നസംഖ്യാ സെൻസസിൽ തെറ്റില്ലെങ്കിലും എല്ലാ കാര്യത്തിലും ജാതി മാനദണ്ഡമാക്കിയാല്‍ രാജ്യത്ത് പ്രശ്നങ്ങളുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജവഹര്‍ലാല്‍ നെഹ്റു, ഡോ. അംബേദ്കര്‍ എന്നിവരുടെ ആഗ്രഹത്തിന് നേരെ എതിര്‍വശത്താണ് നമ്മൾ എത്തിയിരിക്കുന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ തരൂർ പറഞ്ഞു.

To advertise here,

കുറച്ചുനാളായി പ്രതിപക്ഷം ആവശ്യപ്പെടുന്ന കാര്യമാണ് ജാതി സെന്‍സസ്. പക്ഷേ, പൊടുന്നനെ എന്‍.ഡി.എ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
നമ്മുടെ രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേമപരിപാടികളും സൗജന്യങ്ങളും തീരുമാനിക്കുകയാണെങ്കില്‍ ഓരോ ജാതിക്കാരുടെയും എണ്ണം അറിയണ്ടേ? 2013-ലോ മറ്റോ ലോക്സഭയില്‍ ഇതു സംബന്ധിച്ച് ഒരു ചര്‍ച്ച ഉണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസില്‍ തന്നെ രണ്ടഭിപ്രായം ഉണ്ടായി. ജാതി തിരിച്ച് കണക്കുകള്‍ എടുക്കുന്നത് ശരിയല്ല എന്ന് ഒരു വിഭാഗം, അത് വേണമെന്ന് മറ്റൊരു വിഭാഗം. എന്റെ അഭിപ്രായത്തില്‍ ജാതി തിരിച്ചുള്ള എണ്ണം അറിയുന്നതില്‍ ഒരു തെറ്റുമില്ല. വ്യക്തിപരമായി ഞാന്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. പക്ഷേ, നമ്മുടെ രാജ്യത്തെ ആള്‍ക്കാര്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നറിയുന്നതില്‍ ഒരു തെറ്റുമില്ല. അടുത്ത സെന്‍സസ് നടത്തുമ്പോള്‍ ഈ ചോദ്യവും വേണമെങ്കില്‍ ചോദിച്ചുകൊള്ളൂ. ആ ഡേറ്റ എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് അഭിപ്രായങ്ങളുണ്ടാകും. അതായത്, ജനസംഖ്യ എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിനുശേഷം എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ചര്‍ച്ച വേണ്ടിവരും. എല്ലാ കാര്യത്തിലും ജാതിയെ മാനദണ്ഡം ആക്കിയാല്‍ രാജ്യത്ത് പ്രശ്നങ്ങളുണ്ടാകും, സംശയമില്ല.

രാഹുല്‍ ഗാന്ധി ജനസംഖ്യ അനുസരിച്ച് അവകാശം (ജിത്നി ആബാദി, ഉത്നി ഹഖ്) എന്ന മുദ്രാവാക്യം മുഴക്കാറുണ്ട്.

സത്യത്തില്‍ അത് അദ്ദേഹത്തിന്റെ പ്രയോഗം അല്ല, ഒരു ഉദ്ധരണിയാണ്. ഒരിക്കലും അതംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. അങ്ങനെയാണെങ്കില്‍ അത് ബി.ജെ.പിയുടെ വാദം ശരിവെക്കുകയാവില്ലേ? രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ ഹിന്ദുക്കളാണ്. അതുകൊണ്ട് ഹിന്ദുക്കള്‍ എല്ലാ കാര്യവും തീരുമാനിക്കും എന്നു വരില്ലേ? ദക്ഷിണേന്ത്യയിലെ ജനസംഖ്യ കുറവാണ്, ഉത്തരേന്ത്യയിലാണ് ഭൂരിപക്ഷം. അതുകൊണ്ട് അവരെല്ലാം തീരുമാനിക്കും എന്നു പറഞ്ഞാല്‍ ഇഷ്ടപ്പെടുമോ? ജനസംഖ്യ മാത്രം നോക്കി തീരുമാനമെടുക്കുന്നത് പല പ്രശ്നങ്ങളുണ്ടാക്കും. സംവരണം പരമാവധി 50 ശതമാനമായി നിജപ്പെടുത്തിയ സുപ്രീംകോടതി ചട്ടത്തെക്കുറിച്ചും ചര്‍ച്ചയുണ്ടാവണം.

placeholder
Rahul Gandhi
രാഹുൽ ഗാന്ധി

ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കരുതി, ജാതി എന്ന ചിന്ത തന്നെ ഈ രാജ്യത്ത് നിന്ന് മാഞ്ഞുപോകുമെന്ന്. ഡോ. അംബേദ്കര്‍ പറഞ്ഞു, ജാതിയെ ഉന്മൂലനം ചെയ്യണമെന്ന്. അതായിരുന്നു അന്നത്തെ നേതാക്കളുടെ ആഗ്രഹം. നമ്മള്‍ അതിന്റെ നേരെ എതിര്‍വശത്താണ് എത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കും, ആളെ സംഘടിപ്പിക്കും. ഇപ്പോള്‍ ജാതി ഉപേക്ഷിക്കാനല്ല, ജാതിയെ പ്രതിനിധീകരിക്കാനാണ് ശ്രമം. അത് രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. പാര്‍ട്ടിലൈനിനു വിരുദ്ധമായി സംസാരിക്കരുതെന്ന് നേതൃത്വത്തിന് പറയേണ്ടിവന്നു.

ഏതു വിഷയങ്ങളിലും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം ഭാരതീയ പൗരനുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. യുദ്ധം വേണം, പാകിസ്താനെ തകര്‍ക്കണം, പാക് അധീന കശ്മീര്‍ പിടിച്ചെടുക്കണം എന്നൊക്കെ പറയുന്നവരുണ്ട്, യുദ്ധമേ വേണ്ടാ എന്ന് പറയുന്നവരുമുണ്ട്. അതൊക്കെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, വിവാദം ലക്ഷ്യം വെച്ചുള്ളവയല്ല. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി തീരുമാനമാണ് പാര്‍ട്ടി ലൈന്‍. അതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചില കാര്യങ്ങള്‍ ഇതുമായി ചേര്‍ത്ത് പറഞ്ഞിട്ടുണ്ട്, അതും സ്വീകരിക്കുക. അതിനെതിരായി ആരെങ്കിലും സംസാരിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന് യോജിച്ചതല്ല. എങ്കിലും ജനാധിപത്യത്തില്‍ ഒരു ചര്‍ച്ച നടത്തുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.

ഇത് എന്റെ അഭിപ്രായമാണ്, പാര്‍ട്ടിലൈന്‍ അല്ല. ഞാന്‍ പാര്‍ട്ടിയെ എതിര്‍ക്കുന്നില്ല. പക്ഷേ, യുദ്ധം വേണ്ടാ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അത് വലിയൊരു പ്രശ്നമായി കാണുന്നില്ല, ഒരു സൈനിക നടപടി വേണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെങ്കിലും.

placeholder
പഹൽഗാമിൽ നിലയുറപ്പിച്ച സൈനികർ

നയതന്ത്രമേഖലയില്‍ വിപുലമായ പരിചയമുള്ള ആളാണല്ലോ അങ്ങ്. രാജ്യം ഇപ്പോള്‍ പഹല്‍ഗാം വിഷയം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള അഭിപ്രായം എന്താണ്.

അവര്‍ ചെയ്യുന്നതെന്തെല്ലാം എന്ന് നമുക്കറിയാന്‍ സാധിക്കുകയില്ല, പലതും വളരെ രഹസ്യമായിരിക്കും. പക്ഷേ, ഭാരതത്തിലെ നയതന്ത്രജ്ഞര്‍ക്ക് മികച്ച അനുഭവസമ്പത്തുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്ന് നന്നായി അറിയാമെന്നും എനിക്കു വിശ്വാസമുണ്ട്. പാകിസ്താനില്‍ നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. എന്ത് ചെയ്താലും ലോകത്തെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. ഇപ്പോള്‍ തന്നെ സംഘര്‍ഷം കുറയ്ക്കണം, യുദ്ധത്തിലേക്കു പോവരുത് എന്നൊക്കെ പറഞ്ഞ് മൂന്നുനാല് രാജ്യങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്.

യുദ്ധസാധ്യതയുണ്ടോ.
 
ചിലര്‍ പറഞ്ഞു, പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുണ്ടല്ലോ ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന്. ഞാന്‍ പറഞ്ഞു, ഇത് ഭീകരവാദത്തിന്റെയും കാലമല്ല. അതിന് മറുപടി കൊടുക്കാതിരിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇക്കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിയോട് യോജിക്കുന്നു. പാകിസ്താനെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കാന്‍ നമുക്ക് സാധിക്കണം. അതിനായി ചില നയതന്ത്ര നടപടികള്‍ ചെയ്യേണ്ടതുണ്ട്. ബിന്‍ ലാദന്റെ വധത്തിനുശേഷമെന്ന പോലെ പാകിസ്താന്‍ സൈന്യത്തെ കടുത്ത സമ്മര്‍ദത്തിലാക്കാന്‍ ആഗോളസമൂഹത്തില്‍ ഭാരതത്തോട് അനുഭാവം വളര്‍ത്തണം. പാകിസ്താനെ വീണ്ടും എഫ്.എ.ടി.എഫ് (ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്) പട്ടികയില്‍ പെടുത്താന്‍ സമ്മര്‍ദം ചെലുത്തുക, അമേരിക്ക പാകിസ്താന്റെ എഫ്- 16 വിമാനങ്ങളെ അപ്ഗ്രേഡ് ചെയ്യുന്നത് നിര്‍ത്തിവെപ്പിക്കണം... അങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്യണം. അതെല്ലാം ചെയ്തിട്ടുണ്ടോ എന്നറിയില്ല.

placeholder
പഹൽഗാം ഭീകാരക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിൽ നടന്ന പ്രതിഷേധം

ഈ പ്രശ്നത്തില്‍ കേന്ദ്ര സർക്കാർ ഇതുവരെ ചെയ്ത കാര്യങ്ങളില്‍ ഒന്നും ഒരു തര്‍ക്കവുമില്ല. ഇന്ത്യയുടെ നടപടി ഇതില്‍ നില്‍ക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ബാലാകോട്ട് പോലെ സിവിലിയന്‍സിന് നാശം വരുത്താത്ത എന്തെങ്കിലും നടപടിയാണോ, അതോ മറ്റെന്തെങ്കിലുമാണോ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു പൂര്‍ണ യുദ്ധത്തില്‍ ആര്‍ക്കും താല്പര്യമില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. രാജ്യത്തിന്റെ വിജയഗാഥ തുടരണം എന്നതാണ് ഏറ്റവും പ്രധാനം. നമ്മുടെ വികസനം, നമ്മുടെ സാമ്പത്തിക വളര്‍ച്ച, രാജ്യപുരോഗതി- അതാണ് നമ്മുടെ ആവശ്യം. ഇത്രയും കാലത്തെ അധ്വാനം ഒരു ദേഷ്യത്തിന്റെ പേരില്‍ നഷ്ടപ്പെടുത്താന്‍ പാടില്ല.

വളരെ കണിശമായി കണക്കുകൂട്ടിയ തിരിച്ചടിയാണ് കൊടുക്കേണ്ടത്. വരുംവരായ്കകളെ കുറിച്ച് തികഞ്ഞ ബോധ്യത്തോടെ, നാലു നീക്കം മുന്‍കൂട്ടി കാണുന്ന ചെസ് കളി പോലെ എല്ലാം ആലോചിച്ചു വേണം ആക്രമിക്കാന്‍. വലിയൊരു യുദ്ധമായാല്‍ പ്രശ്നമാണ്. എനിക്ക് തോന്നുന്നില്ല, പാകിസ്താന്‍ പട്ടാളത്തിന് ദീര്‍ഘമായ ഒരു യുദ്ധം ചെയ്യാനുള്ള ശേഷിയുണ്ടെന്ന്. അവരുടെ സമ്പദ്​വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. അവരുടെ പട്ടാളത്തെ ജനം വെറുക്കുന്ന സാഹചര്യമാണ്. ജനപിന്തുണ കിട്ടാന്‍ ചെറിയൊരു യുദ്ധം അവര്‍ക്ക് ആവശ്യമുണ്ട്. പക്ഷേ, അവര്‍ക്ക് അഫ്ഗാനിസ്താന്‍ ഭാഗത്ത് പ്രശ്നങ്ങളുണ്ട്, താലിബാന്‍ അവര്‍ക്ക് എതിരാണ്. ബലൂചിസ്താന്‍ പ്രശ്നമുണ്ട്. നമ്മളും യുദ്ധത്തിനിറങ്ങിയാല്‍ അവര്‍ക്ക് ഒട്ടും കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരും. എന്റെ അഭിപ്രായത്തില്‍ നമ്മള്‍ അവര്‍ക്ക് നല്ല രണ്ടടി കൊടുക്കണം. അതിനൊപ്പം നമ്മള്‍ മറ്റു ചില നീക്കങ്ങളും നടത്തണം. എല്ലാം പരസ്യമാവണമെന്നില്ല, ചിലത് രഹസ്യമായും ചെയ്യാന്‍ പറ്റും. നമുക്ക് സാങ്കേതികവിദ്യയില്‍ മുന്‍തൂക്കം ഉണ്ട്. സൈബര്‍യുദ്ധം നമുക്ക് ആലോചിക്കാവുന്നതാണ്. അവരുടെ ചില സംവിധാനങ്ങളെയക്കെ നമുക്ക് ഇവിടെ നിന്നും തകര്‍ക്കാന്‍ കഴിയുമെങ്കില്‍ അതുചെയ്യണം. 21-ാം നൂറ്റാണ്ടിലെ യുദ്ധമെന്നാല്‍ തോക്കും പീരങ്കിയും മാത്രമല്ല.

സിന്ധു നദീജലക്കരാര്‍ നിര്‍ത്തിവെച്ചതു പോലെ.
 
അതൊരു പ്രതീകാത്മക നടപടി മാത്രമാണ്. നമുക്ക് ജലം സംഭരിച്ചു വെക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാരണം. പക്ഷേ പാകിസ്താന് അത് സൂചനയാണ്. വേണ്ടിവന്നാല്‍ ഞങ്ങള്‍ അതുചെയ്യും എന്ന സൂചന.

placeholder
ശശി തരൂർ

പഹല്‍ഗാം സംഭവത്തെ ഇസ്രയേലില്‍ നടന്ന ഹമാസ് ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തിയതും നൂറു ശതമാനം കുറ്റമറ്റ ഇന്റലിജന്‍സ് സാധ്യമല്ലെന്നും പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും താങ്കള്‍ പറഞ്ഞതിനെ കോണ്‍ഗ്രസ് നേതാവ് ഉദിത്​രാജ് കുറ്റപ്പെടുത്തിയിരുന്നു, പാര്‍ട്ടിയോടുള്ള കൂറ് ചോദ്യം ചെയ്തിരുന്നു.

എനിക്ക് കുറച്ച് അതിശയം തോന്നി. അഞ്ചുവര്‍ഷം ബിജെപി എം.പിയായിരുന്ന ഒരാളാണ് എന്നെ വിമര്‍ശിച്ചത്. അദ്ദേഹം ബി.ജെ.പിയില്‍ ഉണ്ടായിരുന്ന ആളാണല്ലോ, ബി.ജെ.പിക്കു വേണ്ടി ആരൊക്കെ, എന്തൊക്കെയാണ് സംസാരിക്കുക എന്ന് അദ്ദേഹത്തിന് അറിയാമല്ലോ. ഞാന്‍ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുക. ഐ സ്പീക്ക് ഓണ്‍ലി ഫോര്‍ മൈസെല്‍ഫ്.

ബിജെപി സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖറെ നിയോഗിച്ചിട്ടുണ്ടല്ലോ. മറുനാടന്‍ മലയാളിയും വ്യവസായിയുമായ അദ്ദേഹത്തിന് ചില കാര്യങ്ങളില്‍ താങ്കളുമായി സാമ്യമുണ്ട്. ഒത്ത എതിരാളിയായി തോന്നുന്നുണ്ടോ.

ഞങ്ങള്‍ തമ്മില്‍ ഒരു മത്സരം നടന്നല്ലോ. അതിനെക്കാളും വലിയ എന്ത് മത്സരമാണിനി? ഈ മാസമാണ് ആ വിജയത്തിന്റെ ഒന്നാം വാര്‍ഷികം.