
ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ഒരു കുഞ്ഞൻ പദാർഥം, അതാണ് ഗ്രാഫീൻ. നമുക്ക് അത്ര കേട്ടുപരിചിതമല്ലാത്ത വാക്കാണിതെങ്കിലും വരുംനാളുകളിൽ മനുഷ്യർ ഏറ്റവുമധികം കടപ്പെട്ടിരിക്കാൻ പോകുന്നത് ഗ്രാഫീനോടാണ്. മനുഷ്യ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള പദാർഥമായാണ് ഗ്രാഫീനെ ശാസ്ത്രലോകം കാണുന്നത്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകമെമ്പാടും ഗ്രാഫീനുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിൽ 'ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി' സ്ഥാപിക്കാൻ കഴിഞ്ഞ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഇതിനുപുറമേ ഒരു ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററും കളമശ്ശേരിയിൽ വരുന്നുണ്ട്. എന്താണ് ഗ്രാഫീൻ? ഇതിന്റെ ഉപയോഗം എന്തെല്ലാമാണ്?. എങ്ങനെയാണ് ഇത് കേരളത്തിന്റെ തലക്കുറി മാറ്റാൻ പോകുന്നത്?
നാളെയുടെ അത്ഭുത പദാർഥം
കാർബണിന്റെ വിവിധ രൂപാന്തരങ്ങളിൽ ഒന്നായ ഗ്രാഫൈറ്റിൽ നിന്ന് അടർത്തിയെടുക്കുന്ന ഒരൊറ്റ പാളിയാണ് ഗ്രാഫീൻ. നമ്മൾ എഴുതാൻ ഉപയോഗിക്കുന്ന പെൻസിലിലെ 'ലെഡ്' ഒരു ഗ്രാഫൈറ്റാണ്. അതായത് പെൻസിൽകൊണ്ട് കടലാസിൽ ഒരു വര വരച്ചാൽ അത് ഗ്രാഫൈറ്റാണ്. ഇതിൽനിന്ന് വേർതിരിച്ചെടുക്കുന്ന കാർബൺ ആറ്റങ്ങളുടെ ഒറ്റപ്പാളിയാണ് ഗ്രാഫീൻ. കാണാൻ തേനീച്ചക്കൂടിന്റെ ആകൃതിയുള്ള (താഴെയുള്ള ചിത്രത്തിൽ രൂപഘടന കാണാം) ഗ്രാഫീൻ ഒരു ദ്വിമാന പദാർഥമാണ്. ലോകത്തെ ഏറ്റവും കാഠിന്യമേറിയ പദാർഥം ഏതെന്ന ചോദ്യത്തിനും ഗ്രാഫീനെ ഉത്തരമായി പറയാം. കാർബണിന്റെ തന്നെ മറ്റൊരു രൂപാന്തരമായ വജ്രത്തെക്കാൾ 40 ഇരട്ടിയും ഉരുക്കിനെക്കാൾ 200 ഇരട്ടിയും ശക്തിയേറിയതും എന്നാൽ കനമില്ലാത്തതും അതീവ നേർത്തതുമായ പദാർഥമാണ് ഗ്രാഫീൻ.
സാധാരണയായി നല്ല ബലമുള്ള വസ്തുക്കൾക്ക് ഭാരവും കൂടുതലാകും. എന്നാൽ ഇത്രയധികം ബലമുള്ള ഗ്രാഫീന് ഒട്ടും തന്നെ ഭാരമില്ല. ഒരു സ്‌ക്വയർ മീറ്റർ ഗ്രാഫീനിന്റെ ഭാരം ഏകദേശം 0.77 മില്ലിഗ്രാം മാത്രമാണ്. ഒരു സ്‌ക്വയർ മീറ്ററുള്ള സാധാരണ പേപ്പറിന് ഗ്രാഫീനെക്കാൾ 1000 മടങ്ങ് ഭാരമുണ്ടെന്ന് അറിയുമ്പോഴാണ് ഗ്രാഫീന് എത്രമാത്രം ഭാരം കുറവാണെന്ന് വ്യക്തമാവുക.

ഒരേസമയം സുതാര്യവും എന്നാൽ വൈദ്യുതിയുടെ ചാലകവുമായ ഗ്രാഫീന് സവിശേഷമായ ഭൗതിക താപ വൈദ്യുത ഒപ്റ്റിക്കൽ പ്രത്യേകതകളുണ്ട്. അതിനാൽ ഇതിന്റെ വ്യവസായ സാധ്യതകൾ ഏറെയാണ്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് മേഖലകളിലും ഊർജോത്പാദന മേഖലയിലും മെഡിക്കൽ രംഗത്തും നാനോ ടെക്‌നോളജി, വ്യോമയാന മേഖല, ബഹിരാകാശ മേഖല, വ്യവസായം, നിർമാണം തുടങ്ങി സകല മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗ്രാഫീന് കഴിയും. വരുംനാളുകളിൽ മനുഷ്യ ജീവിതത്തിൽ വിപ്ലവകരമായ മാറ്റംവരുത്താൻ ഗ്രാഫീന് സാധിക്കുമെന്ന് പറഞ്ഞതും അതുകൊണ്ടാണ്. നാളെയുടെ 'അത്ഭുത പദാർഥം' എന്ന വിശേഷണം ഗ്രാഫീന് ഇതിനോടകം ചാർത്തിക്കിട്ടിയിട്ടുണ്ട്. ഗ്രാഫീനിന്റെ ഈ സാധ്യതകളെല്ലാം തിരിച്ചറിഞ്ഞാണ് കേരളവും ഗ്രാഫീൻ നിർമാണത്തിലേക്ക് കടക്കുന്നത്.
പ്രൊഡക്ഷൻ സെന്ററിന് ചെലവ് 237 കോടി
സംസ്ഥാന സർക്കാർ 237 കോടി രൂപ ചെലവിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് 'ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി' സ്ഥാപിക്കുന്നത്. കൊച്ചിയിൽ എവിടെയാണ് സെന്റർ നിർമിക്കുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് ഇതിന്റെ നിർവഹണ ഏജൻസി. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസൽ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
മെറ്റീരിയൽ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീൻ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നിർദിഷ്ട ഗ്രാഫീൻ ഇക്കോ സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഗ്രാഫീൻ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച 'ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫീൻ' എന്ന ഗവേഷണ വികസന കേന്ദ്രത്തിന്റെ നിർമാണം കളമശ്ശേരി ഡിജിറ്റൽ ഹബ്ബിൽ അവസാന ഘട്ടത്തിലാണ്. ഇവിടെ ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീൻ ഉൽപ്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുവാനുള്ള ഒരു മധ്യതല ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ യൂണിറ്റാണ് 237 കോടി രൂപ ചെലവിൽ ഇപ്പോൾ ആരംഭിക്കുന്നത്.
കേരള സർക്കാരും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും സംയുക്തമായി സീ-മെറ്റിനേയും (സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി) ഡിജിറ്റൽ സർവകലാശാലയേയും നിർവഹണ ഏജൻസികളും ടാറ്റ സ്റ്റീൽ ലിമിറ്റഡിനെ വ്യാവസായിക പങ്കാളിയുമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് മുകളിൽ പറഞ്ഞ ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ. ഇതിലെ ഗവേഷണങ്ങൾക്കായി യു.കെയിലെ മാഞ്ചസ്റ്റർ, ഓക്‌സ്ഫഡ്, ജർമനിയിലെ സീഗൻ സർവകലാശാലകളുമായി നേരത്തെ ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചിരുന്നു. സ്ഥാപനത്തിലെ ഗവേഷണ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായി 15 കോടി രൂപ കഴിഞ്ഞ ബജറ്റിൽ സർക്കാർ വകയിരുത്തിയിരുന്നു. പദ്ധതിക്കായി 86.41 കോടി രൂപ കേന്ദ്രവും അനുവദിച്ചിരുന്നു.
ഗവേഷണത്തിന് വെല്ലുവിളികളേറെ...

ഗ്രാഫൈറ്റിൽനിന്ന് ഒരു സിംഗിൾ ലെയർ ഉണ്ടാക്കിയെടുക്കുന്ന വെല്ലുവിളി നിറഞ്ഞ പരീക്ഷണമാണ് പ്രധാനമായും ഗ്രാഫീൻ ഗവേഷണത്തിൽ നടക്കുന്നതെന്ന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇലക്ട്രിസിറ്റി വിഭാഗം പ്രൊഫസറും ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ പഠനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോ. അലക്സ് ജെയിംസ് പറഞ്ഞു. നിലവിൽ നമുക്ക് ചുറ്റുമുള്ള എല്ലാ വസ്തുക്കളിലും ഗ്രാഫീൻ ചേർത്താൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അതിന്റെ ഗുണമേന്മ കൂട്ടാനാകും. സാങ്കേതികമായി ഇത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനാകുമെന്നും ഡോ.അലക്സ് ജെയിംസ് പറയുന്നു.
ഗ്രാഫീൻ പദ്ധതിക്കായി മൂന്ന് ഘട്ടമായാണ് കേരളത്തിൽ ഇക്കോസിസ്റ്റം ബിൽഡ് ചെയ്യുന്നത്. ഇതിൽ ആദ്യ ഘട്ടമാണ് 'ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ'. ടാറ്റ സ്റ്റീലുമായി ചേർന്ന് ഒരു ഗ്രാഫീൻ പ്രോട്ടോടൈപ്പ് വരെ എത്തിക്കുക എന്നതാണ് ഇതിലൂടെയുള്ള പ്രധാന ലക്ഷ്യം. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സെന്ററിൽ ക്ലീൻ റൂമിന്റെ ജോലി കൂടിയാണ് പൂർത്തിയാകാനുള്ളത്. അടുത്ത ഏപ്രിലോടെ സെന്റർ പൂർണമായും പ്രവർത്തന സജ്ജമാകും. പ്രൊഡക്റ്റ് ഡെവലപ്പ്മെന്റിന്റെ രണ്ടാം സ്റ്റേജിലേക്ക് പോകുമ്പോൾ പ്രൊഡകറ്റ് ഡിസൈൻ, പ്രൊഡക്റ്റ് എൻജിനിയറിങ്, പ്രോസസ് എൻജിനിയറിങ് തുടങ്ങിയ എൻജിനിയറിങ് ജോലികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീൻ ഉത്പന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പ്പാദിപ്പിക്കുകയാണ് മൂന്നാംഘട്ടം. ഇതിനായി ഒരു 'ഗ്രാഫീൻ ഇൻഡസ്ട്രിയൽ പാർക്കും' സ്ഥാപിക്കും- അലക്സ് ജെയിംസ് പറഞ്ഞു.
അടിമുടി മാറ്റംവരും, സാധ്യതകൾ അനവധി
എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്താം എന്നത് അനുസരിച്ച് ഗ്രാഫീനിന്റെ സാധ്യതകൾ അനന്തമാണ്. നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളിലും അവയുടെ ഗുണമേൻമയും ഉറപ്പുമെല്ലാം വർധിപ്പിക്കാൻ ഗ്രാഫീൻ സഹായിക്കുമെന്നത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. ഗ്രാഫീൻ നിർമാണത്തിൽ ചൈന വലിയ വമ്പൻമാരാണ്. യു.എസ്, യു.കെ, ജർമനി, ജപ്പാൻ, സൗത്ത് കൊറിയ, റഷ്യ, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഗ്രാഫീൻ കമ്പനികൾ നിരവധിയുണ്ട്. ഇവരെല്ലാം ഇതിനോടകം ചില വസ്തുക്കളും ഗ്രാഫീൻ ചേർത്ത് പുറത്തിറക്കിയിട്ടുണ്ട്. ഒട്ടനവധി പ്രോട്ടോടൈപ്പുകൾ പരീക്ഷണ ഘട്ടത്തിലുമുണ്ട്.
2004-ൽ റഷ്യൻ ഭൗതിക ശാസ്ത്രജ്ഞരായ ആന്ദ്രെ ഗെയിമും കോൺസ്റ്റാന്റിൻ നോവോസെലോവും ചേർന്നാണ് ഒരു കാർബൺ ആറ്റത്തിന്റെ മാത്രം കനമുള്ള ഗ്രാഫീൻ ആദ്യമായി കണ്ടുപിടിച്ചത്. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിക്കപ്പെട്ട ഒന്നായിട്ടും എന്തുകൊണ്ടാണ് ഗ്രാഫീൻ ഇതുവരെ വ്യാപകമായി ഉപയോഗിക്കപ്പെടാത്തതെന്ന് സ്വാഭാവികമായി സംശയം വന്നേക്കാം. സാധാരണയായി മെറ്റീരിയൽ സയൻസിൽ ഗവേഷണത്തിലൂടെ പുതിയൊരു കണ്ടെത്തൽ നടത്തിയാൽ അതിൽനിന്ന് ഒരു പ്രൊഡക്റ്റ് വിപണിയിലേക്കെത്താൻ എങ്ങനെ നോക്കിയാലും 30-50 വർഷങ്ങൾ വരെയെടുക്കും. എന്നാൽ ഗ്രാഫീന്റെ കാര്യത്തിൽ 10-15 വർഷത്തിനുള്ളിൽ തന്നെ ചില ഉത്പന്നങ്ങൾ പുറത്തിറങ്ങി. മെറ്റീരിയൽ സയൻസിലെ മറ്റ് പ്രധാന കണ്ടെത്തലുകൾ ഉത്പന്നങ്ങളായി എത്താനെടുത്ത സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാഫീൻ മേഖലയിൽ വളർച്ച അതിവേഗമാണ്. ലോകമെമ്പാടും ഈ രംഗത്ത് കൊണ്ടുപിടിച്ച ഗവേഷണങ്ങൾ നടക്കുന്നതിനാൽ അടുത്ത ഏതാനം വർഷങ്ങൾക്കുള്ളിൽ ഗ്രാഫീൻ ഉത്പന്നങ്ങൾ വ്യാപകമാകുമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു.
ഷൂ മുതൽ സിമന്റും ബാറ്ററിയും വരെ
സിമന്റിന്റെ ശക്തി കൂട്ടാനുള്ള മിശ്രിതമായി വിദേശരാജ്യങ്ങളിൽ ഗ്രാഫീൻ ഉപയോഗിച്ചുവരുന്നുണ്ട്. ഇതുവഴി കോൺക്രീറ്റിനുള്ള ശക്തി 80 ശതമാനം വരെ കൂടുമെന്നാണ് ഗവേഷണകർ കണ്ടെത്തിയിട്ടുള്ളത്. കോൺക്രീറ്റ് ഉണ്ടാക്കുമ്പോൾ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വളരെയധികം കുറയ്ക്കാനും ഗ്രാഫീൻ സഹായിക്കും. സിമന്റിന് പുറമേ റബ്ബറിലും പ്ലാസ്റ്റിക്കിലുമെല്ലാം അതിന്റെ ബലം കൂട്ടാൻ ഗ്രാഫീൻ ഉപയോഗപ്പെടുത്താം ഇതുവഴി ഇവയ്ക്കെല്ലാം ഉയർന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയും. കാറുകളിലെ ബോഡിയിൽ പെയിന്റ് പ്രൊട്ടക്ഷനായി ഉപയോഗിക്കുന്ന ഗ്രാഫീൻ കോട്ടിങ്ങും ഗ്രാഫീൻ ഉപയോഗത്തിന്റെ സിംപിളായ ഒരു ഉദ്ദാഹരണമാണ്.

