രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകൾ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ പുരോഹിതനാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ആരേയും ഭയക്കാതെ നവമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരിൽ സഭയ്ക്ക് അകത്തുനിന്നുപോലും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ ജനകീയനായ പുരോഹിതനായിരുന്നു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായിരുന്ന അദ്ദേഹം 17 വർഷത്തോളം നീണ്ട സേവനകാലയളവിന് ശേഷം സ്വമേധയാ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണിപ്പോൾ. സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭയിലെ ആദ്യ ബിഷപ്പ് കൂടിയായ ഗീവർഗീസ് മാർ കൂറിലോസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

 താങ്കൾക്ക് 58 വയസ്സ് മാത്രമാണ് പ്രായം. ക്രൈസ്തവ സഭകളിലെ പുരോഹിതരെ സംബന്ധിച്ച് ഇത് അത്ര വലിയ പ്രായമല്ല. മൊത്രാപ്പൊലീത്തമാരെല്ലാം സാധാരണയായി പ്രായാധിക്യം മൂലമുള്ള കാരണങ്ങളാൽ സ്ഥാനം ഒഴിയുന്നതാണ് പതിവ്. എന്നാൽ താങ്കളുടെ കാര്യത്തിൽ അങ്ങനെയല്ല. തീർത്തും ആരോഗ്യവാനായിരിക്കുന്ന സമയത്താണ് സ്വമേധയാ സ്ഥാനം ഒഴിയുന്നത്. ഇത്തരത്തിൽ ഒരു പടിയിറക്കത്തിന് കാരണം എന്താണ്?

സ്ഥാനം ഒഴിയാനുള്ള തീരുമാനം ഞാൻ പെട്ടെന്ന് എടുത്തതല്ല. വളരെ നേരത്തെ തന്നെ ആലോചിച്ച് പ്രാർഥിച്ച് എടുത്ത തീരുമാനമാണിത്. ഈ പദവിയിലേക്ക് വരുമ്പോൾ തന്നെ മനസ്സിൽ ഒരു നിശ്ചിത കാലാവധിയെന്ന ചിന്തയും അതുകഴിയുമ്പോൾ സ്ഥാനത്യാഗം ചെയ്യണമെന്നും കരുതിയിരുന്നു. ആ തീരുമാനത്തിലേക്ക് അൽപം വൈകിപ്പോയി എന്നതാണ് എന്റെ ചിന്ത. 17 വർഷം ഒരു ബിഷപ്പായി സേവനം അനുഷ്ഠിക്കുക എന്നുള്ളത് ചെറിയൊരു കാലഘട്ടമല്ല. സ്ഥാനത്യാഗം ചെയ്യുന്ന ഒരു പാരമ്പര്യവും ഞങ്ങളുടെ സഭയിൽ ഇല്ല. ആദ്യമായിട്ടാണ് ഒരു ബിഷപ്പ് സ്ഥാനത്യാഗം ചെയ്യുന്നത്.

പല കാരണങ്ങൾ അതിനുണ്ട്. പ്രധാന കാരണം അധികാരങ്ങളൊക്കെ ശാശ്വതമല്ല എന്നതാണ്. പദവികളും അധികാരങ്ങളുമൊക്കെ ഒരു കാലത്ത് കൈവിടേണ്ടവരാണെന്ന ചിന്ത നമ്മളേ എപ്പോഴും സ്വാധീനിക്കും. അധികാരങ്ങൾക്ക് നമ്മളേ സ്വാധീനിക്കാനുള്ള വലിയ ശക്തിയുണ്ട്. Absolute Power Corrupts Absolutely എന്നൊരു ചൊല്ല് തന്നെയുണ്ടല്ലോ. അതിനുള്ള സാധ്യതകൾ എപ്പോഴും നിലനിൽക്കുന്നുണ്ട്. ആ ഒരു ഘട്ടത്തിലേക്ക് എത്തുന്നതിന് മുമ്പ് ആ പ്രലോഭനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക എന്ന താത്പര്യം അതിന് പിന്നിലുണ്ട്.

രണ്ടാമത്തെ കാരണം, സച്ചിൻ തെണ്ടുൽക്കർ അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യമാണ്. അത് എന്റെ മനസ്സിൽ തട്ടിയിരുന്നു; ഒരു നല്ല കളിക്കാരനാകുക എന്നത് പ്രധാനപ്പെട്ടതാണ്. എന്നാൽ അതിലും പ്രധാനപ്പെട്ടതാണ് ഒരു നല്ല മനുഷ്യൻ ആകുക എന്നത്. അൽപംകൂടി നല്ലൊരു മനുഷ്യനാകാനുള്ള അവസരം കൂടിയായിട്ടാണ് സ്ഥാനത്യാഗത്തെ ഞാൻ കാണുന്നത്. കൂടുതൽ മനുഷ്യത്വപരമായ കാര്യങ്ങളിൽ ഇടപെടാനും ചിന്തിക്കുവാനും എഴുതുവാനുമൊക്കെ ഒരു അവസരമാകട്ടെ എന്നൊരു ചിന്തയും സ്ഥാനത്യാഗം ചെയ്യാനുള്ള തീരുമാനത്തിന്‌ പിറകിലുണ്ട്.

ഭദ്രാസന ഭരണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിൽ ഇനി ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്നാണ് താങ്കൾ എഴുതിയിരുന്നത്. ആ പുതിയ അധ്യായം എന്താണ്?

കഴിഞ്ഞ അധ്യായത്തിൽ കൂടുതലും സഭയുമായിട്ട് ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരുന്നു. അതല്ലാതെയുള്ള പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ അധ്യായത്തിൽ സഭയ്ക്ക് വെളിയിലുള്ള ഔദ്യോഗിക സ്ഥാനമാനങ്ങൾക്ക് അപ്പുറത്തുള്ള മനുഷ്യന്റെയും പ്രകൃതിയുടെയും പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട്, അതിനെക്കുറിച്ച് ചിന്തിച്ചും എഴുതിയും ധ്യാനിച്ചുമുള്ള ഒരു പുതിയ ജീവിത ഘട്ടമാണ് ഉദ്ദേശിക്കുന്നത്. എന്നാൽ അതൊരു വിശ്രമ ജീവിതമല്ല. അൽപംകൂടി സക്രിയമായ കൂടുതൽ സർഗാത്മകവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവസരം കിട്ടുമെന്നുമാണ് പ്രതീക്ഷ.

