ലഖ്‌നൗ: 45 ദിവസം നീണ്ടുനിന്ന മഹാകുംഭമേളക്കാലത്ത് ബോട്ട് സര്‍വീസുകളിലൂടെ ഒരു കുടുംബം സമ്പാദിച്ചത് 30 കോടിരൂപയെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഹാകുംഭമേള സംസ്ഥാനത്തിന് വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു ആദിത്യനാഥിന്‍റെ ഈ വിശദീകരണം.

To advertise here,

130 ബോട്ടുകളാണ് ഈ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്നത്. 45 ദിവസകാലയളവില്‍ ഓരോ ബോട്ടില്‍നിന്നും 23 ലക്ഷം രൂപയാണ് ലഭിച്ചത്. പ്രതിദിനം 50,000- 52,000 രൂപ, ആദിത്യനാഥ് പറഞ്ഞു. 

മഹാകുംഭമേള ഉത്തർപ്രദേശിന് വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടല്‍-ഹോസ്പിറ്റാലിറ്റി മേഖല 40,000 കോടി, ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും 33,000 കോടി, ഗതാഗതമേഖല 1.5 ലക്ഷം കോടി, ടോള്‍ ടാക്‌സ് വരുമാനം 300 കോടി എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നായി കുംഭമേളക്കാലത്ത് 3.5 ലക്ഷം കോടിയുടെ വരുമാനമാണ് ലഭിച്ചതെന്ന് ആദിത്യനാഥ് വ്യക്തമാക്കി.

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയായിരുന്നു കുംഭമേള. 66 കോടിയിലധികംപേര്‍ കുംഭമേളയില്‍ പങ്കെടുത്തുവെന്നാണ് അധികൃതർ പറയുന്നത്.