വൈദ്യുത വാഹനങ്ങളുടെയും മൊബൈൽ ഫോണുകളിലേയും ബാറ്ററികളുടെ ചാർജിങ് വേഗം വർധിപ്പിക്കാനും ഗ്രാഫീൻ ഉപയോഗം സഹായിക്കും. 2017-ൽ സാംസങ്ങ് അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ ഗ്രാഫീൻ ഉപയോഗിച്ച് അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചിരുന്നു. സാധാരണ ലിഥിയം അയേൺ ബാറ്ററികളെക്കാൾ 45 ശതമാനം അധിക ശേഷിയും അഞ്ചിരട്ടി ചാർജിങ് വേഗതയുമുള്ളവയായിരുന്നു ഇവ. 12 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാമെന്നും 60 ഡിഗ്രി ചൂടിനെ വരെ ഈ ബാറ്ററിക്ക് പ്രതിരോധിക്കാനാകുമെന്നും കണ്ടെത്തിയിരുന്നു. അതിനാൽ ലിഥിയം അയേൺ ബാറ്ററികൾ അടിക്കടി ചൂട് കൂടി ബാറ്ററികൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണാനും ഗ്രാഫീൻ ബാറ്ററികൾ സഹായകരമാകും. ഈ സാധ്യത കണ്ട് ഇന്ന് മിക്ക മൊബൈൽ കമ്പനികളും ഗ്രാഫീൻ ബാറ്ററികളിൽ ഗവേഷണം നടത്തുന്നുണ്ട്.

സിലിക്കണിന് പകരക്കാരൻ, കടൽവെള്ളം ശുദ്ധമാക്കാം
ഗ്രാഫീൻ നന്നായി പ്രകാശത്തെ കടത്തിവിടുന്ന പദാർഥമാണ്. കടന്നുപോകുന്ന പ്രകാശത്തിന്റെ രണ്ട് ശതമാനം മാത്രമേ ഗ്രാഫീൻ ആകിരണം ചെയ്യുകയുള്ളു. അതിനാൽ അവ സുതാര്യമാണ്. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ടച്ച് സ്‌ക്രീനുകൾ സോളാർ സെല്ലുകൾ തുടങ്ങിയവയിൽ ഇവ ഉപയോഗപ്പെടുത്താം. അർധചാലകങ്ങളുടെ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുവായി ഇപ്പോൾ കൂടുതൽ ഉപയോഗിച്ചുവരുന്ന സിലിക്കണിന് പകരംവെക്കാവുന്നതും അതിനെക്കാൾ ഗുണമേൻമയുള്ളതുമായ പദാർഥമാണ് ഗ്രാഫീൻ. അതിനാൽ ഇവ അടുത്ത തലമുറ ഇലക്ട്രോണിക്‌സിന്റെ നാന്ദി കുറിയ്ക്കുമെന്നും കരുതപ്പെടുന്നു. കോപ്പറിനെക്കാൾ 70 മടങ്ങിലധികം വൈദ്യുത-താപ ചാലകശേഷിയുള്ളതിനാൽ ഇലക്ട്രിക് വയറുകളിലും ഇവയുടെ ഉപയോഗം ഫലപ്രദമാണ്.
ഗ്രാഫീൻ സ്തരം ഉപയോഗിച്ച് കടലിലെ ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റാൻ സാധിക്കുമെന്നും പഠനമുണ്ട്. എന്നാൽ ഇത് വലിയ ശ്രമകരമായ ദൗത്യമാണ്. നിലവിൽ വീടുകളിൽ ഉപയോഗിക്കുന്ന വാട്ടർ പ്യൂരിഫയറുകളിൽ ഫിൽട്രേഷൻ പ്രോസസിൽ ഗ്രാഫീൻ ഘടകമാണ്. ശരീരത്തിൽ ഘടിപ്പിക്കാവുന്ന സെൻസറുകൾ, കണ്ണിൽവെക്കാവുന്ന റെറ്റിന എന്നിങ്ങനെ മെഡിക്കൽ രംഗത്തും ഉപയോഗങ്ങൾ നിരവധിയാണ്. ട്രാൻസിസ്റ്ററുകൾ, കമ്പ്യൂട്ടർ ചിപ്പുകൾ, സൂപ്പർ കപ്പാസിറ്ററുകൾ, ഡിഎൻഎ സ്വീക്വൻസിങ്, ആന്റിനകൾ, വളയ്ക്കാൻ സാധിക്കുന്ന സ്‌ക്രീനുള്ള മൊബൈൽ, ബൾബ്, വാഹനങ്ങളിലെ ടയർ എന്നിങ്ങനെ അനന്തമായി നീളും ഗ്രാഫീന്റെ ഉപയോഗങ്ങൾ.
- ക്യാമറകളിലെ ഫോട്ടോ ഡയോഡിൽ ലൈറ്റ് അബ്സോർബ്ഷൻ കപ്പാസിറ്റി കൂട്ടാൻ ഗ്രാഫീൻ ഉപയോഗിക്കുന്നുണ്ട്.
- ഗ്രാഫീൻ ടച്ച് സ്‌ക്രീനോടെയുള്ള ഫോണുകൾ നിലവിൽ വിപണിയിലുണ്ട്.