സഭയും അധ്യാത്മികതയുമായിട്ടുള്ള ചട്ടക്കൂടിന് പുറത്തുവന്ന് അതിനപ്പുറത്തുള്ള ലോകത്തേക്ക് പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പ്രകൃതിയുടെയും പ്രശ്നങ്ങളുമായി ഇടപഴകി ജീവിക്കുവാനും പ്രവർത്തിക്കുവാനുമുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിട്ടാണ് ഞാൻ അതിനെ കാണുന്നത്.

ഇപ്പറഞ്ഞ ജീവിതത്തിലെ പുതിയ അധ്യായങ്ങളിൽ രാഷ്ട്രീയ പ്രവേശനവും ഉൾപ്പെടുമോ? താങ്കൾ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അത്തരത്തിലുള്ള ചില പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു. അടുത്ത തവണ തിരുവല്ലയിൽ താങ്കൾ സ്ഥാനാർഥിയായി മത്സരിക്കുമെന്ന തരത്തിൽ വരെ ചില ഫെയ്‌സ്ബുക്ക് കമന്റുകൾ വന്നിരുന്നു. അത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

രാഷ്ട്രീയത്തിൽ ഞാൻ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അത്, പക്ഷേ, രാഷ്ട്രീയത്തെ നമ്മൾ എങ്ങനെ കാണുന്നു എന്നതിന് അനുസരിച്ചിരിക്കും. പാർട്ടി രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും അല്ല രാഷ്ട്രീയം എന്ന് പറയുന്നത്. എന്റെ രാഷ്ട്രീയം യേശുക്രിസ്തുവിന്റെ കുരിശിന്റെ രാഷ്ട്രീയമാണത്. അത് നീതിക്കുവേണ്ടിയുള്ള ദൈവരാജ്യ മൂല്യങ്ങൾക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയമാണ്. എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ എവിടെ അസമത്വം നിലനിൽക്കുന്നവോ എവിടെ പീഢനങ്ങൾ ഉണ്ടാകുന്നവോ അവിടെയൊക്കെ നീതിക്കുവേണ്ടി നിലപാട് എടുക്കുക എന്നുള്ളത് ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ആ രാഷ്ട്രീയ പ്രവർത്തനത്തിൽ ചെറുതായൊരു പങ്ക് ഞാൻ വഹിച്ചുകൊണ്ടാണിരിക്കുന്നത്. എഴുത്തിൽ കൂടിയും എന്റെ ഇടപെടലുകൾ വഴിയുമൊക്കെ. അത് അൽപംകൂടി സക്രിയമായി തുടരും. അതിന്  പാർട്ടി രാഷ്ട്രീയമായിട്ടോ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായിട്ടോ യാതൊരു ബന്ധവുമില്ല.

എനിക്ക് ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന, എനിക്ക് എതെങ്കിലും ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് തരാൻ എനിക്ക് ആഗ്രഹമുള്ള ഒരു പാർട്ടിയും ഇന്ന് കേരളത്തിൽ നിലവിലില്ല. അതുകൊണ്ട് ഇങ്ങനൊരു പ്രശ്നം ഉദിക്കുന്നില്ല.

placeholder
ഗീവർഗീസ് മാർ കൂറിലോസ്. ഫോട്ടോ: അഭിലാഷ് ചിറക്കടവ്

എപ്പോഴും ഉള്ളിൽ ഒരു ചുവപ്പ് സൂക്ഷിച്ച്, ചുവപ്പ് രാഷ്ട്രീയത്തോട് ഏറെ അനുഭാവം പുലർത്തുന്ന ആളായിരുന്നല്ലോ താങ്കൾ. നേരത്തെ പല തവണ അത്തരം നിലപാടുകൾ കണ്ടിട്ടുണ്ട്. ആ ചുവപ്പ് രാഷ്ട്രീയത്തോട് ഇപ്പോൾ ഏതെങ്കിലും തരത്തിൽ അകൽച്ചയുണ്ടോ?

ചുവപ്പെന്ന് പറയുന്നത് ഒരു സിംബലാണ്. പാവപ്പെട്ടവരോടൊപ്പം നിൽക്കുന്ന നീതിക്കുവേണ്ടി നിലനിൽക്കുന്ന മുതലാളിത്വ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന സാമ്രാജ്യത്വത്തെ എതിർക്കുന്ന മതനിരപേക്ഷതയുടെ പക്ഷത്ത് നിൽക്കുന്ന ഒരു രാഷ്ട്രീയമാണ് ഇടത് രാഷ്ട്രീയം അല്ലെങ്കിൽ ചുവപ്പ് രാഷ്ട്രീയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാര്യത്തിൽ എനിക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഞാൻ ആ പക്ഷത്ത് തന്നെയാണ്. എന്നാൽ ആ പക്ഷം എന്ന് പറയുന്നവർ ആ പക്ഷത്തുനിന്ന് മാറിപ്പോയി. അവിടെയാണ് എനിക്കുള്ള പ്രശ്നം. ഞാൻ ഇപ്പോഴും ആദർശപരമായി ഇടതുപക്ഷത്ത് നിൽക്കുമ്പോഴും ഇടതുപക്ഷം ആ പക്ഷത്തില്ല. അവർ കൂടുതലും വലതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നിർഭാഗ്യവശാൽ അവരുമായി ഒരു അകൽച്ച സൂക്ഷിക്കേണ്ടി വരുന്നുണ്ട്.

പക്ഷേ കുറേ വർഷക്കാലമായിട്ട് ചുവപ്പിനെക്കാൾ കൂടുതൽ എനിക്ക് അടുപ്പം കറുപ്പിന്റെ രാഷ്ട്രീയവുമായിട്ടാണ്. അതൊരു വർഗ രാഷ്ട്രീയമല്ല. മറിച്ച് കീഴാള രാഷ്ട്രീയമാണ്. ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളായ ദളിതരുടെയും ആദിവാസികളുടെയും ആവാസവ്യവസ്ഥയേയും അവരുടെ പ്രശ്നങ്ങളേയും അഭിമുഖീകരിക്കുന്ന ഒരു പുതിയ രാഷ്ട്രീയം. അംബേദ്കറിനെ വായിക്കാൻ തുടങ്ങിയതുമുതലാണ് അങ്ങനെയൊരു വഴിത്തിരിവ് അല്ലെങ്കിൽ ദിശാമാറ്റം എന്റെ രാഷ്ട്രീയ ചിന്തയിലുണ്ടായത്. അതുകൊണ്ട് അംബേദ്കറും മർക്സും ഗാന്ധിയുമൊക്കെ സമന്വയിക്കുന്ന ഒരു പുതിയ രാഷ്ട്രീയം ഇന്ത്യയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

എന്നാൽ കേരളത്തിൽ അതിനുള്ള സാധ്യത അടുത്ത കാലത്തൊന്നും കാണുന്നില്ല. ഇവിടുത്തെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മറ്റൊരു സാധ്യതയും മുന്നോട്ടുവരാൻ പ്രേരിപ്പിക്കുന്നതല്ല. മറ്റെന്തിനേയും തടയുന്ന രാഷ്ട്രീയ പ്രതലമാണ് കേരളത്തിലുള്ളത്. ഇടതുപക്ഷം എന്നത് ഞാൻ ഇപ്പോൾ മനപ്പൂർവം ഉപയോഗിക്കാറില്ല. ഇരപക്ഷം എന്നാക്കി. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറിയിരിക്കുന്ന കാലത്ത് ആ വാക്ക് ഉപയോഗിക്കുന്നതിൽ വലിയ പ്രസക്തിയില്ല. ഇടതും വലതും തമ്മിൽ ഒരു വേർതിരിവില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ വികസനത്തിന്റെ പേരിലും ജാതിയുടെയും മതത്തിന്റെയും വർണ, വർഗ ലിംഗ ഭേദങ്ങളുടെ അടിസ്ഥാനത്തിൽ ഇരകളാക്കപ്പെടുന്നവരുടെ പക്ഷത്ത് നിൽക്കുന്ന ഒരു പുതിയ രാഷ്ട്രീയം, അതൊരു  സിവിൽ സൊസൈറ്റി നവസാമൂഹ്യ പ്രസ്ഥാനങ്ങൾ എന്നൊക്കെ പറയുന്ന ധാരയാണ്. അവിടെയാണ് രാഷ്ട്രീയമായി എന്റെ മനസ്സ്. എന്നാൽ അത് ശക്തി പ്രാപിക്കേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ അതിനൊരു സ്ഥാനം ഇവിടെ ഉണ്ടാകുമെന്നാണ് എന്റെ ചിന്ത.

സഭയിലെ പദവികളും അധികാരങ്ങളും ഒഴിഞ്ഞതോടെ താങ്കൾ കൂടുതൽ സ്വതന്ത്രനായിരിക്കുകയാണ്. സഭയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് പുറത്തുവന്ന താങ്കളിൽ നിന്ന് ഇനി കൂടുതൽ ശക്തമായ നിലപാടുകളും മൂർച്ചയേറിയ വിമർശനങ്ങളും പ്രതീക്ഷിക്കാമോ?

സഭയ്ക്ക് അകത്തുനിൽക്കുമ്പോഴും പുറത്തുനിൽക്കുമ്പോഴും നിലപാടുകൾക്ക് മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്നാൽ സ്വാതന്ത്ര്യം കൂടുതൽ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. വിരമിക്കലിന് ശേഷമുള്ള അനുഭവം എന്താണെന്ന് ചോദിക്കുമ്പോൾ ഞാൻ പറയുന്നത്, i feel much lighter എന്നാണ്. ഒത്തിരി ഭാരം ഇറക്കിവെച്ച പ്രതീതി എനിക്ക് തോന്നാറുണ്ട്. അത് നമ്മുടെ ചിന്തയേയും എഴുത്തിനേയും ഇടപെടലുകളേയും പോസിറ്റീവായി സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ. അൽപംകൂടി ആർജവത്തോടെ അൽപംകൂടി തുറന്ന മനസ്സോടുകൂടി വേലിക്കെട്ടുകളില്ലാതെ പ്രശ്നങ്ങളെ സമീപിക്കുവാനും എഴുതുവാനും പറയുവാനും ഇടപെടുവാനും സാധിക്കണമെന്നാണ് ആഗ്രഹം.

അധികാരത്തോട് സമരസപ്പെടുന്ന സഭയുടെ അവസരവാദപരമായ നിലപാടിനെ എപ്പോഴും നിശിതമായി വിമർശിച്ചയാളാണ് താങ്കൾ. എന്നാൽ ക്രൈസ്തവ സഭകളിലെ മറ്റ് പുരോഹിതകരൊന്നും ഇത്തരത്തിൽ സധൈര്യം അവരുടെ നിലപാടുകൾ തുറന്നുപറയുകയോ കൺമുന്നിലുള്ള തെറ്റുകളെ വിമർശിക്കുകയോ ചെയ്യുന്നത് കാണാറില്ല. സഭയിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടായിരിക്കുമോ അവരെല്ലാം നിലപാട് പറയാൻ മടിക്കുന്നത്?

അതൊരു വ്യവസ്ഥിതിയുടെ ഭാഗമാണ്. നമ്മൾ എപ്പോഴും ഒരു വ്യവസ്ഥിതിയുടെ ഭാഗമായിട്ട് മാറിയാൽ അതുമായി പൂർണമായും ആന്തരികമായി ഏകീഭവിച്ച് കഴിഞ്ഞാൽ പിന്നെ അതുമായി താതാത്മ്യപ്പെട്ട് പോവുകയല്ലാതെ മറ്റ് മാർഗമില്ല. അതിനെതിരേ നിലപാട് എടുക്കുവാനോ ശബ്ദിക്കുവാനോ സാധിക്കണമെങ്കിൽ ഒരിക്കലും വ്യവസ്ഥിതിയോട് അനുരൂപപ്പെടാൻ പാടില്ല. മിക്കവാറും എല്ലാ സ്ഥാനികളും സ്ഥാനത്തോട് താതാത്മ്യം പ്രാപിച്ചവരാണ്. അവർ ആ സ്ഥാനങ്ങളിൽ അഭിരമിക്കുന്നവരും പദവികളുടെ പ്രിവിലേജുകളിൽ സന്തോഷിക്കുന്നവരും ആസ്വദിക്കുന്നവരും ആണെങ്കിൽ അതിന് വിപരീതമായിട്ട് അവർക്ക് ഒന്നും പറയാനുണ്ടാകില്ല. വിപരീതമായിട്ട് പറയുന്നവരെ ഒറ്റപ്പെടുത്താനും അവരെ സംശയത്തോടും പകയോടും കാണുവാനുമൊക്കെ ശ്രമിക്കുമെന്നല്ലാതെ അവർ ഒരിക്കലും ഒരു ബദൽ ചിന്തയുടെ വാഹകരാകാറില്ല. അതിൽ അത്ഭുതവുമില്ല.

ഏതെങ്കിലും വിഷയത്തിൽ വെട്ടിത്തുറന്ന് പറഞ്ഞ നിലപാടുകൾ സംബന്ധിച്ച് പിന്നീട് ആലോചിച്ചപ്പോൾ അന്നങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയ സന്ദർഭമുണ്ടോ?

ഒരുകാലത്തും എഴുതിയതോ പറഞ്ഞതോ എനിക്ക് പിൻവലിക്കേണ്ടി വന്നിട്ടില്ല. പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുന്ന ആളല്ല ഞാൻ. എന്തെഴുതിയാലും പറഞ്ഞാലും എവിടെ ഇടപെട്ടാലും ചിന്തിച്ച് ആലോചിച്ച്, പ്രാർഥിച്ച് എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ്. 100 ശതമാനം ബോധ്യമുള്ള കാര്യങ്ങളേ ഞാൻ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളൂ. അതുകൊണ്ടുതന്നെ അതൊന്നും പിൻവലിക്കേണ്ടി വന്നിട്ടില്ല. ഒത്തിരി വിമർശനങ്ങളുണ്ടായിട്ടുണ്ട്. സമ്മർദങ്ങളുണ്ടായിട്ടുണ്ട്. വലിയ അഗ്‌നിപരീക്ഷകളെ നേരിട്ടിട്ടുണ്ട്. പക്ഷേ അവിടെയൊന്നും എന്റെ നിലപാടുകളിൽനിന്ന് ഞാൻ പിന്നോട്ട് പോയിട്ടില്ല. അത് എന്റെ ബോധ്യങ്ങളാണ്. ബോധ്യങ്ങൾ ആവിഷ്‌ക്കരിക്കുവാനായിട്ട് മടി കാണിക്കേണ്ടതില്ല. ആരേയും ഭയക്കേണ്ടതുമില്ല. അത് ഇനിയും ശക്തമായിട്ട് തുടരും.

placeholder
ഗീവർഗീസ് മാർ കൂറിലോസ്. ഫോട്ടോ: അഭിലാഷ് ചിറക്കടവ്

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം വർഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണ്. വിഷയത്തിൽ 2017ൽ സുപ്രീംകോടതിയുടെ അന്തിമ വിധിയും വന്നിരുന്നു. എന്നാൽ ഇപ്പോഴും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ഇരുസഭകളിലേയും അധ്യക്ഷൻമാർ ഒരു മേശയ്ക്ക് ഇരുപുറവും ഇരുന്ന് കാര്യങ്ങൾ ചർച്ചചെയ്ത് ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലേ? ഇതിൽ ഒരു നിയമനിർമാണത്തിന് സംസ്ഥാന സർക്കാരും ശ്രമിച്ചുവരികയാണ്. ഇതിനായി കരട് ബിൽ തയ്യാറായെങ്കിലും ഓർത്തഡോക്സ് സഭയിൽനിന്നുള്ള ശക്തമായ എതിർപ്പുമൂലം ഇതും അധികം മുന്നോട്ടുപോയിട്ടില്ല. ഈ സാഹചര്യത്തിൽ സഭാ തർക്കത്തിൽ എന്താണ് ഒരു പരിഹാര മാർഗം?

ബിഷപ്പ് എന്ന നിലയിലുള്ള എന്റെ സഭാ ജീവിതത്തിൽ ഏറ്റവും വേദനിപ്പച്ച സംഭവം സഭാ തർക്കമാണ്. ഞാൻ ശ്രുശൂഷിച്ച നിരണം ഭദ്രാസനത്തിലെ ഒരു ദേവാലയം ഞങ്ങൾക്ക് നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. അത് വലിയ വേദനയുണ്ടാക്കിയ സന്ദർഭമാണ്. ഒരു നൂറ്റാണ്ടിലേറേ പഴക്കമുള്ള ഒരു പ്രശ്നം കേരളത്തിലെ സാമൂഹിക ക്രമസമാധാന പ്രശ്നമായിട്ട് പോലും പരിഗണിച്ചിരിക്കുന്ന ഘട്ടത്തിൽ അതിനൊരു ശാശ്വത പരിഹാരം അടിയന്തര ആവശ്യമാണ്. അതിനുള്ള സാധ്യതയാണ് നിയമനിർമാണം.

എൽഡിഎഫ് സർക്കാർ അതിനൊരു ആർജവം കാണിച്ച് നിയമനിർമാണത്തിന് തടസമില്ലെന്ന തീരുമാനമെടുത്ത് മുന്നോട്ടുപോയതാണ്. ഈ സർക്കാർ തന്നെയാണ് ഒരു സെമിത്തേരി ബിൽ കൊണ്ടുവന്നത്. ഈ പ്രശ്നത്തിന്റെ ഭാഗമായിട്ട് ശവമടക്ക് സംബന്ധിച്ചുള്ള തർക്കങ്ങൾ പലപ്പോഴും വലിയ വിഷയങ്ങളായിരുന്നു. അത് ശാശ്വതമായി പരിഹരിക്കാൻ സാധിച്ചത് ആ ഒരു ബില്ലുകൊണ്ടാണ്. ഇപ്പോൾ ആ മേഖലയിൽ പ്രശ്നമില്ല. അതുപോലെ ചർച്ച് ബില്ല് കൂടി വന്നിരുന്നെങ്കിൽ സഭാ തർക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെടുമായിരുന്നു. അതിന്റെ വലിയ ക്രെഡിറ്റ് സർക്കാരിന് ലഭിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എന്തോ കാരണത്താൽ അടുത്തകാലത്ത് അതിൽനിന്ന് സർക്കാർ അൽപം പുറകോട്ടു പോയതായിട്ടുള്ള സൂചനയാണ് ലഭിക്കുന്നത്.

എന്നാൽ എനിക്കിപ്പോഴും പ്രതീക്ഷയാണുള്ളത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തി എന്നനിലയിൽ സമീപകാലത്തുതന്നെ സർക്കാർ എടുത്ത തീരുമാനം നടപ്പാക്കുമെന്ന് വിചാരിക്കുകയാണ്. പക്ഷേ എന്തോ സർക്കാരിനെ അതിൽനിന്ന് പിൻവാങ്ങുവാനായിട്ട് പ്രേരിപ്പിക്കുന്നുണ്ട്. എന്തോ സമ്മർദങ്ങളൊക്കെ ഉണ്ടാകാം. അതിനടിപ്പെടാതെ നീതിക്കുവേണ്ടി അങ്ങനെയൊരു തീരുമാനം ആർജവത്തോടെ സർക്കാർ എടുക്കട്ടെയെന്ന് പ്രാർഥിക്കുകയാണ്. അങ്ങനെയെങ്കിൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടും.

ബൈബിൾ തന്നെ പറയുന്നുണ്ട്; നിങ്ങൾക്കിടയിൽ ഒരു കലഹം ഉണ്ടായാൽ കോടതി അല്ല തീരുമാനിക്കേണ്ടത്. നിങ്ങൾ തന്നെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പ്രാർഥിച്ച്, ചർച്ച ചെയ്ത് തീർക്കണമെന്ന്. അധികാരത്തിന്റെ പ്രശ്നങ്ങളിലേക്ക് വരുമ്പോൾ പ്രത്യേകിച്ച് സമ്പത്ത്, പള്ളിയുടെ വസ്തുവകകൾ, സ്ഥാപനങ്ങൾ, അതിന്റെ വരുമാനം ഇതൊക്കെ നമ്മളെ സ്വാധീനിച്ചുകഴിഞ്ഞാൽ പിന്നെ യേശുക്രിസ്തുവും സുവിശേഷവും വേദപുസ്തകും അതിന്റെ മൂല്യങ്ങളുമെല്ലാം സെക്കൻഡറി ആയിട്ട് മാറുന്നു എന്നുള്ളതിന്റെ സൂചനകളാണിത്. അതുകൊണ്ട് ബൈബിളും യേശുക്രിസ്തുവുമൊക്കെ പറയുന്ന കാഴ്ചപ്പാടിലേക്ക് വരുവാനായിട്ട് സഭയുടെ നേതാക്കൾക്ക് സാധിക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെടും.

അടുത്തിടെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ മെത്രാൻമാരുടെ ആഡംബര ഭ്രമത്തെ വിമർശിച്ച് ഒരു പരാമർശം നടത്തിയുന്നല്ലോ. അത് വലിയ വിവാദമായതോടെ ചില സഭാ നേതൃത്വങ്ങളും അദ്ദേഹത്തിനെതിരേ രംഗത്തെത്തി. ഇതിൽ ജിജി തോംസണിനെ അനുകൂലിച്ച് താങ്കളും ഫെയ്സ്ബുക്ക് കുറിപ്പ് എഴുതിയിരുന്നു. സഭയിലെ ആഡംബര ഭ്രമത്തേയും മറ്റും വിമർശിക്കുന്ന ആദ്യത്തെ ആളല്ല ജിജി തോംസൺ. ഇത്തരം വിമർശനങ്ങൾ ആവർത്തിക്കുമ്പോഴും ഒരു പുനർവിചിന്തനത്തിലേക്കോ അല്ലെങ്കിൽ ഒരു തിരുത്തൽ നടപടിയിലേക്കോ സഭകൾ കടക്കാത്തത് എന്തുകൊണ്ടാണ്?

സഭകൾ മാത്രമല്ല, വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്ന് പണത്തിന്റെ അടിമകളായി മാറി. ഇടതുപക്ഷമെക്കെ ഇടതുപക്ഷമല്ലാതെയായി മാറിയെന്ന് പറയാനുള്ള പ്രധാന കാരണവും അതാണ്. ഇടതുപക്ഷത്തിന്റെ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ മൂലധന ശേഖരമാണ് തിൻമയായി മാർക്സിസം കാണുന്നത്. എന്നാൽ അതിന്റെ വാഹകരായിട്ട് ഇന്ന് പാർട്ടിയും സംവിധാനങ്ങളുമൊക്കെ മാറിക്കഴിഞ്ഞു. സമ്പത്തിന് വേണ്ടിയുള്ള അഭിനിവേശം എത്രമാത്രം ആ പ്രസ്ഥാനത്തെ ഇന്ന് സ്വാധിനിച്ചുവെന്ന് നേരിട്ട് കാണുന്ന കാഴ്ചയാണ്.

അതുപോലെ തന്നെയാണ് സഭകളേയും. മൂലധനം അല്ലെങ്കിൽ സമ്പത്ത് എന്ന് മാർക്സ് പറയുന്ന സാധനം ബൈബിളിൽ മാമോൻ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. മാമോനേയും ദൈവത്തേയും നിങ്ങൾക്ക് ഒരുപോലെ സേവിക്കാൻ കഴിയില്ലെന്ന് ബൈബിൾ കൃത്യമായിട്ട് പറയുന്നുണ്ട്. പക്ഷേ മതങ്ങളൊക്കെ മാമോൻ സേവയാണ് നടത്തുന്നത്. പണമാണ് എല്ലാത്തിന്റേയും അടിസ്ഥാന കേന്ദ്രമായിട്ട് സഭകളിൽ മാറിയിരിക്കുന്നത്. അഴിമതിയെല്ലാം നടക്കുന്നത് ഈ പണത്തോടുള്ള അത്യാർത്തിയും അതിന്റെ ഒരു ആരാധന സഭകളെ ബാധിച്ചിരിക്കുന്നതും കൊണ്ടാണ്. അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അതിന്റെയെല്ലാം അടിമത്വത്തിൽ ആയിക്കഴിഞ്ഞാൽ പിന്നെ അതിൽനിന്ന് പുറത്തുവരുക വളരെ പ്രയാസപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് ഇത്തരം വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുവാനായിട്ട് സഭാ നേതാക്കൻമാർക്ക് സാധിക്കാതെ വരുന്നത്. അവരെ എത്രയും പെട്ടെന്ന് അടിച്ചമർത്താനായുള്ള ശ്രമങ്ങളാണ് പിന്നെ നടക്കുക.

ജിജി തോംസൺ പറഞ്ഞിട്ടുള്ള കാര്യം വളരെ മുമ്പ് ഞാൻ തന്നെ പറഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ഐക്യപ്പെടാനായി എനിക്ക് ഒരു പ്രയാസവുമുണ്ടായില്ല. അതുപോലുള്ള പ്രവാചക ശബ്ദങ്ങൾ ഇനിയും കൂടുതൽ ഉണ്ടാകണം. നിരന്തരമായ സമ്മർദം മതങ്ങളുടെ മേൽ മതമേലധ്യക്ഷൻമാർക്ക് മേൽ അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്ക് മേൽ അധികാര ഘടനകളുടെ മേൽ ഉണ്ടായെങ്കിൽ മാത്രമേ തിരുത്തലിന് അവർ നിർബന്ധിക്കപ്പെടുകയുള്ളു.

സ്വമേധയാ തിരുത്തൽ നടത്തുന്ന ഘട്ടമൊക്കെ കഴിഞ്ഞുപോയി. അത് ചരിത്രപരമായി സംഭവിച്ചിട്ടുള്ളതാണ് സഭകൾക്ക്. ഒരു ജനകീയ മുന്നേറ്റമായിരുന്ന യേശുക്രിസ്തുവിന്റെ മുന്നേറ്റത്തെ ഒരു വലിയ സ്ഥാപനമായി സാമ്രാജ്യമായി മാറ്റിയെടുത്തത് ഈ സംവിധാനങ്ങളാണ്. മൂലധനവും പുരുഷാധിപത്യവും ജൻമിത്വവും ഫ്യൂഡലിസവും ജാതിമേധാവിത്വവും ഇതെല്ലാംകൂടി ചേരുന്ന ഒരു വലിയ ഘടനയുണ്ട്. അത് നമുക്കൊക്കെ പിടികിട്ടാൻ കഴിയാത്ത തരത്തിലുള്ള വലിയൊരു ആധിപത്യ സാമ്രാജ്യമായി ഇന്ന് മാറിയിട്ടുണ്ട്. അതിനെ ചെറുക്കുക എന്നുള്ളത് എളുപ്പമല്ല. പക്ഷേ ഇത്തരം പ്രവാചക ശബ്ദങ്ങൾ അവിടുന്നും ഇവിടെനിന്നുമൊക്കെ വിമർശനത്തിന്റെ രൂപത്തിൽ ഉയരേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്.

placeholder
ഗീവർഗീസ് മാർ കൂറിലോസ്. ഫോട്ടോ: അഭിലാഷ് ചിറക്കടവ്

സഭകൾക്ക് ഒരു നിയന്ത്രണം കൊണ്ടുവരാനായി 2009ൽ വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ചർച്ച് ആക്ട് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ സഭകളുടെ എതിർപ്പുകൾ കാരണം അതന്ന് എങ്ങുമെത്തിയില്ല. ചർച്ച് ആക്ട് കേരളത്തിൽ എന്നെങ്കിലും നടപ്പാക്കപ്പെടുമെന്ന് കരുതുന്നുണ്ടോ?

വി.എസ്. അച്യുതാനന്ദൻ കൊണ്ടുവന്ന ചർച്ച് ആക്ട് വന്നിരുന്നെങ്കിൽ ദേവസ്വം ബോർഡ് പോലെ വഖഫ് ബോർഡ് പോലെ ക്രിസ്ത്യാനികളുടെ സ്ഥാപനങ്ങളേയും സർക്കാർ നിയന്ത്രിക്കുന്ന ഒരു സംവിധാനം ഉണ്ടാകുമായിരുന്നു. അതുവന്നിരുന്നെങ്കിൽ സഭകളിലെ മെത്രാധിപത്യം കുറഞ്ഞ് ജനാധിപത്യം കൂടുതൽ വരുമായിരുന്നു. എന്നാൽ അതിനെ എല്ലാ സഭകളും എതിർക്കുകയും സഭകൾ എതിർക്കുമ്പോൾ അവരെ പേടിച്ച് രാഷ്ട്രീയ പാർട്ടികൾ പിന്നോട്ടുപോവുകയും ചെയ്ത സ്ഥിതിവിശേഷണമുണ്ടായതോടെയാണ് അത് തകർക്കപ്പെട്ടത്. അത് കൊണ്ടുവരാൻ സാധിക്കുമായിരുന്നത് ഇടതുപക്ഷത്തിനാണ്. പക്ഷേ അവരും ഇത്തരം സംവിധാനങ്ങളോട് ഐക്യപ്പെട്ട് കഴിഞ്ഞു. അതുകൊണ്ട് അവരിൽനിന്നും ഇനിയത് പ്രതീക്ഷിക്കുന്നില്ല. ആ സാധ്യത അടഞ്ഞു.

സഭകളെ സർക്കാരുകൾ പേടിക്കുന്നുണ്ടെന്ന് പറഞ്ഞു. ശരിക്കും സർക്കാരുകൾക്ക് അങ്ങനെ സഭകളെ ഭയക്കേണ്ട ആവശ്യമുണ്ടോ?

ഇടതുപക്ഷത്തിന് അതിന്റെ ആവശ്യമില്ല. അവരുടെ ആദർശവും ചിന്താഗതിയും പ്രത്യയശാസ്ത്രവുമൊക്കെ അതിനപ്പുറത്താണ്. എന്നാൽ പ്രത്യയശാസ്ത്രത്തിൽ വല്ലാതെ വെള്ളംചേർത്ത് പ്രത്യയശാസ്ത്രം തന്നെ ഇല്ലാതായി. ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ ഇന്ന് നിലവിലുണ്ടെങ്കിൽ അത് ബിജെപി മാത്രമാണ്. ഹിന്ദുത്വ എന്നൊരു പ്രത്യയശാസ്ത്രം അവർ മുറുകേ പിടിച്ചിട്ടുണ്ട്. അതിൽ അവർ നൂറുശതമാനവും ഉറച്ചുനിൽക്കുകയും ചെയ്യുന്നു. അതിനോട് നമുക്ക് വിയോജിക്കാം. പക്ഷേ അവർക്കൊരു പ്രത്യയശാസ്ത്രമുണ്ട്. എന്നാൽ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രസ്ഥാനങ്ങളെല്ലാം അത് കൈവിട്ടു. കോൺഗ്രസ് ഗാന്ധിജിയെ വിട്ടു. മാർക്സിസ്റ്റുകാർ മാർക്സിനേയും സഭകൾ ക്രിസ്തുവിനേയും വിട്ടു. അങ്ങനെയാരു ദുര്യോഗമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.

ബിജെപി അവരുടെ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് നിൽക്കുന്നുണ്ടെന്നും മറ്റുള്ള പാർട്ടികൾ അവരുടെ പ്രത്യശാസ്ത്രത്തിൽനിന്ന് വ്യതിചലിച്ചതായും താങ്കൾ ചൂണ്ടിക്കാണിച്ചല്ലോ. ബിജെപി അല്ലെങ്കിൽ സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ ഒരു നിലനിൽപ്പുണ്ടെന്ന് കരുതുന്നുണ്ടോ?

കേരളത്തിൽ അതിനൊരു സാധ്യത വിദൂരമാണ്. കേരളത്തിന്റേത് മതനിരപേക്ഷതയ്ക്ക് വളക്കൂറുള്ള മണ്ണാണ്. അതുകൊണ്ട് പെട്ടെന്ന് അതിന് വിപരീതമായ ചിന്താധാര ഇവിടെ വേരുറയ്ക്കുക എളുപ്പമല്ല. പക്ഷേ ഇവിടുത്തെ മതേതര ശക്തികൾ പ്രത്യേകിച്ച് ഇടതുപക്ഷം അതിന്റെ മതേതര നിലപാടുകളിലും പ്രത്യയശാസ്ത്രത്തിലും വിട്ടുവീഴ്ച ചെയ്ത് വെള്ളം ചേർത്ത് അധികാരം നിലനിർത്താൻ സന്ധിയിൽ ഏർപ്പെടാൻ ശ്രമിച്ചാൽ അത് വലിയ അപകട ഭീഷണിയാകും. പിന്നീട് ത്രിപുരയൊക്കെ ഇവിടെ ആവർത്തിക്കാൻ സാധ്യതയുണ്ടാകും.

അതുകൊണ്ട് ഇവിടെ ഇടതുപക്ഷവും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും ശക്തമായി നിൽക്കണം. അവർ തുല്യശക്തികളായി നിന്നെങ്കിൽ മാത്രമേ തീവ്രമായ മത തീവ്രവാദം പറയുന്ന രാഷ്ട്രീയ ശക്തികളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. ഇടതുപക്ഷം ശിഥിലമായാലും കോൺഗ്രസ് ശിഥിലമായാലും അത് സഹായിക്കുന്നത് വലതുപക്ഷ മത തീവ്രവാദികളെ ആയിരിക്കുമെന്നതിൽ സംശയമില്ല.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നത് ഇടതുപക്ഷവും കോൺഗ്രസുമെല്ലാം ചേർന്ന ഇന്ത്യ മുന്നണിയാണ്. എൻഡിഎ സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ ഈ മുന്നണിക്ക് സാധിക്കുമെന്ന് കരുതുന്നുണ്ടോ?

ഇന്ത്യയിൽ അങ്ങനെ ഏക പ്രതീക്ഷയുണ്ടെങ്കിൽ അത് ഇന്ത്യ മുന്നണി മാത്രമാണ്. മറ്റൊരു സാധ്യതയും നമുക്ക് മുന്നിലില്ല. പക്ഷേ നിർഭാഗ്യവശാൽ അവർ തമ്മിലടിക്കുകയാണ്. കോൺഗ്രസിനകത്തും ആഭ്യന്തര പ്രശ്നങ്ങളുമുണ്ട്. അതൊക്കെ തൽക്കാലമെങ്കിലും മാറ്റിവെച്ചിട്ട് മുഖ്യശത്രുവിനെ നേരിടുവാനായിട്ട് ഒന്നിക്കുക എന്ന ഒരൊറ്റ അജണ്ടയിൽ അവരെല്ലാം മുന്നോട്ടുപോകണം. തിരഞ്ഞെടുപ്പിന് ഇനിയധികം സമയമില്ലെന്നും ഓർക്കണം.

കഴിഞ്ഞതിരഞ്ഞെടുപ്പുകളിലെല്ലാം തമ്മിലടിയും അഹംഭാവവും സന്ദര്യപിണക്കങ്ങളുമൊക്കെ കോൺഗ്രസിനെ ഒത്തിരി പിറകോട്ട് തള്ളിയിട്ടുണ്ട്. അതൊക്കെ തിരുത്തലുകളായി എടുത്ത് പറ്റിയതെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് തിരുത്തി എല്ലാ പ്രസ്ഥാനങ്ങളും പ്രതിപക്ഷവും ഒന്നിച്ചുനിന്നാൽ ഒരു സാധ്യതയുണ്ട്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിൽ അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ആഗ്രഹം. എന്നാൽ തമ്മിലടിച്ചാൽ തകർന്നുപോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. now or never, do or die അങ്ങനെയൊരു സാഹചര്യമാണ് ഇന്ത്യ മുന്നണിക്ക് മുന്നിലുള്ളത്. ജനാധിപത്യം, ഭരണഘടന, അതിന്റെ മൂല്യങ്ങൾ, മതേതരത്വം എന്നിവയെല്ലാം നിലനിൽക്കണമെങ്കിൽ ഒരുമിച്ച് നിൽക്കുക എന്നത് മാത്രമാണ് സാധ്യതയായിട്ടുള്ളത്. അത് പ്രതിപക്ഷം മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു.

placeholder
ഗീവർഗീസ് മാർ കൂറിലോസുമായുള്ള അഭിമുഖവേളയിൽ

വലിയ പണം ചെലവഴിച്ച് സർക്കാർ നടത്തിയ നവകേരള സദസ്സിനേയും അതിനെതിരേ ഉയർന്ന പ്രതിപക്ഷ പ്രതിഷേധങ്ങളേയും താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

രണ്ടിനേയും ഒരു തമാശയായിട്ടാണ് കാണുന്നത്. ഇന്നത്തെ സാമ്പത്തിക അന്തരീക്ഷത്തിൽ ഇത്രയും പണം ചെലവഴിച്ച് ഇങ്ങനെയാരു പരിപാടി നടത്തേണ്ടതിന്റെ അടിയന്തരാവസ്ഥ എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. ധൂർത്താണിത്. സഭകളിലും മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമൊക്കെ എല്ലാവരേയും സ്വാധീനിച്ചിരിക്കുന്ന ഒരു ഘടകമാണത്.

പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ എന്ത് ആവശ്യമാണ് ഈ യാത്ര കൊണ്ടുള്ളതെന്ന് എത്ര ആലോചിട്ടും മനസ്സിലായിട്ടില്ല. പരാതികൾ സ്വീകരിക്കാനാണെങ്കിൽ അതിന് വേറെ സംവിധാനങ്ങളുണ്ട്. പരാതികളുടെ ബഹുല്യമാണ് ഇതിന്റെ വിജയമെന്ന് പറഞ്ഞാൽ ആശുപത്രികളുടെ എണ്ണം കൂടുന്നത് വികസനമാണെന്ന് പറയുന്നത് പോലെയാണ്. ആശുപത്രികളുടെ എണ്ണം കൂടുന്നതിന്റെ യാഥാർഥ്യം നമ്മുടെ ആരോഗ്യാവസ്ഥ തകർന്നുവെന്നതാണ്. ഇതുപോലെയാണ് പരാതികളുടെ ബാഹുല്യമെന്ന് പറയുന്നത് ഭരണപരാജയം തന്നെയാണ്. അതുകൊണ്ട് ഇതെല്ലാം ഒരു ഷോയാണ്. നിർഭാഗ്യവശാൽ ഇടതുപക്ഷവും അങ്ങനെയൊരു സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

എന്നാൽ ഇതിനോട് വേണ്ട രീതിയിൽ പ്രതിഷേധിക്കാനും പ്രതികരിക്കുവാനും പ്രതിപക്ഷത്തിനും കഴിഞ്ഞില്ല. ഒരു വ്യക്തതയുമില്ലാത്ത ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷമാണ് ഇന്ന് നിലവിലുള്ളതെന്ന് തോന്നാറുണ്ട്. നമ്മൾ അർഹിക്കുന്ന ഭരണവും പ്രതിപക്ഷവും നമുക്ക് ലഭിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഞാൻ ഒരു വിധിയിൽ വിശ്വസിക്കുന്ന ആളല്ല. പക്ഷേ എന്തുകൊണ്ടാണ് ഇതിലൊക്കെ ഒരു മാറ്റം വരാത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് പുതിയൊരു ബദൽ രാഷ്ട്രീയ രംഗത്ത് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് ഞാൻ പറഞ്ഞത്. അത് സ്വപ്നം കണ്ടുകൊണ്ടേ ഇരിക്കുകയാണ്. സ്വപ്നം കാണുന്നതിന് അനുവാദം വേണ്ടാത്തതുകൊണ്ട് ഒരു സ്വപ്ന ജീവിയായി ഞാൻ ഇപ്പോഴും ജീവിക്കുന്നു.

എന്നാൽ ആ സ്വപ്നം യാഥാർഥ്യമാകുന്നത് കേരളത്തിൽ വിദൂര സാധ്യതയാണ്. പക്ഷേ വിദൂരം എന്ന് പറയുന്നത് ഒത്തിരി ദൂരെയല്ല. എന്നെങ്കിലും ഉണ്ടായോ പറ്റു. കാരണം ഇത് മനുഷ്യർ മടുത്തുപോകുന്ന രാഷ്ട്രീയ സംവിധാനമാണ്. ആശയങ്ങൾ മുന്നോട്ടുവെക്കുവാൻ ഇല്ലാത്ത, എതാണ് ഇടത് ഏതാണ് വലിയ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു സയാമീസ് ഇരട്ടകളെ പോലെ രാഷ്ട്രീയം മുന്നോട്ടുനീങ്ങുമ്പോൾ ജനങ്ങൾക്ക് ഒരു മടുപ്പുണ്ടാകും. ആ മടുപ്പിൽനിന്ന് ഒരു പുതിയ ജീവൻ ഉണ്ടാകുമെന്ന് വിശ്വസിക്കുകയാണ്.

placeholder
ഗീവർഗീസ് മാർ കൂറിലോസ്. ഫോട്ടോ: അഭിലാഷ് ചിറക്കടവ്

ഇനി ആരും തന്നെ തിരുമേനി എന്ന് വിളിക്കരുതെന്നും അത് സവർണ ചിന്താഗതിയുടെ ഭാഗമായ പദമാണെന്നുമുള്ള താങ്കളുടെ വാക്കുകൾ മുമ്പ് പൊതുസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോഴും പലരും താങ്കളെ തിരുമേനിയെന്ന് തന്നെയല്ലേ അഭിസംബോധന ചെയ്യുന്നത്. അതിൽ ഒരു മാറ്റം വരാത്തത് എന്തുകൊണ്ടാണ്?

മൂല്യവ്യവസ്ഥ നമ്മളെ ഒത്തിരി സ്വാധീനിക്കും എന്നതാണ് അതിന്റെ പ്രധാനപ്പെട്ട പ്രശ്നം. ഇന്ത്യയിൽ ജാതി സർവതലസ്പർശിയാണ്. നിങ്ങൾ മുന്നോട്ടോ പിറകോട്ടോ ഇടത്തോട്ടോ വലത്തോട്ടെ നീങ്ങുക, ഈ നാല് വശത്തും നിങ്ങളെ ആദ്യ അഭിമുഖീകരിക്കുന്നത് ജാതിയായിരിക്കുമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. അതിനെ നേരിടാതെ നിങ്ങൾക്ക് ഒരു വശത്തേക്ക് നീങ്ങാനാകില്ല. ജാതിയുടെ മൂല്യങ്ങൾ എല്ലാവരേയും അടിമുടി സ്വാധീനിക്കും. അതിന്റെ ഭാഗമായിട്ടാണ് തിരുമേനി, അരമന, എഴുന്നള്ളത്ത് തുടങ്ങിയ പദപ്രയോഗങ്ങൾ വന്നത്. ഞങ്ങളൊക്കെ ഒരു കത്ത് എഴുതിയാൽ അതിനെ കൽപ്പന എന്നാണ് പറയുന്നത്. ഞങ്ങൾ പള്ളിയിലേക്ക് വരുന്നതിനെ എഴുന്നള്ളുക എന്നും താമസസ്ഥലത്തെ അരമന എന്നൊക്കെയാണ് പറയുന്നത്.

സവർണ മൂല്യങ്ങൾ നമ്മളെ അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതിന്റെ സൂചനകളാണിത്.  അതിനൊക്കെ മാറ്റം വരേണ്ട സമയമായി. പക്ഷേ മാറ്റത്തിന് സമയമെടുക്കും. എന്നാൽ എന്റെ ഭദ്രാസനത്തിൽ വൈദികർ എന്നെ പിതാവെന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു മാറ്റം ചെറിയ തലങ്ങളിലൊക്കെ കൊണ്ടുവരാനായിട്ട് സാധിച്ചു. ആഡംബരത്തിനും ധൂർത്തിനുമെതിരേ ഞാൻ ഭദ്രാസനത്തിൽ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. അതിവിടെ ഒരുപരിധിവരെയെങ്കിലും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് സ്വാധീനിക്കാവുന്ന മേഖലകളിൽ സ്വാധീനം ചെലുത്താം. അതിന്റെ അനുരണനങ്ങൾ എല്ലായിടത്തും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

ഭദ്രാസന ഭരണമെല്ലാം ഒഴിഞ്ഞിട്ട് കുറച്ചുദിവസമായി. ഈ പുതിയ ജീവിതത്തിൽ താങ്കൾ പൂർണമായും സന്തോഷവാനാണോ?

പരിപൂർണ സംതൃപ്തനാണ്. സ്ഥാനത്യാഗം അൽപംകൂടി മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതായിരുന്നു ആഗ്രഹവും. പക്ഷേ അതിൽനിന്ന് എന്നെ പിന്തിരിപ്പിച്ചത് മാതാപിതാക്കളുടെ സാന്നിധ്യമാണ്. പ്രത്യേകിച്ച് അമ്മച്ചിയുടെ. അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ അങ്ങനെയൊരു തീരുമാനം എടുത്താൽ ഒരുപക്ഷേ അവർ അത് ഉൾക്കൊണ്ടില്ലെന്ന് വരാം. ആ കാരണം കൊണ്ട് മാത്രമാണ് നീണ്ടുപോയത്. അമ്മച്ചിയുടെ മരണംകൂടി കഴിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ ആ തീരുമാനം എടുക്കുകയും ചെയ്തു.