മഹാകുംഭമേളയില്‍ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതിയുമായി സംസാരിക്കുകയാണ് കെ.എന്‍.ഷാജി
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അങ്ങ് ഇടതുപക്ഷ രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. സമരങ്ങളില്‍ സജീവമായിരുന്നു. അറസ്റ്റ്, പൊലീസ് മര്‍ദ്ദനം മുതലായവ അനുഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് 'മാതൃഭൂമി 'യിലെ പത്രപ്രവര്‍ത്തനരംഗത്തും കര്‍മ്മനിരതനായിരുന്നു. സംന്യാസത്തിന്റെ കഠിനപാതയിലേക്കുള്ള വഴിത്തിരിവ് എപ്പോഴായിരുന്നു?
അത് പെട്ടെന്ന് സംഭവിച്ചതല്ല. പത്രപ്രവര്‍ത്തന മേഖലയില്‍ ജോലി ചെയ്യുമ്പോഴും സംന്യാസിമാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും ആശ്രമങ്ങളില്‍ താമസിക്കുവാനും അവരൊരുമിച്ച് സഞ്ചരിക്കുവാനും സംഗതിയായിട്ടുണ്ട്. ആത്മീയമായ ഒരു അന്തര്‍ധാര മനസ്സിന്റെ അടിത്തട്ടില്‍ ഉണ്ടായിരുന്നു എന്നര്‍ത്ഥം. അങ്ങനെ സ്വാഭാവികമായ ഒരു പരിണാമമായിരുന്നു, സംന്യാസമാര്‍ഗ്ഗം.
ഭാരതീയ പാരമ്പര്യമനുസരിച്ച് പുരുഷാര്‍ത്ഥങ്ങളില്‍, ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നാണല്ലോ സാമാന്യരീതി.
ഏത് ആശ്രമത്തിലേക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാം എന്ന് ഉപനിഷത്തുകളില്‍ പ്രമാണമുണ്ട്. നിങ്ങളുടെ മനസ്സ് സംന്യസിക്കാന്‍ പ്രാപ്തമാകുമ്പോള്‍ സംന്യസിക്കുക എന്നതാണ് പ്രധാനം.
ഉപനിഷത്തിനെ സൂചിപ്പിക്കുന്നതുകൊണ്ട് ചോദിക്കുകയാണ്, കഠോപനിഷത്തില്‍ സംന്യാസത്തെ മൂര്‍ച്ചയുള്ള കത്തിയുടെ വായ്ത്തലയിലൂടെയുള്ള പാത എന്നു വിശേഷിപ്പിക്കുന്നുണ്ടല്ലോ. അത്തരം കഠിനമാര്‍ഗ്ഗം സ്വീകരിച്ചതിനു പിന്നില്‍ എന്തെങ്കിലും ഉള്‍പ്രേരണകള്‍ ഉണ്ടോ?
സന്യാസം കഠിനമായതോ പ്രയാസമേറിയതോ ആയി തോന്നിയിട്ടില്ല. വളരെ ആസ്വാദ്യകരവും നിറവോടുകൂടിയതുമായാണ് അനുഭവം.
വ്യക്തിയുടെ ഭൗതികമായ സുഖങ്ങള്‍, കാമനകള്‍ എല്ലാം ഉപേക്ഷിച്ചുകൊണ്ടു മാത്രമേ പരിത്യാഗത്തിന്റെ പാത സ്വീകരിക്കാവൂ എന്ന സങ്കല്പത്തിലായിരുന്നു ചോദ്യം.
എന്നെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ഒരു പരിണതിയായിട്ടാണ് അനുഭവപ്പെട്ടത്. ഇതിനുപിന്നില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങളോ മാനസിക സംഘര്‍ഷങ്ങളോ അസംതൃപ്തികളോ ഉണ്ടായിട്ടില്ല. ആനന്ദകരമായ അവസ്ഥയായിട്ടാണ് അനുഭവവേദ്യമായത്.

സംന്യാസം രാജ്യസേവനത്തിനു പര്യാപ്തമാണോ?
സംന്യാസത്തെ രണ്ടുരീതിയില്‍ സ്വീകരിക്കാം. ഒന്ന്, അവനവന്റെ ആത്മാവിലേക്കുള്ള അന്വേഷണമായി, തപസ്സായി സ്വന്തം ഏകാന്തലോകത്തിലേക്ക് പോകുന്ന ഒരു പാത. മറ്റൊന്ന്, സമാജത്തിന്റെ സമുദ്ധാരണത്തിനുവേണ്ടി പ്രയത്‌നിക്കാനുള്ള തിരഞ്ഞെടുക്കാം. എന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ മാര്‍ഗ്ഗം എന്ന നിലയിലാണ് സംന്യാസം സ്വീകരിച്ചത്.
വര്‍ത്തമാനകാല പരിതസ്ഥിതിയില്‍, രാജ്യം വളരെ കലുഷവും സങ്കീര്‍ണ്ണവുമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണല്ലോ. ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വമോ വിശുദ്ധമായ ആത്മീയ നേതൃത്വത്തിന്റെ അഭാവമോ അനുഭവപ്പെടുന്നു. എന്തു തോന്നുന്നു?
എല്ലാ കലക്കങ്ങളും തെളിയും എന്നതാണല്ലോ ഭാരതീയ ആത്മീയ ചിന്തയുടെ ദര്‍ശനം. കാല, ദേശങ്ങളില്‍ പല ഘടകങ്ങളാലുള്ള കാര്യകാരണങ്ങള്‍ കൊണ്ട് സാമൂഹ്യാന്തരീക്ഷം കലുഷമാകാം. പക്ഷേ, നിശ്ചയമായും അതിനുശേഷം പ്രസാദപൂര്‍ണ്ണമായ ഒരു പ്രകാശത്തിലേക്ക് ഉജ്വലിക്കാതിരിക്കാനാവില്ല. അതാണ് പ്രകൃതിനിയമം.
പ്രാകൃതവും അപരിഷ്‌കൃതവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് സംന്യാസസംഘങ്ങളുടെ സമ്പ്രദായങ്ങള്‍ എന്ന ആക്ഷേപത്തെ എങ്ങനെ പ്രതിരോധിക്കുന്നു?
ഒന്നാമത്, ലോകം എന്തുപറയുന്നു എന്നത് സംന്യാസിക്ക് വിഷയമല്ല. എന്തെങ്കിലും അഭിപ്രായങ്ങളെ നേരിടാനോ മറുപടി പറയാനോ സംന്യാസി ശ്രമിക്കാറില്ല. രണ്ടാമത്, പ്രകൃതിയുടെ സഹജപ്രേരണയുടെ അവസ്ഥ സ്വീകരിക്കുകയും എന്തെങ്കിലും തരത്തില്‍ ലോകത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അതിന് അനുരൂപമായ അഭിപ്രായം സ്വരൂപിക്കാന്‍ മാത്രമേ സംന്യാസി ശ്രദ്ധിക്കാറുള്ളൂ. പ്രകൃതിയുമായി സഹവര്‍ത്തിച്ചും സഹകരിച്ചും അതിനെ തെല്ലും നോവിക്കാതെ ജീവിക്കാനുള്ള ശ്രമമാണ് സംന്യാസി അനുഷ്ഠിക്കുക.

പ്രകൃതി, വനം, പരിസ്ഥിതി, വൃക്ഷങ്ങള്‍, പക്ഷികള്‍, നദികള്‍, കാടുകള്‍, വന്യമൃഗങ്ങള്‍ മറ്റു ജീവജാലങ്ങള്‍ എന്ന സ്വാഭാവിക ജീവിതം ഇന്ന് സാധ്യമാണോ?
പരിസ്ഥിതിയെ പരമാവധി മുന്‍നിര്‍ത്തിയുള്ള ഒരു സംസ്‌ക്കാരമാണ് സംന്യാസം. മറ്റെല്ലാ ദര്‍ശനങ്ങളും മനുഷ്യനു വേണ്ടിയാണ് എന്നു കാണുമ്പോള്‍ നേരെമറിച്ച്, മനുഷ്യന്‍ പ്രകൃതിയിലെ സകല ചരാചരങ്ങള്‍ക്കും വേണ്ടിയാണ് എന്ന ദര്‍ശനമാണ് ഭാരതീയ ആദ്ധ്യാത്മിക ചിന്തയുടെ ആധാരം. അതില്‍ മുഴുകി ജീവിക്കുന്ന സംന്യാസിക്ക് സമസ്ത ജീവജാലങ്ങളും പരമപ്രധാനമാണ്. മറ്റു സാമൂഹ്യ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെല്ലാം മനുഷ്യന്റെ ആവശ്യങ്ങള്‍ മാത്രമല്ല, ആര്‍ത്തിയെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഭാരതീയ ആദ്ധ്യാത്മികചിന്ത സമസ്തപ്രപഞ്ചത്തിനു വേണ്ടി നിലകൊള്ളുന്നു.
പ്രത്യയശാസ്ത്രങ്ങള്‍ പരാജയപ്പെടുന്ന ഒരു ദുരവസ്ഥയാണ് ഇന്നു നാം നേരിടുന്ന പ്രധാനപ്രശ്‌നം എന്നു തോന്നുന്നു.
നാം തെറ്റായി ധരിച്ചിരിക്കുന്നത്, സമഷ്ടിയുടെ പുരോഗതിക്ക് വ്യക്തിയുടെ ശുദ്ധി പ്രധാനമല്ല എന്നാണ്. എന്നാല്‍ വ്യക്തിയുടെ ശുദ്ധിയില്‍ നിന്നേ സമഷ്ടിയുടെ ശുദ്ധി സൃഷ്ടിക്കാനാവൂ എന്നതാണ് പരമാര്‍ത്ഥം. അത്തരം ചിന്ത വന്നാല്‍ മാത്രമേ, പരിവര്‍ത്തനം സാധ്യമാകൂ.
ഇന്ന് സംന്യാസി സംഘങ്ങളില്‍ രാഷ്ട്രീയ പക്ഷപാതിത്വം കടന്നുകൂടിയിട്ടുണ്ടോ?
ഉണ്ടാവാം. അതു സ്വാഭാവികമാണ്. എന്നാല്‍ സംന്യാസി സംഘങ്ങളില്‍ സര്‍വ്വ സംഗപരിത്യാഗികളായ അനേകം സാധുക്കളുണ്ട്. അവരെ ആരും അറിയുന്നില്ലെന്നുമാത്രം!
കുംഭമേളയുടെ ഐതിഹ്യം എന്താണ്?
പാലാഴിമഥനം കഴിഞ്ഞ് കിട്ടിയ അമൃതിനെക്കുറിച്ചുള്ള രണ്ടുകൂട്ടരുടേയും തര്‍ക്കമാണ് ദേവാസുര യുദ്ധം. അമൃത് ഭക്ഷിച്ചാല്‍ അമൃതത്വം അഥവാ അമരത്വം ലഭിക്കും എന്നാണ് സങ്കല്പം. അസുരന്മാര്‍ക്ക് അമൃത് നല്‍കാതിരിക്കാന്‍ ഗരുഢന്‍ അമൃതകുംഭവുമായി ആകാശത്തു പറന്നു നടന്നു. യുദ്ധം പന്ത്രണ്ടു ദിവസം നീണ്ടുനിന്നു. ദേവന്മാരുടെ ഒരു ദിവസം മനുഷ്യരുടെ പന്ത്രണ്ടുവര്‍ഷമാണ്. അതാണ് പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ കുംഭമേള നടത്തുന്നത്. ഗരുഢന്‍ ക്ഷീണിച്ചപ്പോള്‍ അമൃതകുംഭവുമായി ഭൂമിയില്‍ നാലു സ്ഥലത്ത് വിശ്രമിച്ചു. പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജയയിന്‍, നാസിക് എന്നീ സ്ഥലങള്‍. അവിടെ അമൃതസ്പര്‍ശം ഉണ്ടായിട്ടുണ്ടല്ലോ. അവിടെയാണ് കുംഭമേള ആഘാഷിക്കുക. ഇതാണ് കുംഭമേളയുടെ ഐതിഹ്യം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ അതേ ഗ്രഹനില വരുമ്പോള്‍ അവിടെ അമൃതിന്റെ സാന്നിധ്യമുണ്ടാകും. അതിനാല്‍ ആ സമയത്ത് അവിടെ സ്‌നാനം ചെയ്യാന്‍ സപ്തര്‍ഷികള്‍, ദേവകള്‍ സംന്യാസിമാര്‍ എന്നിവര്‍ എത്തിച്ചേരും. അവര്‍ക്കൊപ്പം സ്‌നാനത്തിന് ഭക്തരും വരുന്നു. വ്യാഴത്തിന്റെ ഗ്രഹനിലയനുസരിച്ചാണ് സമയം നിശ്ചയിക്കുക. വ്യാഴമായിരുന്നു അമൃതകുംഭവുമായി പറന്ന ഗരുഢന് വഴികാട്ടി. അതുകൊണ്ടാണ് വ്യാഴവട്ടമായ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാലു പുണ്യതീര്‍ത്ഥങ്ങളില്‍ ( ഗംഗാ യമുനാ, ഗംഗ, ഷിപ്ര, ഗോദാവരി നദീതടങ്ങളില്‍) കുംഭമേളകള്‍ അരങ്ങേറുക.

കുംഭമേളയെക്കുറിച്ചുള്ള പ്രധാന ആക്ഷേപം പ്രാകൃതരായ നഗ്‌നസംന്യാസിമാരുടെ കൂട്ടം വരുന്ന സ്ഥലമാണ്, മനുഷ്യമാംസം ഭക്ഷിക്കുന്ന അഘോരികള്‍ വരുന്ന ഇടമാണ് എന്നൊക്കെയാണ്. വാസ്തവമെന്താണ്?
സംന്യാസം സ്വീകരിക്കുന്നത് വസ്ത്രമടക്കം ഇഹലോകബന്ധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ്. അതുകൊണ്ടാണ്, അമൃതസ്‌നാനമായ രാജകീയസ്‌നാനത്തിനു ( ഷാഹി സ്‌നാന്‍) പോകുമ്പോള്‍ അവര്‍ വിവസ്ത്രരാക്കുന്നത്. ആ ചടങ്ങിന്റെ സ്മരണയിലാണ് ഭസ്മധാരികളായി സ്‌നാനം ചെയ്യുന്നത്. അതാണ് ആചാരം. അഘോരി എന്നത് ഒരു സാധനാ സമ്പ്രദായമാണ്. അത് സംന്യാസികളുടെയല്ല, ഗൃഹസ്ഥരുടെ മാര്‍ഗ്ഗമാണ്. ശിവന്റെ അഘോരഭാവത്തെ ഉപാസിക്കുക എന്നാണര്‍ത്ഥം. അത് ശിവന്റെ സാത്വിക ഭാവമാവാം, രാജസ ഭാവമാവാം, താമസ ഭാവമാവാം. അഖാഡയിലുള്ള നാഗസംന്യാസിമാരെ തെറ്റിദ്ധരിച്ചാണ് അഘോരികള്‍ എന്ന് അജ്ഞാനികള്‍ പ്രചരിപ്പിക്കുന്നത്. അത് സത്യമല്ല, കഥയറിയാത്തവരുടെ ആട്ടം കാണലാണ്!
കുംഭമേളയിലെ ജനസാഗരം ഉയര്‍ത്തുന്ന മാലിന്യ പ്രശ്‌നങ്ങള്‍ എപ്രകാരം കാണുന്നു?
2001 മുതല്‍ കാല്‍ നൂറ്റാണ്ടായി വിവിധ ദിക്കുകളിലുള്ള കുംഭമേളകളില്‍ പങ്കെടുക്കുന്ന ഒരാളാണ് ഞാന്‍. ഒരു ഉത്സവത്തിന്റെ നടത്തിപ്പ് ഭംഗിയായും സുഗമമായും സംഘടിപ്പിക്കുന്നത് അതതു പ്രദേശത്തെ ഗവണ്മെന്റിന്റെ കഴിവിനും മികവിനും നിദര്‍ശനമാണ്. ഏതു പാര്‍ട്ടി ഭരിക്കുന്നുവെന്നല്ല, നടത്തിപ്പിന്റെ കാര്യക്ഷമതയാണ് പരിശോധിക്കേണ്ടത്. പ്രയാഗ് രാജിലെ മഹാകുംഭമേള രാജ്യത്ത് സാമ്പത്തികമായ വലിയ ഉന്നമനം ഉണ്ടാക്കിത്തരുന്ന ഒരു ഉത്സവമാണ്. ഇവിടെയുണ്ടാകുന്ന ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും വാണിജ്യ പുരോഗതിയും മാത്രം നോക്കിയാല്‍ ഇതു ബോധ്യമാകും. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വമ്പിച്ച ഉയര്‍ച്ച ഇതുകൊണ്ടുവന്നിട്ടുണ്ട്. ഏതു സര്‍ക്കാരാണെങ്കിലും ഇതാണ് സ്ഥിതി. പുതിയ കാലത്തെ ശാസ്ത്ര സാങ്കേതിക പുരോഗതി മൂലം ഏറ്റവും നവീനമായ രീതിയില്‍ ഇതിന്റെ നടത്തിപ്പ് കുറ്റമറ്റതാണ്. ആദ്ധ്യാത്മികകാര്യങ്ങളില്‍ പ്രത്യേക താല്പര്യമുള്ള ഒരു ഭരണാധികാരിയായതിനാല്‍ കൂടുതല്‍ ശ്രദ്ധ കിട്ടിയിട്ടുണ്ട് എന്നത് എടുത്ത പറയണം. മാലിന്യത്തിന്റെ കാര്യം പറഞ്ഞാല്‍, ജനുവരി ആദ്യം മുതല്‍ കുംഭനഗരിയില്‍ താമസിക്കുന്ന ഒരുവനാണ് ഞാന്‍. നിത്യവും ഗംഗയില്‍ മുങ്ങിക്കുളിക്കുന്നു. ഇതുവരെ ഒരു ആരോഗ്യപ്രശ്‌നവും ഉണ്ടായിട്ടില്ല. ലക്ഷോപലക്ഷം മനുഷ്യരുടെ കാര്യവും വ്യത്യസ്തമല്ല. ഇതുവരെ ഒരു പകര്‍ച്ചവ്യാധിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. താല്ക്കാലിക നഗരിയാണെങ്കിലും ഇവിടെ മുന്‍സിപ്പാലിറ്റി, വൈദ്യുതി, ജലവകുപ്പ്, പൊതുമരാമത്ത്, സാനിറ്റിട്ടറി, ആരോഗ്യം, സുരക്ഷാസംവിധാനങ്ങള്‍ എല്ലാം സുഭദ്രം, സുസജ്ജം. ശൗച്യാലയങ്ങള്‍, ക്ലീനിംഗ്, എല്ലാം കുറ്റമറ്റത്. ശുചീകരണത്തിന്റെ കാര്യത്തില്‍ ശബരിമലസീസണ്‍ കാലത്തെ പമ്പയും കുംഭമേളക്കാലത്തെ ഗംഗയും കണ്ടാല്‍ കാര്യം സുവ്യക്തമാകും!

അങ്ങയുടെ നോട്ടത്തില്‍ മലയാളികളുടെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ്?
നിഷേധാത്മകതയാണ് മലയാളിയുടെ മുഖമുദ്ര. എന്തിനെയും കാര്യമറിയാതെ വിമര്‍ശിക്കുക. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുക എന്നതിലാണ് പ്രത്യേക ശ്രദ്ധ. സ്വന്തം കേമത്തം പ്രഘോഷിക്കുന്നതിലാണ് ആനന്ദം. അതില്‍നിന്ന് മാറി, സ്വയം വിനയമുള്ളവരാകുകയും മറ്റുള്ളവരില്‍ നന്മ കണ്ടെത്തുകയും ചെയ്താല്‍ വലിയ സാമൂഹ്യമാറ്റം സംഭവിക്കും.
വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ പ്രശ്‌നം, യുവാക്കളിലെ അമിതമായ ലഹരി, മയക്കുമരുന്ന് ഉപയോഗമാണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍, കേരളത്തില്‍ അക്രമവാസന ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. എന്തു കുറ്റകൃത്യവും ചെയ്യാം, എന്ന അവസ്ഥ. യുവാക്കളില്‍, എന്തിന് കുട്ടികളില്‍പ്പോലും ഈ പ്രവണത കണ്ടു വരുന്നു.
ശുഭപ്രതീക്ഷയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ?
നിശ്ചയമായും. മാറും. മാറണം, മാറാതിരിക്കാനാവില്ല. സാമൂഹ്യ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍,കലാകാരന്മാര്‍, സിനിമാക്കാര്‍,നാടകപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ ഇവരടങ്ങുന്ന പ്രബുദ്ധ ജനതയെ 'കാളികാ പീഠ'ത്തിലെ ആദ്ധ്യാത്മികാചാര്യന്മാരുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ച്, സമാജത്തിന്റെ സമുദ്ധാരണത്തിന് സജ്ജമാക്കുക എന്ന ലക്ഷ്യം സഫലമാക്കാന്‍ പരിശ്രമിക്കും എന്നു മാത്രം പ്രത്യേകമായി തല്ക്കാലം പറയുന്നു. സമൂഹം ധാര്‍മ്മികോന്മുഖമാകട്ടെ. എല്ലാവര്‍ക്കും നല്ലതുവരട്ടെ.
Content Highlights: Swami Anandavanam Bharati Maha Kumbh Mela Mahamandaleshwar Hinduism Spirituality Sannyasa India
Published: 20 Mar 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented