ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഉദ്യോഗസ്ഥന്‍ അലി ഹസനുമായുള്ള ജ്യോതിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്‍ഐഎ കണ്ടെത്തിയ ചാറ്റുകളില്‍ ജ്യോതി പാകിസ്താനെ പ്രശംസിക്കുകയും പാകിസ്താനില്‍ വിവാഹിതയാകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

To advertise here,

ജ്യോതി പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കിടെയാണ് വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരിക്കുന്നത്. ഐഎസ്ഐ ഉദ്യോഗസ്ഥന്‍ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങളും ജ്യോതി പാകിസ്താന് ചോര്‍ത്തിനല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ നടക്കുന്നതിനിടെ ഡാനിഷുമായും അവര്‍ ബന്ധപ്പെട്ടിരുന്നു. 

ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. ഇവര്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാകിസ്താന്‍ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു.

33-കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ 'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്സ് ഉണ്ട്. 450-ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനം സംബന്ധിച്ചവയായിരുന്നു.