലിങ്ങളാല്‍ വിഭാവനം ചെയ്യപ്പെടുന്ന പാര്‍ട്ടി എന്ന നിലക്ക് മുസ്ലിം, സാമുദായിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഏറ്റവും ചോദ്യം ചെയ്യപ്പെടുക ലീഗാണ്.
അത്തരം ഘട്ടങ്ങളില്‍ ഇനി പാണക്കാട് തങ്ങളാണ് തീരുമാനം എടുക്കേണ്ടത് എന്ന് വരാറുണ്ടല്ലോ. അങ്ങനെ അന്തിമ തീരുമാനം എടുക്കേണ്ടി വരുന്നത് സമ്മര്‍ദ്ദമുണ്ടാക്കാറുണ്ടോ ?
തങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് പറയുമ്പോള്‍ നേതാക്കള്‍ അവരെത്തന്നെ ആശ്വസിപ്പിക്കുകയാണ്. അന്തിമ തീരുമാനം തങ്ങള്‍ ഒറ്റയ്ക്ക് എടുക്കുന്നതല്ല. എല്ലാവരുമായി കൂടിയാലോചിച്ച് തന്നെയാണ് തീരുമാനിക്കുക. സാമുദായിക വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തോട് മാത്രമല്ല, സാമുദായിക സംഘടനകളോടും ചര്‍ച്ച ചെയ്യും. ബാബരി മസ്ജിദ് വിഷയത്തിലും ഏറ്റവും അവസാനം മുനമ്പം പ്രശ്‌നത്തിലും അങ്ങനെയായിരുന്നു. സംഘടനാ, കക്ഷി നേതാക്കളുമായെല്ലാം ആലോചിച്ചാണ് തീരുമാനം. ഉന്നതാധികാര സമിതി എന്ന് പറയുന്ന കൂടിയാലോചനാ സമിതിയും പാര്‍ട്ടിക്കുണ്ട്. അവരുമായും കൂടിയിരുന്നാണ് അവസാനം തീരുമാനം പറയുക. അതിനെയാണ് തങ്ങളുടെ അവസാന വാക്ക് എന്ന് പറയുന്നത്.
അത്തരം തീരുമാനങ്ങളില്‍ അപാകം വന്നതായി ബോധ്യപ്പെട്ടാല്‍ പുന:പരിശോധിക്കാറുണ്ടോ? ഉദാഹരണമായി മുനമ്പം വിഷയത്തില്‍ ലീഗില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്
ലീഗില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുണ്ടാകും. അത് അവര്‍ക്ക് പറയാം. അവരെയും കൂട്ടിയിരുത്തിയാണ് അന്തിമ തീരുമാനത്തിലേക്ക് എത്തുന്നത്. വഖ്ഫില്‍ ഇസ്ലാമികമായി ഒരുപാട് വ്യവസ്ഥകളുണ്ട്. ഇവിടെ പക്ഷേ, നമ്മള്‍ അതിനെ കണ്ടത് മുനമ്പത്ത് താമസിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അവര്‍ വില കൊടുത്ത് വാങ്ങിയ, അവര്‍ ജീവിക്കുന്ന പ്രദേശമാണത്. അവര്‍ ഒരിക്കലും കുടിയിറക്കപ്പെടാന്‍ പാടില്ലെന്ന നിലപാടാണ് പാര്‍ട്ടി എടുത്തത്. സര്‍ക്കാരാണ് ഇതില്‍ അന്തിമമായി നടപടി എടുക്കേണ്ടത്. അതൊരു സാമൂഹിക അവസ്ഥയായാണ് കണ്ടത്. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദവും മതസൗഹാര്‍ദ്ദവുമൊക്കെ നിലനില്‍ക്കണം. അതിന് കോട്ടം പറ്റുന്ന ഒന്നുംതന്നെ ഉണ്ടായിക്കൂടാ. ഒരു കാരണവശാലും മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കുന്നതിന് ലീഗ് കൂട്ടുനില്‍ക്കില്ല.
ഇത്തരം നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നതിനിടയിലും സമീപകാലത്ത് പാണക്കാട് കുടുംബത്തിനുനേരെ പലവിധ വിമര്‍ശനങ്ങളും വിവാദങ്ങളും അടിക്കടി ഉയരുന്നു. ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദം എത് തരത്തിലാണ്. മറ്റൊരു കാര്യം, സാമൂഹിക മാധ്യമങ്ങളിലടക്കം തുറന്ന പുസ്തകം പോലെ വായിക്കാവുന്ന വ്യക്തിത്വമാണ് താങ്കളുടെത്. തൊടുപുഴയിലുള്ള ചായക്കടയെക്കുറിച്ച് വരെ തങ്ങള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഈ ജനകീയതയുടെ പിന്നില്‍ എന്താണ് ?
ചെറുപ്പം മുതലേ ഞങ്ങളുടെ കുടുംബരീതി എല്ലാവരുമായും ഇടപെടുന്നതാണ്. പിതാവിന്റെ കാലം തൊട്ടുള്ള ഓര്‍മകളാണ് എനിക്കുള്ളത്. ആളുകളുടെ ഇടയിലായിരുന്നു പിതാവ്. നേതൃത്വത്തിലുള്ളവര്‍ പബ്ലിക്കിന്റെ പ്രോപ്പര്‍ട്ടിയായാണ് അറിയപ്പെടാറുള്ളത്. നേരംവെളുത്ത് എണീറ്റുവരുമ്പോള്‍ത്തന്നെ കോലായിയില്‍ ഒരുപാട് ആളുകളെ കാണാം. അവര്‍ക്കിടയില്‍ ഒരു ബിന്ദുവായി ബാപ്പയെയും പിന്നീട് ശിഹാബ് തങ്ങളെയും കാണാം, കാര്‍ട്ടൂണില്‍ കാണുന്നപോലെ. പുറത്തിറങ്ങുമ്പോഴും ആള്‍ക്കാരുടെ കൂട്ടമുണ്ടാകും. അവരോടെല്ലാം ഞങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റും. പുറത്ത് പരിപാടികള്‍ക്ക് പോകുമ്പോളും തങ്ങളുടെ മകനാണെന്ന രീതിയില്‍ ആളുകള്‍ സംസാരിക്കും. അങ്ങനെ എല്ലാവരെയും മനസ്സിലാക്കാന്‍ ചെറുപ്പംതൊട്ട് തന്നെ ഞങ്ങള്‍ക്ക് കഴിയാറുണ്ട്. വളര്‍ന്നുവരുമ്പോള്‍ പിന്നെ അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറ്റില്ലല്ലോ. ചായക്കടയില്‍ കയറിയാല്‍ അവിടത്തെ വിഭവങ്ങള്‍ എന്താണെന്ന് നോക്കും. അത് ഉണ്ടാക്കിയത് എങ്ങനെയാണെന്ന് ചോദിക്കും. അത് അവര്‍ക്കും ഇഷ്ടപ്പെടും, നമ്മളോട് അടുപ്പം തോന്നും. തൊടുപുഴക്ക് അടുത്തുള്ള കടയില്‍ പോയപ്പോള്‍ അങ്ങനെ ഒരുപാട് സംസാരിച്ചു. അയാള്‍ക്ക് ഞാന്‍ ആരാണെന്ന് പിടികിട്ടിയിരുന്നില്ല. കുറെ സംസാരിച്ചപ്പോള്‍ അയാള്‍ക്ക് സംശയം തോന്നി. അവസാനം താന്‍ സഖാവാണെന്ന് അയാള്‍ പറഞ്ഞു. ആയിക്കോട്ടെ എന്ന് ഞാനും. കഞ്ഞിയും പയറും പപ്പടവുമെല്ലാമാണ് അന്ന് കഴിച്ചത്.
ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സമൂഹവും സമുദായവും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് തങ്ങള്‍ പറഞ്ഞു. സമുദായത്തെ പഴയതുപോലെ ഒറ്റക്കെട്ടായി കൂടെ നിര്‍ത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടോ? പ്രത്യേകിച്ച് സമസ്ത പോലുള്ള വിഷയങ്ങള്‍ പുറത്തുവരുമ്പോള്‍ അത്ര ഐക്യമില്ലെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം.
പ്രതിസന്ധികള്‍ നേരത്തെത്തന്നെയുണ്ട്. ഇപ്പോള്‍ അതിന്റെ രൂപവും ഭാവവും വര്‍ധിച്ചിട്ടുണ്ടെന്ന് മാത്രം. സോഷ്യല്‍ മീഡിയ സജീവമായ ഈ സമയത്ത് പ്രതിസന്ധിയുടെ ആഴവും പരപ്പും വര്‍ധിക്കുകയാണ്. പക്ഷേ, വിഷയത്തിന്റെ കാതല്‍ ഒന്നുതന്നെയാണ്. എന്റെ വല്ലിപ്പ (പിതാമഹന്‍) സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ ഇവിടെനിന്ന് നാട് കടത്തപ്പെട്ടവനാണ്. അന്ന് അദ്ദേഹം ഖാസിയും ആത്മീയ നേതാവുമായിരുന്നു. അന്ന് ലീഗ് ഇല്ല. തദ്ദേശീയരായ പോരാളികളോടൊപ്പം നിന്നതിനാണ് ബ്രിട്ടീഷുകാര്‍ നാടുകടത്തിയത്. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സഹായകരമായ നിലപാട് എടുത്ത് അദ്ദേഹം ജീവിച്ചു എന്നതായിരുന്നു കാരണം. അപ്പോള്‍ പ്രതിസന്ധി അന്നുമുതലേ ഉണ്ട്. പിതാവും ജയിലില്‍ കിടന്നയാളാണ്. അന്ന് ശിഹാബ് തങ്ങള്‍ ചെറിയ കുട്ടിയായിരുന്നു. അപ്പോള്‍ ശിഹാബ് തങ്ങള്‍ നേരിട്ട വലിയ പ്രതിസന്ധി അതായിരിക്കും. കുടുംബനാഥന്‍ ജയിലിലാകുന്നു, ശിഹാബ് തങ്ങളാണ് മൂത്ത കുട്ടി. ചെറുപ്പംമുതലേ പ്രതിസന്ധികളുമായി അങ്ങനെ കൂടിച്ചേരാന്‍ കഴിയുമ്പോള്‍ അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും അങ്ങനെ അതിജീവിക്കാന്‍ പറ്റും എന്നത് ഒരു ശീലമായി ദൈവാനുഗ്രഹം കൊണ്ട് കിട്ടിയിട്ടുണ്ടാകും. അതുകൊണ്ടാണ് പരിക്കുപറ്റാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുന്നത്. ഓരോ പ്രതിസന്ധി ഉണ്ടാകുമ്പോഴും നമുക്ക് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും വരികയാണ്.
താങ്കള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചു. സമസ്തയില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ വരുന്നു. വിമര്‍ശനങ്ങളോടുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്. പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ ?
സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എല്ലാവരുടെയും കാഴ്ചയിലുള്ള ആളാകുമല്ലോ നമ്മള്‍. അപ്പോള്‍ സ്വാഭാവികമായും നമുക്ക് സമൂഹത്തിനായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. എന്നാല്‍, നമ്മള്‍ ചെയ്ത കാര്യങ്ങള്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ടാകണമെന്നില്ല. നല്ലതല്ലെന്ന് തോന്നിയവര്‍ വിമര്‍ശിക്കും. ഇസ്ലാമിലെ രണ്ടാം ഖലീഫയായിരുന്ന ഉമറിന് പോലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എറ്റവുമധികം അധികാരമുണ്ടായിരുന്ന ഖലീഫയായിരുന്നു അദ്ദേഹം. അപ്പോഴും അതില്‍ അതൃപ്തി പ്രകടിപ്പിക്കാതെ ആ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. വിമര്‍ശനത്തില്‍ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തി മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് ഇസ്ലാമിക ചരിത്രം പറഞ്ഞുതരുന്നത്. ഒരിക്കല്‍ ഖലീഫക്കെതിരേ സ്ത്രീ വാളെടുത്ത സംഭവം വരെയുണ്ടായി. ഇസ്ലാമിനെതിരായ വല്ല നിയമവും കൊണ്ടുവന്നാല്‍ വാളിന് ഇരയാകും എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. ആ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ഇന്നത്തെ വിമര്‍ശനങ്ങള്‍ ഒന്നുമല്ല.
വിമര്‍ശനം ഉള്‍ക്കൊള്ളും. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തും. നമ്മള്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ എത്ര കടുത്ത വിമര്‍ശനമുണ്ടായാലും അതില്‍ ഉറച്ചുനില്‍ക്കും. ബാബരി മസ്ജിദ് പ്രശ്‌ന കാലത്ത് ശിഹാബ് തങ്ങള്‍ക്ക് ഒരുപാട് വിമര്‍ശനങ്ങല്‍ കേട്ടതാണ്. ലീഗ് അധികാരം വിടണം, കോണ്‍ഗ്രസിന്റെ വാലാട്ടി പേകേണ്ട കാര്യമുണ്ടോ എന്നെല്ലാം അഭിപ്രായങ്ങള്‍ വന്നപ്പോഴും ശിഹാബ് തങ്ങള്‍ ഉറച്ചുനിന്നു. ഈ തീരുമാനത്തില്‍ നിന്ന് മാറുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം, ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ബഹുസ്വരത നഷ്ടമായിക്കൂടാ. ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദുക്കള്‍ മുഴുവനുമല്ല, കുറച്ച് സംഘ്പരിവാറിന്റെ ആളുകളാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും അതിനെ അംഗീകരിക്കുന്നുമില്ല. ഒരു സംഭവത്തിന്റെ പേരില്‍ ഒരു സമൂഹത്തെ മുഴുവനായും മാറ്റി നിര്‍ത്താന്‍ പറ്റില്ല. മറിച്ച്, കുറ്റം ചെയ്തവരെ തുറന്നുപറഞ്ഞ് മറ്റുള്ളവരുടെ പിന്തുണ നമുക്ക് നേടി എടുക്കാം.
ബാബരി മസ്ജിദ്, മുനമ്പം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം മതനിയമങ്ങളേക്കാളും മുസ്‌ലിം വികാരത്തേക്കാളും ലീഗ് പ്രാധാന്യം കൊടുത്തത് പൊതുസമൂഹത്തിന്റെ നിലനില്‍പ്പിനും മൂല്യത്തിനുമാണോ ?
സാമൂഹികമായ സമാധാനമാണ് വലുത്. അതുകൊണ്ടാണ് മുനമ്പം വിഷയം സര്‍ക്കാറിനെ ഏല്‍പ്പിച്ചത്. സര്‍ക്കാറിന്റെ കയ്യില്‍ സംവിധാനങ്ങളുണ്ട്. വസ്തുതാപരമായും നിയമപരമായും എന്തുചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് ഞങ്ങളുടെ നിലപാട്. വഖ്ഫ് ആണോ അല്ലയോ എന്നത് സര്‍ക്കാറിനും കോടതിക്കമെല്ലാം തീരുമാനിക്കാം. പണ്ഡിതന്‍മാര്‍, താമസക്കാര്‍, നേരത്തെ കച്ചവടം ചെയ്തവര്‍, ഫാറൂഖ് കോളേജ് എന്നിവരുമായെല്ലാം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തട്ടെ. അത് ഞങ്ങള്‍ അംഗീകരിക്കും. ബാബരി മസ്ജിദിന്റെ കാര്യത്തിലും അതാണ് ഉണ്ടായത്. ബാബരി മസ്ജിദിന്റെത് വഖ്ഫ് ഭൂമിയാണ്. ഏത് പള്ളിയും നിര്‍മിക്കപ്പെടുന്നത് വഖ്ഫ് ഭൂമിയിലാണ്. പള്ളി വന്നാല്‍ ആ ഭൂമിയും കെട്ടിടവും വഖ്ഫ് ആകും. വഖ്ഫ് ഭൂമിയിലായിട്ടും ബാബരി മസ്ജിദിന്റെ കാര്യത്തില്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് ആക്ഷന്‍ കൗണ്‍സിലും മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡും പറഞ്ഞത്. വഖ്ഫ് ഭൂമിയില്‍ ബാബരി മസ്ജിദ് നിന്നസ്ഥലത്ത് ക്ഷേത്രം പണിയണമെന്ന് കോടതി തീരുമാനിച്ചു. മുസ്ലിങ്ങള്‍ക്ക് വേറെ സ്ഥലവും കൊടുത്തു. അത് അംഗീകരിക്കുകയാണ് മുസ്‌ലിം നേതാക്കള്‍ ചെയ്തത്. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും നിയമങ്ങളും വ്യവസ്ഥകളുമുണ്ടാകും. അതിനോട് ചേര്‍ന്നു നില്‍ക്കുകയാണ് മുസ്ലിങ്ങളും ചെയ്യേണ്ടത്. അല്ലാതെ എതിര്‍ത്ത് പോകുകയല്ല വേണ്ടത്. ബാബരി മസ്ജിദ് വിധി വന്നപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായല്ലോ. കടുത്ത എതിര്‍പ്പുള്ളവര്‍പോലും ഒന്നും മിണ്ടിയില്ല. രാജ്യത്തിന്റെ നിയമം അതാണല്ലോ.
വഖ്ഫ് വിഷയം ലീഗ് മുന്‍കൈയെടുത്ത് തീര്‍ക്കേണ്ടെന്നും അതിന്റെ ക്രെഡിറ്റ് ലീഗിന് കിട്ടേണ്ടെന്നും സി.പി.എം. കരുതുന്നുണ്ടോ? അതുകൊണ്ടാണ് തീരുമാനം വൈകുന്നതെന്ന് വിമര്‍ശനം വരുന്നുണ്ടല്ലോ ?
ലീഗ് അതിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്. മുനമ്പം സാമുദായികമായ വിഷയമായി വളര്‍ന്നപ്പോഴാണ് ഇടപെട്ടതും സാമുദായിക സംഘടനകളെ വിളിച്ചുചേര്‍ത്തതും. കുടിയിറക്കുന്ന തീരുമാനത്തിലേക്ക് പോകരുതെന്ന നിലപാടില്‍ അവരും ഉറച്ചുനിന്നു. അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. മുസ്‌ലിം- ക്രിസ്ത്യന്‍ സ്പര്‍ദ്ധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകരുതെന്നും മുസ്ലിം സമുദായ സംഘടനകള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. മുനമ്പത്ത് പോയി ഞങ്ങള്‍ വരാപ്പുഴ ബിഷ്പ്പടക്കം 16 ബിഷപ്പുമാരെ കണ്ടു. സമാധാനമുണ്ടാക്കാനാണ് വരുന്നത് എന്നറിഞ്ഞപ്പോള്‍ അവരെല്ലാം വളരെ സന്തുഷ്ടരായി. മുസ്‌ലിം സമുദായം മുഴുവന്‍ അവിടെയുള്ളവരെ കുടിയിറക്കാന്‍ നില്‍ക്കുകയാണെന്ന് അവര്‍ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. ഞങ്ങള്‍ നിലപാട് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമായി.
സര്‍ക്കാറിന്റ ഭാഗത്ത് നിന്ന് ലീഗിന് സ്വാഗതാര്‍ഹമായ പ്രതികരണമാണോ വരുന്നത്. സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് ആരോപണം ലീഗ് ഉന്നയിച്ചല്ലോ ?
ഇങ്ങനെയുള്ള വിഷയങ്ങള്‍ തീര്‍ക്കേണ്ടത് സര്‍ക്കാറിന്റെ തന്നെ കടമയാണല്ലോ. സമൂഹത്തില്‍ വിഭാഗീയത പടരുമ്പോള്‍ തടഞ്ഞുനിര്‍ത്തുക സര്‍ക്കാറിന്റെ ചുമതലയാണ്. സര്‍ക്കാറിന് ഞങ്ങള്‍ എളുപ്പവഴി ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. കാരണം, അവിടെ പ്രതിക്കൂട്ടിലാകുമായിരുന്ന മുസ്‌ലിം സമുദായം തന്നെ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സര്‍ക്കാറിന് അനുവാദം കൊടുക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ അത് വേഗത്തില്‍ ചെയ്യേണ്ടതുണ്ട്. ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം എളുപ്പമാക്കണം. അല്ലെങ്കില്‍ തെറ്റിദ്ധാരണയുണ്ടാകും. രാഷ്ട്രീയമായി ഇതിനെ കാണാന്‍ പാടില്ല.
അതില്‍ മുഖ്യമന്ത്രി ലീഗിനെ പ്രത്യേകമായി വിമര്‍ശിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ലീഗ് അധികാരത്തിന് വേണ്ടി നിലനിന്നുവെന്ന് പറഞ്ഞു. താങ്കളെ നേരിട്ടുതന്നെ വിമര്‍ശിക്കുന്ന രീതി വരുന്നു. ലീഗിന്റെ പ്രസിഡന്റിനെ രാഷ്ട്ടീയമായാണ് വിമര്‍ശിക്കുന്നതെന്ന വിശദീകരണവും വന്നു. സി.പി.എമ്മിന്റെ ഈ സമീപനത്തെ എങ്ങനെയാണ് കാണുന്നത് ?
സാമുദായിമായ വിഷയങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ അതിനെ രാഷ്ട്രീയമായി കാണാന്‍ പാടില്ല. അത് സംഘപരിവാര്‍ അജന്‍ഡയാണ്. സാമുദായിക വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുക എന്നതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെ അനുകരിക്കാന്‍ കേരളത്തിലെ ഇടതുപക്ഷം തയ്യാറാകരുത്. കാരണം, കേരളീയ സമൂഹത്തിന്റെ അടിസ്ഥാനപരമായ മനോഭാവം വര്‍ഗീയമായ ചേരിതിരിവിനെ വളരാന്‍ അനുവദിച്ചുകൂടാ എന്നതാണ്. രാഷ്ട്രീയമായ വാദങ്ങളും വാദപ്രതിവാദവുമൊക്കെ വേണം. അത് ജനാധിപത്യത്തെ ശക്തുപ്പെടുത്തും. അതിനപ്പുറത്ത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ വര്‍ഗീയവത്കരിക്കാന്‍ തയ്യാറാകരുത്.
ഈ വിഷയത്തില്‍ മുസ്ലിം - ക്രിസ്ത്യന്‍ സംഘര്‍ഷം ഉണ്ടാക്കിയെടുക്കുക എന്ന അജന്‍ഡ വെച്ച് പലരും പ്രവര്‍ത്തിക്കുന്നുണ്ടോ ?
അങ്ങനെയൊരു വിഭജനം വന്നാല്‍ ഉണ്ടാകുന്ന പ്രത്യഘാതം വലുതാണ്. യു.ഡി.എഫിന്റെ ശക്തി ക്രിസ്ത്യന്‍ - മുസ്ലിം വിഭാഗത്തിന്റെ ഐക്യവും വോട്ടുമാണ്. അതില്‍ എങ്ങനെയെങ്കിലും വെള്ളം ചേര്‍ക്കാന്‍ പറ്റുമോ എന്നതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയമെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ചില ഘട്ടങ്ങളിലെല്ലാം ലീഗിന് വലിയ പ്രശംസയും ഗുഡ് സര്‍ട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്, പ്രത്യേകിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ്. ലീഗ് മതേതര പാര്‍ട്ടിയാണെന്ന് വരെ അഭിനന്ദിച്ചു. പക്ഷേ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി കൂടിച്ചേര്‍ന്ന് നീങ്ങുന്ന സംവിധാനമാണ് ലീഗെന്ന രൂക്ഷമായ വിമര്‍ശനവുമുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലീഗിനോടുള്ള സി.പി.എം. സമീപനം മാറിയോ ?
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. വിചാരിച്ചപോലുള്ള വോട്ട് അവര്‍ക്ക് കിട്ടിയില്ല. ഇപ്പോള്‍ മുസ്ലിങ്ങളെ കടന്നാക്രമിക്കുക എന്ന ശൈലിയാണ്. മുസ് ലിങ്ങള്‍ വികാരജീവികളായത് കൊണ്ടാകാം അതില്‍ പിടിക്കുന്നത്. ക്രിസ്ത്യന്‍ വോട്ടുകളും മറ്റു സമുദായങ്ങളുടെ വോട്ടുകളും അവര്‍ക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടാണ് അവര്‍ പരാജയപ്പെട്ടത്. ലോക്‌സഭയില്‍ അത്ര വലിയ പരാജയം അവര്‍ പ്രതീക്ഷിച്ചിട്ടില്ല. സാധാരണ പറയാറുള്ളതുപോലെ മാങ്ങയുള്ള മാവില്‍ അവര്‍ എറിഞ്ഞുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി എത്രയോ കാലം കൂട്ടുകൂടിയതല്ലേ അവര്‍.
സി.പി.എമ്മിന്റെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പുവരെ ലീഗിനെ എങ്ങനെ ഇടതു ക്യാമ്പിലേക്ക് കൊണ്ടുവരാമെന്ന നീക്കങ്ങള്‍ നടന്നിരുന്നു. ന്യൂനപക്ഷങ്ങളെ ഇടതുമുന്നണിയോട് ചേര്‍ത്തുവെക്കാമെന്ന എം.വി. രാഘവന്‍ കൊണ്ടുവന്ന ബദല്‍ രേഖയാണ് എല്ലാവരുടെയും മനസ്സില്‍ വന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് അത് അംഗീകരിച്ചില്ല. പക്ഷേ, ലീഗ് ഇടതുക്യാമ്പിലേക്ക് പോകുകയാണോ എന്ന് യു.ഡി.എഫിനകത്തുപോലും ആ ഘട്ടത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടായി. അന്ന് ലീഗുമായി സി.പി.എം. എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ ?
ഔദ്യോഗികമായ ആശയവിനിമയം ഉണ്ടായിട്ടില്ല. പക്ഷേ, ആ തോന്നല്‍ പലര്‍ക്കും ഉണ്ടായിരുന്നു. ലീഗിനും അങ്ങനെയൊരു തോന്നലുണ്ടെന്ന് പലരും വിചാരിച്ചു. പക്ഷേ, ലീഗ് ഉറച്ച തീരുമാനമെടുത്തു. യു.ഡി.എഫ്. വിടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നതില്‍ ഉറച്ചുനിന്നു.
അനൗദ്യോഗികമായി അങ്ങനെയൊരു സമീപനം ഉണ്ടായിരുന്നോ. ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നത് എങ്ങും തൊടാത്ത മറുപടികളായിരുന്നല്ലോ ?
പ്രത്യക്ഷത്തില്‍ ഒന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം എന്നത് സാധ്യതകളുടെ കലയാണല്ലോ. ആ നിലക്ക് ആരെങ്കിലുമൊക്കൊ ചിന്തിച്ചുപോയിട്ടുണ്ടാകും. പക്ഷേ, യാഥാര്‍ത്ഥ്യം യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുക, യു.ഡി.എഫിനെ ശക്തപ്പെടുത്തുക എന്നതായിരുന്നു. അത് സി.പി.എം. തിരിച്ചറിഞ്ഞപ്പോഴാണ് ഞങ്ങളെ കുറ്റപ്പെടുത്താന്‍ തുടങ്ങിയത്.
അവര്‍ ഞങ്ങളെക്കുറിച്ച് പറയുന്നത് യഥാര്‍ത്ഥ കാര്യമല്ലേ. അതില്‍ എന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്ന് അന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചിരുന്നു. ആ പാളയത്തിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും പറഞ്ഞില്ല. അങ്ങനെയാരു ആശയക്കുഴപ്പം അണികളിലും ഉണ്ടായോ ?
ഇല്ല. ഒരാള്‍ നമ്മളെക്കുറിച്ച് നല്ലത് പറയുമ്പോള്‍ നിഷേധിക്കേണ്ട കാര്യമില്ലല്ലോ.
അങ്ങനെയൊരു സ്‌പെയ്‌സ് അവിടെക്കിടക്കട്ടേ എന്നാണോ ?
അങ്ങനെ വിചാരിക്കേണ്ട. ഇപ്പോള്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുകയാണ്. അതിലൊരു മാറ്റവുമില്ല.
യു.ഡി.എഫിനൊപ്പം പോകുന്നതാണോ ലീഗിന് നല്ലത് ?
യു.ഡി.എഫിനെ ശക്തിപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ വരണം എന്നുതന്നെയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കാരണം, ഇടതുപക്ഷത്തിന്റെ ഗ്രാഫ് അത്രത്തോളം താഴോട്ടുപോയി. ജനങ്ങളില്‍ നിന്ന് അവര്‍ വളരെയേറെ അകന്നു. അങ്ങനെ അകന്നുപോയ പാര്‍ട്ടിയെ വീണ്ടും പിടിച്ച് എഴുന്നേല്‍പ്പിക്കേണ്ട കാര്യമില്ല.
തിരഞ്ഞെടുപ്പ് സമയത്ത് സമസ്തയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പൊന്നാനിയില്‍ അത് വളരെയധികം ചര്‍ച്ചയായി. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് വരികയാണല്ലോ ?
പലപ്പോഴും ഞങ്ങള്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നുണ്ട്. സമസ്തയെയും ലീഗിനെയും അകറ്റി ശക്തി ഇല്ലാതാക്കുകയെന്നത് നടക്കാന്‍ പോകുന്നില്ല. പലപ്പോഴും പലരും പരീക്ഷിച്ചതാണ് അത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ത്തന്നെ ആ പരീക്ഷണം തികഞ്ഞ പരാജയമായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട് ലീഗിന് അതില്‍ ഭയപ്പാടില്ല. സമസ്തയെയും ലീഗിനെയും അകറ്റാന്‍ ആര്‍ക്കും കഴിയുകയില്ല. അതൊരു ഹൃദയ ബന്ധമാണ്. സമസ്തയിലുള്ള ലീഗുകാരുണ്ട്, ലീഗിലുള്ള സമസ്തക്കാരുമുണ്ട്.
മുനമ്പം വിഷയത്തില്‍ കഴിഞ്ഞദിവസം ഇ.ടി. മുഹമ്മദ് ബഷീര്‍ ഒരഭപ്രായം പറഞ്ഞു. അതേദിവസം തന്നെ ഇതില്‍ ഇനി പരസ്യ പ്രതികരണം പാടില്ലെന്ന് പാണക്കാട് തങ്ങളുടെ അന്ത്യശാസനവും വന്നു. പാര്‍ട്ടിയില്‍ വലിയ വിഷയങ്ങളൊന്നുമില്ലെന്ന് പറയുമ്പോഴും അടുത്തകാലത്തൊന്നും ഇങ്ങനൊയൊരു അന്ത്യശാസനം അടുത്തകാലത്തൊന്നും പറയേണ്ടിവന്നിട്ടില്ല. വിരുദ്ധ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുകയാണോ ?
അടിച്ചമര്‍ത്തുകയല്ല. അതിനുശേഷം 14-ന് ഞങ്ങള്‍ കോഴിക്കോട് പ്രവര്‍ത്തക സമിതിയും ഭാരവാഹി യോഗവും ചേര്‍ന്നിരുന്നു. അതില്‍ ഒന്നുകൂടി സ്പഷ്ടമായി ഞങ്ങളുടെ നിലപാട് ഉറപ്പിക്കുകയാണ് ചെയ്തത്.
ആ യോഗത്തില്‍ വലിയ വാഗ്വാദം ഉണ്ടായതായി വാര്‍ത്തകള്‍ വന്നല്ലോ. സത്യത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയില്‍ വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ടോ. വഖ്ഫ് ഭൂമി, ഇടതുപക്ഷത്തേക്ക് മാറുന്നത് തുടങ്ങിയ വിഷയങ്ങളിലെല്ലാം തുറന്ന ചര്‍ച്ചകള്‍ നടക്കാറുണ്ടോ. അതോ തങ്ങളും മൂന്നുനാലുപേരും തീരുമാനിക്കുന്നതിനൊപ്പം മറ്റുള്ളവരും നില്‍ക്കുകയാണോ ?
അത് നിങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. തക്കസമയത്ത് യുക്തമായ തീരുമാനം എന്നത് ലീഗിന്റെ പൊടിക്കൈ ആണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. വാഗ്വാദങ്ങല്‍ നടക്കാറുണ്ട്, നടക്കണം. കഴിഞ്ഞ പ്രവര്‍ത്തക സമിതിയിലും വാഗ്വാദങ്ങളുണ്ടായിട്ടുണ്ട്. വാഗ്വാദം ഉണ്ടാകുമ്പോള്‍ കുറച്ച് ശബ്ദം കൂടുമല്ലോ. മര്യാദക്ക് സംസാരിക്കുമ്പോള്‍ വാഗ്വാദം എന്ന പറയില്ല. ഒരാളുടെ നിലപാട് ഊന്നിപ്പറയാന്‍ ചിലപ്പോള്‍ ശബ്ദമുയര്‍ത്തിപ്പറയും. അത് ഉണ്ടായിട്ടുണ്ട്.
അതുണ്ടാകണം എന്നുതന്നെയാണോ ?
അതുണ്ടാകണം. അഭിപ്രായങ്ങള്‍ യോഗത്തില്‍ പ്രകടപ്പിക്കപ്പെടണം. അപ്പോഴാണ് നേതൃത്വത്തിന് വിഷയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റുക. നല്ലൊരു തീരുമാനത്തില്‍ എത്താനും പറ്റും.
സംസാരിക്കാനുള്ള സ്വാതന്ത്യം പോലെ പ്രധാനമാണല്ലോ സംസാരിച്ച് കഴിഞ്ഞാലുള്ള സ്വാതന്ത്ര്യവും. മിക്കവാറും പാര്‍ട്ടികളിലുള്ള പ്രശ്‌നം വിമര്‍ശിക്കുന്നവരെ പിന്നീട് നേരിടുന്നതാണ്. ലീഗിലും തങ്ങളും കുഞ്ഞാലിക്കുട്ടിയുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് മാത്രമാണോ കോണി കയറി മുകളിലേക്ക് പോകാന്‍ കഴിയുക ?
ലീഗില്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ കാണാറുണ്ട്. വിമര്‍ശിക്കുന്നവര്‍ക്കും അവരുടെതായ രീതിയില്‍ പാര്‍ട്ടിയോട് ജോജിച്ചുതന്നെ മുന്നോട്ടുപോകാം. അഭിപ്രായം പറഞ്ഞതുകൊണ്ട് ആരെയും മാറ്റി നിര്‍ത്താറില്ല. ലീഗിന്റെ കമ്മിറ്റികളൊക്കെ അങ്ങനെയാണ് വരാറുള്ളത്. പാര്‍ട്ടിക്കോ നേതൃത്വത്തിനോ പറ്റാത്ത അഭിപ്രായം പറഞ്ഞതുകൊണ്ട് ആരെയും മാറ്റിനിര്‍ത്തുന്ന പ്രശ്‌നമില്ല. അവര്‍ക്കും സീറ്റ് കൊടുക്കാറുണ്ട്, മത്സരിക്കാറുണ്ട്.
ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍, കെ.എം. ഷാജി ഇങ്ങനെയുള്ള ഒരുവിഭാഗം നേതാക്കള്‍ വിമത ശബ്ദം ഉയര്‍ത്തുന്നതായി മാധ്യമങ്ങളില്‍ വരാറുണ്ടല്ലോ ?
അവരെല്ലാം പാര്‍ട്ടിയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങലാണ്. ഷാജിക്ക് നന്നായി പ്രസംഗിക്കാനുള്ള കഴിവുണ്ട്. പാര്‍ട്ടിക്ക് അത് മാറ്റിവെക്കാന്‍ പറ്റില്ല. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നയങ്ങളും തന്ത്രപരമായ ഇടപെടലുകളും ഒരിക്കലും മാറ്റിവെക്കാന്‍ പറ്റില്ല. ഇന്ന് കേരളത്തില്‍ത്തന്നെ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ നേതാവാണദ്ദേഹം. കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെങ്കിലും അദ്ദേഹത്തെ വിളിക്കും. സാമുദായിക സംഘടനകളുടെ വിഷയങ്ങളാണെങ്കിലും കുഞ്ഞാലിക്കുട്ടി സാഹിബിനെ സമീപിച്ച് തീര്‍ത്തുതരാന്‍ ആവശ്യപ്പെടും. ആ അപ്രമാദിത്വം അദ്ദേഹത്തിനുണ്ട്. അത് മുസ്ലിം ലീഗ് മനസ്സിലാക്കുന്നു. അതേസമയം, ഇ.ടി. പരിചയ സമ്പന്നനാണ്, പാര്‍ലമെന്റേറിയനാണ്. മുനീര്‍ നല്ലൊരു പാര്‍ലമെന്റേറിയനാണ്. ഇതൊക്കെ ലീഗ് ആസ്തിയായിട്ട് കാണുന്നു.
മുസ്ലിം ലീഗില്‍ നിന്ന് മുഖ്യമന്ത്രി വരെയായ സി.എച്ച്. മുഹമ്മദ് കോയ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. അദ്ദേഹത്തിന് ശേഷം ലീഗില്‍ ശ്രദ്ധിക്കപ്പെട്ട നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം നേതൃത്വത്തില്‍ തുടരുമ്പോള്‍ത്തന്നെ രണ്ടാംനിര നേതൃത്വം ലീഗില്‍ വളര്‍ന്നുവരുന്നുണ്ടോ, കുഞ്ഞാലിക്കുട്ടിക്ക് ശേഷം പാര്‍ട്ടിയെ നയിക്കാന്‍?
ധാരാളം യുവനേതാക്കളുണ്ടല്ലോ. ഒരു നേതാവ് ഉണ്ടാകുമ്പോള്‍ അടിച്ചുകയറുന്ന രീതി ലീഗിലില്ല. സമയം വരുമ്പോള്‍ അവരെല്ലാം രംഗത്തുവരും. നിങ്ങള്‍ നേരത്തെ എണ്ണിയവരെല്ലാം ലീഗിന്റെ നേതാക്കള്‍ തന്നെയാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ച് ലീഗ് ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടോ. അത്തരം കാര്യങ്ങളിലുള്ള സമീപനം എന്താണ് ?
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞയാഴ്ച കോഴിക്കോട് ചേര്‍ന്ന യോഗങ്ങള്‍ അതിന്റെ ഭാഗമാണ്. പഞ്ചായത്ത്, മണ്ഡലം തലങ്ങളിലും നടപടികള്‍ തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തീര്‍ച്ചയായും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ തദ്ദേശ ഫലം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളുണ്ടാകും. യു.ഡി.എഫ്. ഒറ്റക്കെട്ടായി നിന്നാല്‍ കേരളം പിടിച്ചെടുക്കാന്‍ പ്രയാസമില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. യു.ഡി.എഫില്‍ ശാക്തീകരണം അനിവാര്യമാണ്. ആ രീതിയില്‍ത്തന്നെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. താഴെത്തട്ടില്‍ ലീഗ് - കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതെല്ലാം പരിഹരിക്കുന്നതിനാണ് മുന്‍തൂക്കം കൊടുക്കുന്നത്.
ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ എത്തിക്കണമെന്ന തോന്നലും പ്രതീക്ഷയും ലീഗിനുണ്ടോ ?
യു.ഡി.എഫില്‍ ക്രിസ്ത്യന്‍ വിഭാഗം അവിഭാജ്യഘടകമാണ്. അവരെ മുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അത്തരം കാര്യങ്ങളെല്ലാം ചെയ്യേണ്ടിവരും. ചില സംഘടനകളുടെ രാഷ്ട്രീയ പിന്തുണ വേണ്ടിവരും.
അത്തരം അനൗദ്യോഗിക ആലോചനകള്‍ നടക്കുന്നുണ്ടോ. പ്രതിപക്ഷ നേതാവ് പറഞ്ഞത് അവരെ ക്ഷണിക്കേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്നാണ് ?
ഔദ്യോഗികമായ ചര്‍ച്ചകളൊന്നും ഇല്ലെങ്കിലും എല്ലാ വിഭാഗത്തിന്റെയും സഹകരണം യു.ഡി.എഫിന് ആവശ്യമാണ്. അതിന് രാഷ്ട്രീയമായി എന്തെല്ലാം ചെയ്യാന്‍ പറ്റും ആ കാര്യങ്ങലെല്ലാം ചെയ്യണം.
ലീഗിന് അങ്ങനെയൊരു താല്‍പ്പര്യമുണ്ടോ. കെ.എം. മാണിയുമായി ലീഗിന് വലിയ അടുപ്പമായിരുന്നു. എല്‍.ഡി.എഫിലേക്ക് പോകുന്നതിന് മുന്‍പ് ജോസ് കെ. മാണി എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ, ലീഗിന്റെ മൗനസമ്മതം വേണമെന്ന രീതിയില്‍ ?
അങ്ങനെയൊരു സമ്മതം ചോദിച്ചാല്‍ ലീഗ് ഒരിക്കലും കൊടുക്കില്ലല്ലോ. മാണി സാറിന്റെ മകന്‍ യു.ഡി.എഫ്. വിടട്ടേ എന്ന് ചോദിച്ചാല്‍ കുഞ്ഞാലിക്കുട്ടി സാഹിബ് ഒരിക്കലും സമ്മതിക്കില്ലായിരുന്നു. അങ്ങനെയൊരു ചോദ്യമൊന്നും ഉണ്ടായിട്ടില്ല. തിരിച്ചുവരണമെന്ന് തന്നെയാണ് ഞങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹം.
ജോസ് കെ. മാണി വരണമെന്ന് ആഗ്രഹിച്ചിട്ടുമാത്രം കാര്യമില്ലല്ലോ. അതിനുവേണ്ടി ലീഗ് ഇടപെടുമോ ?
യു.ഡി.എഫ്. അങ്ങനെയൊരു തീരുമാനം എടുത്താല്‍ തീര്‍ച്ചയായും ലീഗായിരിക്കും അതിന്റെ മുന്നിലുണ്ടാകുക. യു.ഡി.എഫ്. വികസിപ്പിക്കുന്ന കാര്യത്തില്‍ ലീഗ് എപ്പോഴും മുന്നില്‍ത്തന്നെയുണ്ടാകും.
ലീഗ് കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെപ്പോലും നിയന്ത്രിക്കുന്ന ശക്തിയായി മാറുന്നുവെന്ന വലിയ വിമര്‍ശനം ഇടക്കാലത്ത് ഉണ്ടായുന്നല്ലോ. പ്രത്യേകിച്ച് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് അഞ്ചാം മന്ത്രി സ്ഥാനം വലിയ വിവാദമായപ്പോള്‍. ആ നീക്കം ആവശ്യമുണ്ടായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ ?
അതൊക്കെ വര്‍ഷങ്ങള്‍ മുന്‍പ് നടന്നതല്ലേ. അന്നത്തെ രാഷ്ട്രീയ സ്ഥിതിയും വോട്ടിങ് ശതമാനവും വെച്ചുനോക്കുമ്പോള്‍ ലീഗിന് അതിന് അര്‍ഹതയുണ്ടെന്ന് താഴെത്തട്ടില്‍ നിന്നുള്ള അഭിപ്രായം വന്നപ്പോള്‍ നേതൃത്വം ആവശ്യപ്പെട്ടുവെന്നുമാത്രം. അത് കോണ്‍ഗ്രസ് തരാനും തയ്യാറായല്ലോ.
Content Highlights: Interview with Panakkad sayyid sadiq ali shihab thangal part-1
Published: 05 Jan 2025, 09:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented