ഏത് നേരത്തും എന്ത് അപകടത്തിൽപ്പെട്ടാലും നമ്മൾ പോലീസിനേയോ ഫയർഫോഴ്സിനെയോ ആണ് വിളിക്കാറുള്ളത്. എന്നാൽ ഈരാറ്റുപേട്ടക്കാരുടെ മനസിൽ പതിഞ്ഞ പേരാണ് അഷ്റഫുകുട്ടിയും ടീം എമർജൻസി കേരളയും. ആരെങ്കിലും വെള്ളത്തിൽ പോയാലോ ആർക്കെങ്കിലും എന്തെങ്കിലും ഒരു അപകടം പറ്റിയാലോ അഷറഫുകുട്ടി നീ എവിടെയാന്ന് ചോദിച്ചുകൊണ്ട് തന്റെ ഫോണിലേക്ക് ആൾക്കാർ വിളിക്കും. ആ ഒരൊറ്റ ഫോൺവിളിയിൽ അഷ്റഫുകുട്ടി അപകട സ്ഥലത്ത് എത്തിയിട്ടുമുണ്ടാകും. പന്ത്രണ്ടാം വയസിൽ ആരംഭിച്ചതാണ് അഷ്റഫുകുട്ടിയുടെ സന്നദ്ധ പ്രവർത്തന‍ം. ഇതിനോടകം തന്നെ വെള്ളത്തിലും വാഹനാപകടത്തിലും കൊക്കയിൽ വീഴുന്നതും അങ്ങനെ പല രീതിയിലുള്ള 112 ഓളം മൃതദേഹങ്ങൾ എടുക്കാൻ പറ്റിയിട്ടുണ്ട്. അതിനെക്കാളുപരി 57 ഓളം പേരെ ജീവനോടെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.

To advertise here,

പന്ത്രണ്ടാമത്തെ വയസിലെ ആദ്യ രക്ഷാപ്രവർത്തനം

ഒരു ദിവസം വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു. ആ സമയം വീടിന്റെ മുന്നിലൂടെ പോകുന്ന ആറിലൂടെ ഒരാൾ ഒഴുകി വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേർ കരഞ്ഞ് വിളിച്ച് വരുന്നത് കണ്ടു. പിന്നെ ഒന്നും നോക്കാതെ ആറ്റിലേക്ക് എടുത്ത് ചാടി. ഒരു ഉമ്മയായിരുന്നു അത്. അവർ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഞാൻ വേഗം അവരെ കയറിപ്പിടിച്ചു. ആ പിടിയിൽ അവർ എന്നെ വട്ടം പിടിച്ചു. അന്ന് വെള്ളത്തിൽ വീണ ഒരാളെ എങ്ങനെയാണ് പിടിക്കേണ്ടതെന്നൊന്നും അറിയില്ലായിരുന്നു. ആ ഉമ്മാന്റെ പിടുത്തത്തിൽ ഞാനും വെള്ളത്തിൽ മുങ്ങി. മരണത്തോട് മല്ലടിച്ചു. പിന്നീട് എന്റെ ഹസൻ എന്ന് പേരുള്ള ജേഷ്ഠൻ ഓടി വന്ന് എന്നെയും ഉമ്മാനെയും കൂടെ പിടിച്ച് കരയിലേക്ക് കയറ്റി. അങ്ങനെ അന്ന് ആ ഉമ്മാ രക്ഷപ്പെട്ടു. അങ്ങനെയാണ് പന്ത്രണ്ടാമത്തെ വയസ്സിലെ എന്റെ ആദ്യത്തെ രക്ഷാപ്രവർത്തനം തുടങ്ങിയത്.

മരണത്തെമുന്നിൽ കണ്ടുള്ള രക്ഷാപ്രവർത്തനം

എപ്പോഴും നമുക്കൊരു ദൈവത്തിന്റെ സഹായമുണ്ടാകാറുണ്ട്. ദൈവത്തിനെ മനസ്സിൽ വെച്ചുകൊണ്ടാണ് നമ്മൾ പോകാറുള്ളത്. ആഹാരം കഴിച്ചതിന് ശേഷമാണ് വെള്ളത്തിൽ ഇറങ്ങുന്നതെങ്കിൽ ശ്വാസം നല്ലപോലെ എടുക്കാനുള്ള ബുദ്ധിമുട്ടുണ്ടാകും. ഇവിടെ അടുത്ത് ഒരു സുഹൃത്തിന്റെ കുഞ്ഞ് വെള്ളത്തിൽ പോയി. വെറും പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള മോനായിരുന്നു അത്. അവന്റെ ചെരുപ്പ് വെള്ളത്തിൽ പോയി. അത് എടുക്കാനായി പോയതാണ് അവൻ. ഒരു കുഞ്ഞ് വെള്ളത്തിൽ പോയിട്ടുണ്ട്. പോയതേ ഉള്ളൂ എന്ന് പറഞ്ഞായിരുന്നു ഫോൺ വന്നത്. ഭക്ഷണം കഴിച്ചിട്ട് നിൽക്കയായിരുന്നു അന്നേരം. ഞാൻ വേഗം ഓടി എത്തുമ്പോഴേക്കും കിതപ്പ് ഉണ്ടായി. എന്നാലും വെള്ളത്തിലേക്ക് ചാടി. കിതപ്പ് ഉണ്ടായതുകൊണ്ട് തന്നെ വെള്ളത്തിൽ മുങ്ങി പോകാൻ പറ്റുന്നില്ലായിരുന്നു. പക്ഷേ കൊച്ച് വെള്ളത്തിനടിയിൽ കിടന്ന് ഇങ്ങനെ ചാടി ചാടി ചാടി വിറക്കുന്നുണ്ടായിരുന്നു. വെള്ളത്തിനടിയിൽ കിടന്ന് ഞാൻ ഉടനെ കരയിൽ നിന്നവരോട് കൊച്ച് ഇവിടെ കിടപ്പുണ്ട് ഞാൻ ഒഴുക്കിൽ പെട്ട് താഴത്തോട്ട് ഒഴുകി പോയിക്കൊണ്ടിരിക്കുവാ എന്ന് പറഞ്ഞു. അന്നേരം അവിടെ നിന്നവർ ആവലാതിപ്പെട്ട് വേഗം വെള്ളത്തിലേക്ക് എടുത്ത് ചാടി. അങ്ങനെ അളവ് തെറ്റിപ്പോയി. പിന്നെ ഒന്നും കൂടെ ഞാൻ കരയിൽ കയറി വന്ന് രണ്ടാമത് പിന്നേയും മുങ്ങി. ആ മുങ്ങിത്താഴ്ച്ചയിൽ കൊച്ചിനെ മുങ്ങിയെടുത്തു. പരമാവധി മുകളിൽ വരെ എത്തിച്ചു. ആ സമയം എന്റെ ശ്വാസം നിന്നുപോയി. അന്ന് അവിടെ ഫയർഫോഴ്സിന്റെ ഒരു സാർ ഉണ്ടായിരുന്നു. അദ്ദേഹം ആണ് എനിക്ക് ഫസ്റ്റ് എയ്ഡ് തന്നത്. പക്ഷേ കൊച്ചിനെ ജീവനോടെ പൊക്കിയെടുത്തെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

കുഞ്ഞിനെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്കുമ്പോൾ ഈ കാഴ്ചകൾ കാണാൻ വരുന്ന ആളുകളുടെ വാഹനങ്ങളാണ് മുഴുവൻ. അവയെല്ലാം കൊണ്ടുവന്ന് പോലീസ്, ഫയർഫോഴ്സ്, റെസ്ക്യൂ വാഹനങ്ങളുടെ മുന്നിൽ ഇട്ട് പോകും. ഇതോടുകൂടി കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരും. നമുക്ക് ഹോസ്പിറ്റലിലേക്ക് പെട്ടെന്ന് പോകാൻ കഴിയാത്ത വല്ലാത്ത ഒരു സിറ്റുവേഷൻ ഉണ്ടാകും. അങ്ങനെ കയ്യിൽ നിന്നാണ് ആ കൊച്ച് മരണപ്പെട്ടത്.

ഡോക്ടറെ അടിച്ചു, ആ ഡോക്ടർ പിന്നീട് വഴികാട്ടിയായി

പച്ചക്ക് തന്നെ പറയട്ടേ, ഒരു തവണ ഒരു കുട്ടി വെള്ളത്തിൽ പോയിട്ട് വേഗം അവിടേക്ക് പോകേണ്ടി വന്നു. പക്ഷേ ഷെഡിക്ക് തുള ഉള്ളത് കാരണം ഞാൻ മുണ്ട് മാറാതെ കരയിൽ തന്നെ നിന്നു. പക്ഷേ തൊട്ടടുത്ത് നിന്ന ഒരു താത്ത എന്നെ വെള്ളത്തിലേക്ക് ഒറ്റ ചവിട്ടായിരുന്നു. കരയിൽ നിൽക്കാൻ വേണ്ടിയല്ല ചാടടാ എന്ന് പറഞ്ഞുകൊണ്ടാണ് എന്നെ ചവിട്ടിയിട്ടത്. ഒറ്റ മുങ്ങലിൽ തന്നെ കുട്ടിയെ കിട്ടി. എല്ലാവരും പറയും കരയിൽ കയറി വന്ന ഉടനെ മുട്ടിലോട്ട് വയറിനെ കേറ്റി വെച്ചിട്ട് വെള്ളം വായിൽ നിന്ന് കളഞ്ഞെങ്കിൽ മരിക്കുകയില്ലായെന്ന്. പക്ഷേ അത് ഭയങ്കര അപകടമാണ്. ഒരു കാരണവശാലും അങ്ങനെ ചെയ്യാൻ പാടില്ല. നമുക്ക് അവിടെ സിപിആറോക്കെയാണ് കൊടുക്കേണ്ടത്. അന്ന് ഫസ്റ്റ് എയി‍‍ഡൊന്നും കൊടുക്കാൻ അറിയില്ലായിരുന്നു. കുട്ടിയുമായി കരയിലെത്തിയപ്പോൾ തന്നെ ഒരു താത്ത ഓടിക്കൊണ്ട് എനിക്ക് മുണ്ട് ഉടുത്തു തന്നു. ഞാൻ ചാടാത്തതെന്താണെന്ന് അവർക്ക് അപ്പോഴേക്കും മനസ്സിലായി.

അവിടുന്ന് കുട്ടിയേയും കൊണ്ട് പോകുന്ന വഴിക്ക് നമ്മുടെ വാഹനത്തിലേക്ക് മറ്റൊരു കാറുകാരൻ വണ്ടി കൊണ്ടുവന്ന് ഇടിച്ചു. മൂന്ന് ട്രിപ്പ് വാഹനം ഇടിച്ചു. ആ കൊച്ചിനെ എംഎസ് ഹോസ്പിറ്റലിൽ കൊണ്ടുപോയി. കയറി കഴിഞ്ഞപ്പോൾ മാത്യു എന്ന് പറയുന്ന ഒരു ഡോക്ടറുണ്ട്. ആ ഡോക്ടറും ഒരാളുമായിട്ട് ഡോക്ടറുടെ റൂമിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡോക്ടർ ഇറങ്ങി വന്നില്ല. ഉടനെ ആ കുട്ടിയെ ഞാൻ അവിടെ വെച്ചു. കൊച്ചു മരിച്ചിട്ടില്ല സാർ ഇറങ്ങി ഓടി വരാൻ പറഞ്ഞു, പിന്നീട് കുറച്ച് സമയം കഴിഞ്ഞ് ഇറങ്ങി വന്ന ഡോക്ടർ പറഞ്ഞത് കൊച്ച് ഇപ്പോ മരിച്ചതേ ഉള്ളൂ എന്നാണ്. പക്ഷേ ഇത് കേട്ട എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ആ വഴിക്ക് ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയാണ് ചെയ്തത്.

എന്റെ ആ പ്രവർത്തിയിൽ കുറച്ച് പേർ എന്നെ കുറ്റപ്പെടുത്തുകയും കുറച്ച് പേര് സപ്പോർട്ട് ചെയ്യുകയും ചെയ്തു. ഡോക്ടറോട് പോലീസുകാരെല്ലാം വന്ന് കേസ് എടുക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. "എനിക്ക് അർഹതപ്പെട്ടതാണ് എനിക്ക് കിട്ടിയതെന്നാണ്" അദ്ദേഹം പറഞ്ഞത്. അതുവരേയും എനിക്ക് ഒരാളെ എങ്ങനെയാണ് രക്ഷപ്പെടുത്തേണ്ടതെന്നോ ഫസ്റ്റ് എയ്ഡ് എങ്ങനെയാണ് കൊടുക്കേണ്ടതെന്നോ അറിയില്ലായിരുന്നു. മാത്യു ഡോക്ടർ ഇടപെട്ടാണ് എനിക്ക് ആദ്യമായി ഒരു ട്രെയിനിങ് കിട്ടിയത്. ചെന്നൈയിൽ ഒരിടത്ത് കൊണ്ടുപോയി സാറിന്റെ കയ്യിൽ നിന്ന് പണം മുടക്കി ട്രെയിനിങ്ങും കാര്യങ്ങളും ‍എല്ലാം റെഡിയാക്കി തന്നു.

ഇപ്പോൾ എനിക്ക് ഫയർഫോഴ്സിന്റേയും എൻഡിആർഎഫിന്റേയും ട്രെയിനിങ് കിട്ടിയിട്ടുണ്ട്. പിന്നെ എവിടെയെങ്കിലുമൊക്കെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ചാനലിൽ കൂടെ ഒക്കെ നമ്മൾ കാണുമല്ലോ. അവിടെ ഫയർഫോഴ്സുകാർ കാണിക്കുന്നതോ അല്ലെങ്കിൽ ആ സംഭവം എങ്ങനെ ചെയ്യാം എന്ന് നമ്മുടെ ഓഫീസിൽ പോയിട്ട് എന്റെ പ്രവർത്തകരുമായിട്ട് ചെയ്തു പഠിക്കും.

എത്രയും വേഗം മൃതദേഹം പുറത്തെടുക്കണം

പുതുപ്പള്ളിക്ക് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ചേട്ടൻ വെള്ളത്തിൽ പോയി. ഒത്തിരി സ്ഥലമുള്ള ഒരു ചേട്ടനായിരുന്നു. തേങ്ങ വെള്ളത്തിൽ പോയി, അത് എടുക്കാനായി ഇറങ്ങിയതാണ്. പക്ഷേ പെട്ടുപോയി. ചെറിയൊരു തോട് ആയിരുന്നു. അവിടെ തിരയാത്ത സ്ഥലമുണ്ടായിരുന്നില്ല. പക്ഷേ ബോഡി കിട്ടിയില്ല. മൂന്ന് മരങ്ങൾ കിടന്നതിന്റെ ഭാഗത്തായി വേരുകൾക്കിടയിൽ ഒരു ഇരുപത് അടി താഴ്ചയിൽ പനക്കൂറ്റിയുടെ അടിയിലായിരുന്നു ബോഡി. പത്ത് വർഷം കഴിഞ്ഞാലും പൊങ്ങിവരില്ലായിരുന്നു. വെറുതേ പോയി മുങ്ങി നോക്കിയതായിരുന്നു അവിടെ. കറക്റ്റ് വെള്ളത്തിന്റെ ഇരുപത് അടി താഴ്ചയിലെത്തിയപ്പോൾ എന്റെ മുഖത്ത് പുള്ളിയുടെ കൈ കൊണ്ടു. വെള്ളത്തിൽ പോയി പത്ത് ദിവസം കഴിഞ്ഞാണ് ആ മൃതദേഹം കിട്ടിയത്. അത് എടുത്ത് കരയിലേക്ക് വെച്ചപ്പോൾ വേറൊരു ഭീകരാന്തരീക്ഷമാണ് ഉണ്ടായത്.

വീട്ടുകാർക്ക് കാണാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാകും. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനാകാതെ പലപ്പോഴും പെട്ടിയുടെ മുകളിൽ ഒട്ടിക്കുന്ന ഫോട്ടോ ആയിരിക്കും അവസാന കാഴ്ച. പ്രിയപ്പെട്ടവർക്ക് അന്ത്യ കർമങ്ങൾ ചെയ്യാനാകണം എന്ന ആഗ്രഹത്തോടെയും അവസാനമായി ഒരു നോക്ക് കാണണമെന്ന ആഗ്രഹത്തോടെയുമാണ് മൃതദേഹങ്ങൾ എത്രയും വേഗം കരക്ക് എത്തിക്കണമെന്ന് ആഗ്രഹിക്കുന്നത്. നമ്മളോട് പലരും ചോദിക്കാറുണ്ട് നിങ്ങൾക്ക് വേറെ പണിയില്ലേ ഇവിടെ നാട്ടിൽ പോലീസുകാരുണ്ട്, ഫയർ ഫോഴ്സുകാരുണ്ട് അവർക്ക് ശമ്പളം കൊടുത്ത് നടത്തുന്നതല്ലേ എന്നൊക്കെ. അവരും മനുഷ്യന്മാരാണ്. ഇത് നമ്മൾ പഠിച്ച തൊഴിലാണല്ലോ അതുകൊണ്ട് നമുക്ക് പെട്ടെന്ന് ചെയ്യാൻ പറ്റും.

ജീവനോടെ രക്ഷപ്പെടുത്തി, പക്ഷേ മരണം കീഴടക്കി ആ പെൺകുട്ടിയെ

ഇതുവരേയുള്ള രക്ഷാപ്രവർത്തനത്തിൽ ഒരുപാട് പേരുടെ മുഖങ്ങൾ മിന്നി മായുന്നുണ്ടെങ്കിലും ഈ അടുത്ത് ഒരു പെൺകുട്ടി അപകടത്തിൽപ്പെട്ടിരുന്നു. ജീവനോടെ അവളെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും മരണം അവളെ കൊണ്ടു പോവുകയായിരുന്നു. പാല പനക്കപ്പാലത്ത് വച്ച് ഒരു അപകടം ഉണ്ടായി. ഒരു പെൺകൊച്ച് വെള്ളത്തിൽ പോയി. അന്ന് ഞങ്ങൾ ട്രെയിനിങ് കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന സമയമായിരുന്നു. ഒരു കൊച്ചു വെള്ളത്തിൽ പോയി എന്ന് പറഞ്ഞ് ഫോൺ കോൾ വന്നു. അപ്പോൾ തന്നെ ഓഫീസിൽ വിളിച്ചു പറഞ്ഞു, ഞാൻ എത്തുമ്പോഴേക്കും ഞങ്ങളുടെ പ്രവർത്തക‌ർ വണ്ടി സ്റ്റാർട്ട് ആക്കി നിർത്തിയിരിക്കുകയാണ്. അവിടുന്ന് ഓടിപ്പോയി കൊച്ചിനെ വെള്ളത്തിൽ നിന്ന് എടുത്തു. അപ്പോൾ കൊച്ചിന് ജീവൻ ഉണ്ടായിരുന്നു. കാരണം അവൾ എന്റെ ശരീരത്തിലേക്കാണ് ശർദ്ദിച്ചത്. വേഗം ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് ഏകദേശം ഒരു രണ്ടര മണിക്കൂർ കഴിഞ്ഞ് ആ കൊച്ച് മരണപ്പെടുകയായിരുന്നു.

ഏറ്റവും മോശം ഗന്ധം മനുഷ്യന്റെ മൃതദേഹം അഴുകുന്നതാണ്

ലോകത്തിലെ ഏറ്റവും മോശം ഗന്ധം മനുഷ്യന്റെ മൃതദേഹം അഴുകുന്നതാണ്. അത് സഹിക്കാൻ കഴിയാത്തതാണ്. ഇപ്പോൾ ദൈവം എന്നെ അതുമായി ചേർത്ത് നിർത്തിയിരിക്കുന്നതായാണ് കരുതുന്നത്. ആദ്യമൊക്കെ മൃതദേഹം എടുക്കാനൊന്നും പോകില്ലായിരുന്നു. മാറി നിൽക്കുമായിരുന്നു. ഇപ്പോൾ പത്ത് ഇരുപത് ദിവസമായ മൃതദേഹങ്ങൾ കിട്ടിയാലും കുഴപ്പമില്ല. ഓരോ എല്ലുവരെ ചിലപ്പോൾ എടുത്തുകൊടുക്കാറുണ്ട്. മുഹമ്മദ് റാഫിയും ഞാനുംകൂടിയാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ എടുത്തിട്ടുള്ളത്.

ടീം എമർജൻസി കേരള

നന്മക്കൂട്ടം എന്ന് പേരുള്ള ഒരു ടീം ആണ് ആദ്യം ഉണ്ടാക്കിയത്. പിന്നീട് അതിനകത്ത് തുടർന്നു പോകാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ടീം എമർജൻസി കേരള എന്ന പേരിൽ മറ്റൊരു സംഘടനക്ക് രൂപം നൽകി. ഇപ്പോൾ നമ്മുടെ ടീം എമർജൻസിയിൽ കുറെ പ്രവർത്തകരുണ്ട്.

എന്റെ മനസിൽ ഞാൻ പഠിച്ചിരിക്കുന്ന ദൗത്യം ഒരാളും അപകടത്തിൽപ്പെടരുതെന്നാണ്. എവിടെ എന്ത് സംഭവിച്ചാലും അവിടെ നിൽക്കുന്ന മറ്റൊരാൾക്ക് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ കഴിയണം. അത്തരമൊരു നിയ്യത്തുണ്ട് മനസ്സിൽ. ലോകം മുഴുവൻ ഞാൻ പഠിച്ചിരിക്കുന്ന രക്ഷാപ്രവർത്തനം പഠിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. മണിമലയിലും കടുമേനിയിലും വാഗമണ്ണിലും തൊടുപുഴയിലും ജില്ലാതലത്തിൽ വരെയും ഇപ്പോ നമുക്ക് ടീം ആയിട്ടുണ്ട്. ഏകദേശം 300 ഓളം പേർക്ക് ട്രെയിനിംഗ് കൊടുക്കാനായി സാധിച്ചിട്ടുണ്ട്. ആര് എവിടെ നിന്ന് ഒരു ടീം ഉണ്ടാക്കാൻ വിളിച്ചാലും നമ്മൾ വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കും. വെള്ളത്തിൽ ചാടുന്നത് മാത്രമല്ല തീപിടുത്തമൊഴികെ ഒരാൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഏതൊരു സാഹചര്യത്തിലും ടീം എമർജൻസി എന്ന് പറയുന്ന സംഘടനയ്ക്ക് സഹായിക്കാൻ പറ്റും.

ഞങ്ങളുടെ സഹപ്രവർത്തകർ ആക്രി കച്ചവടം ഉള്ളവരും ഇറച്ചി കച്ചവടം നടത്തുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരുമുണ്ട് ജാതിക്കാ വ്യാപാരികളും മലഞ്ചരക്ക് ബിസിനസ് നടത്തുന്നവരുമുണ്ട്. ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ അവരുടെ ജോലികളെല്ലാം മാറ്റിവെച്ചാണ് എത്താറുള്ളത്. ആദ്യമൊക്കെ ഞങ്ങളെ കുറേ പേര് കളിയാക്കുമായിരുന്നു. ഇവന്മാര് വണ്ടിക്കകത്ത് ഒരു ട്യൂബും ജാക്കറ്റും കൊണ്ട് നടക്കുവാണന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പിന്നീട് വാർത്താമാധ്യമങ്ങളിലൊക്കെ വന്ന് കഴിഞ്ഞതിന് ശേഷമാണ് എത്ര വലിയ അപകടത്തിൽ നിന്ന് എടുത്തുകൊണ്ടുവന്നതാണെന്നൊക്കെ ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയത്. അന്ന് ഞങ്ങളെ കളിയാക്കിയവരെല്ലാം വിവിധ സംഘടനകളിൽ ചേർന്നിട്ടുണ്ട്.

വയനാട് ഉരുൾപൊട്ടലിൽ ഞങ്ങളെത്തി

വയനാട് ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ അവിടേക്ക് തിരിച്ചു. നമ്മുടെ വാഹനത്തിൽ തന്നെയാണ് പോയത്. ഇവിടെയുള്ള നാട്ടുകാരായ നിരവധി പേർ സഹായിച്ചാണ് ഞങ്ങൾ ഇവിടെ നിന്ന് പോയത്. ആദ്യം ഒരു പത്ത് അംഗ സംഘമാണ് പോയത്. മുപ്പത്തിയഞ്ചോളം പേരുടെ മൃതദേഹം നമുക്ക് എടുക്കാൻ കഴിഞ്ഞു. പതിനെട്ടോളം പേരുടെ ശരീര അവശിഷ്ടങ്ങളും എടുക്കാനായി സാധിച്ചു. ഇപ്പോഴും കണ്ണിൽ നിന്ന് മായാത്ത ഒരു കുഞ്ഞിന്റെ മുഖമുണ്ട് മനസിൽ. ഞങ്ങൾ പോവുകയാണെന്നും പറഞ്ഞ് ഇറങ്ങുമ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു സുഹൃത്തിനെ ഒരു കൊച്ചു വന്ന് ഓടി പപ്പാ എന്നും പറഞ്ഞ് വിളിച്ചു. അവന്റെ പപ്പയെ പോലെ ആയിരുന്നു ആ സുഹൃത്തിനെ കാണാൻ. ഞങ്ങൾക്ക് എല്ലാവർക്കും വിഷമമായി. ഞങ്ങൾക്കത് ജീവിതത്തിൽ മറക്കാൻ പറ്റില്ല. എപ്പോഴും കിടന്നുറങ്ങുമ്പോൾ ആ കൊച്ചിനെ ഓർക്കാറുണ്ട്. ആ കൊച്ചിന്റെ പപ്പ എവിടെയായിരിക്കും എന്നൊരു ഫീലിങ്ങോടു കൂടിയാണ് ഇന്നും വയനാട്ടിലെ സംഭവത്തിനെ ഓർക്കാറുണ്ട്.