കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തിലായിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് വലിയ ലാഭമുണ്ടാക്കുമെന്ന് കരുതുന്ന പരിഷ്‌കാരം പക്ഷേ കേരളത്തിന് 10,000 കോടിയോളം രൂപ വരുമാനനഷ്ടം വരുത്തുമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്. ജിഎസ്ടി പരിഷ്‌കാരത്തിലെ അപര്യാപ്തതകളെയും തകരാറുകളെ കുറിച്ചും സംസാരിക്കുന്നു ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മേധാവിയായ പ്രൊഫസര്‍ ഡോ. കെ ജെ ജോസഫ്.

To advertise here,

കേരളത്തിന് വരുമാനനഷ്ടം ഉണ്ടാകുമെന്ന് ധനമന്ത്രി പറയുന്നതിലെ വാസ്തവം?

തീര്‍ച്ചയായും നഷ്ടമുണ്ടാകും. ചരക്കുകളുടെ കാര്യത്തില്‍ തന്നെ ഏതാണ്ട് 7,800 കോടി രൂപയുടെ നഷ്ടം നമുക്കുണ്ടാകും. സേവനങ്ങളിലെ നഷ്ടത്തിനു പുറമെയാണിത്. ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ രണ്ടു വര്‍ഷത്തെ ഇ-വേ ബില്‍ ഡേറ്റ പരിശോധിച്ചാണ് ഈ കണക്കിലെത്തിച്ചേര്‍ന്നത്. നമുക്ക് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തത് വലിയ പ്രശ്നമാണ്. അതിനാല്‍ ഇന്‍ഫോംഡ് ആയ തീരുമാനമെടുക്കല്‍ ഏറക്കുറെ അസാധ്യമായിരിക്കുന്നു.

കാരണം?

വേണ്ട രീതിയില്‍ വിശകലനം നടത്തിയാല്‍ മാത്രമേ ശരിയായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഡിമാന്റിന്റെ അടിസ്ഥാനത്തിലാണ് ഓരോ സ്ലാബിലും ഉള്ള വരുമാനം നമ്മള്‍ നിശ്ചയിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ജനങ്ങളുടെ വരുമാനം, ഉപഭോഗരീതികള്‍, സംസ്‌കാരം തുടങ്ങിയവ വ്യത്യസ്തമായതിനാല്‍ ഓരോ സംസ്ഥാനത്തിന്റെയും ഡിമാന്റിന്റെ ഘടന വ്യത്യസ്തമായിരിക്കും.

2018-19, 2019-20 വര്‍ഷങ്ങളില്‍ കേരളത്തിലേക്ക് വന്ന സാധനങ്ങളുടെ ജിഎസ്ടി വിവരങ്ങള്‍ അനുസരിച്ച് കേരളത്തിലെ മൊത്തം വരുമാനത്തിന്റെ 33 ശതമാനം വന്നത് 28 ശതമാനം സ്ലാബില്‍ നിന്നാണ്. ദേശീയതലത്തില്‍ നോക്കിയാല്‍ അത് മൊത്തം വരുമാനത്തിന്റെ 11 ശതമാനം മാത്രമാണ്. കേരളത്തിന്റെ 5 ശതമാനം, 12 ശതമാനം സ്ലാബുകളിലെ വരുമാനവിഹിതം ദേശീയ ശരാശരിക്ക് സമാനമാണ്. 18, 28 ശതമാനം സ്ലാബുകളിലെ വരുമാനം (യഥാക്രമം 44.6%, 33.1%) ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

28 ശതമാനം സ്ലാബ് ഇല്ലാതാക്കിയതോടെ രണ്ടു പ്രശ്നങ്ങളുണ്ടായി. ഓട്ടോമൊബൈല്‍ അടക്കമുള്ള വിലകൂടിയ ഉപഭോഗവസ്തുക്കള്‍ താഴത്തെ സ്ലാബുകളിലേക്ക് പോയത് കേരളത്തിന്റെ വരുമാനം വലിയതോതില്‍ കുറയ്ക്കും. ചില ഉല്‍പ്പന്നങ്ങള്‍ കൂടിയ സ്ലാബിലേക്ക് മാറ്റിയതും കേരളത്തിന് നന്നല്ല. ലോട്ടറിക്ക് 40 ശതമാനമാക്കിയത് ഉദാഹരണം. ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പറയുന്നത് ശരിയല്ല. ലോട്ടറി വ്യാപാരത്തില്‍ നിന്ന് ഏതാണ്ട് 12,000 കോടി രൂപ വരുമാനം ഉണ്ടെങ്കിലും ഏതാണ്ട് 11,000 കോടി രൂപ ചെലവ് വരുന്നുണ്ട്. സമ്മാനത്തുക, കമ്മീഷന്‍ തുടങ്ങിയവയൊക്കെ കൊടുക്കണ്ടേ? ലോട്ടറിയില്‍ നിന്ന് ആകെയുള്ള അധികവരുമാനം വെറും ആയിരം കോടി രൂപയാണ്.

