
തനിക്കുനേരേ ഉയർന്ന ആരോപണങ്ങളിലും വിവാദങ്ങളിലും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ആദ്യമായി പ്രതികരിക്കുന്നു.
പാർട്ടിസമ്മേളനങ്ങൾ നടക്കുകയാണല്ലോ. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞുകേട്ട താങ്കളാണ്, സമ്മേളനങ്ങളിലും പാർട്ടി വേദികളിലും സജീവമാകുന്നത്. എന്താണ് താങ്കളിൽ സംഭവിച്ചത്
എന്നിൽ ഒന്നും സംഭവിച്ചിട്ടില്ല. പാർട്ടി ഓരോ ഘട്ടത്തിലും ഓരോ കാര്യങ്ങളും ചുതലകളും ഞങ്ങളെ ഏൽപ്പിക്കും. അതാണ് നിർവഹിക്കുന്നത്. സമ്മേളനങ്ങളിൽ പാർട്ടി നിർദേശിക്കുന്നതിനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് താങ്കളെ മാറ്റിയത് പ്രവർത്തനത്തിലെ വീഴ്ചകൊണ്ടാണെന്നാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കുന്നത്. എന്തായിരുന്നു താങ്കൾക്ക് സംഭവിച്ച വീഴ്ച
ഗോവിന്ദൻമാഷ് അങ്ങനെയൊന്ന് പറയുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ ശ്രദ്ധയിൽ അത്തരമൊരു പരാമർശവും പെട്ടിട്ടില്ല. കേരളത്തിലെ ഇടതുമുന്നണി സംവിധാനം മികച്ചരീതിയിലാണ് പ്രവർത്തിക്കുന്നത്. അത് പാർട്ടിതന്നെ വിലയിരുത്തിയിട്ടുണ്ട്. കൺവീനർ സ്ഥാനത്തുനിന്ന് മാറുന്നത് പാർട്ടി നടപടിയല്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതല മാത്രമാണത്. ഇപ്പോൾത്തന്നെ എനിക്ക് കുറെ ചുമതലകൾ പാർട്ടിനൽകിയിട്ടുണ്ട്. അത് ഏറ്റെടുത്താണ് പ്രവർത്തിക്കുന്നത്.
ആത്മകഥ എന്ന രീതിയിൽ പുറത്തുവന്നത് താങ്കൾ എഴുതിയതല്ലേ
അതിൽ ഞാൻ എഴുതാത്ത കാര്യങ്ങളാണ് ആദ്യം പുറത്തുവന്നതും വലിയ വാർത്തയായതും. പാലക്കാട്ടെ സ്ഥാനാർഥി ഡോ. സരിനെക്കുറിച്ച് വ്യക്തിപരമായി ഒന്നും എനിക്കറിയില്ല. മാത്രവുമല്ല, ഞാനുമായി ഒരു ബന്ധവുമില്ലാത്ത അദ്ദേഹത്തെക്കുറിച്ചുള്ള കാര്യം എന്റെ ആത്മകഥയുടെ ഭാഗമാകേണ്ട വിഷയവുമല്ല. അതിലാണ് ഞാൻ ഗൂഢാലോചനയുണ്ടെന്നുപറയുന്നത്. അത് ബോധപൂർവം ഉണ്ടാക്കിയതും ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ വാർത്തയാക്കിയതുമാണ്. ഇത് അന്വേഷിക്കണമെന്നാണ് ഞാൻ പോലീസിനോടു പറഞ്ഞത്. അതിൽ അന്വേഷണം നടക്കുകയാണല്ലോ. ചിലകാര്യങ്ങൾ ഇതിനകംതന്നെ പുറത്തുവന്നല്ലോ. ബാക്കിയും ജനങ്ങൾക്ക് ഉടൻ വ്യക്തമാകും.
തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലെല്ലാം എന്തുകൊണ്ടാണ് വിവാദങ്ങളുണ്ടാക്കുന്ന ഒരാളായി ഇ.പി. ജയരാജൻ മാറുന്നത്
ഈ ചോദ്യം ഞാൻ തിരിച്ചാണ് ചോദിക്കേണ്ടത്. എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ ലക്ഷ്യമിട്ട് ചില വിവാദങ്ങൾ ഇവിടെ ഉണ്ടാകുന്നത് എന്ന്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലാണ് ബി.ജെ.പി.നേതാവ് എന്നെ വന്നു കണ്ടുവെന്ന വാർത്തയുണ്ടാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരുവർഷം മുൻപ് നടന്ന ഒരുകാര്യം എങ്ങനെയാണ് വോട്ടെടുപ്പുദിവസം വാർത്തയാകുന്നത്. ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഇനിയും എഴുതിത്തീരാത്ത ആത്മകഥയുടെ പേരിലാണ് വാർത്ത. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഇതെല്ലാം ആസൂത്രിതമാണ്.
ആസൂത്രിതം എന്ന് പറയുന്നത്, ഇ.പി. ജയരാജൻ രാഷ്ട്രീയമായി തകർന്നുകാണണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നാണോ
അതുണ്ടാകാം. അതിലുപരി ഇടതുപക്ഷത്തിനെയും പ്രത്യേകിച്ച് സി.പി.എമ്മിനെയും ദുർബലപ്പെടുത്തുക എന്നതാണ് അതിനു പിന്നിലുള്ള ലക്ഷ്യമെന്നാണ് എനിക്കുതോന്നുന്നത്. സർക്കാരിനെ മോശമാക്കുക എന്നൊരു അജൻഡയുണ്ട്. അതിന് എന്നെ ആക്രമിക്കുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. എന്നെ ചതിക്കാൻ ചിലർ കാത്തിരിക്കുന്നുണ്ടെന്നത് വസ്തുതയാണ്. വാർത്തകാണുമ്പോൾ ജയരാജൻ എന്തോ മോശം ചെയ്തുവെന്ന തോന്നൽ പാർട്ടിപ്രവർത്തകരിൽ ഉണ്ടാക്കുക എന്നൊരു ഉദ്ദേശ്യമുണ്ട്. പാർട്ടിക്കുള്ളിലും പുറത്തും എനിക്കെതിരേ ഒരുവികാരം ഉണ്ടാക്കിയെടുക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്.
ആത്മകഥാ വിവാദത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് താങ്കള്‍ പറയുന്നത്. ആരെയാണ് സംശയിക്കുന്നത്
എന്റെ ആത്മകഥ എഴുതേണ്ടത് ഞാനാണ്. അത് എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് പൂര്‍ത്തിയായിട്ടില്ല. അതിന്റെ കവറോ ആമുഖമോ ഒന്നും തയ്യാറായിട്ടില്ല. ഈ ഘട്ടത്തില്‍ അത് പ്രസിദ്ധീകരിക്കുന്നത് പ്രഖ്യാപിക്കുന്നു. അതിലുള്ളതെന്ന പേരില്‍ ചില ഭാഗങ്ങള്‍ പുറത്തുവരുന്നു. അതും കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നുമണ്ഡലങ്ങളില്‍ രണ്ടുമണ്ഡലങ്ങളുടെ വോട്ടെടുപ്പ് ദിവസം. ഇതിലെല്ലാം ഒരു ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാന്‍ പ്രത്യേകകാരണം വേണ്ടതുണ്ടോ.
താങ്കൾ ബി.ജെ.പി. നേതാവിനെ കണ്ടതുകൊണ്ടാണല്ലോ അത്തരം വാർത്തകൾ ഉണ്ടാകുന്നത്. അത് ശരിയായിരുന്നോ
നിങ്ങളുടെ ചോദ്യംതന്നെ ദുഷ്ടലാക്കോടെയുള്ളതാണ്. ഞാൻ ബി.ജെ.പി.നേതാവിനെ കണ്ടതല്ല. അദ്ദേഹം എന്നെ വന്നു കണ്ടതാണ്. രണ്ടു രാഷ്ട്രീയപ്പാർട്ടിയിലുള്ളവർ പരസ്പരം കാണുന്നത് വലിയ അപരാധമാണോ. കമ്യൂണിസ്റ്റ് നേതാക്കളുടെ വീടിനുമുൻപിൽ കമ്യൂണിസ്റ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് ബോർഡ് വെച്ചിട്ടില്ല. ആരെങ്കിലും വന്നുകണ്ടാൽ അപ്പോഴേക്കും മാറിപ്പോകുന്നതല്ല ഒരു കമ്യൂണിസ്റ്റിന്റെ രാഷ്ട്രീയബോധ്യം. കണ്ണൂരിൽ പാർട്ടി പ്രവർത്തനം തുടങ്ങുമ്പോൾ ആർ.എസ്.എസ്. അടക്കമുള്ള എതിരാളികളുടെ ഭീഷണിയും അക്രമവുമായിരുന്നു നേരിടേണ്ടിവന്നത്. ആറുതവണ വധശ്രമം നേരിട്ടിട്ടുണ്ട്. മരണം മുഖാമുഖം കണ്ടപ്പോൾപ്പോലും രാഷ്ട്രീയബോധ്യം മാറിയിട്ടില്ല. ഇതൊക്കെ ജനങ്ങൾക്ക് ബോധ്യമാകും.
ജനങ്ങൾക്ക് ബോധ്യമാകുമെന്ന് താങ്കൾ പറയുന്നു, പക്ഷേ, പാർട്ടിക്ക് ബോധ്യമാകുന്നുണ്ടോ? താങ്കളെ ചതിക്കുന്നവർ പാർട്ടിക്കുള്ളിലാണോ
എല്ലാകാര്യങ്ങളും പാർട്ടിക്കും ബോധ്യമുണ്ട്. പാർട്ടി എന്നുപറയുന്നത് ഒരു കുടുംബമാണ്. അല്ലാതെ ചതിക്കാൻ അവസരം നോക്കിനിൽക്കുന്ന ആൾക്കൂട്ടമല്ല. ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങളും അവർ അനുഭവിച്ച ത്യാഗങ്ങളും പാർട്ടി വിലയിരുത്തുന്നുണ്ട്. അതിനനുസരിച്ചുള്ള പരിഗണന പാർട്ടി നൽകാറുമുണ്ട്.
താങ്കളുടെ ശത്രുക്കൾ പാർട്ടിക്കുള്ളിലുണ്ടോ? താങ്കളെമാത്രം വിവാദത്തിലാക്കി കുരുക്കിയിടാനുള്ള ശ്രമം നടക്കുന്നതുകൊണ്ട് ചോദിച്ചതാണ്
പാർട്ടിക്കുള്ളിലുള്ളവരെപ്പോലും എനിക്കെതിരേ തിരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതിനർഥം പാർട്ടിക്കുള്ളിൽ എനിക്ക് ശത്രുക്കളുണ്ടെന്നല്ല. മാധ്യമങ്ങളുണ്ടാക്കിയ വിവാദങ്ങളെല്ലാം പരിശോധിച്ചാൽ അത് ബോധ്യമാകും. എന്നെ സംശയത്തിൽനിർത്തുക. അതിലൂടെ ഇടതുപക്ഷത്തിനെതിരായ വികാരം ഉണ്ടാക്കിയെടുക്കുക. അപ്പോൾ പാർട്ടിക്കാർകൂടി എന്നെ സംശയിക്കുന്ന സ്ഥിതിയുണ്ടാക്കുക. ഇതിനുപിന്നിൽ വലിയ ഗൂഢാലോനയാണ് നടക്കുന്നത്. ഇത്തരം വാർത്തകൾക്കുപിന്നിൽ ആരാണെന്ന് അന്വേഷിച്ചാൽ നിങ്ങൾക്കും അത് ബോധ്യമാകും. കേരളത്തിലെ ജനങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും എന്നെ നന്നായി അറിയാം.
ഗൂഢാലോചനയുണ്ടെന്ന് താങ്കൾ ആവർത്തിക്കുന്നുണ്ട്. അതിനുപിന്നിൽ ആരാണെന്നുകൂടി വ്യക്തമാക്കേണ്ടതല്ലേ ? പാർട്ടിയിലെങ്കിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടോ
എനിക്കെതിരേ നടക്കുന്ന കാര്യങ്ങളിൽ ഗൂഢാലോചന ഉണ്ടെന്ന് നിങ്ങൾക്കും തോന്നുന്നുണ്ടല്ലോ അല്ലേ. അതിനുപിന്നിൽ ആരാണന്നത് ഞാൻ വിളിച്ചുപറയേണ്ട ഒന്നല്ല. അത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ആരേയും ഞാൻ സംശയത്തിൽ നിർത്തുന്നില്ല. പലകാര്യങ്ങളും എനിക്ക് ഇപ്പോൾ ബോധ്യമായി വരുന്നുണ്ട്. ഇത്തരം വാർത്തകൾ വരുന്ന വഴിയെക്കുറിച്ചും ചില വിവരങ്ങളുണ്ട്. പക്ഷേ, അതൊന്നും ഞാൻ പറയേണ്ടതല്ല. അന്വേഷണം നടക്കട്ടെ. അതിൽ എല്ലാ കാര്യവും പുറത്തുവരും. പാർട്ടിയിൽ എല്ലാ കാര്യവും ഞങ്ങൾ തുറന്നുപറയാറുണ്ട്.
Content Highlights: CPM leader EP Jayarajan addresses recent controversies and allegations
Published: 23 Jan 2025, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented