ന്യൂഡല്‍ഹി: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം പാക് ഭീകരന്‍ ഹാഫിസ് സയീദിനെ കണ്ടത് സംബന്ധിച്ചും മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങുമായും എ.ബി.വാജ്‌പേയിയുമായും നടത്തിയ കൂടിക്കാഴ്ചകള്‍ സംബന്ധിച്ചും വെളിപ്പെടുത്തലുമായി കശ്മീരി വിഘടനവാദിയും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ അന്നത്തെ കമാന്‍ഡര്‍-ഇന്‍-ചീഫുമായിരുന്ന യാസീന്‍ മാലിക്.  ഭീകരവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന യാസിന്‍ മാലിക് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

To advertise here,

1994-ല്‍ ജയിലില്‍ നിന്ന് മോചിതനായി ഒരു വര്‍ഷത്തിന് ശേഷം, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ കണ്ടതായി അദ്ദേഹം അവകാശപ്പെട്ടു.

'1995-ല്‍  പ്രതിപക്ഷ നേതാവായിരിക്കെ, അടല്‍ ബിഹാരി വാജ്പേയിയെ ഞാന്‍ ആദ്യമായി കണ്ടു. ഈ സമയത്ത് ഞാനൊരു ചെറുപ്പക്കാരനായിരുന്നു. ഞങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശം നല്‍കാമെന്ന് രാജ്യം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഞങ്ങള്‍ അത് ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ സൈന്യം ഞങ്ങളുടെ ആളുകളെ കൊല്ലുകയാണെന്ന് ഞാന്‍ പറഞ്ഞു. ഇതിന് മറുപടിയായി വാജ്‌പേയി വളരെ സൗമ്യമായി പറഞ്ഞു - യാസീന്‍ ജി, ദുര്‍ബലമായ നൂലിഴയാണെങ്കില്‍ പോലും, ഞങ്ങളുമായി ബന്ധം പുലര്‍ത്തുക'യെന്ന്, പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് മുന്നില്‍ ഞാന്‍ തീര്‍ത്തും നിരായുധനായിപ്പോയി' യാസീന്‍ മാലിക് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, വിദേശ നയതന്ത്രജ്ഞര്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ (ഐബി) ഉന്നത ഉദ്യോഗസ്ഥര്‍, ജമ്മു കശ്മീരില്‍ സമാധാനം നിലനിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളില്‍ പങ്കാളികളായവരടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലമാണ് യാസീന്‍ മാലിക് സമര്‍പ്പിച്ചിരിക്കുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരനുമായ ഹാഫിസ് സയീദിനെ കണ്ടതായും മാലിക് ഇതില്‍ എഴുതിയിട്ടുണ്ട്.

യാസീന്‍ മാലികിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മറുപടി നല്‍കാന്‍ മാലിക്കിന് നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, കേസ് നവംബര്‍ 10-ലേക്ക് മാറ്റിയിരിക്കുകയാണ്. മാലിക് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ജമ്മു കശ്മീരിലെ തീവ്രവാദവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതിന്റെ ഭാഗമായി സമര്‍പ്പിച്ചതാണ് ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളും മറ്റും വെളിപ്പെടുത്തിയുള്ള സത്യവാങ്മൂലം.

1994-ല്‍ സായുധ പോരാട്ടം ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തെ തുടര്‍ന്ന്, തുടര്‍ന്നുവന്ന കേന്ദ്രസര്‍ക്കാരുകള്‍ താനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മാനിച്ചുവെന്ന് മാലിക് പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന 32 കേസുകളില്‍ അദ്ദേഹത്തിന് ജാമ്യവും ലഭിച്ചു.  'വെടിനിര്‍ത്തല്‍ കരാറിലെ ധാരണ പ്രകാരം, പി.വി. നരസിംഹറാവുവിന്റെ ഭരണകാലത്ത് എനിക്കെതിരായ ഈ കേസുകളൊന്നും പിന്നീട് മുന്നോട്ട് കൊണ്ടുപോയില്ല. 2019 വരെയുള്ള ആദ്യ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള , ഓരോ സര്‍ക്കാരും ആ വാക്ക് പാലിച്ചു' യാസീന്‍ മാലിക് സത്യവാങ്മൂലത്തില്‍ പറയുന്നു.

1990-ല്‍ അറസ്റ്റിലായ ശേഷം തന്നെ മെഹ്റൗളിയിലെ ഒരു ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നും, അവിടെ വെച്ച് അന്നത്തെ അതിര്‍ത്തിരക്ഷാ സേനാ (ബിഎസ്എഫ്) മേധാവി അശോക് പട്ടേല്‍,  ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍, പോലീസ് മേധാവി ജെ.എന്‍. സക്സേന എന്നിവര്‍ തന്നെ കണ്ടുവെന്നും മാലിക് അവകാശപ്പെട്ടു. 'അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖറിനൊപ്പം അത്താഴം കഴിക്കാന്‍ അവര്‍ എന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. ഞാന്‍ ശക്തമായി വിസമ്മതിക്കുകയും ഇതേത്തുടര്‍ന്ന്  എന്നെ ആഗ്രയിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു' മാലിക് പറഞ്ഞു.

ആഗ്ര ജയിലില്‍ വെച്ച് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് മെഹ്റൗളിയിലെ ഒരു ബംഗ്ലാവിലേക്ക് മാറ്റി. ഈ സമയം അന്നത്തെ ആഭ്യന്തരമന്ത്രി രാജേഷ് പൈലറ്റ്, രണ്ട് ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കായി അയച്ചുവെന്നും മാലിക് അവകാശപ്പെട്ടു. മൂന്ന് വര്‍ഷത്തെ  ചര്‍ച്ചകള്‍ക്ക് ശേഷം 1994 മെയ് മാസത്തില്‍ തന്നെ ജയിലില്‍ നിന്ന് മോചിപ്പിച്ചതായും മാലിക് പറഞ്ഞു.

'2000-2001 വര്‍ഷത്തില്‍, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി റംസാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അന്നത്തെ സ്‌പെഷ്യല്‍ ഐബി ഡയറക്ടര്‍ അജിത്  ഡോവല്‍ എന്നെ ന്യൂഡല്‍ഹിയില്‍ വെച്ച് കാണുകയും ഐബി ഡയറക്ടര്‍ മിസ്റ്റര്‍ ശ്യാമള്‍ ദത്ത, അന്നത്തെ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിസ്റ്റര്‍ ബ്രജേഷ് മിശ്ര എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു' അദ്ദേഹം പറഞ്ഞു.

85 പേജുള്ള സത്യവാങ്മൂലത്തില്‍ മന്‍മോഹന്‍ സിങുമായുള്ള മറ്റൊരു കൂടിക്കാഴ്ചകളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. '2006 ഫെബ്രുവരിയില്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ന്യൂഡല്‍ഹിയിലേക്ക് ഔദ്യോഗിക ചര്‍ച്ചയ്ക്കായി എന്നെ ക്ഷണിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി എന്നോട് പറഞ്ഞു' യാസീന്‍ മാലിക് പറഞ്ഞു.

സമാധാന ശ്രമങ്ങളുടെ ഭാഗമായി ഐബിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഹാഫിസ് സയീദിനെ കണ്ടതെന്നും പിന്നീട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഇതേക്കുറിച്ച് വിശദീകരണം നല്‍കിയതായും മാലിക് അവകാശപ്പെട്ടു. 'പാകിസതാനിലെ ഹാഫിസ് സയീദുമായും മറ്റു തീവ്രവാദി നേതാക്കളുമായും കൂടിക്കാഴ്ച നടത്താന്‍ എന്നോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു... ഞാന്‍ പാകിസ്താനില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍.. അതേ ദിവസം വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കണ്ടു... എന്റെ കൂടിക്കാഴ്ചകളെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് വിശദീകരിച്ചു... എന്റെ പ്രയത്‌നങ്ങള്‍ക്കും, സമയത്തിനും, ക്ഷമയ്ക്കും, അര്‍പ്പണബോധത്തിനും അദ്ദേഹം എന്നോട് നന്ദി അറിയിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, സ്‌പെഷ്യല്‍ ഡയറക്ടര്‍ ഐബി വി.കെ. ജോഷിയുടെ അഭ്യര്‍ത്ഥനപ്രകാരം ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്ത, ഹാഫിസ് സയീദുമായും പാകിസ്താനിലെ മറ്റ് തീവ്രവാദി നേതാക്കളുമായും ഞാന്‍ നടത്തിയ ഈ കൂടിക്കാഴ്ച, എനിക്കെതിരെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കപ്പെട്ടു' യാസീന്‍ മാലിക് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.