- 2013-ൽ ടെന്നീസ് റാക്കറ്റ് കമ്പനിയായ ഹെഡ് അവരുടെ റാക്കറ്റിലും ഗ്രാഫീൻ ഉപയോഗിച്ചിരുന്നു
- 2016-ൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ബിഎസി കമ്പനി ഗ്രാഫീൻ ഉപയോഗിച്ച് സൂപ്പർ കാറും അവതരിപ്പിച്ചിരുന്നു.
- യു-എസ് വാഹന നിർമാതാക്കളായ ഫോർഡ് അവരുടെ വാഹനങ്ങളിൽ ഭാരം കുറയ്ക്കാനും ഗ്രാഫീൻ പരീക്ഷിച്ചിട്ടുണ്ട്.
- ഭാരം കുറയ്ക്കാൻ വിമാനങ്ങളുടെ ബോഡിയിലും സാറ്റ്ലൈറ്റുകളിലും ഇവ ഉപയോഗപ്പെടുത്താം.
- ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കവചങ്ങൾക്ക് പ്രതിരോധ മേഖലയിലും ഉപയോഗമുണ്ട്.
- അലൂമിനിയം ഷീറ്റിൽ അതിന്റെ ബലം കൂട്ടാൻ ഗ്രാഫീൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
- തുരുമ്പെടുക്കുന്നത് തടയാൻ ഒരു ആന്റി കൊറോഷൻ കോട്ടിങ് ആയി ഗ്രാഫീൻ ഉപയോഗിക്കാം. കപ്പലുകളുടെ ബോഡിയിൽ ഇവ ഉപയോഗിച്ച് പെയിന്റ് ചെയ്തുള്ള പരീക്ഷണങ്ങൾ നടന്നിരുന്നു.
- മാഞ്ചസ്റ്ററിലെ നാഷണൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ബ്രിട്ടീഷ് കമ്പനിയായ ഇനോവ്-8, 2018-ൽ ആദ്യ ഗ്രാഫീൻ സ്‌പോർട്‌സ് ഷൂ പുറത്തിറക്കിയിരുന്നു
- ഗ്രാഫീൻ ഉപയോഗിച്ചുള്ള ഷൂ സോളിന്റെ ബലം 50-80 ശതമാനത്തോളം കൂട്ടും. ഏറെക്കാലം ഈടുംനിൽക്കും.
- ഒരു ഇറ്റാലിയൻ കമ്പനി അവരുടെ ഹെൽമെറ്റിൽ ഗ്രാഫീൻ ആവരണം നൽകിട്ടുണ്ട്.
- കഴിഞ്ഞ കോവിഡ് കാലത്ത് ഗ്രാഫീനിൽ നിർമിച്ച മാസ്‌കുകളും പുറത്തിറങ്ങിയിരുന്നു.

ടാറ്റ സ്റ്റീലും കേരളത്തിലെ കാർബോറാണ്ടവും
മുകളിൽ പറഞ്ഞതിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ ഗ്രാഫീൻ ഫലപ്രദമായി ഉപയോഗപ്പെടുത്തി കണ്ടെത്തിയിട്ടുള്ളവയാണ്. എന്നാൽ ഇന്ത്യയിൽ ഇവയുടെയെല്ലാം ലഭ്യത കുറവാണ്. അതുകൊണ്ടാണ് ഗ്രാഫീൻ നമുക്ക് അത്ര സുപരിചിതമല്ലാത്തത്. എന്നാൽ ചൈനയിൽനിന്ന് നമ്മുടെ നാട്ടിലേക്ക് വരുന്ന മിക്ക സാധനങ്ങളിലും ഈ ഗ്രാഫീൻ അവർ ഉപയോഗപ്പെടുന്നുണ്ട്. കുറഞ്ഞ ചെലവിൽ സാധനങ്ങളുടെ ഗുണമേൻമ കൂട്ടാൻ ചൈനക്കാർ ഉപയോഗപ്പെടുത്തുന്ന ടെക്നോളജി ഗ്രാഫീനാണ്. എന്നാൽ ഇതെല്ലാം ഗ്രാഫീൻ ചേർത്ത് നിർമിച്ചതാണെന്ന പരസ്യമൊന്നും അവർ അടിച്ചിറക്കാറില്ല. അതിനാൽ ഗ്രാഫീൻ ചേർത്ത ഉത്പ്പന്നങ്ങളാണ് അതെന്ന് തിരിച്ചറിയാതെ തന്നെ 'മെയിഡ് ഇൻ ചൈന' ഉത്പ്പനങ്ങൾ പലരും ഉപയോഗിച്ചിട്ടുണ്ടാകും.
ഗ്രാഫീന് ഇന്ത്യയിൽ തന്നെയുള്ള ഒരു ഉദാഹരണം ടാറ്റ സ്റ്റീലാണ്. 2014 മുതൽ ടാറ്റ സ്റ്റീൽ ഗ്രാഫീൻ ഗവേഷണ നിർമാണ രംഗത്തുണ്ട്. അവരുടെ കമ്പികളിൽ കൂടുതൽ ഉറപ്പും ബലവും കിട്ടാൻ ഗ്രാഫീൻ ചേർക്കുന്നുണ്ട്. ടാറ്റയ്ക്ക് പുറമേ സ്വകാര്യ മേഖലയിൽ ഗ്രാഫീൻ നിർമിക്കുന്ന മൂന്നോളം കമ്പനികളും ഇന്ത്യയിലുണ്ട്. ഇതിൽ ഒന്ന് കേരളത്തിൽ തന്നെയാണ്. കാക്കനാട് പ്രവർത്തിക്കുന്ന കാർബോറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനി അടുത്തിടെയാണ് ഗ്രാഫീന്റെ വ്യാവസായികോത്പാദനത്തിന് കേരളത്തിൽ തുടക്കമിട്ടത്.
'ഗ്രാഫീനോ' എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചാണ് കാർബോറാണ്ടത്തിന്റെ ഗ്രാഫീൻ ഉത്പാദനം. 12,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഇവരുടെ പ്‌ളാന്റിൽ പ്രതിവർഷം ആറുലക്ഷം ലിറ്റർ ഗ്രാഫീൻ പൗഡർ സംസ്‌കരിക്കുന്നതിനുള്ള ശേഷിയുണ്ട്. കോമ്പോസിറ്റുകൾ, കോട്ടിങ്, ഊർജം എന്നിങ്ങനെ മൂന്നു മേഖലകളിലാണ് കാർബോറാണ്ടം ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. സൂപ്പർ കപ്പാസിറ്ററുകൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവയ്ക്കാവശ്യമായ ഗ്രാഫീൻ ഉത്പന്നങ്ങളും കാർബോറാണ്ടം നിർമിക്കുന്നുണ്ട്. സർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ഫോർ ഗ്രാഫീൻ പദ്ധതിയിൽ കാർബോറാണ്ടവും പങ്കാളികളാണ്. സ്വകാര്യ കമ്പനികൾക്ക് പുറമേ ചില ഐ.ഐ.ടികളിലും ഗ്രാഫീൻ സംബന്ധമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.
സെലോടേപ്പിലൂടെ നൊബേൽ കിട്ടിയ വഴി
ഗ്രാഫൈറ്റിൽനിന്ന് അതിന്റെ ഒറ്റ പാളി വേർതിരിച്ചെടുക്കാൻ കഴിഞ്ഞാൽ സാധ്യതകൾ അനവധിയാണെന്ന് വർഷങ്ങൾക്ക് മുമ്പുതന്നെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിരുന്നു. 1940-കളുടെ അവസാനം മുതൽ ഇതിനായുള്ള തീവ്രശ്രമങ്ങളും നടന്നുവന്നു. എന്നാൽ അതത്ര എളുപ്പമല്ലാത്തതിനാൽ പരീക്ഷണങ്ങൾ ഫലംകാണാതെ നീണ്ടുപോയി. ഇനി ഒരുപക്ഷേ അത് സാധ്യമായാലും സാധാരണ താപനിലയിൽ അത്തരമൊരു സംയുക്തം നിലനിൽക്കില്ലെന്നും സ്ഥിരതയുണ്ടാകില്ലെന്നുമാണ് പല ശാസ്ത്രജ്ഞരും കരുതിയിരുന്നത്. അങ്ങനെ തുടർന്നുവന്ന പരീക്ഷണങ്ങൾക്കൊടുവിലാണ് യു.കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽവെച്ച് റഷ്യൻ ഭൗതിക ശാസ്ത്രജ്ഞരായ ആന്ദ്രെ ഗെയിമും കോൺസ്റ്റാന്റിൻ നോവോസെലോവും ചേർന്ന് 2004-ൽ ആദ്യമായി ഗ്രാഫൈറ്റിന്റെ ഒറ്റപ്പാളി വേർതിരിച്ചെടുത്തത്. ഇതിന് ഗ്രാഫീൻ എന്നും പേരിട്ടു.
ഇരുവരും അന്ന് ഗ്രാഫീനെ വേർതിരിച്ചെടുത്ത രീതിയും രസകരമായിരുന്നു. നമ്മൾ പേപ്പറും മറ്റും ഒട്ടിക്കാൻ ഉപയോഗിക്കുന്ന സെലോടേപ്പായിരുന്നു (സ്‌കോച്ച് ടാപ്പ്) പരീക്ഷണത്തിലെ മുഖ്യഘടകം. ക്രിസ്റ്റൽ രൂപത്തിലുള്ള ഗ്രാഫൈറ്റിൽ ഈ ടേപ്പ് ഒട്ടിച്ച് പറിച്ചെടുത്തായിരുന്നു ഗ്രാഫൈറ്റിന്റെ പാളികൾ അടർത്തിയെടുത്തത്. ടേപ്പ് ഒട്ടിക്കുമ്പോൾ അതിനുമീതെ കുറച്ച് ഗ്രാഫൈറ്റ് പറ്റിപ്പിടിക്കും. ഈ പറ്റിപ്പിടിച്ച ഗ്രാഫൈറ്റ് വീണ്ടും മറ്റൊരു ടേപ്പുകൊണ്ട് ഒട്ടിക്കും. അത് വീണ്ടും പറിച്ചെടുക്കും. ഇങ്ങനെ തുടർച്ചയായി ഒട്ടിച്ചും പറിച്ചെടുത്തും ഇരുവരും ഗ്രാഫൈറ്റിനെ ഒരു നേർത്ത രൂപത്തിലേക്ക് എത്തിച്ചു. (മൈക്രോ മെക്കാനിക്കൽ ക്ലീവേജ് അല്ലെങ്കിൽ സ്‌കോച്ച് ടേപ്പ് ടെക്‌നിക്ക്). തുടർപരീക്ഷണത്തിൽ ഇതിനെ ഒരൊറ്റ പാളിയായും വേർതിരിച്ചെടുത്തു. വെറുമൊരു സേലോടേപ്പിലൂടെ കണ്ടെത്തിയ ഈ നേട്ടത്തിന് 2010-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരവും ഇരുവരേയും തേടിയെത്തി. ഇതിനുശേഷമാണ് ലോകത്തുടനീളം ഗ്രാഫീൻ സംബന്ധമായ ഗവേഷണങ്ങൾ വിപുലമായത്.

ഗ്രാഫീന് സൂപ്പർ പവർ കിട്ടാൻ കാരണമെന്ത്?
ഗ്രാഫീന് ഇത്രയധികം ബലം കൈവരാൻ പ്രധാന കാരണം അതിന്റെ രൂപമാണ്. മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോൾ നിരന്നിരിക്കുന്ന തേനീച്ചക്കൂട് പോലെയാണ് ഗ്രാഫീനിലെ കാർബൺ ആറ്റങ്ങളുടെ രൂപം. ഇതിലെ ഓരോ കാർബൻ ആറ്റവും ഷഡ്ഭുജാകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള കാർബൺ ആറ്റങ്ങൾക്കിടയിൽ പരസ്പരമുള്ള ബോണ്ടുകൾ അതിശക്തമാണ്. ഗ്രാഫീന് സൂപ്പർ പവർ കിട്ടാനുള്ള കാരണവും ഇതാണ്. സാധാരണയായി എല്ലാ കാർബൺ ആറ്റത്തിന്റെയും പുറത്തെ ഷെല്ലിൽ നാല് ഇലക്ട്രോണുകളുണ്ടാകും. ഗ്രാഫീനിന്റെ കാര്യത്തിൽ കാർബൺ ആറ്റത്തിന്റെ പുറത്തെ ഷെല്ലിൽ മൂന്ന് ഇലക്ട്രോൺസ് തൊട്ടടുത്തുള്ള കാർബൺ ആറ്റവുമായി കോവാലന്റ് ബോണ്ടുണ്ടാക്കും. ബാക്കിയുള്ള ഒരു ഇലക്ട്രോൺ (പൈ ഇലക്ട്രോൺ) സ്വതന്ത്രമായി കിടക്കും. അതുകൊണ്ടാണ് ഗ്രാഫീനിൽ കണ്ടക്റ്റിവിറ്റി വർധിക്കുന്നത്.

നിർമാണം അത്ര സിംപിളല്ല, ചെലവേറും
പ്രകൃതിദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫൈറ്റ്. അതിനാൽ ലഭ്യതയ്ക്ക് ബുദ്ധിമുട്ടോ ഇതുകൊണ്ട് പ്രകൃതിക്ക് ദൂഷ്യമോ ഇല്ല. എന്നാൽ ഗ്രാഫൈറ്റിൽനിന്ന് ഗ്രാഫീനെ വേർതിരിച്ചെടുക്കൽ വെല്ലുവിളി നിറഞ്ഞതാണ്. പല ഗുണമേൻമയിലും ഗ്രാഫീൻ ഉണ്ടാക്കാം. ഏറ്റവും ശുദ്ധമായ ഗ്രാഫീൻ നിർമിച്ചെടുക്കാനാണ് പ്രയാസം. ഗുണമേൻമ കുറഞ്ഞ ഗ്രാഫീൻ കുറച്ചുകൂടി എളുപ്പത്തിൽ കിട്ടും. എന്നാൽ അവയുടെ ഗുണഗണങ്ങളും അതിനനുസരിച്ച് വ്യത്യാസപ്പെടും. പല ഗുണമേൻമയുള്ള ഗ്രാഫീൻ കൊണ്ട് പലതരം ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പറ്റും. അതുകൊണ്ടാണ് ഗ്രാഫീനായി ലോകത്തുടനീളം ധാരാളം ഗവേഷണങ്ങൾ നടക്കുന്നത്.
നാളുകൾനീണ്ട ഗവേഷണത്തിലൂടെ ഒരു ഗ്രാഫീൻ കിട്ടിക്കഴിഞ്ഞാലും വെല്ലുവിളി അവിടെ തീരില്ല. പിന്നീട് ഇത് ഒരു ഉത്പന്നമാക്കി മാറ്റുന്ന പ്രവർത്തനം അതിനെക്കാൾ വെല്ലുവിളി നിറഞ്ഞതാണ്. വ്യവസായികാടിസ്ഥാനത്തിൽ ഇവ നിർമിക്കാൻ വലിയ സംവിധാനങ്ങൾ ആവശ്യമായതിനാൽ ചെലവേറും. അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റുമായി കോടികളുടെ നിക്ഷേപം വേണ്ടിവരും. അതിനാൽ ഗവേഷണത്തിലൂടെ ഗ്രാഫീൻ വേർതിരിച്ചെടുക്കുക എന്നത് മാത്രമല്ല, ചെലവ് കുറഞ്ഞ രീതിയിൽ അതുവെച്ച് ഉത്പന്നം ഉണ്ടാക്കുക എന്നതും പ്രധാനമാണ്.
ഏറെ സമയമെടുത്ത് നിരവധി പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമേ ഒരു ഗ്രാഫീൻ നിർമിച്ചെടുക്കാൻ സാധിക്കു. ഓരോ പ്രൊഡക്റ്റിലും ഉപയോഗിക്കുന്ന ഗ്രാഫീനുകൾ വ്യത്യസ്തമായിരിക്കും. ബലം കൂട്ടാൻ ഷൂസിൽ ഉപയോഗിക്കുന്ന ഗ്രാഫീനല്ല ഗ്രാഫീൻ ബാറ്ററികളിൽ ഉപയോഗിക്കുക. അതിനാൽ ഓരോ ആവശ്യങ്ങൾക്കും അതിന് അനുയോജ്യമായ വ്യത്യസ്ത ഗ്രാഫീനുകളും നിർമിച്ചെടുക്കണം. പലപ്പോഴും സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഗ്രാഫീൻ ഉത്പന്നം നിർമിച്ചെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നതിനാൽ ഏത് ഉത്പന്നമാണ് ഉടനെ വിപണിയിലെത്തിക്കാൻ കഴിയുക എന്ന വ്യക്തമായ ബോധ്യത്തോടെ മാത്രമേ ഗവേഷണങ്ങൾ മുന്നോട്ടുപോകൂ. വ്യവസായിക അടിസ്ഥാനത്തിൽ ഗ്രാഫീനെ നിർമിച്ചെടുത്ത് ഇന്നുകാണുന്ന ഉത്പന്നങ്ങളിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ സാധിച്ചാൽ ഗുണനിലവാരത്തിലും വിലയിലുമെല്ലാം വലിയ മാറ്റങ്ങളായിരിക്കും നടക്കുക.

ലിക്വിഡ് ഫേസ് എക്‌സ്‌ഫോളിഷൻ, കെമിക്കൽ മോഡിഫിക്കേഷൻ ആൻഡ് എക്‌സ്‌ഫോളിഷൻ, കെമിക്കൽ വേപ്പർ ഡെപ്പോസിഷൻ, മെക്കാനിക്കൽ എക്സ്ഫോളിഷൻ തുടങ്ങിയ നിരവധി മാർഗങ്ങളിലൂടെ ലാബുകളിൽ ഗ്രാഫീൻ നിർമിച്ചെടുക്കാം. ഗ്രാഫീനെ ഏറ്റവും കൂടുതൽ ഉണ്ടാക്കാൻ സാധിക്കുന്ന മാർഗങ്ങളിലൊന്നാണ് കെമിക്കൽ വേപ്പർ ഡെപ്പോസിഷൻ. കോപ്പർ പോലുള്ള ലോഹങ്ങളുടെ സാന്നിധ്യത്തിൽ ഉയർന്ന താപനിലയും പ്രഷറും നൽകി കോപ്പർ സർഫേസിലേക്ക് ഗ്രാഫീനുകളെ എത്തിച്ച് വേർതിരിച്ചെടുക്കുന്ന രീതിയാണിത്. ഓരോ ഗ്രാഫീനിന്റെയും ആവശ്യം എന്താണെന്ന് അനുസരിച്ചിരിക്കും ഇതിൽ ഏത് മാർഗമാണ് ഏറ്റവും അനുയോജ്യമെന്ന് ഗവേഷകർ തീരുമാനിക്കുന്നത്.

ഗ്രാഫീൻ ഗവേഷണം ചെലവേറിയതായതിനാൽ തന്നെ ചൈന ഉൾപ്പെടെ ഗ്രാഫീനിൽ വമ്പൻമാരായ രാജ്യങ്ങളോട് മത്സരിക്കുക പ്രാഥമിക ഘട്ടത്തിൽ അത്ര എളുപ്പമല്ല. എന്നാൽ ഇതിനുള്ള കൃത്യമായ ഇക്കോ സിസ്റ്റം സ്ഥാപിച്ച് മുന്നോട്ടുപോയാൽ ഗ്രാഫീൻ മേഖലയിൽ വലിയൊരു മുന്നേറ്റം നടത്താൻ കേരളത്തിന് സാധിക്കും. ഗ്രാഫീൻ ഗവേഷണ-നിർമാണം ഫലപ്രദമായി നടന്നാൽ പതിയെ ഗ്രാഫീൻ രംഗത്തെ വൻകിട കമ്പനികളെ ഇവിടേക്ക് ആകർഷിക്കാനും സാധിക്കും. ഇതുവഴി ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഗ്രാഫീൻ അധിഷ്ഠിത ഉത്പന്നങ്ങൾ കേരളത്തിൽ വ്യവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനും കഴിയും. ഈ നേട്ടം കൈമുതലാക്കി ഭാവിയിൽ ഗ്രാഫീൻ ഉത്പന്നനങ്ങളുടെ ഹബ്ബായി കേരളത്തിന് മാറാനായാൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും അത് വലിയ നേട്ടമാകും. എന്നാൽ കടമ്പകൾ അനവധിയുള്ളതിനാൽ സംസ്ഥാന സർക്കാർ ഇതെല്ലാം എത്തരത്തിൽ പ്രാവർത്തികമാക്കും എന്നതിനെ അനുസരിച്ചിരിക്കും പദ്ധതിയുടെ വിജയം.
Content Highlights: wonder material Graphene, what Is It
Published: 02 Nov 2023, 10:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented