കേരള രാഷ്ട്രീയത്തിൽ സുപ്രധാന സ്ഥാനമുണ്ട്  ആയിഷ പോറ്റി എന്ന ജനപ്രതിനിധിക്ക്. കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ  ആർ.ബാലകൃഷ്ണപിള്ളയെന്ന അതികായനെ കൊട്ടാരക്കരയെന്ന സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ചത് ചെറിയ കാര്യമല്ല. തുടർച്ചയായി ഏഴ് തവണ ജയിച്ചശേഷമുള്ള ബാലകൃഷ്ണപിള്ളയുടെ പരാജയമായിരുന്നു ഇത്. പിന്നെ  തുടർച്ചയായി മൂന്ന് തവണ സി.പി.എമ്മിനുവേണ്ടി മണ്ഡലം നിലനിർത്തി. സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിനൊടുവിൽ അയിഷാ പോറ്റി‌‌ ഇപ്പോൾ സജീവ രാഷ്ട്രീയത്തോട് വിട പറയുകയാണ്. കഴിഞ്ഞ കാലത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അയിഷ പോറ്റി.

സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുമായി പിണങ്ങിയിട്ടാണോ.

To advertise here,

അല്ല, അതങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതാണ്. കുറച്ച് നാളായി നടുവേദനയുണ്ട്. പിന്നെ രണ്ടുമൂന്നു കൊല്ലം മുമ്പ് ഇലക്ഷന്‍ പ്രചാരണസമയത്ത് കാലിന് പ്രശ്നം പറ്റി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15-ന് ഒരു പരിപാടിയുടെ വേദിയില്‍ ഇരുന്നാണ് വാട്സാപ്പില്‍ പാര്‍ട്ടിയോട് രണ്ടു മൂന്നുമാസത്തെ അവധി ചോദിച്ചത്. നേതാക്കള്‍ക്ക് അറിയാമായിരുന്നെങ്കിലും പുറത്താര്‍ക്കും അറിയില്ലായിരുന്നു. വര്‍ക്കലയില്‍ പോയി നാച്ചുറോപ്പതി ചികിത്സ ചെയ്തിട്ട് ഇപ്പോള്‍ ഏറെക്കുറെ ശരിയായിട്ടുണ്ട്.

ഒരുപാട് നാള്‍ അവധി എടുക്കുമ്പോള്‍ പുതിയ ആള്‍ക്കാര്‍ക്ക് തോന്നത്തില്ലേ, സമ്മേളനത്തിന് മാത്രം വന്നിരിക്കുന്നു, ഒരു പരിപാടിക്കും വരുന്നില്ല എന്ന്. അതുകൊണ്ടാണ് പുതിയ ആളുവരട്ടെ എന്നു ഞാന്‍ പറഞ്ഞത്. എനിക്ക് എന്തായാലും പ്രവര്‍ത്തിക്കാമല്ലോ. ഇപ്പോള്‍ താല്‍ക്കാലികമായ അവധി മാത്രമാണ് എടുത്തിട്ടുള്ളത്. ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കുമ്പോള്‍ ഞാന്‍ ഓടി നടക്കും. മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കിഷ്ടമാണ്. അതെനിക്ക് ജീവനാണ്. അതിന് പ്രത്യേകിച്ച് സ്ഥാനമൊന്നും വേണ്ടല്ലോ. ഞാന്‍ വക്കീല്‍ ആയിരിക്കുമ്പോഴും ക്ലാസ് എടുക്കാനും സെമിനാറുകള്‍ക്കും ഒക്കെ പോകാറുണ്ടായിരുന്നു. പറ്റുന്നതിനെല്ലാം പോകും.

എല്ലാം പൂര്‍ണമായും ഒഴിവാക്കി, കളഞ്ഞിട്ട് പോവുകയല്ല. ജനങ്ങളുടെ ഒരു കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കില്ല. നമ്മുടെ നാട്ടിലെ ജനങ്ങളും സഖാക്കളും എനിക്ക് അത്രയധികം സ്നേഹം തന്നവരാണ്. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നൊക്കെ മാറിക്കഴിയുമ്പോള്‍ അത്രയ്ക്ക് വര്‍ക്ക് ഇല്ലല്ലോ. പക്ഷേ, എന്നും പൊതുസമൂഹത്തിനൊപ്പം ഉണ്ടാകും. പറ്റുന്ന എല്ലാ കാര്യത്തിലും പങ്കെടുക്കും.
 
പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തിയതായി തോന്നിയിട്ടുണ്ടോ.

എനിക്ക് അങ്ങനെ ഒരു പരാതി ആരോടുമില്ല. എന്നെ ഏല്‍പ്പിച്ച ജോലികളൊക്കെ നൂറു ശതമാനം പെര്‍ഫെക്റ്റ് ആയി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിചാരം. എനിക്ക് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്.

ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ചത് ഭാഗ്യം കൊണ്ടായിരുന്നോ.

നല്ല കഠിനാധ്വാനം ഉണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും പ്രവര്‍ത്തകരും ഒക്കെ നന്നായി ഇടപെട്ടു. ഞാനും സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് പരമാവധി സ്ഥലങ്ങളില്‍ പോവുകയും ജനങ്ങളുമായി നേരിട്ട് ഇടപെടുകയും ചെയ്തു അവരുടെ പ്രതികരണം കാണുമ്പോള്‍, അവരുടെ സന്തോഷം കാണുമ്പോള്‍ അറിയാമായിരുന്നു ഫലം എന്താവുമെന്ന്. ജയിച്ചു കഴിഞ്ഞപ്പോള്‍ ജനങ്ങളുടെ സന്തോഷം ഭയങ്കരമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും വലിയ സന്തോഷത്തിലായിരുന്നു. ഞാനതൊന്നും ഒരിക്കലും മറക്കത്തില്ല. കൊട്ടാരക്കരയില്‍ നമ്മുടെ പ്രവര്‍ത്തകര്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്, ഞാനും മൂന്നുതവണ പ്രവര്‍ത്തിച്ചു. ജോര്‍ജ് മാത്യു സഖാവ് രണ്ടുപ്രാവശ്യം വന്നപ്പോഴും പിന്നീട് രവീന്ദ്രന്‍ വക്കീൽ മത്സരിച്ചപ്പോഴും ഞാനും വോട്ട് ചോദിക്കാന്‍ ഇറങ്ങിയിരുന്നു. അന്ന് ഞാന്‍ മുഴുവന്‍സമയം പ്രാക്ടീസ് ആയിരുന്നതിനാല്‍ ഇടവേളകളിലാണ് പ്രചാരണത്തിന് പോയത്.

ഇനി പഴയതുപോലെ മുഴുവന്‍സമയ പ്രാക്ടീസ് തിരിച്ചുപിടിക്കുമോ.

അത് ചെയ്തുകൊണ്ടിരിക്കുകയാണ്. സീനിയര്‍ വക്കീലായിരുന്ന ചിറ്റപ്പന്‍ സുകുമാരന്‍ പോറ്റി കഴിഞ്ഞവര്‍ഷം മരിച്ചുപോയി. ആ ഓഫീസ് ഞാന്‍ ഏറ്റെടുത്തു. ഒരുപാട് കേസുകളുണ്ട്. ഞാന്‍ നോക്കുന്നത് സിവില്‍ കേസുകളാണ്. കുടുംബ കോടതി കേസുകളും ഒത്തിരി വരുന്നുണ്ട്. ഒരുപാട് കേസുള്ള സമയത്താണ് പാര്‍ട്ടി പറഞ്ഞിട്ട് പൂര്‍ണസമയ പ്രവര്‍ത്തകയായത്. പാര്‍ട്ടി എന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആക്കി, അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാനും ചെയ്തു.

കൊട്ടാരക്കരയില്‍ മത്സരിച്ചപ്പോള്‍ ഓരോ തവണയും ഭൂരിപക്ഷം കൂടി വരികയായിരുന്നു. അവസാനത്തെ തവണ, 2016-ല്‍ 42,000 വോട്ടിലധികം.

42,000 അല്ല, 42,632 വോട്ടിനാണ് ജയിച്ചത്. ജനങ്ങളാണ് വലുത്, അവര്‍ക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യണം. നല്ല ഇടപെടല്‍ ഉണ്ടാവണം. മനുഷ്യന്റെ പ്രശ്നങ്ങള്‍ കേള്‍ക്കണം. എപ്പോഴും അപ്രോച്ചബിള്‍ ആയിരിക്കണം, കഠിനാധ്വാനവും ഉണ്ടാവണം. എന്നാല്‍ മാത്രമേ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങാവൂ. കുറെയെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം.

മൂന്നുതവണ എം.എല്‍.എ ആയിരുന്നപ്പോള്‍ കൊട്ടാരക്കരയില്‍ ചെയ്ത പ്രധാന കാര്യങ്ങള്‍.

പ്രധാനപ്പെട്ടത് കോടതി സമുച്ചയം. പിന്നെ മാതൃക സിവില്‍ സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, കുളക്കടയിലെ സ്‌കില്‍ പാര്‍ക്ക് (ഞാന്‍ ഇറങ്ങുമ്പോള്‍ തന്നെ അവിടെ ഒത്തിരി പേര്‍ക്ക് തൊഴില്‍ കിട്ടിയിരുന്നു), റൂറല്‍ എസ്.പി ഓഫീസ്, ഐ.ടി.ഐ, യു.ഐ.ടി തുടങ്ങിയവ കൊണ്ടുവന്നു. എല്ലാ സ്‌കൂളുകളും മെച്ചപ്പെടുത്തി, റോഡുകളും കുടിവെള്ള പദ്ധതികളും. കുളക്കടയില്‍ സ്‌കുളുകള്‍ക്കെല്ലാം കെട്ടിടങ്ങള്‍ അനുവദിച്ചു. അവയ്ക്ക് മൂന്നുകോടി രൂപ വീതം അനുവദിച്ചിട്ടാണ് ഇറങ്ങിയത്. അതുപോലെ ടൂറിസത്തില്‍ വലിയ മാറ്റം വരുത്തി. എനിക്കു സാധ്യമായതെല്ലാം ചെയ്തു.  

താങ്കള്‍ തുടങ്ങിവച്ച ചില പദ്ധതികള്‍ പൂര്‍ത്തിയായപ്പോള്‍ വേദിയില്‍ ഇടമില്ലാത്ത സാഹചര്യമുണ്ടായി.

ഞാന്‍ അപ്പോള്‍ എം.എല്‍.എ അല്ലല്ലോ. ജനപ്രതിനിധികളുടെ കാലാവധി കഴിഞ്ഞാല്‍ പിന്നെ നമ്മളില്ലല്ലോ. അപ്പൊ പിന്നെ എന്തും ആയിക്കോട്ടെ. എല്ലാ ജനങ്ങളും കണ്ടുകൊണ്ടിരിക്കുന്ന കാര്യമല്ലേ. എനിക്ക് പരാതിയും പരിഭവവും തീരെയില്ല.

ജനപ്രതിനിധി ആയിരിക്കുമ്പോള്‍ ഉള്ളില്‍ തട്ടിയ അനുഭവങ്ങള്‍.

ഉള്ളില്‍ തട്ടിയ അനുഭവങ്ങള്‍ ഒരുപാടുണ്ട്. ദീര്‍ഘകാലമായി ജനങ്ങള്‍ സ്വപ്നം കാണുന്ന ഒരു കാര്യം യാഥാര്‍ഥ്യമാകുമ്പോള്‍ വലിയ സന്തോഷമാണ്. അതിനെക്കാളുപരി, ഒരുപാട് പേര്‍ക്ക് ചികിത്സാസഹായം വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. വലിയ ആശ്വാസമായി എന്ന് അവര്‍ പറയുമ്പോള്‍ നമുക്ക് വലിയ കാര്യമാണ്. ഫയര്‍ സ്റ്റേഷന്‍ പോലുള്ള പദ്ധതികള്‍ കൊണ്ടുവന്നപ്പോള്‍, കുട്ടികള്‍ക്ക് കാമ്പസ് സെലക്ഷന്‍ കിട്ടിയപ്പോഴൊക്കെ തോന്നിയ സന്തോഷം പറയാന്‍ പറ്റില്ല.

2016-ല്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമ്പോള്‍ സ്പീക്കറാകും എന്ന് ശ്രുതി ഉണ്ടായിരുന്നു.

ആള്‍ക്കാര്‍ക്ക് എന്തും പറഞ്ഞുകൂടെ? അതൊന്നും പാര്‍ട്ടി ആലോചിച്ച കാര്യമല്ല. ഞാന്‍ രണ്ടു പ്രാവശ്യം ജയിച്ചതുകൊണ്ട് എന്നെയാക്കും എന്നൊക്കെ ആള്‍ക്കാര്‍ക്ക് പറയാം. പക്ഷേ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് ആര്, എന്ത് ആകണമെന്ന്.

ഇങ്ങനെ ഒരു ചര്‍ച്ചയെ പറ്റി കേട്ടിരുന്നോ.

അത് ചുമ്മാ പത്രത്തിലൊക്കെ വരുന്നതല്ലേ. ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. ജനപ്രതിനിധി ആകുമെന്ന് പോലും ചിന്തിച്ച ആളല്ല ഞാന്‍. പാര്‍ട്ടി പറഞ്ഞു, ഞാന്‍ അനുസരിച്ചു എന്നേയുള്ളൂ. ഇഷ്ടം പോലെ കേസും ബാങ്കിന്റെ അഡ്വൈസറും ഒക്കെയായി നല്ല വരുമാനം ഉണ്ടായിരുന്ന ആളാണ് ഞാന്‍. അതിലെല്ലാം കുറച്ചു പിന്നോട്ട് പോകേണ്ടി വന്നു. പാര്‍ട്ടി നമ്മളെ ഏല്‍പ്പിക്കുന്ന ജോലിയാണ്... ഇതൊന്നും എന്നും ഉള്ളതല്ലല്ലോ. എല്ലാം താല്‍ക്കാലികമല്ലേ. നമ്മുടെ യോഗ്യതകളും പ്രൊഫഷനും അല്ലേ എന്നുമുള്ളൂ. പിന്നെ ജനങ്ങള്‍ തരുന്ന സ്നേഹമുണ്ട്, പാര്‍ട്ടിയും സഖാക്കളുമൊക്കെ തരുന്ന സ്നേഹമുണ്ട്. അത്രയേ ഉള്ളൂ.

ദൈവവിശ്വാസിയാണോ.
 
നല്ല വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസം ലവലേശമില്ല.

ഇഷ്ടദൈവം.

അതൊന്നും പറയില്ല. അതൊക്കെ മനസ്സിലെ കാര്യങ്ങളല്ലേ.

ആരാധനയും പൂജയുമൊക്കെ ഉണ്ടോ.

അതൊന്നുമില്ല. വിളക്ക് കൊളുത്തും. ചേട്ടന്റെ കുടുംബത്തിലുണ്ട് തേവാരവും പൂജയും.

പേരിലെ അയിഷ വയലാറിന്റേതാണ് എന്നുപറഞ്ഞു കേട്ടിട്ടുണ്ട്.

അച്ഛന്‍ വാസുദേവന്‍ പോറ്റിയും അച്ഛന്റെ അനിയന്മാരുമൊക്കെ നല്ല കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു. പേരുകൊണ്ട് ജാതി അറിയരുത് എന്ന് വിചാരിച്ചിട്ടാണ് ഇഷ്ടകഥാപാത്രമായ വയലാറിന്റെ അയിഷയുടെ പേരിട്ടതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

പക്ഷേ പോറ്റി വരുമ്പോള്‍ അത് പോയില്ലേ.

അത് പാര്‍ട്ടി ആക്കിയതല്ലേ.

അച്ഛനാണോ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്

അല്ല. മകളായതുകൊണ്ട് വളരെ സ്ട്രിക്റ്റ് ആയിട്ടാണ് അച്ഛന്‍ വളര്‍ത്തിയത്. കല്യാണം കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. മഹിളാ അസോസിയേഷനില്‍ ചേരണം എന്നു എല്ലാവരും പറഞ്ഞപ്പോള്‍ ഭര്‍ത്താവിനോട് ചോദിച്ചു. സമയമുണ്ടെങ്കില്‍ പൊയ്ക്കോ, വക്കീലന്മാര്‍ക്ക് രാഷ്ട്രീയം നല്ലതാണെന്ന് ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് 91-ല്‍ മഹിളാ അസോസിയേഷനിലും പാര്‍ട്ടിയിലും എത്തുന്നത്. വക്കീലെന്ന നിലയില്‍ അന്ന് എനിക്ക് നല്ല തിരക്കായിരുന്നു, ചിറ്റപ്പന്റെയും എന്റെയും കേസുകള്‍ നോക്കണമായിരുന്നു.

കഴിഞ്ഞവര്‍ഷം സഖാവിനെ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തിയത് യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായാണല്ലോ. അതടക്കമുള്ള മാറ്റങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാരിനും പാര്‍ട്ടിക്കും ഗുണം ചെയ്തോ.
 
അത് എനിക്ക് പറയാന്‍ പറ്റത്തില്ല.  പൊതുജനം വിലയിരുത്തണം, നിങ്ങള്‍ എല്ലാവരും വിലയിരുത്തണം. ഞാനായിട്ട് അങ്ങനെ അഭിപ്രായം ഒന്നും പറയുന്നില്ല.

നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച്.

അതിന്റെ സത്യാവസ്ഥ പുറത്തുവരും എന്ന് ഞാന്‍ വിശ്വസിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് എന്താണ് വിചാരിക്കുന്നത്. 

ഇടതുപക്ഷത്തിന് വിജയം വരണമെന്നു തന്നെയാണ് വിചാരിക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ സി.പി.എമ്മിന് വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാക്കിയ നെഗറ്റീവ് പ്രതിച്ഛായ കുടഞ്ഞുകളയാന്‍ സാധിക്കുമോ.
 
അത് പറയാന്‍ ഞാന്‍ ആളല്ല. അത് ബന്ധപ്പെട്ട പാര്‍ട്ടി സഖാക്കള്‍ പറയും, നേതൃത്വം പറയും. അവരല്ലേ അതില്‍ കൂടുതല്‍ ഇടപെട്ട് ശരിയാക്കേണ്ടത്. നമ്മള്‍ അന്നും ഇന്നും ഒരേപോലെ ഇരിക്കുകയല്ലേ. നമ്മുടെ ഈ സ്ഥലങ്ങളിലൊക്കെ നമ്മള്‍ നന്നായിട്ടിരിക്കുന്നുണ്ട്, മനുഷ്യര്‍ക്ക് ഒപ്പം ഇരിക്കുന്നുണ്ട്.

സഖാവ് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരാളാണല്ലോ. അവരുമായി സംസാരിക്കുന്നതില്‍ നിന്നും ഈ സര്‍ക്കാരിനെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ.

ഒരുപാട് പേര്‍ കാണാന്‍ വരുന്നുണ്ട്. അവരോട് വരുന്ന കാര്യം ചോദിച്ച് വിടത്തേയുള്ളൂ. അല്ലാതൊന്നും ചോദിക്കാന്‍ പോകാറില്ല.

സഖാവിന് അറിയാമെങ്കിലും പറയാന്‍ മടിക്കുന്നതാണോ.

ചിരിക്കുന്നു. അങ്ങനെയൊന്നുമില്ല. അതൊക്കെ ആള്‍ക്കാര്‍ വിലയിരുത്തേണ്ടതല്ലേ. എനിക്ക് എന്തെല്ലാം കുറ്റം കാണും? അതെനിക്ക് അറിയാന്‍ പറ്റില്ലല്ലോ. മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അല്ലേ അറിയൂ.

മുമ്പ് വിഎസ് പക്ഷത്ത് ആയിരുന്നല്ലോ.

ഞാനങ്ങനെ ഒരു പ്രത്യേക പക്ഷത്ത് ആയിരുന്നില്ല. പാര്‍ട്ടിക്കാരിയായിരുന്നു. ഇപ്പോഴും അങ്ങനെതന്നെയാണ്. എപ്പോഴും പാര്‍ട്ടിയല്ലേ, വലുത് ഒരാളല്ലല്ലോ. അത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. എന്നെപ്പറ്റി ആരോട് ചോദിച്ചാലും അതു മനസ്സിലാകും. എല്ലാ പക്ഷക്കാരോടും ഒരുപോലെ സ്നേഹവും സൗഹൃദവും ഉണ്ടായിരുന്നു.
 
നിലവില്‍ പാര്‍ട്ടിയിലെ ചുമതലകള്‍.

ഇപ്പോള്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ ആണ്, ഓള്‍ ഇന്ത്യ യൂണിയന്റെ സംസ്ഥാന ട്രഷറര്‍ ആണ്. മഹിളാ അസോസിയേഷനില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു. എല്ലായിടത്തും ഓടിയോടി എത്താന്‍ കഴിയാഞ്ഞതുകൊണ്ടാണ് ഒഴിഞ്ഞത്. പ്രാക്ടീസും കൊണ്ടുപോകണമല്ലോ.

2026-ല്‍ മത്സരിക്കുമോ.

ഏയ്, ഇല്ല. ബാലഗോപാല്‍ സഖാവല്ലേ ഇനി വരുന്നത്. ഞാനൊക്കെ രണ്ടുമൂന്നു പ്രാവശ്യം ആയില്ലേ?

സഖാവിനോളം ഭംഗിയായി ബാലഗോപാല്‍ മണ്ഡലം നോക്കുന്നുണ്ടോ.

ചെയ്യുന്നുണ്ടാവും എന്ന് തോന്നുന്നു.

അത് ശ്രദ്ധിച്ചിട്ടില്ല...? 

ഞാന്‍ ഫെയ്​സ്ബുക്കിലൊക്കെ കുറെ കാര്യങ്ങള്‍ കാണുന്നുണ്ട്. നിങ്ങള്‍ക്കൊക്കെ എന്നെക്കാളും നന്നായി കാര്യങ്ങള്‍ അറിയാമല്ലോ. എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അത് എല്ലാവരും വിലയിരുത്തിക്കോട്ടെ. ഞാനായിട്ട് ഒന്നും പറയേണ്ടല്ലോ...