
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ രാജാക്കന്മാരുടെ ചരിത്രവും ഡല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ഈ വര്‍ഷം നടന്ന കുംഭമേളയും പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.
രണ്ട് പാഠപുസ്തകങ്ങളാണ് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിനുള്ളത്. ഇതിലെ ആദ്യ പുസ്തകമായ എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്, പാര്‍ട്ട്-1 എന്ന പുസ്തകത്തില്‍ നിന്നാണ് മുഗള്‍ രാജാക്കന്മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പാഠപുസ്തകം പരിഷ്‌കരിച്ചത് എന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. പാഠപുസ്തകത്തില്‍ അധ്യായങ്ങളുടെ പേരുകളില്‍ ഉള്‍പ്പെടെ സംസ്‌കൃതം വാക്കുകളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
നേരത്തേ മൂന്നാം ക്ലാസിലേയും ആറാം ക്ലാസിലേയും പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകവും എന്‍സിഇആര്‍ടി പരിഷ്‌കരിച്ചിരിക്കുന്നത്.
നിലവില്‍ പരിഷ്‌കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ ആദ്യഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം വൈകാതെ തന്നെ പുറത്തിറങ്ങും. ആ പുസ്തകത്തിലും സമാനമായ മാറ്റങ്ങളുണ്ടാകുമെന്നാണ് എന്‍സിഇആര്‍ടി വൃത്തങ്ങള്‍ പറയുന്നത്.
പാഠപുസ്തകങ്ങള്‍ ഈ രീതിയില്‍ പരിഷ്‌കരിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ചരിത്രത്തിലെ സത്യങ്ങളെ മൂടിവെക്കാനും ചരിത്രത്തെ മറ്റെന്തോ ആക്കി മാറ്റാനുമുള്ള ബിജെപിയുടെ നീക്കമാണ് ഇതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ചെറുത്തില്ലെങ്കില്‍ ഇത് വലിയ അപകടമായി മാറും. ബിജെപി ഭരണം നിയോ ഫാസിസമാണോ അര്‍ധഫാസിസമാണോ എന്നൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ല; അവരുടേത് ഫാസിസ്റ്റ് ഭരണം തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: NCERT removes Mughal kings and Muslim rulers in Delhi from NCERT class 7 text book
Published: 27 Apr 2025, 06:39 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented