ന്യൂഡൽഹി: ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര യാദവ്. സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ 90-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

To advertise here,

‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പ്രതിരോധത്തിന്റെ രാഷ്ട്രീയത്തിലേക്ക്’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ‘പ്രതിരോധത്തിന്റെ രാഷ്ടീയം രാജ്യത്തു ശക്തിപ്രാപിക്കുന്നെന്നാണ് ജൂലായ് 20-ന് ഡൽഹിയിലേക്ക് വിദ്യാർഥിപ്രക്ഷോഭകർ ഒഴുകിയെത്തിയതിൽനിന്ന് വ്യക്തമാകുന്നത്. പാർലമെന്റിൽനിന്നു തെരുവിലേക്ക് പ്രതിരോധത്തിന്റെ രാഷ്ടീയം എത്തുന്ന കാഴ്ചയാണത്.’അദ്ദേഹം പറഞ്ഞു. 

‘ഒരു ലക്ഷത്തിലേറെ വിദ്യാർഥികളും യുവാക്കളും ഒരു സംഘാടനത്തിന്റേയും പിൻബലത്തിലല്ല എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഈ രീതിയിലുള്ള പ്രതിഷേധവും വിമർശനവും ഡൽഹിയിൽ ഉയരുമെന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അത് സംഭവിച്ചു. ജന്തർമന്തറിലെ പ്രക്ഷോഭത്തിലെ വർധിച്ച സ്ത്രീപങ്കാളിത്തം അതിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.’ 

‘ജനാധിപത്യം തിരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്ക് നീങ്ങുമ്പോൾ അതിനെ ചെറുക്കാൻ പ്രതിപക്ഷ രാഷ്ടീയവും വലിയമാറ്റത്തിന് വിധേയമാകേണ്ടതുണ്ട്. ഏകാധിപത്യ പ്രവണതകളോടുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളെയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഉണ്ടാകേണ്ടത്.’

‘മാതൃഭൂമിപോലെ കേരളത്തിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും മാധ്യമങ്ങൾമാത്രമാണ് രാജ്യത്ത്‌ ഇന്ന് സ്വതന്ത്ര മാധ്യമപ്രവർത്തനം ഉയർത്തിപ്പിടിച്ച് ജനങ്ങളിലേക്കു സത്യസന്ധമായി കാര്യങ്ങൾ എത്തിക്കുന്നത്. വീരേന്ദ്രകുമാറിനെയും തന്നെയും ഒന്നിപ്പിച്ച പ്രധാനഘടകം ഒരേരീതിയിൽ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ളവരും ലോഹ്യയുടെ ചിന്താധാരയിൽ ആകൃഷ്ടരായി പൊതുരംഗത്ത് വന്നവരാണെന്നതുമാണ്.’അദ്ദേഹം കൂട്ടിച്ചേർത്തു. 

കോഴിക്കോട്ട് വീരേന്ദ്രകുമാറിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോട് ഇക്കാര്യം താൻ പറഞ്ഞിരുന്നെന്ന് യോഗേന്ദ്രയാദവ് അനുസ്മരിച്ചു. ദീർഘദർശിയായ രാഷ്ടീയനേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.

‘ജലചൂഷണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ലോകമാകമാനം ജലത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെടാവുന്ന യുദ്ധങ്ങളെക്കുറിച്ചും ആദ്യമായി മുന്നറിയിപ്പുനൽകിയ വ്യക്തിയാണ് അദ്ദേഹം’ – പ്രേമചന്ദ്രൻ പറഞ്ഞു. വീരേന്ദ്രകുമാറുമായി ദീർഘകാല സൗഹൃദമുണ്ടായിരുന്നെന്ന് സി.പി. ട്രസ്റ്റ് വലപ്പാട് ചെയർമാൻ സി.പി. സാലിഹ് പറഞ്ഞു.

മൂല്യങ്ങളില്ലാത്ത രാഷ്ടീയം അധികാരത്തിനുവേണ്ടിയുള്ള പ്രവർത്തനം മാത്രമാണെന്നും ധീരത പുലർത്താത്ത മാധ്യമപ്രവർത്തനം വെറും ശബ്ദഘോഷം മാത്രമാണെന്നും നമുക്കുചുറ്റുമുള്ള കാര്യങ്ങൾ അനുകമ്പയോടെ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ വികസനത്തിന് ആത്മാവ് നഷ്ടപ്പെടുന്നു എന്നുമാണ് വീരേന്ദ്രകുമാർ പഠിപ്പിച്ച പാഠങ്ങളിൽ പ്രധാനമെന്ന് മാതൃഭൂമി ഡയറക്ടർ-ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ ചെറുമകൻ അർജുൻ ചിന്നപ്പയും എം.പി.മാരുമടക്കം ഡൽഹിയിലെ രാഷ്ടീയ സാമൂഹികരംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള സുവനീർ സി.പി. സാലിഹിന് നൽകി എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രകാശനം ചെയ്തു.