തിരുവനന്തപുരം സെൻട്രലിൽ നിന്നും മത്സരിക്കാനാണ് മുന്നണി പറഞ്ഞിട്ടുള്ളതെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

എൽഡിഎഫ് സർക്കാരിനെ ജനങ്ങൾക്ക് മടുത്തെന്നും യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ. തിരുവനന്തപുരം സെൻട്രലിൽ നിന്നും മത്സരിക്കാനാണ് മുന്നണി പറഞ്ഞിട്ടുള്ളതെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ജി സുധാകരനെപ്പോലെയുള്ള നേതാവിനോട് ഇടതുമുന്നണി കാണിച്ചത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മനസ്സിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പുറത്തുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി സർക്കാരിനേയും രണ്ടാം പിണറായി സർക്കാരിനേയും എങ്ങനെ വിലയിരുത്തുന്നു, ആരോഗ്യരംഗത്തിന് സംഭവിച്ചതെന്ത് ?
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. ഡെങ്കിയുടെ പ്രശ്നം ഉണ്ടായിരുന്നു, കൂടാതെ കോവിഡും നിപയും. അതൊരു ചാലഞ്ചിങ് ടൈം ആയിരുന്നു. ഡെങ്കിയിലും കോവിഡിലും മരിച്ച ആളുകൾക്ക് നഷ്ടപരിഹാരം കൊടുക്കണം എന്ന ആവശ്യം മുന്നോട്ടുവെച്ചത് സിഎംപിയാണ്. കോവിഡിന്റെ കാര്യത്തിൽ സുപ്രീം കോടതി അത് അംഗീകരിച്ചു. വിമർശനങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ചാലഞ്ചിങ് ടൈമിൽ ശെെലജ ടീച്ചർ വർക്ക് ചെയ്തു. എന്നാൽ ഇത്തവണത്തെ ആരോഗ്യ വകുപ്പ് ഒരു ദുരന്തമായിരുന്നു. വ്യക്തിയെന്ന നിലയ്ക്ക് വീണ ജോർജിനെ ആക്ഷേപിക്കുകയല്ല.
മംഗളപത്രം എഴുതാൻ അല്ലല്ലോ ഒരു മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ പ്രശ്നങ്ങളല്ലേ പരിഹരിക്കേണ്ടത്. ഒരു കെട്ടിടം ഇടിഞ്ഞു വീണപ്പോൾ ആ കെട്ടിടത്തിൽ ആരും ഇല്ല എന്ന് മന്ത്രിയെ പറയുകയാണ്. ആ സമയം കെട്ടിടത്തിനടിയിൽ ആൾ മരിച്ചുകിടക്കുകയാണ്. പെരുപ്പിച്ച കാണിക്കാണ് ഇവർ പിന്തുടരുന്നത്. പെരുപ്പിച്ച് കാണിക്കുക എന്നത് ഒരു രാഷ്ട്രീയമാണ്. അത് അസത്യത്തിലേക്ക് നീങ്ങുകയും ആ അസത്യങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിയുകയും ചെയ്യും. അതാണ് രണ്ടാം പിണറായി സർക്കാരിൻ്റെ പിആർ. ഇന്നത് പബ്ലിക് റിലേഷൻസ് അല്ല, പെരും നുണ കമ്പനി ആണത്. അത് ആരോഗ്യ വകുപ്പിനെ ആണ് ഏറ്റവും കൂടുതൽ ബാധിച്ചത്.
ഒരു കുട്ടിയുടെ കൈ മുറിച്ചു കളഞ്ഞു. ആ കുട്ടിയെ പോയി നോക്കിയോ മുഖ്യമന്ത്രി സന്ദർശിച്ചോ? പ്രതിപക്ഷ നേതാവല്ലേ കൈ വെച്ച് കൊടുത്തത്. കത്രിക വയറ്റിൽ വെച്ച് തയ്ച്ച ആ സ്ത്രീയുടെ കത്രിക പുറത്തേക്ക് എടുക്കുന്നത് സ്ഥലം എംപി കൂടിയായിട്ടുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ്. അതിനെയൊക്കെ ഇവർ പരിഹാസപൂർവ്വം പറയുകയാണ്. ആരോഗ്യം മാത്രമല്ല, വനം വകുപ്പ് ഉൾപ്പടെ പരാജയമാണ്.
വിമർശനങ്ങളോട് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് നീരസമുണ്ട്, എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച മാറ്റം ?
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരുപാട് തെറ്റുകളും കുറവുകളും ഒക്കെ ഉണ്ടായിരുന്നെങ്കിലും പാർട്ടി പാർട്ടി ആയിരുന്നു. പാർട്ടിയുടെ കാര്യം പറഞ്ഞിരുന്നത് പാർട്ടിയായിരുന്നു. സിനിമാ നടന്മാരെ നമുക്ക് ഇഷ്ടമാണ്. കമലഹാസനെയും മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെ ഇഷ്ടമാണ്. പക്ഷേ അവരെ ആശ്രയിക്കുന്ന രീതിയാണ് പിന്തുടരുന്നത്. അവർക്ക് അവാർഡ് കൊടുന്നതൊക്കെ നല്ലതാണ്. എന്നാൽ, അവരുടെ ഗ്ലോറി വെച്ചിട്ട് റിഫ്ലക്റ്റഡ് ഗ്ലോറി ഉണ്ടാക്കുകയാണ് ഇവർ. ഒരു ലൈറ്റിന്റെ അടുത്ത് നിന്നാൽ നമുക്ക് വെളിച്ചം കിട്ടുമല്ലോ. അതിലും വലിയ കൺഫ്യൂഷൻ ഉണ്ടായി. കണ്ടില്ലേ, മമ്മൂട്ടിയോട് മാപ്പ് പറയുന്ന ഒരു സ്ഥിതി വരെ ഉണ്ടായി. ഇതൊക്കെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലിയാണോ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്റെ മിഷനറി ഇല്ലേ. ആ മിഷനറിയിൽ കൂടെ അല്ലേ ഇൻഫർമേഷൻ കിട്ടേണ്ടത്. ഇവിടെ സ്വർണക്കള്ളക്കടത്തിന്റെ പ്രശ്നം വന്നു. ഇപ്പോൾ സ്വർണത്തിന്റെ പ്രശ്നം ശബരിമലയിലാണ് ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെ ഒരു കേന്ദ്രമായിട്ട് മാറിയില്ലേ?
പാർട്ടിക്കാർക്ക് ഇപ്പോൾ സർക്കാരിൽ ഒരു കാര്യവുമില്ല. സിപിഎമ്മിന്റെ നേതാക്കന്മാരിൽ താഴെ തട്ടിൽ നിൽക്കുന്ന 90% ആളുകൾക്കും സർക്കാരുമായി ഒരു ബന്ധവും ഇല്ല. അവരൊന്നും പോയി പറഞ്ഞാൽ ഒരു കാര്യവും നടക്കുകയില്ല. പിആർ ഏജൻസികളും മുകളിലെ തട്ടിലുള്ള കുറച്ചുപേരുമാണ് എല്ലാം തീരുമാനിക്കുന്നത്.
മയക്കുമരുന്ന് ഒരു പ്രധാന വിഷയമാണ്. എല്ലാ സിപിഎമ്മുകാരും മയക്കുമരുന്ന് ഉപയേഗിക്കുന്നു എന്നല്ല. സിപിഎംകാർ മയക്കുമരുന്നുകാർ ആകുന്നതിലും കൂടുതൽ മയക്കുമരുന്നുകാർ സിപിഎമ്മിലേയ്ക്ക് കയറുന്നു. ഞാനൊരു സിപിഎം ലോക്കൽ സെക്രട്ടറി ആയിരുന്നു. അന്നൊക്കെ എൽസി എന്നുപറഞ്ഞാൽ വളരെ പവർഫുൾ ആണ്. പാർട്ടിക്ക് എന്ത് പറ്റി എന്നുചേദിച്ചാൽ അബ്സല്യൂട്ട് ഡിസ്കണക്ട് എന്നുപറയേണ്ടിവരും. നേതൃത്വവുമായിട്ട് അണികളും പാർട്ടിയുമായിട്ട് ഗവൺമെന്റും ഡിസ്കണക്ട് ആയി.
ജി സുധാകരനെന്ന നേതാവിനെക്കുറിച്ചുള്ള ഓർമകൾ, അദ്ദേഹത്തെ ഇറങ്ങിപ്പോക്കിനെ എങ്ങനെയാണ് കാണുന്നത് ?
ജി സുധാകരനുമായി സിപിഎം ഡിസ്കണക്ട് ആയി എന്ന് പറഞ്ഞാൽ പിന്നെ ആരുമായിട്ടാണ് കണക്ടഡ് എന്ന് ചോദിക്കേണ്ടി വരും. ജി സുധാകരൻ ഒക്കെ സെലിബ്രിറ്റി ആയിരുന്ന ഒരാളാണ്. അദ്ദേഹം ഒപ്പിട്ട മെമ്പർഷിപ്പ് കൊണ്ടുനടന്ന ആളാണ് ഞാൻ. ജി സുധാകരൻ എന്ന് പറഞ്ഞാൽ വലിയൊരു ഇമേജ് ആയിരുന്ന ഞങ്ങൾക്കൊക്കെ. അത്രയും ഉയർന്ന ഒരു വ്യക്തിത്വം, എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡൻ്റ് ആയിരുന്ന ആളുമായി പാർട്ടി ഡിസ്കണക്ടഡ് ആയി. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി എംഎ ബേബി അദ്ദേഹത്തിന്‍റെ ജൂനിയറായിരുന്നു. സുധാകരനെ സാർ എന്നാണ് വിളിക്കുന്നത്. അദ്ദേഹം മിനിസ്റ്റർ ആയതുകൊണ്ടല്ല അങ്ങനെ വിളിക്കുന്നത്. അദ്ദേഹം സ്റ്റുഡൻറ് ലീഡർ ആയിരിക്കുമ്പോൾ ടീച്ചർ ആയിരുന്നു. ഇംഗ്ലീഷ് എംഎ ആണ്. ഇംഗ്ലീഷിൽ എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാം. സുധാകരൻ സാർ ഷേക്സ്പിയർ എടുക്കുന്ന കുട്ടികൾക്ക് ഇഷ്ടമാണ് ട്യൂട്ടോറിയൽ ക്ലാസുകളിൽ ഒക്കെ അപ്പോൾ അങ്ങനെ സാർ എന്ന് വിളിക്കപ്പെട്ട സ്റ്റുഡൻറ് ആണ് വേറെ ആരെയും എൻ ഓർമ്മയിൽ ഒരു വിദ്യാർഥിയായിരിക്കും നേതാവായിരിക്കുമ്പോൾ ആരും സാർ എന്ന് വിളിച്ചിട്ടില്ല അത് സാർ എന്ന് വിളിക്കുന്നത് ഒരു അധ്യാപകൻ എന്നുള്ള നിലയ്ക്കാണ്.
സുധാകരനെപ്പോലെ ഒരാളെയൊക്കെ എടുത്ത് കളഞ്ഞതും അദ്ദേഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഗോവിന്ദൻ മാഷ് പരിഹാസത്തോടെ ചിരിച്ചതും ഒക്കെ എന്നെ വിഷമിപ്പിച്ചു. 63 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച ഒരാൾ, അതും ഭുവനേശ്വരന്റെ സഹോദരൻ പാർട്ടിയിൽ നിന്നും. ഇറങ്ങിപ്പോയി എന്ന് പറഞ്ഞാൽ മനസ്സിലാക്കേണ്ടത് പ്രസ്ഥാനം ജനങ്ങളിൽ നിന്നും ഇറങ്ങിപ്പോയി എന്നാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു മനുഷ്യനാണെങ്കിൽ ആ പ്രസ്ഥാനം ജനമനസ്സുകളിൽ നിന്നും പടിയിറങ്ങുന്നതിന്റെ ഒരു സൂചനയാണ് ജി സുധാകരന്റെ പടിയിറക്കം. പക്ഷേ അദ്ദേഹം കുറെ കൂടെ പൊളിറ്റിക്കൽ ആവണം. പൊളിറ്റിക്സ് അദ്ദേഹം പറയണം. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങളിൽ തന്നെ ഒരു രാഷ്ട്രീയമുണ്ട്. അല്ലാതെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തിയിട്ടുള്ള സംഘടനയോ സംഘടനയിൽ നിന്ന് മാറ്റി നിർത്തിയ രാഷ്ട്രീയമോ ഇല്ല.
ആ പ്രായത്തിൽ പാർട്ടി വിടാനുള്ള തീരുമാനം കെെക്കൊണ്ടത് തെറ്റായെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഞങ്ങൾ ഒരു ദിവസം പത്രസമ്മേളനം നടത്തി പാർട്ടി വിട്ട് പോയവരല്ല. എം വി രാഘവൻ നടത്തിയത് ഒരു രാഷ്ട്രീയ ഉൾപ്പാർട്ടി സമരമാണ്. അതിന് സമാനതകൾ ഇല്ല. 1967 ലെ നക്സലൈറ്റ് പ്രശ്നം മാറ്റി നിർത്തിയാൽ എം.വി.ആർ ഉയർത്തിക്കൊണ്ടുവന്ന ആ പൊളിറ്റിക്കൽ ഡിബേറ്റിന് സമാനതകൾ ഇല്ല. അന്ന് കൊണ്ടുവന്ന പൊളിറ്റിക്കൽ ഡിബേറ്റിൽ ഞാനും പങ്കാളിയായി. ഇഎംഎസ് പറയുമെന്ന് കരുതിയ കാര്യമാണ് എംവിആർ പറഞ്ഞത്. അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. കാരണം ഇഎംഎസ് ആണല്ലോ നമ്മുടെ മാതൃകാ പുരുഷൻ. എക്കാലത്തും അദ്ദേഹത്തോട് വലിയ ബഹുമാനമാണ്. പക്ഷേ എംവിആർ ആണ് ഇത്തിരി കർക്കശ്യത്തോടുകൂടി ആണെങ്കിലും അത് പറഞ്ഞത്. അദ്ദേഹത്തോടൊപ്പം ഞാൻ നിന്നു. ഇത് പാർട്ടിക്കകത്ത് ഉള്ള ഒരു ചർച്ചയാണല്ലോ എന്നായിരുന്നു എൻ്റെ വിചാരം.
പാർട്ടി കോൺഗ്രസിൽ തന്നെ പ്രായം കുറഞ്ഞ ഒരു പ്രതിനിധിയായിരുന്നു ഞാൻ. 1982-ൽ 25 വയസ്സ് തികയുന്നതിനു മുമ്പ് പാർട്ടി കോൺഗ്രസ് ഡെലിഗേറ്റ് ആയി. അവിടെയൊക്കെ ഡിബേറ്റ് ഒക്കെ നമ്മൾ കേട്ടിട്ടുണ്ടല്ലോ. നമുക്കും ഇതൊക്കെ പറയാൻ അവകാശം ഉണ്ടെന്നായിരുന്നു എൻ്റെ വിചാരം. പറഞ്ഞുകഴിഞ്ഞപ്പോഴാണ് ഇതെല്ലാം സംഘടനാ വിരുദ്ധമാണെന്ന് അറിയുന്നത്. പിന്നെ അത് വ്യക്തിപരമായി മാറി. ഒടുവിൽ
ഞാൻ ഒരു രാഷ്ട്രീയ നിലപാട് എടുത്തു. രാഷ്ട്രീയ നിലപാട് പറഞ്ഞവരെ പുറത്താക്കും എന്ന് പറഞ്ഞാൽ പിന്നെ നിന്നിട്ട് കാര്യമില്ലല്ലോ. ഞങ്ങൾ ഒരു പത്രസമ്മേളനം നടത്തി ഒരു ദിവസം ഞങ്ങൾ പോവുകയാണെന്ന് പറഞ്ഞതല്ല. എംവിആറിനെ പാപ്പിനിശ്ശേരിയിലേ തിരുവനന്തപുരത്തോ കണ്ണൂരോ ഒരു ബ്രാഞ്ച് മെമ്പർ ആയിട്ട് എങ്കിലും തിരിച്ചെടുത്തിരുന്നെങ്കിൽ ഞാൻ സിപിഎം ഒന്നും വിടില്ലായിരുന്നു.
അവർ എക്സ്പെൽ ചെയ്യുകയാണ്. എക്സ്പെൽ ചെയ്തിട്ട് കാമ്പയിൻ ചെയ്യുന്നു. സസ്പെൻഷനിൽ ഇരിക്കുമ്പോൾ തന്നെ ഇഎംഎസ് എംവിആറിനെതിരായിട്ട് ക്യാമ്പയിൻ ചെയ്യുന്നു. തിരിഞ്ഞു നോക്കുമ്പോൾ 40 വർഷം മുമ്പ് ഇഎംഎസ് ഉൾപ്പടെയുള്ള പൊളിറ്റിക്കൽ ലീഡർഷിപ്പിനോട് നിങ്ങൾ ചെയ്തത് ശരിയായില്ല എന്ന് പറയാൻ കഴിഞ്ഞത് ഒരു വലിയ കാര്യമായി കണക്കാക്കുന്നു. അത് ചെയ്യാതെ എനിക്കൊരു തെറ്റ് പറ്റി, ക്ഷമിക്കണം എന്തെങ്കിലും പോസ്റ്റ് തരണേ എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും ഒക്കെ പോസ്റ്റ് കിട്ടിയിരുന്നെങ്കിൽ അത് എന്റെ തലയിൽ ഒരു മുൾക്കിരീടം പോലെ ഇരിക്കുമായിരുന്നു. ഇപ്പോൾ കിരീടം ഇല്ല എന്നല്ലേ ഉള്ളൂ. എൻ്റെ ശരികൾ ചെയ്യാൻ കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്. അതൊരു ഭാഗ്യമാണ്.
നമ്മൾ ജീവിതം പ്രസ്ഥാനത്തിന് കൊടുക്കുക. എന്നിട്ട് ആ പ്രസ്ഥാനം നമുക്ക് തരുന്നത് മേടിക്കുക. പക്ഷേ അനീതി ചെയ്യുന്നു എന്ന് കണ്ടാൽ അതിനോട് കലഹിക്കുക. ഇത് ചെയ്തിട്ട് നമ്മൾ വീട്ടിൽ പോയിരിക്കുകയല്ലല്ലോ ചെയ്തത്, വേറൊരു കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ഒട്ടുമുക്കാലും സ്റ്റേറ്റ് കമ്മിറ്റികളെക്കാൾ വലുതാണ് കേരളത്തിൽ സിഎംപി എന്ന് ജനറൽ സെക്രട്ടറിയെന്ന നിലയിൽ എനിക്ക് പറയാനാകും. ഞങ്ങൾ സിപിഎമ്മിൽ നിന്ന് പിരിഞ്ഞതിന് ശേഷം ഞങ്ങളെ സിപിഎം ഒരുപാട് വേട്ടയാടി. എങ്കിലും ഞങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ കാമ്പയിന്റെ ഭാഗമല്ല. എവിടെയെങ്കിലും ഞങ്ങൾ കമ്മ്യൂണിസത്തെ പരിഹസിക്കാൻ പോലും നിൽക്കാറില്ല.
പാർട്ടി നേതൃത്വത്തെ പക്ഷേ വിമർശിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് പറയുമ്പോൾ സിപിഐ, സിപിഎം, സിപിഎംഎൽ വിഭാഗങ്ങൾ, എസ്.യു.സി.ഐ, ആർഎസ്പി, ആർഎംപി അങ്ങനെ വലിയ ഒരു ഗ്രൂപ്പ് അല്ലേ. അവരൊക്കെ മണ്ടന്മാർ എന്നല്ല സിഎംപി കരുതുന്നത്. സിഎംപി ഒരു ന്യൂ തിങ്കിങ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഒരു നവചിന്താ കമ്മ്യൂണിസ്റ്റ് പാർട്ടി. സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രു പാർട്ടിയിൽ ഉണ്ടായിരുന്നവരാണ്. ഒരാൾ താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാൽ നിന്നോട് ആര് പറഞ്ഞു കമ്മ്യൂണിസ്റ്റ് ആവാൻ എന്ന് ചോദിക്കും. ഞങ്ങൾ മാത്രം കമ്മ്യൂണിസ്റ്റ് എന്ന ചിന്ത. കമ്മ്യൂണിസ്റ്റ് വിരുദ്ധൻ എന്ന് പറഞ്ഞ ആൾക്ക് വേണമെങ്കിൽ അവർ ഷേക്ക് ഹാൻഡ് കൊടുക്കും. അവന്റെ വീട്ടിൽ പോയി ചായ കുടിക്കും. പക്ഷേ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞവനെ അടിക്കും. എന്തൊരു വൈരുദ്ധ്യമാണ്.
തിരുവനന്തപുരത്തെ മത്സരത്തെ എങ്ങനെ വിലയിരുത്തുന്നു, എന്തുകൊണ്ട് തിരുവന്തപുരം?
ഏറെക്കുറെ തിരുവനന്തപുരത്ത് ആണെന്നുള്ളത് എഐസിസി നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ പ്രഖ്യാപിച്ചാൽ മാത്രമേ സ്ഥാനാർഥി ആവുകയുള്ളൂ. ഞാൻ ഇപ്പോൾ സ്ഥാനാർഥി ആണോ എന്ന് ചോദിച്ചാൽ അല്ല. കാരണം പ്രഖ്യാപനം വരണം. യുഡിഎഫിന്റെ പ്രഖ്യാപനം വരണം. എന്നെ സംബന്ധിച്ചിടത്തോളം തിരുവമ്പാടി ഓപ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. ഞാൻ ശരിയെന്ന് പറഞ്ഞതാണ്. വേണമെങ്കിൽ ഓപ്റ്റ് ചെയ്യാം. പക്ഷേ അവിടെ അതിന്റെതായ ചില ബുദ്ധിമുട്ടുകൾ വന്നു. ഇപ്പോൾ ആ വക പ്രശ്നങ്ങൾ ഒന്നുമില്ല. ഇപ്പോൾ നമ്മൾ തിരുവനന്തപുരം സെൻട്രൽ ഉറപ്പിച്ചിരിക്കുകയാണ്. ഇനി വരേണ്ടത് ഔദ്യോഗിക പ്രഖ്യാപനമാണ്.
എൻ്റെ വീട് തിരുവനന്തപുരം സെൻട്രലിലാണ്, ഞാൻ ഇവിടുത്തെ വോട്ടർ ആണ്. 35 കൊല്ലമായിട്ട് എൻ്റെ താമസം തിരുവനന്തപുരത്താണ്. ഇവിടെ എട്ട് വീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്. എന്റെ നാട് പോലെയാണ് ഇവിടം. 1977 മുതൽ തിരുവനന്തപുരത്ത് ഉണ്ട്. തിരുവനന്തപുരം സെൻട്രൽ യുഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലമാണ്.
തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ചയിൽ ആശങ്കയുണ്ടോ?
ബിജെപിക്കും ആർഎസ്എസിനും ആദ്യം മുതലേ തിരുവനന്തപുരത്ത് അടിത്തറയുണ്ട്. എന്നാൽ ഒരു ശക്തികേന്ദ്രം എന്ന് പറയാനാകില്ല. പക്ഷേ ആർഎസ്എസിൻ്റെ നല്ല ശാഖകൾ പ്രവർത്തിക്കുന്ന സ്ഥലമാണ്. അതിൻ്റെതായ ബന്ധം അവർക്കുണ്ട്. ബിജെപി വളർന്നുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ വളരുന്നില്ല.
ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്ന ഘടകങ്ങൾ എന്തൊക്കെ, ശബരിമല ഇക്കുറിയും സ്വാധീനിക്കുമോ?
ഈ തിരഞ്ഞെടുപ്പിനെ പല കാര്യങ്ങളും ബാധിക്കും. എൽഡിഎഫ് സർക്കാരിനെ മാറ്റണം എന്നതാണ് പൊതുവികാരം. ശബരിമല ഉൾപ്പടെ വിഷയമാകും. ശബരിമലയുടെ കാര്യത്തിൽ അന്നത്തെ സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞു ശബരിമലയെ ഇകഴ്ത്തരുതെന്ന്. ഓരോ മതങ്ങളിലും ഓരോ തരത്തിലുള്ള ആചാരാനുഷ്ഠാന വ്യത്യാസങ്ങളുണ്ട്. അപകടകരമല്ലാത്ത ആചാരങ്ങൾ വെച്ചുപുലർത്താം എന്ന് ഭരണഘടന പറഞ്ഞിട്ടുണ്ടല്ലോ. അത് മറ്റൊരാൾക്ക് ശരിയാണെന്ന് തോന്നണമെന്നില്ല. ഇപ്പോൾ ചില സ്ത്രീകൾക്ക് ചില പള്ളികളിൽ പോകാം, ചിലയിടത്ത് പാടില്ല. ചില ക്രിസ്ത്യൻ സഭകളിൽ സ്ത്രീകൾ പുരോഹിതന്മാരുണ്ട്. മറ്റു ചില സ്ഥലങ്ങളിൽ ഇല്ല. അതൊക്കെ അവരുടെ ഡിനോമിനേഷണൽ ഐഡന്റിറ്റി ആണ്. അതുകൊണ്ട് ശബരിമലയെ സാങ്കേതികമായിട്ടല്ല കാണേണ്ടത്. വർഗീയവൽക്കൃതമായ ഇന്ത്യയിൽ നമ്മൾ ശബരിമലയെ ഉയർത്തിപ്പിടിക്കണം. ശബരിമല നമുക്ക് ഉയർത്തിപ്പിടിക്കേണ്ട ഒരു കൊടിയാണെന്ന് 2014 ൽ എംവിആർ മരിച്ചതിനു ശേഷം നടന്ന പാർട്ടി കോൺഗ്രസിൽ ഞങ്ങൾ പറഞ്ഞു. കാരണം അവിടെ മതേതരത്വത്തിന്റെ കൂടെ ശക്തമായ എലിമെന്റ് ഉണ്ട്. കേരളത്തിന്റെ പല ഭാഗത്തും അങ്ങനെയുണ്ട്.
ശബരിമല വളരെ മോശമാണ് ഞാൻ നന്നാക്കാം എന്നാണ് പിണറായി വിജയൻ സർക്കാർ പറയുന്നത്. പക്ഷേ എന്താണ് ശബരിമല എന്ന് പിണറായി സർക്കാരിന് മനസ്സിലായില്ല. ഓണവും ശബരിമലയും നമ്മുടെ കേരളീയ സാംസ്കാരിക ഗാത്രത്തിൽ രക്തം പോലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. തിരുവോണം എന്താണെന്ന് ആർഎസ്എസിനും മനസ്സിലായിട്ടില്ല. സമത്വത്തെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ ഓണം എന്ന് പറഞ്ഞാൽ മതി, അതിന് സോഷ്യലിസത്തിന്റെ വലിയ തത്വങ്ങളൊന്നും പറയണ്ട. ഇതുപോലെ ഇരിക്കും എന്ന് പറഞ്ഞാൽ മതി.
മനുഷ്യമനസ്സിൽ മതസൗഹാർദത്തിന്റെ വലിയ ഒരു ശ്രുതിയുണ്ട്. കേരളത്തിന്റെ യഥാർഥ സാംസ്കാരിക ശ്രുതി എന്ന് പറയുന്നത് സൗഹാർദമാണ്.
ഈ തിരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ?
ഈ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു നിർണായകമായ വഴിത്തിരിവായിരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. ഐക്യ ജനാധിപത്യ മുന്നണി 10 വർഷം അധികാരത്തിന് പുറത്തു നിന്നാൽ ഒന്നുമല്ലാതായിത്തീരുമെന്ന് കരുതിയവരിൽ ശത്രുക്കൾ മാത്രമല്ല ബന്ധുക്കളും ഉണ്ട്. പക്ഷേ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രകടനം നമ്മൾ എടുത്ത് പരിശോധിച്ചാൽ എല്ലാ തിരഞ്ഞെടുപ്പ് മേഖലകളിലും യുഡിഎഫ് തിരിച്ചു വരുന്നതായി കാണാം.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും നിലമ്പൂരും എന്തിന് പരാജയപ്പെട്ട ചേലക്കരയിൽ പോലും ഭേദപ്പെട്ട പ്രകടനാണ് നടത്തിയത്. പാർലമെൻ്റിൽ പതിവുപോലെ യുഡിഎഫ് മികച്ച പ്രകടനം കാഴചവെച്ചു. പഞ്ചായത്തുകൾ യുഡിഎഫിനെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിൽ മെച്ചപ്പെട്ടു. ഇനി വരുന്നത് യുഡിഎഫിന്റെ അധികാരപ്രവേശത്തിന് വേണ്ടിയിട്ടുള്ള ഒരു തിരഞ്ഞെടുപ്പാണെന്നുള്ള ബോധ്യത്തിൽ ജനങ്ങളും എത്തിയിട്ടുണ്ട്.
Content Highlights: The Communist movement has become disconnected from the common people., The Pinarayi Vijayan government failed to understand the cultural significance of Sabarimala., Criticism of the current health department's performance compared to the first Pinarayi term., The decline of internal democracy and the rise of PR-driven politics within the CPM., UDF's strong potential to return to power in the upcoming elections.
Published: 18 Mar 2026, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented