ന്യൂഡൽഹി: വനിതാസംവരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപേ നടപ്പാക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിബിൽ പാസാക്കാൻ പാർലമെന്റ് സമ്മേളനം ഈ മാസം 16-ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം ചേരുന്നത്. അതിനാൽ നിശ്ചയിച്ച ഷെഡ്യൂൾപ്രകാരം ബജറ്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്ന വ്യാഴാഴ്ച ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞില്ല. 16 മുതൽ 18 വരെ മൂന്നുദിവസമാകും സമ്മേളനം.

To advertise here,

ഈ ദിവസങ്ങളിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്‌സഭയിൽ സ്പീക്കർ ഓം ബിർള വ്യക്തമാക്കി.

2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമമനുസരിച്ച് അടുത്ത സെൻസസ് പ്രകാരമുള്ള മണ്ഡലപുനർവിഭജനം പൂർത്തിയായ ശേഷമേ വനിതാസംവരണം നിശ്ചയിക്കാനാവൂ. ഇത് മാറ്റിയെടുക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതിബിൽ കൊണ്ടുവരുന്നത്. പകരം 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർവിഭജനം നടത്തി 33 ശതമാനം വനിതാസംവരണം നിശ്ചയിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ലോക്‌സഭാസീറ്റുകളുടെ എണ്ണം 540-ൽനിന്ന് 816 ആകും. ഇതിൽ വനിതകളുടെ എണ്ണം 273 ആയിരിക്കും.

ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിന് പാർലമെന്റിൽ കേവലഭൂരിപക്ഷവും മൊത്തം ഹാജരായ അംഗങ്ങളിൽ മൂന്നിൽരണ്ട് ഭൂരിപക്ഷവും വേണം.

അതേസമയം, അടുത്ത ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയിലേക്ക് കടന്നുകഴിഞ്ഞ സ്ഥിതിക്ക് അത് പൂർത്തിയായശേഷമേ പുതിയ മണ്ഡല പുനർവിഭജനക്കമ്മിറ്റി രൂപവത്‌കരിക്കാനാവൂ എന്നാണ് ഭരണഘടനാ ചട്ടമെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി മാതൃഭൂമിയോട് പറഞ്ഞു. അതിനുമുൻപ്‌ പുനർനിർണയം നടത്തണമെങ്കിൽ സെൻസസ് വിജ്ഞാപനം പിൻവലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സായുധസേനാ ഭരണനിർവഹണ ബിൽ പാസാക്കി

കേന്ദ്ര സായുധസേനകളിലേക്കുള്ള ഡെപ്യൂട്ടേഷൻ വ്യവസ്ഥ നിലനിർത്താനുള്ള സായുധസേനാ ഭരണനിർവഹണ ബിൽ പാർലമെന്റ് പാസാക്കി. കേന്ദ്രസേനകളിലേക്കുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നിയമനം കുറയ്ക്കാനും ആറുമാസത്തിലൊരിക്കൽ കേഡർ റിവ്യൂ നടത്താനും നിർദേശിച്ച് കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി ഇറക്കിയ ഉത്തരവിനെ മറികടക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ബിൽ പാർലമെന്റ് സമിതിയുടെ പരിശോധനയ്ക്ക് വിടാത്തതിൽ പ്രതിഷേധിച്ചും പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞദിവസം രാജ്യസഭ പാസാക്കിയ ബിൽ വ്യാഴാഴ്ചയാണ് ലോക്‌സഭ പാസാക്കിയത്.