പ്രയാഗ്‌രാജ്: മഹാകുംഭമേള വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനുപിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള ഒരു ആഗോള പരിപാടിയായി മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബുധനാഴ്ച ശിവരാത്രിയോടെ കുംഭമേള അവസാനിച്ചതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുംഭമേളയെ പകര്‍ത്തി ലോകത്തിനുമുന്നിലേക്കെത്തിച്ചതിന് മാധ്യമങ്ങളോടുള്ള പ്രത്യേകനന്ദിയും യോഗി അറിയിച്ചു. 

To advertise here,

പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള പൂര്‍ണമായും ഒരു ആഗോള പരിപാടിയായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണപരമായ നേതൃത്വമാണ് അതിനുകാരണം. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം കുംഭമേള വന്‍വിജയമാക്കി മാറ്റാന്‍ സഹായിച്ചു. നിങ്ങളും (മാധ്യമങ്ങള്‍) കുഭമേളയുടെ പ്രാധാന്യം രാജ്യത്തും ലോകത്തെല്ലായിടത്തും എത്തിക്കുന്നതിനു സഹായിച്ചു, എല്ലാവരോടും ഞാന്‍ നന്ദിയറിയിക്കുന്നു, യോഗി പറഞ്ഞു. 

വിശ്വാസത്തേയും സമ്പദ്‌വ്യവസ്ഥയേയും ഏകോപിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആശയത്തേയും യോഗി എടുത്തുപറഞ്ഞു. ആത്മീയതിലൂന്നിയുള്ള ടൂറിസത്തിന്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് മികച്ച സാധ്യതയുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. 2024 ല്‍ മാത്രം തീര്‍ഥാടകരും ടൂറിസ്റ്റുകളും ഉള്‍പ്പെടുന്ന 64 കോടി സന്ദര്‍ശകര്‍ ഉത്തര്‍പ്രദേശിലെ അയോധ്യ, വാരാണസി, മഥുര, പ്രയാഗ്‌രാജ്, ചിത്രകൂട്, വിന്ധ്യാചല്‍, ഗോരഖ്പുര്‍, നൈമിര്‍ഷാരണ്യ എന്നിവടങ്ങളിലെത്തിയതായും യോഗി പറഞ്ഞു. 

കഴിഞ്ഞ 45 ദിവസത്തിനിടെ 66 കോടി സന്ദര്‍ശകരാണ് കുംഭമേളയില്‍ പങ്കെടുക്കാനെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശില്‍ അഞ്ച് പ്രമുഖ ആത്മീയടൂറിസം ഇടനാഴികളുകളെ വികസനത്തിന് കുംഭമേള ഇടയാക്കിയതായും യോഗി കൂട്ടിച്ചേര്‍ത്തു. 74 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ മഹാ കുംഭമേളക്കെത്തിയതായും യോഗി പറഞ്ഞു. കൂടാതെ 12 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരും മന്ത്രിമാരും കുംഭമേളക്കെത്തിയതായും യോഗി പറഞ്ഞു. 

സ്ഥിരവും താല്‍ക്കാലികവുമായ അടിസ്ഥാനസൗകര്യവികസനത്തിനായി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ 7,500 കോടി രൂപ ചെലവഴിച്ചതായും യോഗി വ്യക്തമാക്കി. സന്ദര്‍ശകര്‍ക്കായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഒരു ലക്ഷം സുരക്ഷാ ജീവനക്കാരുള്‍പ്പെടെ നിയോഗിച്ചതായും യോഗി അറിയിച്ചു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിയും എഐ ടെക്‌നോളജിയും ഉപയോഗപ്പെടുത്തി സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കിയതായും യോഗി അറിയിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 15,000 പേരെ നിയമിച്ചതായും സന്ദര്‍ശകര്‍ക്കായി ഗതാഗതസൗകര്യമൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.