ലഖ്‌നൗ: സൗജന്യ റേഷന്‍ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടികൊണ്ട് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രണ്ടമൂഴത്തില്‍ ആദ്യ പ്രഖ്യാപനം നടത്തി. യോഗിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വെള്ളിയാഴ്ചയാണ് യോഗിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് രണ്ടാംവട്ടവും അധികാരമേറിയത്.

To advertise here,

സൗജന്യ റേഷന്‍ പദ്ധതിക്കായി സര്‍ക്കാര്‍ 3270 കോടി രൂപ മാറ്റിവെച്ചെന്ന് പ്രഖ്യാപനം നടത്തികൊണ്ട് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. 2020-ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് യുപിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആരംഭിച്ചത്. ഇതിന്റെ കാലാവധി മാര്‍ച്ചോടെ അവസാനിക്കേണ്ടതായിരുന്നു. 

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായ പദ്ധതിയായിരുന്നു ഇത്. ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് മാസത്തില്‍ അഞ്ചു കിലോ ഭക്ഷ്യധാന്യം അധികമായി നല്‍കുന്നതാണ് പദ്ധതി. മാര്‍ച്ച് 31-ന് അവസാനിക്കേണ്ട പദ്ധതി ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

ഇതിനിടെ സമാജ് വാദി പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി അഖിലേഷ് യാദവിനെ തിരഞ്ഞെടുക്കും. ഇതോടെ അഖിലേഷ് യുപി നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. ഇതുമായി ബന്ധപ്പെട്ട് സഖ്യനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് എസ്.പി അറിയിച്ചിട്ടുണ്ട്.

111 എംഎല്‍എമാരുള്ള എസ്പിയാണ് യുപി നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. കര്‍ഹാലില്‍ നിന്നാണ് അഖിലേഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അസംഗഢിലെ ലോക്‌സഭാ അംഗമായിരുന്ന അഖിലേഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംപി സ്ഥാനം രാജിവെച്ചിരുന്നു.