വിശ്വസിക്കാന്‍ പാടാണ്…?

പബ്ലിക് ഫൈനാന്‍സിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് ധാരണയെക്കാള്‍ കൂടുതല്‍ തെറ്റിദ്ധാരണകളാണുള്ളത്. അതുകൊണ്ടാണ് ഈ പ്രശ്നം. മറ്റൊന്ന് അവികസിത രാജ്യങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കിക്കൊണ്ടുള്ള പബ്ലിക് ഫൈനാന്‍സ് ഇന്ത്യയിലില്ലെന്നു കരുതുന്നതില്‍ തെറ്റില്ല.

ജിഎസ്ടി ഡേറ്റ ലഭ്യമാകാത്തത്?

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സംബന്ധിച്ച വിശദമായ ഡേറ്റ കിട്ടാന്‍ മുമ്പ് വളരെ ബുദ്ധിമുട്ടായിരുന്നു. ഇന്ന് എല്ലാത്തരം ഡേറ്റയും അനായാസം ലഭിക്കും. പക്ഷേ, ജിഎസ്ടി ശൃംഖലയുടെ ഡേറ്റ ഐടി അടിസ്ഥാനമായതാണെങ്കില്‍ കൂടി ഗവേഷകര്‍ക്ക് കൊടുക്കുന്നില്ല. സര്‍ക്കാര്‍ കണക്കുകൂട്ടിയ ശേഷം കേരളത്തിന്റെ ഡേറ്റ മൊത്തമായി നല്‍കുന്ന രീതിയാണുള്ളത്, അതിന്റെ വിശദാംശങ്ങള്‍ തരില്ല. എന്തുകൊണ്ടാണ് ഈ ഡേറ്റ പരസ്യമാക്കാത്തത്, ഇന്ത്യയിലെ ഓരോ സ്ഥാപനവും അടയ്ക്കുന്ന ജിഎസ്ടിയുടെ കണക്കുകള്‍ എന്തുകൊണ്ടാണ് തരാന്‍ കഴിയാത്തത് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരവുമില്ല.     

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നതിനും ചിട്ടയോടെയുള്ള പഠനങ്ങള്‍ നടത്തുന്നതിനും മുമ്പായിരുന്നു പ്രഖ്യാപനം. വേണ്ട ഗൃഹപാഠം ചെയ്യാതെയാണ് ജിഎസ്ടി പരിഷ്‌കാരം പ്രഖ്യാപിച്ചത് എന്ന് ഞാന്‍ കരുതുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് ഒരു വര്‍ഷത്തെ അധ്വാനം പരിഷ്‌കാരത്തിനു പിന്നിലുണ്ടായിരുന്നു എന്നാണ്

 

അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് ഇന്ത്യയിലെ 140 കോടി ജനങ്ങളെയും ബാധിക്കുന്ന ഈ പരിഷ്‌കാരത്തെക്കുറിച്ചുള്ള ഡേറ്റ ലഭ്യമാക്കാത്തത്? ഇന്ത്യയിലെ ഓരോ വ്യവസായത്തിനെയും കുറിച്ചുള്ള ആനുവല്‍ ഇന്‍ഡസ്ട്രിയല്‍ സര്‍വേയുടെ കമ്പനികള്‍ തിരിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്. വീടുകളിലെ ഉപഭോഗത്തോത് സംബന്ധിച്ച ഡേറ്റയും ഓരോ കുടുംബത്തിന്റെ കടവും നീക്കിയിരിപ്പും സംബന്ധിച്ച സര്‍വ്വേ വിവരങ്ങളും ലഭ്യമാണ്. എന്നിട്ടും ജിഎസ്ടി സംബന്ധിച്ച ഡേറ്റ പുറത്തുവിടാത്തതിന്റെ പിന്നില്‍ എന്തോ പ്രശ്നം ഉള്ളതാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?

 

കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ജിഎസ്ടി കുറച്ചത് കാരണം ഉപഭോഗം കാര്യമായി കൂടും, നികുതിപരിഷ്‌കാരം കൊണ്ട് ഉണ്ടാവുന്ന നഷ്ടം അധിക ഉപഭോഗത്തിലൂടെ നികത്താനാവും എന്നാണ്. അത് കേരളത്തിനും ബാധകമല്ലേ?

ആ വാദത്തില്‍ കുറച്ചു കാര്യമുണ്ട്. വില കുറയ്ക്കുന്നതും നികുതി യുക്തിസഹമാക്കുന്നതും നല്ല കാര്യമാണ്. പക്ഷേ നികുതി കുറച്ചത് സാധനവിലകളില്‍ പ്രതിഫലിക്കുകയും ഉപഭോക്താവില്‍ എത്തിച്ചേരുകയും ചെയ്യുന്ന പ്രക്രിയ പ്രധാനമാണ്. ആ പ്രക്രിയ വ്യവസായത്തിന്റെ ഘടനയെ ആശ്രയിച്ചിരിക്കുന്നു. വളരെ മത്സരക്ഷമമായ വ്യവസായം ആണെങ്കില്‍ അതിന്റെ ഗുണം ഉപഭോക്താവിന് കിട്ടും. ഇന്ത്യയിലെ മിക്കവാറും വ്യവസായങ്ങള്‍ മത്സരസ്വഭാവമുള്ളവയല്ല. എല്ലാ മേഖലകളിലും കുത്തകകളാണ്. നികുതി കുറച്ചതിന്റെ ഗുണം ഉപയോക്താവിന് കൊടുക്കാതിരിക്കാന്‍ വ്യവസായികളുടെ കയ്യില്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

നികുതി കുറച്ചതിന്റെ ഗുണം ഉപയോക്താവിനു കിട്ടാനുള്ള സാധ്യത കുറവാണ് എന്നാണോ?

placeholder
ഡോ. കെ ജെ ജോസഫ്

അതെ. കുത്തകകള്‍ വില നിശ്ചയിക്കുകയാണ് ചെയ്യുക, എടുക്കുകയല്ല. അതിനാല്‍ നിയമത്തിലെ കൊള്ളലാഭം തടയാനുള്ള വകുപ്പുപയോഗിച്ച് കുത്തകകളെ കടിഞ്ഞാണിടണം. വ്യാപാരം വര്‍ധിക്കണമെങ്കില്‍ നികുതി കുറച്ചതനുസരിച്ച് വിലയില്‍ കുറവുണ്ടാവുകയും അത് ഉപയോക്താവിനു കിട്ടുകയും വേണം. കുറേമുമ്പ് വാങ്ങിയ സ്റ്റോക്കാണ്, വിലകുറയ്ക്കില്ല എന്ന് കുറച്ചുപേര്‍ പറയും. ചിലര്‍ വില കുറച്ചിട്ടില്ലെങ്കിലും സാധനത്തിന്റെ അളവ് കൂട്ടിയിട്ടുണ്ടെന്ന് പറയും. ഉത്പന്നത്തിന്റെ ഗുണമേന്‍മ കൂട്ടിയതിനാല്‍ വില കുറയ്ക്കില്ലെന്നു ചിലര്‍ പറയും. അങ്ങനെ പല ന്യായങ്ങള്‍ പറഞ്ഞ് വില കുറയ്ക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകാം. 2017-ല്‍ ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ അങ്ങനെ സംഭവിച്ചിരുന്നു. ഉല്‍പാദകര്‍ തന്നെ വില നിശ്ചയിക്കുന്ന സാഹചര്യങ്ങളില്‍ വിലയില്‍ കാര്യമായ കുറവുണ്ടാവാന്‍ ഇടയില്ല.

നികുതി കുറച്ചത് വിലയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണ്ടേ?

നിരീക്ഷണസംവിധാനം ഉണ്ടാക്കിയ ശേഷം വേണമായിരുന്നു നികുതി കുറയ്ക്കാന്‍. കുറഞ്ഞ നികുതിയും കുറഞ്ഞ വിലകളും ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും ഇപ്പോള്‍ നിലവിലില്ല എന്നതാണ് സത്യം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

അതേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന് നിരീക്ഷിക്കാനൊക്കെ പറ്റും. പക്ഷേ, അതൊക്കെ നൂറായിരം കോടതിക്കേസുകളില്‍ ചെന്നുപെടാനുള്ള സാധ്യതയുണ്ട്. ഉപയോക്താക്കള്‍ ചതിക്കപ്പെടുന്നത് ഒഴിവാക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ തയ്യാറാക്കേണ്ടതായിരുന്നു. വ്യാപാരികള്‍ക്ക് കയ്യിലുള്ള സ്റ്റോക്ക് തീര്‍ക്കാന്‍ നാലഞ്ച് മാസം സമയം കൊടുക്കണമായിരുന്നു. ദീപാവലി സമ്മാനമായി കൊടുക്കാന്‍ പറ്റുന്ന സാധനമാണോ ഈ പരി്ഷ്‌കാരം?

ഉപഭോഗം വലിയ തോതില്‍ വര്‍ദ്ധിച്ചു എന്നും വിലക്കുറവ് ഉപയോക്താക്കള്‍ക്ക് കിട്ടി എന്നും കരുതുക. അങ്ങനെയെങ്കില്‍ റവന്യൂനഷ്ടം ഗണ്യമായി കുറയില്ലേ?

ഏതു നയത്തിനും ഹ്രസ്വ, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ പരിമിതമായ സാമ്പത്തിക അവകാശങ്ങള്‍ പോലും കേന്ദ്രം കയ്യേറുന്ന സാഹചര്യമാണ്. രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം. പക്ഷേ മൊത്തം ചെലവിന്റെ 68 ശതമാനം അവര്‍ വഹിക്കണം. അപ്പോള്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ കേന്ദ്രത്തില്‍നിന്ന് കടമോ ധനസഹായമോ കിട്ടിയേതീരൂ. ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഓരോ സംസ്ഥാനങ്ങളും അനുഭവിക്കുന്നത് ഓരോ രീതിയിലായിരിക്കും. പരിഷ്‌കാരം കാരണം കോട്ടങ്ങള്‍ പറ്റിയവരെ കേന്ദ്രം സഹായിക്കുന്നതാണ് ഫെഡറലിസത്തിന്റെ അന്തസത്ത. ഹ്രസ്വകാലത്തേക്ക് നോക്കിയാല്‍ പരിഷ്‌കാരം കാരണം നഷ്ടമുണ്ടാകുമെന്നത് ഉറപ്പാണ്. ഒരുപക്ഷേ, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടം ഉണ്ടായേക്കാം.

ജിഎസ്ടി നിലവില്‍ വരുന്നതിനായി സംസ്ഥാനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 50 ശതമാനത്തോളം വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്രം വേണ്ടെന്നുവെച്ചത് 30 ശതമാനത്തോളവും. പുതിയ സംവിധാനം വരുമ്പോള്‍ വരുമാനത്തിന്റെ 60 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് പല കമ്മിറ്റികളും ശുപാര്‍ശ ചെയ്തത്. പക്ഷേ പങ്കുവച്ചപ്പോള്‍ 50 ശതമാനം വീതമായി. പക്ഷേ സംസ്ഥാനങ്ങള്‍ പേടിക്കേണ്ടതില്ല, അഞ്ചുവര്‍ഷത്തേക്ക് 14 ശതമാനം വീതം അധികം തരാമെന്ന് കേന്ദ്രം പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ ജിഎസ്ടി നിലവിലുള്ളിടത്തോളം കാലം നഷ്ടപരിഹാരം തുടരണം. അഞ്ചുവര്‍ഷമായി ജിഎസ്ടി നഷ്ടപരിഹാരം പരിമിതപ്പെടുത്തിയതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.

 

2017 ജൂലായ് മാസം ജിഎസ്ടി പരിഷ്‌കാരം നടപ്പിലാക്കിയപ്പോള്‍ കിട്ടിക്കൊണ്ടിരുന്ന വരുമാനത്തില്‍ കുറവുണ്ടാകാതിരിക്കാന്‍ വരുമാനവിഹിതത്തിന്റെ 15 മുതല്‍ 15.5 ശതമാനം വരെ സംസ്ഥാനങ്ങൾക്ക് നൽകണമെന്നായിരുന്നു റവന്യൂ ന്യൂട്രല്‍ റേറ്റ് സമിതിയുടെ ശുപാര്‍ശ. പക്ഷേ, പല കാരണങ്ങളാല്‍ തൊട്ടടുത്ത വര്‍ഷംതന്നെ ഫലത്തിലുള്ള നിരക്ക് 14.6 ശതമാനമായി കുറഞ്ഞു. 2020-21 ആയപ്പോഴേയ്ക്കും അത് 11.6 ശതമാനമായി. മൊത്തം ആഭ്യന്തര ഉല്‍പ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുമ്പു പ്രതീക്ഷിച്ചതിനെക്കാള്‍ വരുമാനം കുറഞ്ഞു എന്നർത്ഥം. ഇപ്പോഴത് പത്തു ശതമാനത്തിലും കുറവായിരിക്കും.. സംസഥാനങ്ങള്‍ക്കു മാത്രമല്ല, കേന്ദ്രത്തിനും അത് അഭികാമ്യമല്ല.

 

ഉയര്‍ന്ന ഉപഭോഗവും താഴ്ന്ന ഉല്‍പാദനവും ഉള്ള ഒരു സംസ്ഥാനമാണ് കേരളം. നമ്മുടെ റവന്യൂവരുമാനം ഐജിഎസ്ടിയെ (ഏകോപിത ജിഎസ്ടി) ആശ്രയിച്ചിരിക്കുന്നു. ആ നിലയ്ക്ക് കേരളം നേരിടുന്ന പ്രശ്നങ്ങള്‍?

നമ്മള്‍ ഉപഭോഗം കൂടുതലുള്ള സംസ്ഥാനമാണെന്നും ഉല്‍പ്പന്നം എത്തിച്ചേരുന്നിടത്തെ അടിസ്ഥാനമാക്കിയ നികുതി ആയതിനാല്‍ കേരളത്തിന് കൂടുതല്‍ വിഹിതം കിട്ടുമെന്നും ഒരു ധാരണയുണ്ട്. പക്ഷേ മൂല്യവര്‍ധിത നികുതി ആയതിനാല്‍ നമുക്ക് കാര്യമായ മെച്ചം ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്ന ഒരു കാറിന്റെ ഐജിഎസ്ടി അവിടെവച്ച് തന്നെ അടയ്ക്കും. അത് കേരളത്തില്‍ വില്‍ക്കുന്ന വിലയുടെ 50, 60 ശതമാനം വരുന്ന തുകയ്ക്കുള്ള നികുതിയാവും. ബാക്കിയൊക്കെ അതിന്റെ പലവിധത്തിലെ മാര്‍ജിനുകള്‍ ആണ്. കേരളത്തില്‍ വില്‍ക്കുമ്പോള്‍ ഉല്‍പ്പന്നത്തിന് അധികമായി ചിലവാകുന്ന തുകയുടെ നികുതിയുടെ പകുതി മാത്രമേ കേരളത്തിന് കിട്ടുന്നുള്ളൂ എന്നാണ് ഞാന്‍ സംശയിക്കുന്നത്.

ഇ- കോമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. അവയില്‍ നിന്നും സംസ്ഥാനത്തിനു കിട്ടേണ്ട നികുതിവിഹിതം കൃത്യമായി കിട്ടുന്നുണ്ടോ?

ഇ-കോമേഴ്സില്‍ വലിയതോതില്‍ നികുതി ചോര്‍ച്ച നടക്കുന്നുണ്ട്. ഐജിഎസ്ടി അടയ്ക്കുന്നിടത്ത് കൃത്യമായി നികുതി ശേഖരിച്ച് വിഹിതം തരുന്നത് ഉറപ്പാക്കാനുള്ള സംവിധാനമില്ലെന്നാണ് മനസ്സിലാകുന്നത്. ഉല്‍പാദക സംസ്ഥാനങ്ങള്‍ നികുതി പിരിച്ചെടുക്കുന്നതിലും ഡെസ്റ്റിനേഷന്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭ്യമാക്കുന്നതിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

നമ്മുടെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കുറച്ചധികം സങ്കീര്‍ണതകള്‍ നേരിടുന്നുണ്ട്

ഹ്രസ്വകാലത്തേയ്ക്ക് അവര്‍ക്കും കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രത്യേകിച്ചൊരു പ്രശ്നമുണ്ടാകാനുള്ള സാധ്യതയില്ല.

കേരളം പോലെ നിരവധി സംസ്ഥാനങ്ങള്‍ക്ക് പുതിയ പരിഷ്‌കാരത്തില്‍ പരാതികളുണ്ട്. അതൊക്കെ കേന്ദ്രം പരിഹരിക്കുമോ?

സാമ്പത്തികശാസ്ത്രത്തെ രാഷ്ട്രീയം വെട്ടുന്ന കാഴ്ചയാണ് സാധാരണ കാണുന്നത്.